Special Story

ഫുട്ബോള്‍ ഹൂളിഗനിസം: കളിത്തട്ടിനെ അസ്വസ്ഥമാക്കുന്ന നവ നാസി രാഷ്ട്രീയം    

നാസി സ്വസ്തിക് പതാകയുമായി ഫുട്ബോള്‍ ഹൂളിഗന്‍സ് ഗാലറിയില്‍    
നാസി സ്വസ്തിക് പതാകയുമായി ഫുട്ബോള്‍ ഹൂളിഗന്‍സ് ഗാലറിയില്‍   

ഫുട്ബോള്‍ കാണാന്‍ ലോകം റഷ്യയിലേക്ക് ചെല്ലാനൊരുങ്ങിയപ്പോള്‍ തന്നെ കാണികളെ പേടിപ്പെടുത്തുന്ന വാര്‍ത്തകളാണ് റഷ്യയില്‍ നിന്ന് വന്നുകൊണ്ടിരുന്നത്. റഷ്യന്‍ ഹൂളിഗന്‍സ് കായിക പരിശീലനം നടത്തുന്നതിന്റെ വാര്‍ത്തകളും ചിത്രങ്ങളും മാസങ്ങള്‍ക്ക് മുമ്പ് മുതല്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു.

ലോകകപ്പ് കാണാന്‍ പോകുന്ന ആരാധകരോട് അതാത് രാജ്യങ്ങള്‍ മുറിയിപ്പും നല്‍കി. കളിയോടും ടീമിനോടുമുള്ള അതിരുവിട്ട ആവേശത്തിനും അപ്പുറത്ത് തെമ്മാടിക്കൂട്ടങ്ങളുടെ ഇത്തരം പ്രവൃത്തികള്‍ക്ക് പുറകില്‍ രാഷ്ട്രീയത്തിന്റെ നിര്‍ണ്ണായക സ്വാധീനമുണ്ട്. തീവ്രദേശീയവാദത്തിന്റെയും വലതുപക്ഷവാദത്തിന്റെയും വംശീയതയുടെയും നിഴലുണ്ട്.

കീവില്‍ മര്‍ദ്ദനമേറ്റ ലിവര്‍പൂള്‍ ആരാധകന്‍ 
കീവില്‍ മര്‍ദ്ദനമേറ്റ ലിവര്‍പൂള്‍ ആരാധകന്‍ 
dailymail.co.uk

ചാംപ്യന്‍സ് ലീഗ് ഫൈനല്‍ നടന്ന യുക്രൈനിലെ കീവില്‍ ലിവര്‍ പൂള്‍ ആരാധകര്‍ ആക്രമിക്കപ്പെട്ടത് ലോകകപ്പ് സംഘാടകരുടെ ആശങ്ക കൂട്ടിയിരുന്നു. ഫൈനലിന് മുമ്പ് മുഖം മൂടി ധരിച്ച് സംഘടിച്ചെത്തിയ ഒരു കൂട്ടമാളുകള്‍ ഇംഗ്ലീഷ് ആരാധകര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ലിവര്‍പൂള്‍ ആരാധകര്‍ രക്തത്തില്‍ കുളിച്ചു. പൊലീസ് അന്വേഷണം റഷ്യന്‍ ഹൂളിഗന്‍സിലേക്ക് നീങ്ങിയെങ്കിലും കുപ്രസിദ്ധമായ 'ട്രബിള്‍ കമ്പനി' എന്ന തെമ്മാടി സംഘം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തി.

സിഎസ്‌കെഎ കീവിന്റെ ഒരു വിഭാഗം ആരാധകര്‍ സ്ഥാപിച്ചതാണ് ട്രബിള്‍ കമ്പനി. ഫുട്ബോളിന്റെ പേരില്‍ തെമ്മാടിത്തം കാണിക്കുന്ന വേറെയും സംഘങ്ങള്‍ കീവിലുണ്ടായിരുന്നു. വലതുപക്ഷ നാസികളുടെ കൂട്ടമായ ‘വൈറ്റ് ബോയ്സ് ക്ലബ്ബ്’ ആണ് അക്കൂട്ടത്തില്‍ ഏറ്റവും അപകടകാരികള്‍. ഡൈനാമോ കീവിന്റെ ആരാധകരാണ് ഇവര്‍.

