SPOTLIGHT

ഭരണകൂടം നിസഹായരാക്കിയ അസമുകാര്‍ ചോദിക്കുന്നു   

ആരാണ് വിദേശി, ആരാണ് സ്വദേശി എന്ന ചോദ്യത്തിന് മുന്നില്‍ നിസഹായരാകുകയാണ്‌ അസം ജനത. കുടിയേറ്റക്കാരെ കണ്ടെത്താനുള്ള ശ്രമത്തെ, ചില പ്രത്യേക വിഭാഗങ്ങളില്‍പ്പെട്ടവരെ നാടുകടത്താനും തടവിലിടാനുമുള്ള മാര്‍ഗമാക്കിയിരിക്കയാണ് ഭരണകൂടം.പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ അമിത്‌സെന്‍ ഗുപ്തയുടെ റിപ്പോര്‍ട്ട്.

ഒരു വലിയ പ്രതിസന്ധിയിലേക്കാണ് അസാം നീങ്ങുന്നത്. ബാരാക്ക് താഴ്‌വര ഉള്‍പ്പെടെയുള്ള ഹരിതാഭമായ ഉള്‍പ്രദേശങ്ങള്‍ ഭീതിയുടെ നിഴലിലാണ്. നിസഹായതയിലും പ്രതീക്ഷയില്ലായ്മയിലും പെട്ടുഴലുകയാണ് ഇവിടുത്തെ ആയിരക്കണക്കിന് പാവങ്ങള്‍.

നീതിക്കും സമാധാനത്തിനുമായി പൗരസമൂഹവും, കോടതികളും രാഷ്ട്രീയ നേതൃത്വവും ഇടപെട്ടില്ലെങ്കില്‍ വലിയൊരു പ്രതിസന്ധിയിലേക്കായിരിക്കും കാര്യങ്ങള്‍ എത്തുക.

അസാമില്‍ ചരിത്രം വീണ്ടും ആവര്‍ത്തിക്കുകയാണെ് തോന്നുന്നു. 1983ലെ നെല്ലി കൂട്ടക്കൊല സൃഷ്ടിച്ച ആഘാതം ഇപ്പോഴും വിട്ടുമാറിയിട്ടില്ല.

ആരാണ് യഥാര്‍ഥ പൗരന്‍, ആരാണ് വിദേശി?

ആരുടെപക്കലുള്ളതാണ് യഥാര്‍ത്ഥ രേഖകള്‍? ആരുടെതാണ് വ്യാജരേഖകള്‍? ഒരു മനുഷ്യന്റെ സാമൂഹ്യവും രാഷ്ട്രീയവുമായ അസ്ഥിത്വം തെളിയിക്കാന്‍ എത്രമാത്രം രേഖകളാണ് ആവശ്യം?

രണ്ട് സഹോദരന്മാരില്‍ ഒരാള്‍ ഇന്ത്യക്കാരനും മറ്റേയാള്‍ വിദേശിയുമാകുന്നതെങ്ങനെ? ചിലര്‍ ഔദ്യോഗിക ഭാഷയില്‍ സംശയാലുവായ വോട്ടറായി (D- Voter) മുദ്രകുത്തപ്പെടുന്നതെങ്ങനെയാണ്.

അതായത് അടിസ്ഥാനപരമായ ഭരണഘടനാ അവകാശങ്ങളും വോട്ട ചെയ്യാനുള്ള അവകാശവും ഇല്ലാത്തവരാണ് ഔദ്യോഗിക ഭാഷയില്‍ D Voter. ഇവര്‍ക്കാണ് അവരുടെ പൗരത്വം തെളിയിക്കേണ്ടിവരുന്നത്. അതിന് പറ്റിയില്ലെങ്കില്‍ ഇവരെ ജയിലിലേക്കോ മറ്റ് തടവ് കേന്ദ്രങ്ങളിലേക്കോ കുടിയേറ്റക്കാരനായ വിദേശിയെന്ന മുദ്രയോടെ അടക്കപ്പെടും. അവര്‍ നികൃഷ്ടരായി പരിഗണിക്കപ്പെടും . ഇങ്ങനെ സംശയത്തിന്റെ നിഴലില്‍ കഴിയുന്നവര്‍ നേരത്തെ സമ്മതിദാന അവകാശം വിനിയോഗിച്ചിട്ടുണ്ടാകാം.

