Politics

14 വര്‍ഷത്തിന് ശേഷം ബെല്ലാരി കോണ്‍ഗ്രസ് വീണ്ടെടുത്തു; ഇളക്കി മറിച്ചത് ബിജെപി വോട്ടുഖനിയുടെ അടിത്തട്ട് 

ബിജെപിയെ പരിപൂര്‍ണമായി അമ്പരപ്പിച്ചുകൊണ്ടാണ് ബെല്ലാരിയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന്റെ ജയം. ബെല്ലാരി ബിജെപിക്ക് അഭിമാന പോരാട്ടമായിരുന്നു. 14 കൊല്ലമായി സ്വന്തം വോട്ടുഖനിയായി കണക്കുകൂട്ടിയ ഖനി മണ്ഡലം. ബെല്ലാരി മാഫിയയെന്ന് കുപ്രസിദ്ധി നേടിയ റെഡ്ഡി സഹോദരങ്ങള്‍ പറയുന്നിടത്ത് ജനം വോട്ടുചെയ്യുമെന്നതായിരുന്നു സ്ഥിതി. അവരുടെ ഉറ്റമിത്രം ശ്രീരാമലു സഹോദരി ബി ശാന്തയെ മത്സരിപ്പിച്ചപ്പോള്‍ പരാജയം ബിജെപിയെ അലട്ടിയതേയില്ല. അമിത്ഷായുടെയും യെദ്യൂരപ്പയുടെയും ആ ആത്മവിശ്വാസത്തിലേക്കാണ് കോണ്‍ഗ്രസ്-ജെഡിഎസ് മതേതരമുന്നണി ജയത്തിന്റെ പുതിയ വഴി വെട്ടിത്തുറന്നത്.

കോണ്‍ഗ്രസിന്റെ ഉറച്ചമണ്ഡലമായിരുന്നു ഒരുകാലത്ത് ബെല്ലാരി. 1999ല്‍ എഐസിസി അധ്യക്ഷയായിരുന്ന സോണിയാ ഗാന്ധിയെ ജയിപ്പിച്ച മണ്ഡലം. സോണിയയെ നേരിടാന്‍ ബിജെപി സുഷമാ സ്വരാജിനെ നിയോഗിച്ചപ്പോള്‍, അനായാസ വിജയം സാധ്യമായിരുന്ന, മണ്ഡലത്തിലെ പോരിന് വാശിയേറി. പിന്നീട് ബിജെപിയുടെ വോട്ട് സ്വാധീനം ക്രമേണ ശക്തിപ്പെട്ടു. 2004ല്‍ ബിജെപി ബെല്ലാരിയില്‍ ജയം രുചിച്ചു. അത് കൈവിട്ടില്ല. ഇപ്പോഴത്തെ ആഘാതംവരെ. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ശ്രീരാമലു 85000 ജയിച്ച മണ്ഡലത്തിലെ കോണ്‍ഗ്രസ് ജയം 243161 എന്ന ഭൂരിപക്ഷത്തോടെയാണ്. മതേതര മുന്നണി പകര്‍ന്നുകൊടുത്ത രാഷ്ട്രീയമധുരം.

കോണ്‍ഗ്രസ് ജയത്തിന്റെ ക്രഡിറ്റ് ഏറെയും അവകാശപ്പെട്ടത് ഡികെ എന്ന കര്‍ണാടകത്തിലെ മന്ത്രി ഡികെ ശിവകുമാറിന്റെ തന്ത്രങ്ങള്‍ക്കാണ്. ശിവകുമാറിനായിരുന്ന ബെല്ലാരിയുടെ ചുമതല. ബെല്ലാരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉഗ്രപ്പയും ബിജെപി സ്ഥാനാര്‍ത്ഥി ശാന്തയും തമ്മിലായിരുന്നു തെരഞ്ഞെടുപ്പിലെ മത്സരം. ബാലറ്റിന് പുറത്തെ യഥാര്‍ത്ഥ മത്സരം ശിവകുമാറും ശ്രീരാമലവും തമ്മിലും. ശ്രീരാമലുവിനെയും യെദ്യൂരപ്പയെയും ശിവകുമാര്‍ നിഷ്പ്രഭമാക്കി എന്നതാണ് ബെല്ലാരിയുടെ ഫലത്തിന്റെ രാഷ്ട്രീയപരിണാമം.

ആഭ്യന്തര പ്രശ്‌നങ്ങള്‍ അലട്ടുന്ന കോണ്‍ഗ്രസിന് അത് മറികടക്കാനുള്ള രാഷ്ട്രീയ ഇന്ധനം കൂടിയായി ബെല്ലാരിയിലെ ജയം. ബെല്ലാരി മേഖലയില്‍ കോഗ്രസിലെ ഗ്രൂപ്പ് പോര് ശക്തമാണ്. ഇത് ബിജെപിയെ തുണയ്ക്കുമെന്ന വിലയിരുത്തല്‍ പോലുമുണ്ടായിരുന്നു. വിജയനഗര്‍ എംഎല്‍എ ആനന്ദ് സിങും ബെല്ലാരി എംഎല്‍എ ബി നാഗേന്ദ്രയും കോണ്‍ഗ്രസില്‍ വിമത ശബ്ദമുയര്‍ത്തിയിരുന്നു. കുമരസ്വാമി മന്ത്രിസഭയില്‍ ഇടം കിട്ടിയില്ലെങ്കില്‍ ബിജെപി പാളയത്തിലേക്ക് ചേക്കേറുമെന്ന ഭീഷണി ഇവരുടെ ഭാഗത്തുനിന്നുമുണ്ട്. അസ്വസ്ഥതകളുടെ നൂല്‍പ്പാലത്തിലൂടെ കടന്നുപോകുന്ന ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിന്റെ നിലനില്‍പ്പിനെ പോലും ബാധിക്കുന്നതാണ് കോണ്‍ഗ്രസ് എംഎല്‍എമാരുടെ ഈ ചാഞ്ചാട്ട മനോഭാവം. ശ്രീരാമലവും ബിജെപിയും ഇതിനെ പരമാവധി ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു. ബെല്ലാരിയെ കോണ്‍ഗ്രസ് വോട്ടുകള്‍ ഭിന്നിക്കാന്‍ ഇത് ഇടയാക്കുമെന്ന വിലയിരുത്തലുകളുമുണ്ടായി. കോണ്‍ഗ്രസിന് ആശങ്കയും. ആ വിമത സ്വരങ്ങള്‍ തല്‍ക്കാലത്തേക്ക് അടങ്ങും എന്നതാണ് കോണ്‍ഗ്രസിനുണ്ടാകുന്ന മറ്റൊരാശ്വാസം.

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം രൂപം കൊണ്ട സംഖ്യസര്‍ക്കാരിന്റെ ആയുസ്സ് സംബന്ധിച്ച് കര്‍ണാടകത്തില്‍തന്നെ സംശയം ഉയരുന്നതിനിടയിലാണ് തെരഞ്ഞെടുപ്പിലെ ഉജ്വല വിജയം. കോണ്‍ഗ്രസ്-ജെഡിഎസ് സംഖ്യത്തെ ജനങ്ങള്‍ പിന്തുണയ്ക്കില്ലെന്നായിരുന്നു ബിജെപിയുടെ അവകാശ വാദം. ആ ധാരണ തിരുത്തിയാണ് മതേതര മുന്നണിക്ക് വന്‍ ജയം കര്‍ണാടക സമ്മാനിച്ചത്.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018