ഡൈനാമോ ക്ലബ്ബിന്റെ കളിയുള്ള ദിവസങ്ങളില്‍ 'കു ക്ലക്സ് ക്ലാന്‍' തൊപ്പികള്‍ ധരിച്ചെത്തുന്ന വൈറ്റ് ബോയ്സ് തങ്ങളുടെ വംശീയ വെറി പരസ്യമായി പ്രകടിപ്പിക്കാറുമുണ്ട്. ഇവര്‍ക്ക് സമാന ചിന്താഗതിയുള്ള സംഘങ്ങളുമായി രാജ്യാന്തര ബന്ധമുണ്ട്. റഷ്യന്‍ ഭാഷയില്‍ മുദ്രാവാക്യങ്ങളെഴുതിയ കറുത്ത ടീഷര്‍ട്ടാണ് റഷ്യന്‍ സംസാരിക്കുന്ന ഇവരുടെ യൂണിഫോം.

കീവിലെ സംഭവത്തിന് പിന്നാലെ തന്നെ സമൂഹമാധ്യമങ്ങള്‍ മുഖേന കൂടുതല്‍ ഭീഷണികളുമായി റഷ്യന്‍ ഹൂളിഗന്‍സ് രംഗത്തെത്തി. ലോകകപ്പിന് മുന്നോടിയായുള്ള പരിശീലനം മാത്രമായിരുന്നു അതെന്നും ഇനി നരകത്തിലേക്ക് സ്വാഗതമെന്നും അവര്‍ ആക്രോശിച്ചു. തങ്ങള്‍ ഇംഗ്ലണ്ടിനെയാണ് പ്രധാനമായും നോട്ടമിടുന്നതെന്ന് അവര്‍ മുമ്പേ വ്യക്തമാക്കിയിരുന്നതാണ്. ബ്രിട്ടനും റഷ്യയും തമ്മിലുള്ള നയതന്ത്ര പ്രശ്നങ്ങള്‍ രൂക്ഷമായതും 2016 യൂറോ കപ്പ് ചാംപ്യന്‍ഷിപ്പിനിടെ ഇംഗ്ലീഷ്, റഷ്യന്‍ ആരാധകര്‍ ഏറ്റുമുട്ടിയതും ഹൂളിഗന്‍സിന്റെ വൈരം വര്‍ദ്ധിപ്പിച്ചിരുന്നു.

ഒരു റഷ്യന്‍ ഹൂളിഗന്‍ 
ഒരു റഷ്യന്‍ ഹൂളിഗന്‍ 

2018 മാര്‍ച്ച് നാലിന് മുന്‍ റഷ്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ സെര്‍ജെയ് സ്‌ക്രിപാലിനും മകള്‍ യൂലിയയ്ക്കും എതിരെ ബ്രിട്ടനില്‍ ഒരു വധശ്രമം നടന്നു. ബ്രിട്ടന് വേണ്ടിയും ചാരപ്പണി നടത്തിയ ഡബിള്‍ ഏജന്റെന്നാണ് സെര്‍ജെയ് സ്‌ക്രിപാലിനെതിരായ കുറ്റാരോപണം. വധശ്രമത്തില്‍ ഇരുരാജ്യങ്ങളും പരസ്പരം കുറ്റമാരോപിച്ചു. ഇത് നയതന്ത്രബന്ധത്തെ ബാധിച്ചു. ബ്രിട്ടനും മറ്റ് 28 രാജ്യങ്ങളും ചേര്‍ന്ന് 153 റഷ്യന്‍ നയതന്ത്രപ്രതിനിധികളെ തിരിച്ചയച്ചു. റഷ്യയും സമാനരീതിയില്‍ തിരിച്ചടിച്ചു.

നാഡികളെ ബാധിക്കുന്ന അതിമാരക വിഷമാണ് സ്‌ക്രിപാലിനെയും മകളേയും കൊല്ലാന്‍ ഉപയോഗിച്ചതെ് പിന്നീട് സ്ഥിരീകരണമുണ്ടായി. 1971നും 1993 ഇടയില്‍ റഷ്യയില്‍ വികസിപ്പിച്ചെടുത്ത 'നോവിച്ചോക്' ആയിരുന്നു വധശ്രമത്തിന് ഉപയോഗിച്ചത്. കൊലപാതകശ്രമത്തിന് ഇരയായ സ്‌ക്രിപാല്‍ റഷ്യന്‍ ജനതയുടെ മുന്നില്‍ രാജ്യദ്രോഹിയും ഒറ്റുകാരനുമായി മുദ്രകുത്തപ്പെട്ടയാളാണ്.