അന്ന് അവര്‍ യഥാര്‍ത്ഥ പൗരന്മാരായി പരിഗണിക്കപ്പെട്ടിട്ടുമുണ്ടാകാം. ഇതില്‍പ്പെട്ട പലര്‍ക്കും യഥാര്‍ത്ഥ പൗരന്മാരായ വോട്ടര്‍മാരുള്ള ബന്ധുക്കളുമുള്ളവരാണ്.

1947 ലെ വിഭജനത്തിന് മുമ്പേക്ക് നീളുന്ന നിയമപരവും കുടുംബപരവുമായ പാരമ്പര്യമുള്ളവരാണ് ഇതില്‍ പലരും. അതൊക്കെ തെളിയിക്കാനുള്ള രേഖകളും ഇവരുടെ പക്കലുണ്ട്.

മൂന്ന് മുതിര്‍ന്ന, വോട്ടവകാശവും ഭരണഘടനാ അവകാശങ്ങളുമുള്ള മക്കളുള്ള വൃദ്ധയായ മാതാവിനെ വിദേശിയെന്ന് ആരോപിച്ച് ജയിലില്‍ തടവിലാക്കുന്ന അവസ്ഥയെ എങ്ങനെയാണ് വിശേഷിപ്പിക്കാന്‍ കഴിയുക?

അതെന്തായാലും അസാം അതിര്‍ത്തി പൊലീസിന്റെയും ഫോറിനേഴ്‌സ് ട്രൈബ്യൂണലിന്റെയും കണക്കില്‍ അവര്‍ വിദേശിയാണ്.

എങ്ങനെയാവും അവര്‍ക്ക് അവരുടെ ഇന്ത്യന്‍ പൗരത്വം തെളിയിക്കാന്‍ കഴിയുക?

അസമില്‍ 100 'ഫോറിന്‍ ട്രൈബ്യൂണ'ലുകളാണ് ഉള്ളത്. ഗുവഹതി ഹൈക്കോടതിയുടെ ഡിവിഷണല്‍ ബഞ്ചിനാണ് ഈ ട്രൈബ്യൂണലുകള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടത്.

നാട്ടുകാരില്‍ ബഹുഭൂരിപക്ഷവും ആക്ടിവിസ്റ്റുകളും ആരോപിക്കുന്നത് ഈ ട്രൈബ്യൂണലുകളില്‍ മിക്കതിലും ബിജെപിയുടെയും ആര്‍എസ്എസ്സിന്റെയും എജിപിയുടെയും എഎഎസ് യുവിന്റെയും അനൂകൂലികളാണെന്നാണ്. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ നാഷണല്‍ റജിസ്ട്രാര്‍ ഓഫ് സിറ്റിസസ് (NRC) വിദേശികളെ കണ്ടെത്താനുള്ള ശ്രമങ്ങളെ ഇവര്‍ അനുകൂലിക്കുമ്പോഴും നടത്തിപ്പില്‍ പല പ്രശ്‌നങ്ങളും ഉണ്ടെന്ന് ഇവര്‍ കരുതുന്നു.

മുന്‍വിധികളുടെയും പക്ഷപാതിത്വത്തിന്റെയും അടിസ്ഥാനത്തില്‍ ക്രിത്രിമമായി ഉണ്ടാക്കിയ തെളിവുകളുമായാണ് ചില ഉദ്യോഗസ്ഥര്‍ പെരുമാറുന്നതെന്നും ഇവര്‍ ആരോപിക്കുന്നു. നീതി ലഭിക്കാനുള്ള എല്ലാ മാര്‍ഗങ്ങളും ഇവര്‍ക്ക് മുന്നില്‍ അടക്കപ്പെടുകയാണ്.

