എണ്ണത്തിലും സമയപരിധിയിലും വരുന്ന മാറ്റങ്ങളാണ് ചില വിഷയങ്ങള്‍ ട്രെന്‍ഡിങ് പട്ടികയില്‍ താഴേക്ക് പോകാനുള്ള കാരണം. ബിജെപി എംപി അനുരാഗ് താക്കൂറിന്റെ നേതൃത്വത്തില്‍ ട്വിറ്ററിന് സമന്‍സ് നല്‍കിയിരുന്നു.
ബിജെപി പ്രചരണങ്ങളെ ഒതുക്കുന്നുവെന്നും ബിജെപി വിരുദ്ധ വാര്‍ത്തകള്‍ക്ക് പ്രചാരം നല്‍കുന്നുവെന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി ട്വിറ്റര്‍. രാഷ്ട്രീയ പക്ഷപാതിത്വം കാണിക്കാറില്ലെന്നും ട്വിറ്ററിന്റെ നയങ്ങള്‍ ഇന്ത്യയിലെ ജീവനക്കാര്‍ പ്രാവര്‍ത്തികമാക്കാത്തതാണ് പ്രശ്നത്തിന് കാരണമെന്നും ട്വിറ്റര്‍ പ്രതികരിച്ചു. ഒരു പ്രത്യേക വിഭാഗക്കാര്‍ക്കെതിരെ കേന്ദ്രീകരിച്ച് പ്രചരണം നടക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് ട്വിറ്റര്‍ ഇന്ത്യ അധികൃതരോട് പാര്‍ലമെന്ററി സമിതിയുടെ മുന്നില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ് നല്‍കിയിരുന്നു.
ബിജെപി ഉള്‍പ്പടെയുള്ള വലതുപക്ഷ നിലപാടുകളുള്ളവര്ക്കെതിരെയാണ് ട്വിറ്റര്‍ നിലകൊള്ളുന്നത്, അത്തരം അക്കൗണ്ടുകള്‍ ട്വിറ്റര്‍ നീക്കം ചെയ്യുകയാണ്. ഇടതുപക്ഷ അക്കൗണ്ടുകളോട് ട്വിറ്റര്‍ അമിതമായ താല്പര്യം കാണിക്കുന്നു. അവരില്‍ നിന്നും വിദ്വേഷ പ്രസംഗങ്ങളും അധിക്ഷേപകരമായ പോസ്റ്റുകളുണ്ടായിട്ടും അവ നീക്കം ചെയ്യുന്നില്ലെന്നുമുള്ള ആരോപണങ്ങളാണ് ട്വിറ്ററിനെതിരെ ഉയര്‍ന്നിരിക്കുന്നത്. ഇതെല്ലാം ചൂണ്ടിക്കാട്ടി ബിജെപി എംപി അനുരാഗ് താക്കൂറിന്റെ നേതൃത്വത്തില്‍ ഐടി മന്ത്രാലയം പ്രതിനിധികള്‍ ഉള്‍പ്പെടുന്ന പാര്‍ലമെന്ററി കമ്മിറ്റി ട്വിറ്ററിന് സമന്‍സ് നല്‍കിയിരുന്നു.
ഒരു തരത്തിലുള്ള രാഷ്ട്രീയ താല്പര്യങ്ങളുടേയും അടിസ്ഥാനത്തിലല്ല കമ്പനിയുടെ നയങ്ങള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്. ഇന്ത്യയിലെ ജീവനക്കാര്‍ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നില്ല. സമൂഹമാധ്യമങ്ങള്‍ക്ക് തെറ്റ് പറ്റാം. എന്നാല്‍ അത് രാഷ്ട്രീയ ഉദ്ദേശ്യത്തോടുകൂടിയുള്ളതല്ല. സാധാരണ മനുഷ്യര്‍ക്ക് പറ്റാവുന്ന പിഴവ് മാത്രമാണ്. ട്വിറ്ററിലെ ട്രെന്ഡിങിനെതിരെയുള്ള ആരോപണങ്ങള്‍ പലതും അടിസ്ഥാനരഹിതമാണ്.കോളിന് ക്രോവെല്, ട്വിറ്റര്‍ ഗ്ലോബല്‍ പബ്ലിക് പോളിസി മേധാവി
ഫെബ്രുവരി 11ന് പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാവാന്‍ അറിയിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ നയം വ്യക്തമാക്കി ട്വീറ്ററും രംഗത്തെത്തിയിരിക്കുന്നത്. ട്വിറ്റര്‍ ട്രെന്‍ഡിങില്‍ ഇടത് പക്ഷ വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നുവെന്നാണ് വലതുപക്ഷം ഉന്നയിക്കുന്ന പ്രധാന ആരോപണം. എന്നാല്‍ ഒരു നിശ്ചിത സമയ പരിധിയ്ക്കുള്ളില്‍ ഒരു വിഷയത്തില്‍ വരുന്ന ട്വീറ്റുകളുടെ എണ്ണമാണ് അതിന്റെ റാങ്കും, ട്രെന്റും നിശ്ചയിക്കുന്നത്. എണ്ണത്തിലും സമയപരിധിയിലും വരുന്ന മാറ്റങ്ങളാണ് ചില വിഷയങ്ങള്‍ ട്രെന്‍ഡിങ് പട്ടികയില്‍ താഴേക്ക് പോകാനുള്ള കാരണം. അത് നിഷ്പക്ഷമായ അല്‍ഗോരിതങ്ങളാണ് തീരുമാനിക്കുന്നതെന്നും ട്വിറ്റര്‍ വ്യക്തമാക്കി.
സമൂഹ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നിയമഭേദഗതികള്ക്കായിട്ടുളള സാധ്യതകള്‍ പരിശോധിച്ചു കൊണ്ടിരിക്കെയാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കം. വിഷയം ജനാധിപത്യത്തിന് വിരുദ്ധമാണെന്നാണ് സര്‍ക്കാര്‍ വാദം. സമൂഹ മാധ്യമങ്ങളിലെ ജനങ്ങളുടെ അവകാശ സംരക്ഷണത്തിനായിട്ടാണ് ട്വിറ്റര്‍ അധികൃതര്‍ക്ക് നോട്ടീസ് എന്നും സര്‍ക്കാര്‍ വാദിക്കുന്നു. ഒരു പ്രത്യേക വിഭാഗത്തെ മാത്രം ലക്ഷ്യം വയക്കുന്നത് ശരിയല്ലെന്നും ബിജെപി വക്താക്കള്‍ ആരോപിക്കുന്നു.