റഷ്യയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഏതാനും ദിവസം മുമ്പാണ് വധശ്രമം നടന്നത്. സ്‌ക്രിപാല്‍ വധശ്രമം പുടിന്‍ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടത്തിയ നീക്കമാണെ് ശക്തമായ ആരോപണമുണ്ട്. ഇരുരാജ്യങ്ങളും തമ്മില്‍ ഉരുത്തിരിഞ്ഞ വൈരത്തിന്റെ പ്രതിഫലനമായും കീവിലെ ആക്രമണം വിലയിരുത്തുപ്പെടുന്നുണ്ട്.

2016ല്‍ യൂറോകപ്പ് മത്സരം നടക്കുന്ന ഫ്രാന്‍സിലെ മാഴ്സെയിലേക്ക് നൂറുകണക്കിന് റഷ്യന്‍ 'ആരാധകര്‍' സംഘടിച്ചെത്തി. ഇംഗ്ലണ്ടും റഷ്യയും തമ്മിലുള്ള ഗ്രൂപ്പ് ഘട്ട മത്സരത്തിന് മുമ്പും ശേഷവും ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടി. എണ്ണത്തില്‍ കൂടുതലുണ്ടായിരുന്നെങ്കിലും തയ്യാറെടുത്ത് വന്ന റഷ്യക്കാരെ പ്രതിരോധിക്കാന്‍ ഇംഗ്ലീഷുകാര്‍ക്കായില്ല. ക്രൂരമര്‍ദ്ദനമേറ്റ് രണ്ട് ഇംഗ്ലീഷ് ആരാധകര്‍ കോമയിലായി. ഒരാള്‍ക്ക് ശരീരത്തിന്റെ ഇടതുഭാഗത്തെ സ്വാധീനം നഷ്ടമായി.

റഷ്യന്‍ ഭരണാധികാരികള്‍ തങ്ങളുടെ ‘തെമ്മാടി’ക്കൂട്ടത്തെ പിന്തുണയ്ക്കുകയാണുണ്ടായത്. സ്പോട്സ് മന്ത്രി വിറ്റാലി മുറ്റ്കോ മാഴ്സെ സംഭവം ആസൂത്രിതമാണെന്ന് ആരോപിച്ചു. റഷ്യന്‍ പാര്‍ലമെന്റ് ഡെപ്യൂട്ടി ചെയര്‍മാന്‍ ഇഗര്‍ ലെബദേവ് ആരാധകര്‍ തമ്മിലടിക്കുന്നതില്‍ താന്‍ തെറ്റായൊന്നും കാണുന്നില്ലെന്ന് ട്വീറ്റ് ചെയ്തു. ഇംഗ്ലീഷുകാരെ അടിച്ച റഷ്യക്കാരെ അഭിനന്ദിക്കുകയും ചെയ്തു.

പ്രസിഡന്റ് പുടിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. 'എങ്ങനെയാണ് 200ഓളം റഷ്യന്‍ ആരാധകര്‍ക്ക് ആയിരക്കണക്കിന് ഇംഗ്ലീഷുകാരെ അടിച്ചോടിക്കാന്‍ കഴിയുക?'

റഷ്യന്‍ ആരാധകരും ഇംഗ്ലീഷ് ആരാധകരും സ്‌റ്റേഡിയത്തില്‍ ഏറ്റുമുട്ടുന്നു 
റഷ്യന്‍ ആരാധകരും ഇംഗ്ലീഷ് ആരാധകരും സ്‌റ്റേഡിയത്തില്‍ ഏറ്റുമുട്ടുന്നു 

മോസ്‌കോയിലെ ഈ നിയോ നാസി സംഘങ്ങളെ ചെല്ലും ചെലവും കൊടുത്ത് വളര്‍ത്തിയെടുത്തത് തീവ്രവലതുപക്ഷ രാഷ്ട്രീയക്കാരാണ്. മത്സരങ്ങള്‍ കാണാന്‍ സൗകര്യമൊരുക്കിയും അംഗരക്ഷകരായി നിയോഗിച്ചും പാര്‍ട്ടി നേതൃസ്ഥാനം നല്‍കിയും രാഷ്ട്രീയക്കാര്‍ യുവാക്കളെ ആകര്‍ഷിച്ചു. ചെറുപ്പക്കാര്‍ ഹൂളിഗനിസത്തെ ഒരു തൊഴിലായും കണ്ടുതുടങ്ങി.