ഗോള്‍പാര, ബര്‍പേട്ട, കൊക്ക്‌റജാര്‍ എന്നി ജില്ലകളില്‍ ഇങ്ങനെ രജിസ്‌ട്രേഷന്‍ പ്രക്രിയ തലതിരിഞ്ഞ് നടപ്പിലാക്കിയതിന്റെ നിരവധി ഉദാഹരണങ്ങള്‍ ഈ ലേഖകന് കാണാന്‍ കഴിഞ്ഞു.

കഴിഞ്ഞ മൂന്ന് വര്‍ഷമായി സ്ത്രീകള്‍ക്കുള്ള തടവറയില്‍ കഴിയുകയാണ് ബര്‍പേട്ട ജില്ലയില്‍പ്പെടുന്ന ജയ്പൂര്‍ ഗ്രാമത്തിലെ കുല്‍സാന്‍ നേസ്സ. ഇവരുടെ പ്രായപൂര്‍ത്തിയായ മക്കള്‍ക്കെല്ലാം വോട്ടവകാശമുണ്ടൊണ് ഇവര്‍ പറയുന്നത്. മൂത്തവനായ അബ്ബാസ് അലിക്ക് 30 വയസ്സോളമായി. ഇളയ രണ്ടുപേര്‍-സര്‍വേഷും ഗര്‍ബേഷും-20 കളുടെ അവസാനത്തിലാണ്.

തടവറയില്‍ അടക്കപ്പെട്ട കുല്‍സാന്‍ നേസ്സയുടെ കുടുംബം 
തടവറയില്‍ അടക്കപ്പെട്ട കുല്‍സാന്‍ നേസ്സയുടെ കുടുംബം 
PHOTO: AVINASH SAURAV

മക്കള്‍ ഇന്ത്യക്കാരും മാതാവ് 'വിദേശി'യുമാകുന്നതെങ്ങനെയാണ്? 'തടവു കേന്ദ്രത്തില്‍ കൊടുക്കുന്ന ഭക്ഷണം പട്ടികള്‍ക്ക് പോലും കഴിക്കാനാവില്ല' അബ്ബാസ് അലി പറയുന്നു. 'ഞങ്ങളുടെ കുടുംബം പൂര്‍ണമായും തകര്‍ക്കപ്പെട്ടു'

കൊല്‍ഗാസിയ ഗ്രാമത്തിലെ അബ്ദൂല്‍ തല്‍കൂദര്‍ ഒരു സര്‍ക്കാര്‍ കോളെജിലെ ക്ലാര്‍ക്കായിരുന്നു. 1997 വരെ അദ്ദേഹത്തിന് വോട്ടവകാശവും ഉണ്ടായിരുന്നു. പക്ഷെ പെട്ടെന്നാണ് അദ്ദേഹം D Voter ആയി മാറ്റപ്പെട്ടത്. ഇതൊടെ വോട്ടവകാശം ഇല്ലാതാക്കപ്പെട്ടു. '1982 മുതല്‍ 2016വരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു ഞാന്‍. മുതിര്‍ന്ന പൗരനാണെന്ന് സര്‍ക്കാര്‍ നല്‍കിയ രേഖയും എന്റെ പക്കലുണ്ട്. ജില്ലാ കലക്ടറാണ് ഈ രേഖ നല്‍കിയത്. ഇതെല്ലാമുണ്ടായിട്ടും ഞാന്‍ സംശയാലുവായ വോട്ടര്‍ (D Voter) ആയി മുദ്രകുത്തപ്പെട്ടു. ഇന്ത്യക്കാരനല്ലെന്ന് പറഞ്ഞ് അപഹസിക്കപ്പെട്ടു' അബ്ദൂല്‍ തല്‍കൂദര്‍ വേദനയോടെ പറയുന്നു.

