Special Story

മെട്രോയിലെ 43 ട്രാൻസ്ജെൻഡറുകളിൽ 30 പേരും ജോലി വിട്ടത് എന്ത് കൊണ്ട്?

കേരളത്തിൻറെ പുരോഗമന നടപടിയായി ആഘോഷിക്കപ്പെട്ട കൊച്ചിൻ മെട്രൊയിലെ ജോലി എന്ത് കൊണ്ട് തുടരാനാകുന്നില്ല എന്ന് മെട്രൊ ജീവനക്കാരായിരുന്ന ട്രാൻസ്ജെൻഡേഴ്സ് പറയുന്നു

മെട്രൊ ട്രെയിൻ കയറി കളമശ്ശേരിയിലിറങ്ങിയത് രഞ്ജുവിൻറെ വാടകവീട്ടിലേക്ക് പോകാനാണ്. കടന്നു പോയ സ്റ്റേഷനുകളിലൊന്നും ജീവനക്കാരായി ട്രാൻസ്ജെൻഡറുകളെ കണ്ടില്ല. രണ്ട് ഘട്ടങ്ങളിലായി മൂന്ന് ഡസനിലധികം പേർ ഇവിടെ ജോലിക്ക് കയറിയതായി അറിയാം. പക്ഷേ രണ്ട് വർഷം തികയാറാകുമ്പോൾ അവശേഷിക്കുന്നത് 13 പേർ മാത്രം. അന്താരാഷ്ട്ര മാധ്യമങ്ങളുൾപ്പെടെ കേരളത്തിലെ ട്രാൻസ്ജെൻഡർ മുന്നേറ്റമായി അടയാളപ്പെടുത്തിയ മെട്രൊജോലിയിലെ കൊഴിഞ്ഞ് പോക്കിന് കാരണങ്ങൾ അനവധിയാണ്.

എം.എസ്.എസി ബിരുദധാരിയായ രഞ്ജു താമസിക്കുന്ന കളമശ്ശേരിയിലെ വാടകവീട്ടിൽ പങ്കാളിയും കമ്മ്യൂണിറ്റി സുഹൃത്തുക്കളും ഉണ്ട്. ചെറിയ മുറ്റവും അടുക്കളയും കിടപ്പുമുറികളും ഉള്ള അത് പോലൊരു വീട് മുമ്പ് ഉണ്ടായിരുന്നെങ്കിൽ രഞ്ജു മെട്രോയിലെ ജോലി തുടരുമായിരുന്നു. അവരെപ്പോലെ ഭൂരിഭാഗം ട്രാൻസ്ജെൻഡേഴ്സും 9000 രൂപ വരുമാനമുണ്ടായിരുന്ന ആ ജോലി തുടരാതിരുന്നതിനു കാരണം താമസ സ്ഥലത്തിൻറെ അഭാവമാണ്‌. ദിവസേനെ 500 രൂപ മുതൽ വാടക നൽകി ലോഡ്ജു മുറികളിലാണ് അവർ താമസിച്ചിരുന്നത്. വാടക നൽകാനുള്ള തുക മാത്രം ലഭിച്ചിരുന്ന ജോലിയിൽ മുന്നോട്ട് പോകാനാകാതായപ്പോൾ രാത്രി തെരുവിലേക്കിറങ്ങേണ്ടി വന്നു. 8 മണിക്കൂർ തൊഴിലെടുത്ത് കഴിഞ്ഞാലും ഭക്ഷണത്തിനും യാത്രാക്കൂലിക്കുമായി ലൈംഗികത്തൊഴിൽ ചെയ്യേണ്ടി വരികയാണെന്നത് കൊണ്ട് തന്നെയാണ് അധികകാലം പലർക്കും മെട്രൊ ജീവനക്കാരിയായി തുടരാനാകാഞ്ഞത്.

