അനുരാഗ് താക്കൂറിന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 1ന് അയച്ച കത്തിലാണ് ട്വിറ്റര്‍ ഉദ്യോഗസ്ഥരോട് ഹാജരാകാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത്. സിഇഒയും അദ്ദേഹത്തിനൊപ്പം മറ്റൊരു ഉന്നത ഉദ്യോഗസ്ഥനും എത്തണമെന്നായിരുന്നു ആവശ്യം.
ബിജെപി- സംഘപരിവാര്‍ ആരോപണങ്ങളുടെ പേരില്‍ പാര്‍ലമെന്ററി കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകില്ലെന്ന് ട്വിറ്റര്‍ സിഇഒയും ഉന്നത ഉദ്യോഗസ്ഥരും. ബിജെപി പ്രചരണങ്ങളെ ഒതുക്കുന്നുവെന്നും ബിജെപി വിരുദ്ധ വാര്‍ത്തകള്‍ക്ക് പ്രചാരം നല്‍കുന്നുവെന്നുമായിരുന്നു കേന്ദ്രസര്‍ക്കാര്‍ ട്വിറ്ററിന് മേല്‍ ഉന്നയിച്ച പരാതി. സോഷ്യല്‍ മീഡിയായിലെ ഇന്ത്യന്‍ പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ടാണ് ട്വിറ്റര്‍ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താന്‍ തീരുമാനിച്ചതെന്നായിരുന്നു ഐടി മന്ത്രാലയം പ്രതിനിധികള്‍ ഉള്‍പ്പെടുന്ന പാര്‍ലമെന്ററി കമ്മിറ്റി അറിയിച്ചിരുന്നത്.
ദേശീയവാദം മുന്നോട്ടുവെക്കുന്ന അക്കൗണ്ടുകള്‍ക്കെതിരെ വിവേചനം കാണിക്കുന്നുവെന്നാരോപിച്ച്, ബിജെപി എംപി അനുരാഗ് താക്കൂറിന്റെ നേതൃത്വത്തിലാണ് ഫെബ്രുവരി 1ന് കത്ത് അയച്ച് ട്വിറ്റര്‍ ഉദ്യോഗസ്ഥരോട് ഹാജരാകന്‍ ആവശ്യപ്പെട്ടത്.
ഫെബ്രുവരി 7ന് തീരുമാനിച്ചിരുന്ന സമിതി 11ലേക്ക് മാറ്റിയത് ട്വിറ്റര്‍ സിഇഒ നേരിട്ടു ഹാജരാകാന്‍ വേണ്ടിയായിരുന്നു. വളരെപ്പെട്ടന്ന് തീരുമാനിച്ച വാദമായതുകൊണ്ടാണ് എത്തിച്ചേരാന്‍ കഴിയാത്തത് എന്നാണ് ട്വിറ്റര്‍ നല്കുന്ന വിശദീകരണം. സിഇഒയും അദ്ദേഹത്തിനൊപ്പം മറ്റൊരു ഉന്നത ഉദ്യോഗസ്ഥനും എത്താവുന്നതാണെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ കത്തില്‍ ആവശ്യപ്പെട്ടിരുന്നതും. എന്നാല്‍ ബിജെപി പ്രചരണങ്ങളെ ഒതുക്കുന്നുവെന്നും ബിജെപി വിരുദ്ധ വാര്‍ത്തകള്‍ക്ക് പ്രചാരം നല്‍കുന്നുവെന്ന ആരോപണങ്ങള്‍ക്ക് കഴിഞ്ഞ ദിവസം തന്നെ മറുപടി നല്‍കിയിരുന്നുവെന്നും അതിനാല്‍ ഹാജരാകേണ്ട കാര്യമില്ലെന്നുമാണ് ട്വിറ്റര്‍ നിലപാട്.