കൊക്രജാര്‍ ജില്ലയിലെ അഞ്ചോര്‍ബാരി ഗ്രാമത്തിലാണ് പഞ്ചാനന്‍ റെ താമസിക്കുന്നത്. വൃദ്ധനും അവശനുമായ ഇദ്ദേഹം രാജ്ഭഞ്ഷി ഹിന്ദുവിഭാഗത്തില്‍പ്പെട്ടയാളാണ്. ഇയാളുടെ ഭാര്യ അനബെല്ലാ റെ ഇപ്പോള്‍, കൊക്കറജാര്‍ ജയിലില്‍ സ്ത്രീകള്‍ക്കായുളള പ്രത്യേക തടവറയിലാണ്. ഇവര്‍ രണ്ടുപേരും നേരത്തെ വോട്ടര്‍മാരായിരുന്നു. ഇപ്പോഴും ഭര്‍ത്താവ് വോട്ടവകാശമുള്ള പൗരനായി തുടരുന്നു. അതേസമയം ഭാര്യയില്‍നിന്ന് രേഖകളില്ലെന്ന് പറഞ്ഞ് ആ അവകാശം എടുത്തുമാറ്റപ്പെടുകയും ചെയ്തു. ഇതെങ്ങനെയാണ് സംഭവിക്കുത്. ഒരാള്‍ക്ക് തന്റെ ഭാഗം വിശദമാക്കാന്‍ പോലും പറ്റാതെ സംശയാലുവുമായ വോട്ടര്‍ എന്ന് മുദ്രകുത്തുന്നത് എങ്ങനെയാണ്. 'ഞാന്‍ ഒരു ഹിന്ദുവാണ്. ഈ പ്രദേശത്ത് ജനിച്ചുവളര്‍ന്നവന്‍. എന്നിട്ടും അവരെന്തിനാണ് എന്റെ ഭാര്യയെ തടവറയിലേക്ക് തള്ളിയത്' ദുഃഖഭാരത്തോടെ അദ്ദേഹം ചോദിക്കുന്നു.

എല്ലാ രേഖകളുമുണ്ടായിട്ടാണ് ഹോറി ദാസ് എന്ന ബംഗാളി രാജഭങ്ഷി ഹിന്ദുവായ ഹോറി ദാസിനെ 1997 ല്‍ സംശയാലുവായ വോട്ടര്‍ ആയി പ്രഖ്യാപിച്ചത്. അതുവരെ എല്ലാ തെരഞ്ഞെടുപ്പുകളിലും വോട്ട് ചെയ്തതാണെന്ന് ഇയാള്‍ അവകാശപ്പെടുന്നു. ഇദ്ദേഹത്തിന്റെ സഹോദരന്‍ ബുദ്ധേശ്വര്‍ ദാസും ഇപ്പോള്‍ നിയമത്തിന്റെ കണ്ണില്‍ കുറ്റവാളിയാണ്. ഗോല്‍പാറ ജില്ലയില്‍ മല്‍സ്യബന്ധനം നടത്തിയാണ് ഇവര്‍ ജീവിക്കുന്നത്.

‘ഞാന്‍ എങ്ങനെയാണ് അസമില്‍ ജനിച്ചുവളര്‍ന്ന ഹിന്ദുവാണെന്ന് തെളിയിക്കേണ്ടത്?’ തന്റെ പക്കലുള്ള രേഖകള്‍ നെഞ്ചോട് ചേര്‍ത്ത് അയാള്‍ ചോദിക്കുകയാണ്.

രാജഭങ്ഷി ഹിന്ദു വിഭാഗത്തില്‍ പെട്ടവര്‍ തദ്ദേശിയരായാണ് രേഖകളില്‍ പറയുന്നത്. മിക്കവരും ദരിദ്രവിഭാഗത്തില്‍പെട്ടവര്‍. പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെടുത്തമെന്നാണ് ഇവരുടെ ആവശ്യം.