'റഷ്യയുടെ തെമ്മാടിസൈന്യം' എന്ന പേരില്‍ ബിബിസി കഴിഞ്ഞ വര്‍ഷം ഒരു ഡോക്യുമെന്ററി പുറത്തിറക്കിയിരുന്നു. ഡോക്യുമെന്ററി പുറത്തിറങ്ങിയത് ക്രെംലിന് ക്ഷീണം ചെയ്തു. ഗ്ലാഡിയേറ്റേഴ്സ് എന്ന ഇത്തരം സംഘത്തിന്റെ നേതാവ് ഡോക്യൂമെന്ററിയില്‍ പറയുന്നത് ' പുടിന്റെ കാലാള്‍പടയാണ് മോസ്‌കോയിലെ ഈ സംഘങ്ങള്‍ ’ എന്നാണ്.

മോസ്‌കോയിലെ ക്ലബ്ബുകള്‍ ഇത്രത്തോളം വളര്‍ന്നത് രണ്ട് പതിറ്റാണ്ടുകൊണ്ടാണ്. ഇംഗ്ലണ്ടിലാകട്ടെ ഇത് 1970കളിലേ ആരംഭിച്ചു. ക്ലബ്ബ് ആരാധകരില്‍ നിന്ന് രൂപീകരിച്ചെടുത്ത ഈ അക്രമോത്സുകകൂട്ടം വംശീയതയുടെ കാര്യത്തില്‍ ഒരേ തൂവല്‍ പക്ഷികളായിരുന്നു. കറുത്ത വര്‍ഗക്കാരായ ഫുട്ബോള്‍ താരങ്ങള്‍ അടിച്ച ഗോളുകള്‍ ഇവര്‍ എണ്ണത്തില്‍ കൂട്ടിയില്ല. കറുത്തവരായ താരങ്ങള്‍ക്ക് നേരെ വാഴപ്പഴം എറിഞ്ഞ് ആക്രമിച്ചു.

ചെല്‍സി ക്ലബ്ബിന്റെ ഹൂളിഗന്‍ സംഘമായിരുന്ന 'ഹെഡ് ഹണ്ടേഴ്സ്' ഉള്‍പെടെയുള്ളവര്‍ 90കളില്‍ നവനാസി സംഘടനാപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ഇംഗ്ലീഷ് ക്ലബ്ബുകള്‍ തുടങ്ങിവച്ച ക്യാംപെയ്നുകളാണ് ആരാധകര്‍ക്കിടയിലെ വംശീയതയ്ക്ക് ഒരുപരിധിവരെയെങ്കിലും അറുതി വരുത്തിയത്.

ജര്‍മനി അഭയാര്‍ത്ഥികളെ സ്വീകരിക്കാനുള്ള തീരുമാനമെടുത്തപ്പോള്‍ ശക്തമായി പ്രതിഷേധിച്ച തീവ്രവലതുപക്ഷക്കാരുടെ ഇടയിലും ഫുട്ബോള്‍ ഹൂളിഗന്‍സിന്റെ സജീവസാന്നിധ്യമുണ്ടായിരുന്നു. 2017 ജനുവരിയില്‍ നിയോ നാസി സംഘടനയായ 'പെഗിഡ'യുടെ നേതൃത്വത്തില്‍ നടന്ന ഇസ്ലാം വിരുദ്ധ മാര്‍ച്ച് തെരുവ് കലാപമാക്കി മാറ്റിയത് നൂറുകണക്കിന് ഫുട്ബോള്‍ ഹൂളിഗന്‍സാണ്.

ക്വിയര്‍ സമൂഹത്തോടുള്ള കടുത്ത അസഹിഷ്ണുതയുടെ കാര്യത്തിലും റഷ്യന്‍ തെമ്മാടികള്‍ മുന്നിലാണ്. 2017ല്‍ എല്‍ജിബിടി അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിന്റെ റാങ്കിങ്ങില്‍ 49 യൂറോപ്യന്‍ രാജ്യങ്ങളില്‍ 48-ാം സ്ഥാനമാണ് റഷ്യയ്ക്ക് കിട്ടിയത്. എല്‍ജിബിടി വിഭാഗത്തില്‍ പെട്ട ആരാധകര്‍ക്ക് റഷ്യന്‍ ഹൂളിഗന്‍സ് വധഭീക്ഷണിയും മുഴക്കിയിരുന്നു.

