റഫേല്‍ കരാര്‍ അനില്‍ അംബാനിക്ക് 30,000 കോടി നല്കാന് വേണ്ടി മാത്രം നരേന്ദ്ര മോഡിയുണ്ടാക്കിയ കരാറാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അഴിമതി ഇല്ലെങ്കില്‍ എന്തിനാണ് നരേന്ദ്ര മോഡി സര്‍ക്കാര്‍ ജെപിസി അന്വേഷണത്തെ ഭയക്കുന്നതെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. കരാറിനെതിരെയുള്ള മൂന്ന് ഉദ്യോഗസ്ഥരുടെ വിയോജന കുറിപ്പിനെ കുറിച്ച് എന്തുകൊണ്ടാണ് സിഎജി റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ലാത്തതെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ ചോദിച്ചു.
റഫേല്‍ കരാറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സംവാദത്തിന് രാഹുല്‍ ഗാന്ധി വെല്ലുവിളിക്കുകയും ചെയ്തു. ജനങ്ങളെ വിഡ്ഢികളാക്കരുതെന്നും രാഹുല്‍ ഗാന്ധി മോഡിയോട് പറഞ്ഞു. റഫേലിലെ സിഎജി റിപ്പോര്‍ട്ട് തള്ളുന്നു. ഫ്രാന്‍സില്‍ ചര്‍ച്ചയ്ക്ക് പോയ പ്രതിരോധ ഉദ്യോഗസ്ഥരുടെ വിയോജന കുറിപ്പു പോലും ഒന്നും പറയാത്ത റിപ്പോര്‍ട്ടിന് കടലാസിന്റെ വിലപോലുമില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
റഫേല്‍ കരാറില്‍ അനില്‍ അംബാനിക്കുവേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തിയ വഴിവിട്ട ഇടപെടലുകളുടെ തെളിവുകള്‍ പുറത്തുവന്നുകൊണ്ടിരിക്കെയാണ് പിഴവുകള്‍ മറച്ചുപിടിച്ചുള്ള കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ ഇന്ന് വരുന്നത്. ഈ ലോക്സഭയുടെ അവസാന സമ്മേളനത്തിലെ അവസാന ദിവസം സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ ചൊല്ലി ഇനി സഭയില്‍ ചര്‍ച്ചകള്‍ അസാധ്യമെന്നിരിക്കെയാണ് അവസാന നിമിഷത്തിലെ റിപ്പോര്‍ട്ട് സമര്‍പ്പണം.
നേരത്തെ ഈ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വെച്ചെന്നും ജെപിസി പരിശോധിച്ചെന്നും സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കുക പോലും സര്‍ക്കാര്‍ ചെയ്തിരുന്നു.