National

വസുന്ധരയുടെ വിശ്വസ്തന്‍; അന്ന് ധനകാര്യ സെക്രട്ടറി; റഫേല്‍ പിഴവ് കാണാത്ത സിഎജി രാജീവ് മെഹ്‌റിഷിയെ കുറിച്ച് അറിയേണ്ട അഞ്ച് കാര്യങ്ങള്‍

റഫേല്‍ കരാറില്‍ അനില്‍ അംബാനിക്കുവേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തിയ വഴിവിട്ട ഇടപെടലുകളുടെ തെളിവുകള്‍ പുറത്തുവന്നുകൊണ്ടിരിക്കെയാണ് പിഴവുകള്‍ മറച്ചുപിടിച്ചുള്ള കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വരുന്നത്. ഈ ലോക്‌സഭയുടെ അവസാന സമ്മേളനത്തിലെ അവസാന ദിവസം സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ ചൊല്ലി ഇനി സഭയില്‍ ചര്‍ച്ചകള്‍ അസാധ്യം. സിഎജി റിപ്പോര്‍ട്ടിന്റെ വിശ്വാസ്യതയെ കോണ്‍ഗ്രസും ഇതര പ്രതിപക്ഷ പാര്‍ട്ടികളും ചോദ്യം ചെയ്യുന്നു. പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് ന്യായങ്ങള്‍ ഏറെയുണ്ട്.

ആരാണ് സിഎജി രാജീവ് മെഹ്‌റിഷി?

രാജസ്ഥാന്‍ മുഖ്യമന്ത്രിയായിരുന്ന ബിജെപി നേതാവ് വസുന്ധരരാജെയുടെ ഏറ്റവും അടുത്ത വിശ്വസതരില്‍ ഒരാളായാണ് രാജീവ് മെഹ്‌റിഷിയെ വിലയിരുത്തുന്നത്. ബിജെപിക്ക് ഏറ്റവും വേണ്ടപ്പെട്ട ഉദ്യോഗസ്ഥന്‍ എന്ന വിശേഷണം പ്രതിപക്ഷം നല്‍കുന്നത് ഇതുകൊണ്ടാണ്. 1978 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ രാജീവ് മെഹ്‌റിഷി 2017 ഓഗസ്റ്റ് 31നാണ് സിഎജി ആയി നിയമിക്കപ്പെടുന്നത്. ആഭ്യന്തര സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിച്ചതിന്റെ പിറ്റേന്നായിരുന്നു ഈ സുപ്രധാന നിയമനം എന്നതും ശ്രദ്ധേയം. പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രത്യേകം തെരഞ്ഞെടുത്ത പേരായിരുന്നു മെഹ്‌റിഷിയുടേത് എന്നത് ഡല്‍ഹിയില്‍ ബിജെപിയുടെ അടുപ്പമുള്ള രാഷ്ട്രീയ സദസ്സുകളിലെ സംഭാഷണ വിഷയങ്ങളിലെ പതിവ് കാര്യവും.

ബന്ധു ബലത്തിലെ ബിജെപി

സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്നനിലയില്‍ ഭരണാധികാരികളുമായുള്ള ബന്ധത്തിന് അപ്പുറമാണ് രാജീവ് മെഹ്‌റിഷിയുടെ ബിജെപിയുമായുള്ള അടുപ്പം. മെഹ്‌റിഷിയുടെ കുടുംബത്തിലെ മുതിര്‍ന്നയംഗം രാജസ്ഥാനിലെ ഭാരത്പൂരില്‍ പ്രമുഖ ആര്‍എസ്എസ് നേതാവാണ്. എല്‍കെ ആദ്വാനി സജീവമായ കാലത്ത് അദ്ദേഹത്തിന്റെ വളരെയടുത്ത സഹപ്രവര്‍ത്തകനായിരുന്നു മെഹ്‌റിഷിയുടെ ഈ ബന്ധു.

വസുന്ധരയുടെ 'ഉപമുഖ്യമന്ത്രി'

രാജസ്ഥാനില്‍ 2013ല്‍ മെഹ്‌റിഷി ചീഫ് സെക്രട്ടറിയായി. അന്ന്‌ ഉദ്യോഗസ്ഥ തലങ്ങളിലും രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കിടയിലും ബിജെപിയുടെ ഉപജാപങ്ങളിലും അദ്ദേഹത്തിന്റെ വിളിപ്പേര് 'ഉപമുഖ്യമന്ത്രി' എന്നായിരുന്നു. മറ്റ് മന്ത്രിമാരേക്കാള്‍ മുഖ്യമന്ത്രിയിലും ബിജെപിയിലും ആര്‍എസ്എസിലും സ്വാധീനം മെഹ്‌റിഷിക്ക് ഉണ്ടായിരുന്നു എന്നാണ് ഇതിന് കാരണം. ഇതിന് മുമ്പ്‌ വസുന്ധരരാജെ 2003 മുതല്‍ 2008വരെ മുഖ്യമന്ത്രിയായപ്പോള്‍ ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു മെഹ്‌റിഷി. 2008ല്‍ ബിജെപിക്ക് അധികാരം നഷ്ടപ്പെട്ടപ്പോള്‍ മെഹ്‌റിഷി കേന്ദ്രസര്‍വീസിലേക്ക് ഡെപ്യൂട്ടേഷന്‍ സ്വീകരിച്ചു.