രഞ്ജു
രഞ്ജു
സ്വത്വം വെളിപ്പെടുത്തിയതിന് ശേഷം മൈസൂർക്ക് പോയി ഹിജഡസംസ്കാരത്തിൽ ഭിക്ഷടനവും ലൈംഗികതത്തൊഴിലുമൊക്കെ ചെയ്താണ് ജീവിച്ചിരുന്നത്. ട്രെയിനുകളിൽ കൊട്ടിപ്പാടാനും പോകുമായിരുന്നു. നാട്ടിലെത്തി കൊച്ചിൻ മെട്രൊയിൽ ജോലി ചെയ്യാനാരംഭിച്ചത് ഏറെ പ്രതീക്ഷയോടെയാണ്. പക്ഷേ തെരുവ് തന്നെയാണ് വീണ്ടും സ്വീകരിച്ചത്. ആ ജീവിതം ഇനിയും വേണ്ട എന്ന് തോന്നിയത് കൊണ്ടാണ് മെട്രോ വിട്ടത്. ഇനി സ്വന്തമായി എന്തെങ്കിലും സംരംഭം ആരംഭിക്കണം
രഞ്ജു (മുൻ മെട്രൊ ജീവനക്കാരി)

2016 ൽ പതിനൊന്ന് ട്രാൻസ്ജെൻഡേഴ്സിനെ എറണാകുളം നോർത്തിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. ക്രൂരമർദ്ധനങ്ങളേറ്റ ഇവർ ആഴ്ചകളോളം വിയ്യൂർ സെൻട്രൽ ജയിലിലായിരുന്നു. ട്രാൻസ്ജെൻഡർ സമുദായത്തോടുള്ള പോലീസിൻറെ മുൻവിധിയും അതിക്രമങ്ങളും ഏറെ ചർച്ചയായ ഈ സംഭവത്തെ തുടർന്നാണ് കൊച്ചിൻ മെട്രോ റെയിൽ ലിമിറ്റഡിൻറെ അന്നത്തെ മാനേജിങ്ങ് ഡയറക്ടറായ ഏലിയാസ് ജോർജിൻറെ പദ്ധതിപ്രകാരം ട്രാൻസ്ജെൻഡേഴ്സിന് ജോലി നൽകാൻ തീരുമാനിക്കുന്നത്. ടിക്കറ്റിങ്ങ്, ഹൗസ്കീപ്പിങ്ങ് വിഭാഗങ്ങളിലേക്ക് രണ്ട് ഘട്ടങ്ങളിലായി 23 പേർ വീതം ജോലിയിൽ പ്രവേശിച്ചു. കളമശ്ശേരി രാജഗിരി കോളേജിൽ വെച്ച് നടന്ന പരിശീലനത്തിനൊടുവിലാണ് ജോലി ആരംഭിച്ചതും.

ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ തുടരാനാകുന്നില്ലെന്ന് കണ്ട് പലരും ജോലി നിർത്തി. വാഗ്ധാനം ചെയ്യപ്പെട്ട സാമൂഹികമായ അംഗീകാരവും സാമ്പത്തിക സുരക്ഷിത്വവും ഏറെ ദൂരെയാണെന്ന ബോധ്യപ്പെടൽ പരസ്യമായി തന്നെ പറഞ്ഞു. 13000 രൂപയാണ് മെട്രോയിലെ ഹൗസ്കീപ്പിങ്ങ് ജീവനക്കാർക്ക് നിശ്ചയിച്ചിട്ടുള്ള വേതനം. പി.എഫ്, ഇ.എസ്.ഐ തുടങ്ങിയവ കഴിയുമ്പാൾ 9000 രൂപ ലഭിക്കും. കരാർ ജോലിയായതിനാൽ എത്ര വർഷം കഴിഞ്ഞാലും ഇൻക്രിമെൻറോ മറ്റ് ആനുകൂല്യങ്ങളോ ഇല്ല.

