Politics

മൗനത്തിന്റെ അഞ്ച് വര്‍ഷങ്ങള്‍! മോഡിയുടെ പാര്‍ലമെന്റില്‍ അദ്വാനി സംസാരിച്ചത് മൂന്നുമിനുട്ട്, 365 വാക്കുകള്‍; ബിജെപിയുടെ പഴയ പടക്കുതിരയുടെ പരിണാമം

എല്‍കെ അദ്വാനി 
എല്‍കെ അദ്വാനി 

365 വാക്കുകള്‍, അഞ്ച് അവസരങ്ങള്‍, ആകെ സമയം മൂന്നുമിനുട്ടില്‍ താഴെ. ബിജെപിയുടെ സ്ഥാപക നേതാവും പാര്‍ട്ടിയിലെ ‘ഉരുക്കുമനുഷ്യ’നുമായ എല്‍കെ അദ്വാനി കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ മോഡിയുടെ പാര്‍ലമെന്റില്‍ സംസാരിച്ചത് ഇത്രമാത്രം

2009-14 വര്‍ഷങ്ങളില്‍ അദ്വാനി പാര്‍ലനമെന്റില്‍ സംസാരിച്ച വാക്കുകളേക്കാള്‍ 99 ശതമാനം കുറവാണിത്. ഈ കാലയളവില്‍ 42 ചര്‍ച്ചകളിലും വാദപ്രതിവാദങ്ങളിലുമായി അദ്വാനി സംസാരിച്ചത് 35,926 വാക്കുകളാണ്. സഭാ രേഖകളെ വിലയിരുത്തി ഇന്ത്യാ ടുഡെയാണ് ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

അദ്വാനിയുടെ ഈ മാറ്റത്തിന് തെളിവായി രണ്ട് ഉദാഹരണങ്ങള്‍ ഇന്ത്യാ ടുഡെ ചൂണ്ടിക്കാട്ടുന്നു. 2012 ഓഗസ്റ്റ് എട്ടിന് രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് അസം പൗരത്വ പ്രശ്‌നം സംബന്ധിച്ച അടിയന്തര പ്രമേത്തില്‍ അദ്വാനി സംസാരിച്ചത് 5000 വാക്കുകളിലായിരുന്നു. 50 തവണ പ്രസംഗം തടസപ്പെടുത്താന്‍ ശ്രമുണ്ടായിട്ടും പറയാനുള്ളത് പറഞ്ഞേ അദ്വാനി അവസാനിപ്പിച്ചുള്ളു.

എന്നാല്‍, 2019 ജനുവരി എട്ടിന് അസം പ്രശ്‌നം വീണ്ടും പാര്‍ലമെന്റില്‍ വന്നപ്പോള്‍ ഒരുവാക്കുപോലും ഉരിയാടാതെ അദ്ദേഹം നിശബ്ദനായി. ഈ എട്ടുവര്‍ഷത്തിനിടയില്‍ വിഷയങ്ങള്‍ മാറി, സര്‍ക്കാര്‍ മാറി, അതോടൊപ്പം അദ്വാനിയെന്ന വ്യക്തിയും.

2009-14 കാലയളവില്‍ 42 ചര്‍ച്ചകളിലും വാദപ്രതിവാദങ്ങളിലുമായി 35,926 വാക്കുകള്‍ സംസാരിച്ച അദ്വാനി കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ആകെ സംസാരിച്ചത് 365 വാക്കുകള്‍ മാത്രം. അതായത് 2014 ഡിസംബര്‍ 19ന് ശേഷം അദ്വാനി സംസാരിച്ചിട്ടേയില്ലെന്നുവേണം അനുമാനിക്കാന്‍.

പതിനൊന്ന് തവണ എംപി, ബിജെപിയുടെ സ്ഥാപകരിലൊരാള്‍, ബിജെപിയില്‍ ജീവിച്ചരിക്കുന്നവരില്‍ ഏറ്റവും തലമുതിര്‍ന്ന നേതാവ്, രാജ്യത്ത് പാര്‍ട്ടിക്ക് രാഷ്ട്രീയ അടിത്തറയുണ്ടാക്കിയവരില്‍ പ്രമുഖന്‍ എന്നൊക്കെ അടയാളപ്പെടുത്താവുന്ന അദ്വാനി മോഡിയുടെ പാര്‍ലമെന്റില്‍ അഞ്ച് തവണ മാത്രമാണ് സംസാരിച്ചത്.

രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് മീരാ കുമാറിനെ സ്പീക്കറായി തെരഞ്ഞെടുത്തപ്പോള്‍ 440 വാക്കുകളില്‍ അനുമോദന പ്രസംഗം നടത്തിയ അദ്വാനി സ്വന്തം പാര്‍ട്ടിയുടെ സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പുകള്‍ക്കൊടുവില്‍ 'ഞാനത് പിന്തുണയ്ക്കുന്നു' എന്നുമാത്രമാണ് പറഞ്ഞത്. അദ്ദേഹം ഈ അഞ്ചുവര്‍ഷങ്ങളില്‍ ആകെ സംസാരിച്ചതിനെക്കാള്‍ 80 വാക്കുകള്‍ കൂടുതലുണ്ടായിരുന്നു മീരാ കുമാറിനുള്ള അനുമോദന പ്രസംഗത്തില്‍.