മോഡി സര്‍ക്കാര്‍ മെഹ്‌റിഷിയെ ധനകാര്യ സെക്രട്ടറിയായി 2014ല്‍ നിയമിച്ചു. ഈ നിയമനത്തിന് മുമ്പ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ മാധ്യമങ്ങളിലൂടെ മെഹ്‌റിഷി വിമര്‍ശിച്ചിരുന്നു.

മെഹ്‌റിഷിയുടെ ഭാര്യയെയും ബിജെപി സര്‍ക്കാര്‍ പിന്തുണച്ചു. രാജസ്ഥാന്‍ കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥയായിരുന്ന അവരെ വിരമിച്ച ശേഷവും വസുന്ധരരാജെ അധികാര കേന്ദ്രത്തില്‍തന്നെ നിലനിര്‍ത്തി. മുഖ്യമന്ത്രിയുടെ ഉപദേശക സമിതി അംഗമായും അമര്‍ ഡവലപ്‌മെന്റ് ആന്‍ഡ് മാനേജുമെന്റ് അഥോറിറ്റിയുടെ ഉപാധ്യക്ഷയായും വസുന്ധര നിയമിച്ചു. ഇതിനെല്ലാം പുറമെ മറ്റ് വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഡയറക്ടര്‍ ബോര്‍ഡിലും ഉള്‍പ്പെടുത്തി.

പദവി ദുരുപയോഗം ചെയ്‌തെന്ന് ആരോപണം

2015ല്‍ പദവി ദുരുപയോഗം ചെയ്തതിന് മെഹ്‌റിഷി ദമ്പതിമാര്‍ക്കെതിരെ ആരോപണം വന്നു. ജയ്പൂരിലെ അമര്‍ ബ്ലോക്കില്‍ 25 ലക്ഷം രൂപയ്ക്ക് വാങ്ങിയ ഭൂമി അഞ്ച് കോടി രൂപയ്ക്ക് വിറ്റുവെന്നതിനെ ചൊല്ലിയായിരുന്നു ആരോപണം. ഈ ഇടപാടില്‍ വന്‍തോതില്‍ നികുതി വെട്ടിപ്പ് നടത്തിയതിന്റെ വിവരങ്ങള്‍ അന്ന് ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. ആരോപണം ശക്തമായപ്പോള്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ സിറ്റിങ് ജഡ്ജി എസ് കെ ഗാര്‍ഗിനെ അന്വേഷണത്തിന് നിയോഗിച്ചു. അതിന്റെ സ്ഥിതി ഇപ്പോഴും അജ്ഞാതം.

റഫേല്‍ കാലത്തെ ധനകാര്യ സെക്രട്ടറി

58000 കോടി രൂപയ്ക്ക് 36 റഫേല്‍ വിമാനം വങ്ങാനുള്ള കരാര്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രഖ്യാപിക്കുമ്പോള്‍ ധനകാര്യ സെക്രട്ടറിയായിരുന്നു രാജീവ് മെഹ്‌റിഷി. സെക്രട്ടറിയായി മെഹ്‌റിഷി നിയമിക്കപ്പെട്ട ശേഷം മന്ത്രാലയത്തിലെ മറ്റ് നാല് വിഭാഗങ്ങളിലെയും സെക്രട്ടറിമാരുടെ പൂര്‍ണ നിയന്ത്രണം അദ്ദേഹത്തിന് കീഴിലായിരുന്നു. വിദേശരാജ്യവുമായുള്ള ഇടപാടില്‍ കാരാര്‍ ഒപ്പുവെക്കുമ്പോള്‍ ധനകാര്യ മന്ത്രാലയത്തിന് കീഴിലെ വിദേശവിനിമയ വകുപ്പിന്റെ പരിശോധനകള്‍ കൂടി ആവശ്യമാണെന്ന് 1961ലെ അസോസിയേഷന്‍ ഓഫ് ബിസിനസ് റൂള്‍സ് വ്യവസ്ഥ ചെയ്യുന്നുണ്ട്. രാജീവ് മെഹ്‌റിഷിയുടെ കീഴിലായിരുന്നു ഈ വകുപ്പ്. റഫേലില്‍ സിഎജിയുടെ റിപ്പോര്‍ട്ടിനെ കോണ്‍ഗ്രസ് ചോദ്യം ചെയ്യുന്നത് ഇതുകൊണ്ടുകൂടിയാണ്. ധനകാര്യ സെക്രട്ടറിയായിരിക്കെ അദ്ദേഹം കൂടി ഭാഗമായതാണ് റഫേല്‍ കരാര്‍ എന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു. രാജീവ് മെഹ്‌റിഷിയെ സ്വയം രക്ഷിക്കാനുള്ളതാണ് സിഎജി റിപ്പോര്‍ട്ട് എന്ന്‌ കോണ്‍ഗ്രസ് ആരോപിക്കുന്നതിന്റെ അടിസ്ഥാനവും ഇതാണ്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018