കെ.എം.ആർ.എൽ കുടുംബശ്രീക്കാണ് തൊഴിലാളികളുടെ കരാർ നൽകിയിട്ടുള്ളത്. അത് കൊണ്ട് തന്നെ ട്രാൻസ്ജെൻഡർ ജീവനക്കാർ കുടുംബശ്രീയുടെ കീഴിലാണ് ജോലി ചെയ്യുന്നത്. മറ്റു തൊഴിലാളികൾക്കും മേൽപ്പറഞ്ഞ വേതനം തന്നെയായതിനാൽ ഒറ്റ നോട്ടത്തിൽ വിവേചനത്തിൻറെ സാധ്യതകളൊന്നുമില്ല. എന്നാൽ സ്വന്തം വീടുകളിൽ നിന്ന് ഭക്ഷണം പൊതിഞ്ഞെടുത്ത്, കുടുംബാംഗങ്ങൾ വാഹനത്തിലെത്തിച്ച് തൊഴിലെടുത്ത് പോകുന്ന സ്ത്രീകളേയും തങ്ങളേയും ഒരേ അളവ് കോലിൽ പരിഗണിച്ചതിൻറെ സൂക്ഷമമായ പ്രശ്നങ്ങൾ മെട്രൊയിൽ നിന്നിറങ്ങിയ ഫൈസുവും വിശദമായി പറയുന്നുണ്ട്‌.

കുടുംബശ്രീയിലെ തൊഴിലാളികൾ രാവിലെ വീട്ടിൽ നിന്നിറങ്ങി തിരിച്ച് വീട്ടിലേക്ക് പോകുന്നവരാണ്. വിവേചനം മൂലം വീട്ടിൽ നിന്ന് പുറത്താക്കപ്പെട്ടവരും ജീവിക്കാൻ വേറെ വഴിയില്ലാത്തവരുമാണ് ട്രാൻസ്. അവരാണ് തെരുവിൽ പോലും നിൽക്കുന്നത്. 
ഫൈസൽ ഫൈസു (മെട്രൊ ജീവനക്കാരി)  
ഫൈസൽ ഫൈസു
ഫൈസൽ ഫൈസു

തുച്ഛമായ വരുമാനം കൊണ്ട് രണ്ടറ്റം മുട്ടിക്കാൻ കഷ്ടപ്പെടുന്നതിനിടയിലാണ് മറ്റൊരു പരിഷ്കാരം കൂടി കുടുംബശ്രീ നടപ്പാക്കിയതെന്ന് ഫൈസു പറയുന്നു. മാസത്തിൽ നാല് ദിവസമുള്ള അവധിക്ക് ദിനംപ്രതി 250 രൂപ കുറക്കാൻ ആരംഭിച്ചു. ആഴ്ചയിൽ ഒരു ദിവസം വെച്ച് അവധിയെടുത്താൽ 1000 രൂപ മാസ വരുമാനത്തിൽ കുറവുണ്ടാകും. 'ഈ വിഷയം കെ.എം.ആർ.എല്ലിനോട് ചോദിക്കുമ്പോൾ അവർ പറയുന്നത് ഞങ്ങളല്ല, കുടുംബശ്രീയാണ് തീരുമാനമെടുത്തത് എന്നാണ്‌. കുടുംബശ്രീയോട് ചോദിക്കുമ്പോൾ അത് ഞങ്ങളോട് ചോദിച്ചിട്ട് കാര്യമില്ല, കെ.എം.ആർ.എല്ലുമായി ബന്ധപ്പെടാൻ പറയും.’

വേതനത്തിൻറെ കുറവിനൊപ്പം മറ്റു വിവേചനങ്ങളും മെട്രൊയിൽ അനുഭവിച്ച് പോന്നിരുന്നതായി ട്രാൻസ്ജെൻഡറായ അരുണിമ വ്യക്തമാക്കുന്ന ത്‌ . പോലീസ് കള്ളക്കേസിൽ കുടുക്കി, ജയിലിൽ പോയതിന് ശേഷം തിരിച്ച് വന്നപ്പോഴുണ്ടായ സഹപ്രവർത്തകരുടെ അവഗണന മൂലമാണ് താൻ ജോലി നിർത്തിയതെന്ന് അരുണിമ