രാഷ്ട്രീയ പക്ഷപാതിത്വം കാണിക്കാറില്ലെന്നും ട്വിറ്ററിന്റെ നയങ്ങള്‍ ഇന്ത്യയിലെ ജീവനക്കാര്‍ പ്രാവര്‍ത്തികമാക്കാത്തതാണ് പ്രശ്നത്തിന് കാരണമെന്നും ട്വിറ്റര്‍ പ്രതികരിക്കുകയും ചെയ്തു.
ബിജെപി ഉള്‍പ്പടെയുള്ള വലതുപക്ഷ നിലപാടുകളുള്ളവര്ക്കെതിരെയാണ് ട്വിറ്റര്‍ നിലകൊള്ളുന്നത്, അത്തരം അക്കൗണ്ടുകള്‍ ട്വിറ്റര്‍ നീക്കം ചെയ്യുകയാണ്. ഇടതുപക്ഷ അക്കൗണ്ടുകളോട് ട്വിറ്റര്‍ അമിതമായ താല്പര്യം കാണിക്കുന്നു. അവരില്‍ നിന്നും വിദ്വേഷ പ്രസംഗങ്ങളും അധിക്ഷേപകരമായ പോസ്റ്റുകളുണ്ടായിട്ടും അവ നീക്കം ചെയ്യുന്നില്ലെന്നുമുള്ള ആരോപണങ്ങളാണ് ട്വിറ്ററിനെതിരെ ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ ഇത് ആദ്യമായല്ല ട്വിറ്റര്‍ ഭരണകൂടങ്ങളുമായി ഏറ്റുമുട്ടുന്നത്. അമേരിക്കന്‍ കോണ്‍ഗ്രസിലും സിംഗപുരിലും യൂറോപ്യന്‍ യൂണിയനിലും ട്വിറ്റര്‍ വിചാരണ നേരിട്ടുണ്ട്.
ഒരു തരത്തിലുള്ള രാഷ്ട്രീയ താല്പര്യങ്ങളുടേയും അടിസ്ഥാനത്തിലല്ല കമ്പനിയുടെ നയങ്ങള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്. ഇന്ത്യയിലെ ജീവനക്കാര്‍ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നില്ല. സമൂഹമാധ്യമങ്ങള്‍ക്ക് തെറ്റ് പറ്റാം. എന്നാല്‍ അത് രാഷ്ട്രീയ ഉദ്ദേശ്യത്തോടുകൂടിയുള്ളതല്ല. സാധാരണ മനുഷ്യര്‍ക്ക് പറ്റാവുന്ന പിഴവ് മാത്രമാണ്. ട്വിറ്ററിലെ ട്രെന്ഡിങിനെതിരെയുള്ള ആരോപണങ്ങള്‍ പലതും അടിസ്ഥാനരഹിതമാണ്.കോളിന് ക്രോവെല്, ട്വിറ്റര്‍ ഗ്ലോബല്‍ പബ്ലിക് പോളിസി മേധാവി
ട്വിറ്റര്‍ ട്രെന്‍ഡിങില്‍ ഇടത് പക്ഷ വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നുവെന്നാണ് വലതുപക്ഷം ഉന്നയിക്കുന്ന പ്രധാന ആരോപണം. എന്നാല്‍ ഒരു നിശ്ചിത സമയ പരിധിയ്ക്കുള്ളില്‍ ഒരു വിഷയത്തില്‍ വരുന്ന ട്വീറ്റുകളുടെ എണ്ണമാണ് അതിന്റെ റാങ്കും, ട്രെന്റും നിശ്ചയിക്കുന്നത്. എണ്ണത്തിലും സമയപരിധിയിലും വരുന്ന മാറ്റങ്ങളാണ് ചില വിഷയങ്ങള്‍ ട്രെന്‍ഡിങ് പട്ടികയില്‍ താഴേക്ക് പോകാനുള്ള കാരണം. അത് നിഷ്പക്ഷമായ അല്‍ഗോരിതങ്ങളാണ് തീരുമാനിക്കുന്നതെന്നും ട്വിറ്റര്‍ വ്യക്തമാക്കി.