പാര്‍ലമെന്റ് കമ്മറ്റി റിപ്പോര്‍ട്ട് അവതരിപ്പിച്ച രണ്ട് അവസരങ്ങളിലും കേവലം ചിട്ടപ്പെടുത്തിയ വാക്കുകള്‍ക്കപ്പുറത്തേക്ക് അദ്ദേഹം ഒരക്ഷരംപോലും സംസാരിച്ചില്ല. കശ്മീര്‍ വിഷയം സഭയില്‍ ചര്‍ച്ചയായപ്പോള്‍ മുമ്പ് ഉണ്ടായിരുന്ന റിപ്പോര്‍ട്ടിനെക്കുറിച്ച് ചുരുങ്ങിയ വാക്കുകളില്‍ പരാമര്‍ശിച്ചതാണ് അദ്വാനി അഞ്ചാമതായി വാ തുറന്ന അവസരം.

ലോക്സഭാ റെക്കോര്‍ഡുകളനുസരിച്ച് ഈ അഞ്ച് വര്‍ഷങ്ങളില്‍ അഞ്ച് അവസരങ്ങളിലായി ആകെ മൂന്നുമിനുട്ടില്‍ താഴെയാണ് അദ്വാനിയുടെ ശബ്ദം സഭ കേട്ടത്.

അതേസമയം പാര്‍ലമെന്റില്‍ ശ്ലാഘനീയമായ ഹാജരാണ് ഇദ്ദേഹത്തിനുള്ളത്. 92 ശതമാനമാണ് അദ്വാനിയുടെ സഭാ അറ്റന്‍ഡന്‍സ്. മന്ത്രിമാരുടെയും സ്പീക്കറുടെയും പ്രതിപക്ഷ നേതാക്കളുടെയും ഹാജറിനെക്കാള്‍ തുലോം മുന്നിലാണിത്.

1998നും 2019നും ഇടയില്‍ അഞ്ച് ലോകസഭകളില്‍ അംഗമായിരുന്നു അദ്വാനി. വാജ്പേയി സര്‍ക്കാരിലെ രണ്ടാമന്‍, യുപിഎ കാലഘട്ടങ്ങളിലെ പ്രതിപക്ഷ നേതാവ്... അദ്വാനിക്ക് ബിജെപിയുടെ ചരിത്രത്തിലുള്ള വിശേഷണങ്ങളേറെയാണ്. 21 വര്‍ഷങ്ങളില്‍ 300 ചര്‍ച്ചകളിലും വാദ പ്രതിവാദങ്ങളിലും അദ്വാനി പങ്കാളിയായി. ബിജെപി അധികാരത്തിലെത്തിയ മുന്‍ വര്‍ഷങ്ങളിലെല്ലാം വളരെ സജീവമായിരുന്നു അദ്ദേഹം. പ്രമേയ അവതരണത്തിലും ചര്‍ച്ചകളിലുമായിരുന്നു അദ്വാനിയുടെ നൈപുണ്യം.

1999 മുതല്‍ 2019 വരെയുള്ള ലോക്സഭാ ജീവിതത്തിനിടെ 45 ബില്ലുകള്‍ പാസാക്കാനുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കുകയും 60 തവണ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹനാവുകയും ചെയ്തു. എന്നാല്‍, അവസാന അഞ്ചുവര്‍ഷങ്ങളില്‍ അഭിപ്രായപ്രകടനങ്ങളില്‍പോലും അദ്ദേഹമുണ്ടായില്ല. മോഡിയുടെ പാര്‍ലമെന്റില്‍ അദ്വാനി ശരീരം മാത്രമായി തുടരുന്നു.

വളരെപെട്ടന്നായിരുന്നു അദ്വാനി എന്ന പേര് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍നിന്നും പിന്‍വാങ്ങിയത്. പാര്‍ലമെന്റിനപ്പുറം ബിജെപി എന്ന ദേശീയ പാര്‍ട്ടി രൂപീകരിക്കുന്നതില്‍ വാജ്പേയോടൊപ്പം തോളോട് തോള്‍ ചേര്‍ന്നുപ്രവര്‍ത്തിച്ച, പാര്‍ട്ടിക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച നേതാവായിരുന്നു അദ്വാനി. പക്ഷേ, ജീവന്‍ കൊടുത്ത പാര്‍ട്ടിയിലടക്കം അദ്ദേഹം തിരസ്‌കൃതനായി.

സോഷ്യല്‍മീഡിയ യുഗത്തില്‍ ബിജെപിയുടെ വല്ലപ്പോഴുമുള്ള പരിഗണനയില്‍ മാത്രമായി ആ രാഷ്ട്രീയ ജീവിതവും ഒതുങ്ങി.

