ലോക്സഭ തെരഞ്ഞെടുപ്പ് ഏപ്രില്‍ മാസത്തിലോ മെയ് മാസത്തിലോ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതീക്ഷ മാത്രമാണത്. ഇത് വരെ തെരഞ്ഞെടുപ്പ് കമ്മീഷന് തിയ്യതികള്‍ പ്രഖ്യാപിച്ചിട്ടില്ല. ഒരു പക്ഷെ ഇന്ത്യയില്‍ തന്നെ ആദ്യ പോസ്റ്റര്‍ ഇറങ്ങിയത് കേരളത്തിലായിരിക്കും. അതെ കോഴിക്കോട് മണ്ഡലത്തില്‍ എംകെ രാഘവനെ സ്ഥാനാര്‍ത്ഥിയായി കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് പ്രഖ്യാപിച്ചതിന് പിന്നാലെ പോസ്റ്ററും അടിച്ചു വീട് കയറിയുള്ള പ്രചരണവും ആരംഭിച്ചു.
ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ മഞ്ഞപ്പാലം, പനങ്ങാട് എന്നിവിടങ്ങളിലാണ് പോസ്റ്ററുകള്‍ പതിച്ചത്. എംകെ രാഘവന് വോട്ടുതേടി കൈപ്പത്തി ചിഹ്നമുള്ള പോസ്റ്ററുകളാണ് ഒട്ടിച്ചിട്ടുള്ളത്.
കോണ്‍ഗ്രസ് നേതൃത്വം തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കാന്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രവര്‍ത്തി എന്ന് പ്രവര്‍ത്തകര്‍ പറയുന്നു. എംകെ രാഘവന്റെ നേതൃത്വത്തില്‍ മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും എത്തുന്ന തരത്തിലുള്ള ജാഥ ആരംഭിക്കാന്‍ പോവുകയാണ് കോണ്‍ഗ്രസ്.