പ്രണയദിനത്തില്‍ വാലന്റൈന്‍സ് ഡേ വിരുദ്ധ പ്രചാരണങ്ങള്‍ നടത്തുന്ന സംഘ്പരിവാര്‍ അനുകൂലികളെ ട്രോളി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. സുഹൃത്തുമൊത്ത് പുറത്ത് പോവുമ്പോള്‍ ഏതെങ്കിലും സംഘ്പരിവാറുകാരന് ഭീഷണിപ്പെടുത്തിയാല്‍ കാമദേവദിവസമാണെന്ന് പറഞ്ഞാല്‍ മതിയെന്ന് തരൂര്‍ ട്വീറ്റ് ചെയ്തു.
കാമദേവ് ദിവസ് എന്ന ഹാഷ്ടാഗോടെയാണ് ലോക്സഭാംഗത്തിന്റെ ട്വീറ്റ്. കൃഷ്ണനും രാധയും പ്രണയാതുരരായി നില്ക്കുന്ന ചിത്രവും തരൂര്‍ ഒപ്പം പങ്കുവെച്ചിട്ടുണ്ട്. വാലന്റൈന്‍സ് ഡേ പാശ്ചാത്യരുടെ ആഘോഷമാണെന്നും ഇത്തരം ആഘോഷങ്ങള്‍ കൊണ്ടാടുന്നത് സംസ്കാരത്തെ നശിപ്പിക്കുമെന്നും ആരോപിച്ച് സംഘ്പരിവാര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്നുണ്ട്.