മൂത്രമൊഴിക്കാൻ പോകാൻ പോലും അനുവദിക്കില്ലായിരുന്നു. സ്ത്രീകളുടെ ടോയ്ലറ്റ് ഉപയോഗിക്കാൻ പറ്റില്ല.വികലാംഗരുടെ ടോയ്ലറ്റാണ് ഉളളത്‌. സ്റ്റേഷൻ മാസ്റ്ററെ കണട് അനുവാദം വാങ്ങി താക്കോൽ അദ്ദേഹത്തിൻറെ കയ്യിൽ നിന്ന് വാങ്ങിയാലാണ് ടോയ്ലറ്റിൽ പോകാനാകുക. അത്ര ബുദ്ധിമുട്ടായിരുന്നു.
അരുണിമ (മുൻ മെട്രൊ ജീവനക്കാരി)
അരുണിമ
അരുണിമ

താമസ സൗകര്യം ഇല്ലാത്തതാണ് ട്രാൻസ് ജെൻഡർ ജീവനക്കാരുടെ അടിസ്ഥാന പരമായ പ്രശ്നം എന്ന് കണ്ട് ഷെൽറ്റർ സൗകര്യങ്ങളൊരുക്കാൻ ശ്രമിച്ചിരുന്നതായി കെ.എം.ആർ.എൽ പറഞ്ഞു. കാക്കനാടുള്ള ഒരു ക്രിസ്ത്യൻ മിഷണറി സ്ഥാപനത്തിലാണ് ഇതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നത്. ഇവിടത്തെ ചിട്ടവട്ടങ്ങളും സഞ്ചാരസ്വാതന്ത്ര്യമില്ലായ്മയും സ്വാഭാവിക ജീവിതം നയിക്കാനുതകുന്നില്ലെന്ന് കണ്ടതോടെ അവിടെ താമസിക്കാൻ പലരും തയ്യാറുമല്ല.

ജീവിക്കാൻ മതിയാകുന്ന വേതനവും മറ്റ് പ്രശ്നങ്ങൾക്ക് പരിഹാര മാർഗ്ഗങ്ങളും ലഭിച്ചാൽ മെട്രൊയിൽ തിരിച്ചു കയറാൻ ഇവരിൽ പലരും തയ്യാറാണ്. അഭിമാനമുള്ള ഒരു ജോലി എന്ന സങ്കൽപ്പത്തെ ബഹുമാനിക്കുന്നതിനൊപ്പം ജീവിക്കാനാവശ്യമായ വേതനം കൂടി വേണം എന്ന പ്രാഥമിക അവകാശത്തിലാണ് അവർ ഊന്നുന്നത്.

ഉപരിപ്ളവമായ ക്ഷേമനടപടികളിലൂടെ പരിഹരിക്കാൻ സാധിക്കാത്ത സങ്കീർണ്ണമായ പ്രശ്നങ്ങളാണ് കാലാകാലങ്ങളായി അടിച്ചമർത്തപ്പെടുന്ന ലിംഗ ലൈംഗിക ന്യൂനപക്ഷങ്ങൾക്കുള്ളത്. അത് കൊണ്ട് തന്നെ പ്രശ്നങ്ങളെയും അതിൻറെ പശ്ചാത്തലത്തേയും സൂക്ഷമമായി വിശകലനം ചെയ്ത് കൃത്യമായി ആസൂത്രണം ചെയ്യുന്ന ഒരു പദ്ധതി തന്നേ ആ സമുദായത്തെ മുഖ്യധാരയിലേക്ക് എത്തിക്കാൻ ആവശ്യമാണ്‌. മെട്രൊയിൽ ട്രാൻസ് ജെൻഡേഴ്സിന് ജോലി എന്ന ഏറെ ആഘോഷിക്കപ്പെട്ട നടപടിയിൽ അത്തരമൊരു ജാഗ്രതയുടെ കുറവുണ്ടെന്നതിലേക്കാണ് ഇവരുടെ അനുഭവങ്ങൾ വെളിച്ചം വീശുന്നത്.

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018