പേരിലോ വിലാസത്തിലോ വരുന്ന ചെറിയ മാറ്റങ്ങള്‍ പോലും ഇവിടെ വലിയ കുഴപ്പങ്ങളാണ് ഉണ്ടാക്കുന്നത്. ജനിച്ച ഗ്രാമത്തില്‍നിന്ന് പിന്നീട് താമസം മാറ്റുകയോ, ഒരാള്‍ ജനിച്ച ഗ്രാമം തന്നെ ചിലപ്പോള്‍, വര്‍ഷം തോറും ഉണ്ടാകാറുള്ള വലിയ വെള്ളപ്പൊക്കത്തില്‍ അപ്രത്യക്ഷമായി പോയും കാണാം. ഇങ്ങനെ സംഭവിച്ചാല്‍ ഒരാളുടെ ജനന രേഖകളും ജീവിക്കുന്ന സ്ഥലത്തെ രേഖകളും തമ്മില്‍ വൈജാത്യം കാണും. കാരണം ചില ഗ്രാമങ്ങള്‍ പഴയ റവന്യു രേഖകളില്‍ മാത്രമായിരിക്കും ഇപ്പോഴും കാണുക. ആ പ്രദേശം തന്നെ ഒലിച്ചുപോകുകയോ, ജനവാസം സാധ്യമാകാത്ത അവസ്ഥ സൃഷ്ടിക്കപ്പെട്ടും ചെയ്തുകാണും. ഇതുപയോഗിച്ചാണ് വിഭാഗീയ താല്‍പര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരും പോലീസുകാരും ആളുകളെ വിദേശികളാക്കി മാറ്റുന്നത്. സ്ത്രീകളുടെ കാര്യത്തിലാണെങ്കില്‍ പലപ്പോഴും അവരുടെ പേരില്‍ പോലും വിവാഹത്തിന് ശേഷം മാറ്റം വരാം. അവരുടെ വീടും വിലാസവും മാറിയിട്ടുണ്ടാകാം. ഇവരെയൊക്കെയാണ് വിദേശികളാക്കി മാറ്റുന്നത്. ഇങ്ങനെ പെരുമാറുന്ന ഉദ്യോഗസ്ഥരും പൊലീസുകാരും ഉണ്ടെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്‌.

സക്കീര്‍ അലി നിര്‍മ്മാണത്തൊഴിലാളി ആയിരുന്നു. പക്ഷെ മൂന്ന് വര്‍ഷമായി അദ്ദേഹം ജയിലിലാണ്. അദ്ദേഹത്തിന്റെ സഹോദരന്‍ ബാഷിര്‍ അലി ഇന്ത്യന്‍ പൗരനാണ്, ഭാര്യ സെഗുന്‍ നെസ്സയും മൂന്ന് പെണ്‍മക്കളും അങ്ങേയറ്റം ദാരിദ്രത്തിലാണ് കഴിയുന്നത്. അവരുടെ മകള്‍ അസ്മിനാ കാത്തുന്‍, ദാരിദ്രം കാരണം ഒമ്പതാം ക്ലാസില്‍ പഠനം നിര്‍ത്തേണ്ടി വന്നു. 17 വയസ്സുകാരനായ മകന്‍ ശെരീഫ് കേരളത്തിലെ ഒരു പ്ലൈവുഡ് ഫാക്ടറിയില്‍ ജോലി ചെയ്യുന്നു. 'ഇങ്ങനെ എത്രനാള്‍ ജീവിക്കാന്‍ കഴിയും. എന്റെ മക്കളുടെ ഭാവി എന്താകും' നിസഹായതയോടെ സെഗുന്‍ ചോദിക്കുന്നു.

സക്കീര്‍ അലിയുടെ ഭാര്യയും മക്കളും 
സക്കീര്‍ അലിയുടെ ഭാര്യയും മക്കളും 
PHOTO: AVINASH SAURAV

ദരിദ്രരും നിരക്ഷരരുമായ നിരവധി പേരെയാണ് വിദേശീയരെന്ന് മുദ്ര കുത്തി തടവിലാക്കിയിരിക്കുന്നത് . വൃദ്ധജനങ്ങളും മാതാക്കളും ഉള്‍പ്പെടെ ദുരിതമനുഭവിക്കുന്ന അനേകം സ്ത്രീകള്‍.

ഏകദേശം ആയിരത്തിലധികം ആളുകളാണ് അടിസ്ഥാനപരമായോ നിയമപരമായോ അവകാശങ്ങള്‍ പോലുമില്ലാതെ തടങ്കല്‍ ക്യാമ്പില്‍ കഴിയുത്. ഇവരില്‍ കൂടുതലും നിരക്ഷരരും ബംഗാളി സംസാരിക്കുന്ന ഹിന്ദുക്കളും മുസ്ലീങ്ങളുമാണ്.