റഷ്യയില്‍ കളി കാണാനെത്തുന്ന സ്വവര്‍ഗാനുരാഗികളെയും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെയും കുത്തിക്കൊല്ലുമെന്നാണ് റഷ്യന്‍ ഹൂളിഗന്‍സിന്റെ മുന്നറിയിപ്പ്. എല്‍ജിബിടി വിഭാഗത്തില്‍ പെട്ട ഫുട്‌ബോള്‍ ആരാധകരുടെ കൂട്ടായ്മയായ 'പ്രൈഡ് ഇന്‍ ഫുട്‌ബോളിന്' ലോകകപ്പിന് മുന്നേതന്നെ നിരവധി ഭീഷണി മെയിലുകള്‍ എത്തിയിരുന്നു.

വിവാദമായ 'വോട്ട് പുടിന്‍' പരസ്യം

പുടിന് വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് റഷ്യന്‍ തെരഞ്ഞെടുപ്പിന് ഒരു മാസം മുമ്പ് പുറത്തിറങ്ങിയ പരസ്യ ചിത്രത്തിലും ഈ എല്‍ജിബിടി വിരോധം സ്പഷ്ടമായിരുന്നു. സ്വവര്‍ഗാനുരാഗികളോടൊപ്പം ജീവിക്കുന്നത് പേടി സ്വപ്നമായാണ് പരസ്യത്തില്‍ കാണിക്കുന്നത്. പുടിന്‍ ജയിച്ചില്ലെങ്കില്‍ റഷ്യന്‍ പട്ടാളത്തില്‍ ആഫ്രിക്കന്‍ വംശജര്‍ കയറിപ്പറ്റുമെന്നും പരസ്യത്തിലൂടെ 'ഭയപ്പെടുത്തുന്നുണ്ട്'.

പുടിന്‍ ഭരണകൂടത്തിന്റെ എല്‍ജിബിടി വിരോധവും വംശീയമനോഭവും വെളിവാക്കുന്നതായിരുന്നു ഈ 'വോട്ട് പുടിന്‍' വീഡിയോ. പരസ്യത്തിനെതിരെ എതിര്‍ സ്ഥാനാര്‍ത്ഥി കെസാനിയ സോബ്ചെക്കും രംഗത്തെത്തി. ട്രാന്‍സ് സമൂഹത്തെ രാജ്യത്തിന്റെ ഭീഷണിയായി കാണിക്കുന്നത് തമാശയല്ലെന്ന് സോബ്ചെക്ക് പ്രതികരിച്ചു.

ലോകകപ്പിനോടനുബന്ധിച്ച് നിയോഗിക്കപ്പെട്ട കലാപവിരുദ്ധ സേന 
ലോകകപ്പിനോടനുബന്ധിച്ച് നിയോഗിക്കപ്പെട്ട കലാപവിരുദ്ധ സേന 

ഒരു കൂട്ടം തെമ്മാടിസംഘങ്ങളുടെ പേരില്‍ തങ്ങളെ മുഴുവന്‍ വില്ലന്‍മാരായി ചിത്രീക്കുകയാണെന്ന പരാതിയും റഷ്യക്കാര്‍ക്കുണ്ട്. കളി കാണാനെത്തുന്നവര്‍ തങ്ങളുടെ അതിഥികളാണെന്നും തങ്ങള്‍ അങ്ങേയറ്റം സ്നേഹത്തോടെയും ബഹുമാനത്തോടെയും മാത്രമേ ഇവരോട് പെരുമാറൂ എന്നും ഇവര്‍ ഉറപ്പു നല്‍കുന്നുണ്ട്.

മാഴ്സെയിലെ ആക്രമണത്തെ ന്യായീകരിച്ചെങ്കിലും സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകപ്പിനെ സംഘങ്ങള്‍ അലങ്കോലമാക്കാതിരിക്കാന്‍ അധികാരികള്‍ നടപടികള്‍ എടുക്കുന്നുണ്ട്. കനത്ത സുരക്ഷാ സന്നാഹങ്ങളാണ് റഷ്യയില്‍ ഒരുക്കിയിരിക്കുന്നത്. ഈ സംഘത്തെ നേരിടാന്‍ പ്രത്യേക പരിശീലനം ലഭിച്ച 'റയട്ട് പൊലീസിനെ സജ്ജീകരിച്ചിട്ടുണ്ട്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018