കര്‍ണാടകയിലെ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തെ അട്ടിമറിക്കാന്‍ ബിജെപി മുന്‍മുഖ്യമന്ത്രി ബിഎസ് യെഡ്യൂരപ്പ കുതിരക്കച്ചവടം നടത്തുന്നതിന്റെ ശബ്ദരേഖ പുറത്തുവിട്ട മുഖ്യമന്ത്രി കുമാരസ്വാമിയോട് അന്വേഷണം പ്രഖ്യാപിക്കാന്‍ നിര്‍ദേശിച്ച് സ്പീക്കര്‍. കര്‍ണാക നിയമസഭയിലെ താനടക്കം എംഎല്‍എമാരെ സംശയത്തില്‍ നിര്‍ത്തിയ നടപടിയില്‍ അന്വേഷണം വേണമെന്നാണ് സ്പീക്കര്‍ കെ ആര് രമേശ് കുമാര്‍ കുമാരസ്വാമിയോട് ആവശ്യപ്പെട്ടത്. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് കോഴ ശബ്ദരേഖയില്‍ അന്വേഷണം നടത്താനാണ് സ്പീക്കര്‍ മുഖ്യമന്ത്രിയോട് നിര്‍ദേശിച്ചത്. ഇതോടെ കുടുക്കിലായത് ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പയാണ്.
കോഴ വാഗ്ദാനം നല്‍കുന്നത് താനല്ലെന്നും തന്റെ ശബ്ദമാണെന്ന് തെളിയിച്ചാല്‍ 24 മണിക്കൂറിനകം രാഷ്ട്രീയം വിടാമെന്നുമാണ് ആദ്യം യെഡ്യൂരപ്പ വെല്ലുവിളിച്ചരുന്നത്. എന്നാല്‍ സര്‍ക്കാരും സ്പീക്കറും അന്വേഷണം പ്രഖ്യാപിക്കുമെന്ന് കണ്ടതോടെ യെദ്യൂരപ്പ കുറ്റസമ്മതം നടത്തി അത് തന്റെ ശബ്ദമാണെന്ന് ഏറ്റുപറയുകയും ചെയ്തു. എന്നാല്‍ സ്പീക്കര്‍ തന്റേ മേല്‍ വീണ ചെളിയടക്കം തുടച്ചുനീക്കാന്‍ സത്യസന്ധമായ അന്വേഷണം വേണമെന്ന് സ്പീക്കര്‍ പറഞ്ഞതോടെ കുറ്റസമ്മതം നടത്തിയിട്ടും രക്ഷപ്പെടാമെന്ന യെദ്യൂരപ്പയുടെ പ്രതീക്ഷ അസ്ഥാനത്തായി.
കോഴ വാഗ്ദാനത്തില്‍ സ്പീക്കറുടെ പേരിലും ആരോപണം വന്നതോടെ അദ്ദേഹം രാജിവെയ്ക്കുമെന്ന് വരെ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഇതോടെ വികാരഭരിതനായാണ് സ്പീക്കര്‍ നിയമസഭയില്‍ പ്രസംഗിച്ചത്.
ധൃതിപ്പെട്ട് ഒരു തീരുമാനവും വേണ്ട, സത്യം തെളിയിക്കാന്‍ ഒരു പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കൂ. 15 ദിവസത്തിനുള്ളില്‍ എനിക്ക് ഇതിനൊരു പരിഹാരം കണ്ടെത്തി തരൂ.രമേശ് കുമാര്‍, സ്പീക്കര്‍, കര്‍ണാടക
അന്വേഷണത്തിനെതിരെ ബിജെപി എംഎല്‍എമാര്‍ രംഗത്തുവന്നതോടെ സംഭവത്തില്‍ സത്യസന്ധമായ അന്വേഷണം വേണമെന്നും അല്ലാതെ വേട്ടയാടല്‍ പാടില്ലെന്നും സ്പീക്കര്‍ പറഞ്ഞു.
40 മിനുട്ട് ദൈര്‍ഘ്യമുള്ള ഈ സംഭാഷണ ശകലത്തില്‍ എംഎല്‍എക്ക് 25 ലക്ഷം രൂപയും അധികാരത്തിലെത്തിയാല്‍ മന്ത്രി പദവിയും നല്‍കാമെന്നാണ് യെദ്യൂരിയപ്പയുടെ വാഗ്ദാനം.