2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ @BJP4India എന്ന ട്വിറ്റര്‍ പേജ് അദ്വാനിയെ ഉയര്‍ത്തിപ്പിച്ചായിരുന്നു പ്രചരണങ്ങളേറെയും നടത്തിയത്. എന്നാല്‍ അധികാരത്തില്‍ വന്നപ്പോള്‍ ബിജെപി അദ്ദേഹത്തെ പൂര്‍ണമായും മറന്നു.

ഫേസ്ബുക്കിലെയും സ്ഥിതി മറ്റൊന്നല്ല. തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് 2013ല്‍ അദ്വാനിയെ പരാമര്‍ശിച്ച് 43 പോസ്റ്റുകളാണ് ബിജെപി തയ്യാറാക്കിയത്. 2014ന് ശേഷമാകട്ടെ, ബിജെപിയുടെ ഫേസ്ബുക്ക് പേജ് അദ്വാനി എന്ന പേര് മനപ്പൂര്‍വമെന്നോണം ഒഴിവാക്കി. 2018-19 വര്‍ഷങ്ങളില്‍ ഒരിക്കല്‍പോലും അദ്വാനിയുടെ പേര് പാര്‍ട്ടി പേജില്‍ വന്നില്ല.

2014 ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പുവരെ രാഷ്ട്രീയ വിഷയങ്ങളിലുള്ള നിരീക്ഷണവും നിരന്തര അഭിപ്രായങ്ങളും കൃത്യമായി രേഖപ്പെടുത്തുന്ന ബ്ലോഗറുമായിരുന്നു അദ്ദേഹം. എന്നാല്‍ എല്‍കെ അദ്വാനി.ഇന്‍ എന്ന ബ്ലോഗ് അതിലെ അവസാന വരികള്‍ രേഖപ്പെടുത്തിയത് 2014 ഏപ്രില്‍ 24നാണ്. ഒരുമാസം മൂന്ന് ലേഖനങ്ങളെങ്കിലും തന്റെ ബ്ലോഗില്‍ കുറിച്ചിടുന്ന, തെരഞ്ഞെടുപ്പിന് മുന്നോടിയായി നാല് മാസങ്ങള്‍ക്കുള്ളില്‍ 39 ബ്ലോഗുകള്‍ എഴുതിയിരുന്ന ഒരു നേതാവ് അതില്‍നിന്നും പൂര്‍ണമായും പിന്മാറി.

ബിജെപിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ അദ്വാനിയുടെതായി ഉള്ള വാര്‍ത്താക്കുറിപ്പുകള്‍ ആരുടെയെങ്കിലും മരണത്തില്‍ അനുശോചനം അറിയിച്ചുകൊണ്ടുള്ളത് മാത്രമാണ്.

2014ല്‍ സഖ്യകക്ഷികളോട് ചേര്‍ന്ന് 336 സീറ്റില്‍ എന്‍ഡിഎ അധികാരത്തിലേറി. അതോടൊപ്പം ലാല്‍ കൃഷ്ണ അദ്വാനി 2014ഓടെ രാഷ്ട്രീയ ജീവിതത്തില്‍നിന്നും ബഹിഷ്‌കൃതനായി. ജീവിതത്തിന്റെ അവസാന പാദത്തിലേക്ക് കാലെടുത്തുവച്ച നേതാവിനോട് അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതം ഭൂതകാലക്കുളിര്‍ മാത്രമാണെന്ന് പര്‍ട്ടി പറയാതെ പറഞ്ഞു.

2014ല്‍ തന്നെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും പാര്‍ട്ടിയുടെ ഉന്നതാധികാര സമിതികളില്‍നിന്നും പുറത്താക്കപ്പെട്ടു. ‘അടല്‍, അദ്വാനി, മുരളി മനോഹര്‍ ബിജെപിയുടെ ത്രിമൂര്‍ത്തികള്‍’ എന്ന മുദ്രാവാക്യം തീര്‍ത്തും അവഗണിക്കപ്പെട്ടു.

2014 ഒരുഭാഗത്ത് അദ്വാനിക്ക് സ്വന്തം പാര്‍ട്ടി അധികാരത്തിലേറുന്ന മധുരക്കാഴ്ച നല്‍കിയപ്പോള്‍, മറുഭാഗത്ത് തിരസ്‌കൃതന്റെ കയ്പ് രുചിക്കേണ്ടി വന്നു. 2014ന്റെ പ്രക്ഷുബ്ദ വേനലില്‍ അദ്വാനി വേരുണങ്ങി ശുഷ്‌കിച്ചു.

ബിജെപിയിലെ രാഷ്ട്രീയ സാഹചര്യം മാറിമറിയുന്നില്ലങ്കില്‍ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പോടുകൂടി എല്‍കെ അദ്വാനിയുടെ രാഷ്ട്രീയജീവിതം അവസാനിച്ചേക്കും.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018