‘ഇത് നിയമവിരുദ്ധമാണ്. 'സംശയാസ്പദമായ വോട്ടര്‍മാര്‍' എന്ന് മുദ്രകുത്തപ്പെട്ടവര്‍ ഇന്ത്യന്‍ പൗരത്വമുള്ളവര്‍ തന്നെയാണ്.അവരെ അറസ്റ്റ് ചെയ്യാനോ തടങ്കലില്‍ വെക്കാനോ സാധിക്കില്ല' ഗോള്‍പാറ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ഷാജഹാന്‍ അലി പറയുന്നു.

പൗരത്വം തെളിയിക്കാനാവശ്യമായ പല രേഖകളും സമര്‍പ്പിച്ചിട്ടും ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നില്ലെന്നാണ് വ്യാപകമായ പരാതി  
പൗരത്വം തെളിയിക്കാനാവശ്യമായ പല രേഖകളും സമര്‍പ്പിച്ചിട്ടും ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നില്ലെന്നാണ് വ്യാപകമായ പരാതി  
PHOTO: AVINASH SAURAV

എന്നാല്‍ ഈ ആരോപണങ്ങളെ തള്ളികളയുകയാണ് മുന്‍ മുഖ്യമന്ത്രി പ്രഫുല്ല കുമാര്‍ മൊഹന്ത

'എന്‍ആര്‍സിയുടെ പ്രക്രിയയില്‍ എന്തെങ്കിലും നിയമലംഘനമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ചില ഉദ്യോഗസ്ഥര്‍ ചില തെറ്റുകള്‍ വരുത്തുന്നുണ്ടാകാം എന്ന് മാത്രം' മൊഹന്ത ഈ ലേഖകനോട് പറഞ്ഞു.

എന്നാല്‍ മറ്റൊരു മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗഗോയിയുടെ പ്രതികരണം വ്യത്യസ്തമായിരുന്നു.

'ജനങ്ങള്‍ പ്രതിരോധിക്കുന്ന കാലവും വരും. ഇത് ഗുരുതരമായ അനീതിയാണ്. അവരെ വിലകുറച്ച് കാണരുത്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബംഗ്ലാദേശികളെ നാടുകടത്തുമെന്ന് നരേന്ദ്രമോദി തന്റെ തിരഞ്ഞെടുപ്പ് പ്രസംഗത്തില്‍ ഉറപ്പ് പറഞ്ഞതാണ്. ഒരാളെയെങ്കിലും നാടുകടത്താന്‍ അദ്ദേഹത്തിന് സാധിച്ചോ? പകരമായി ആക്രമിക്കപ്പെട്ടത് പാവപ്പെട്ട ഇന്ത്യന്‍ ജനതയാണ്'. അദ്ദേഹം ഈ ലേഖകനോട് പറഞ്ഞു.

അംഗീകൃത ഇന്ത്യന്‍ പൗരന്മാരായി പരിഗണിക്കാന്‍ 3.29 കോടി ജനങ്ങളില്‍നിന്നാണ് അപേക്ഷകള്‍ ലഭിച്ചത്. ഇതില്‍ 1.9 കോടി പേരെ പൗരന്മാരായി അംഗീകരിച്ചതായാണ് കഴിഞ്ഞവര്‍ഷം ഡിസംബറില്‍ എന്‍ആര്‍സി പുറത്തുവിട്ട കണക്ക് വ്യക്തമാക്കുന്നത്.

സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ തയ്യാറാക്കിയ രണ്ടാമത്തെയും അവസാനത്തേതുമായ എന്‍ആര്‍സി റിപ്പോര്‍ട്ട്, ജൂണ്‍ 30 ന് പ്രസിദ്ധപ്പെടുത്തേണ്ടതായിരുന്നു. എന്നാല്‍ പ്രളയം മൂലം ഇത് നീട്ടിവെക്കേണ്ടിവന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. പക്ഷപാതപരമായും സങ്കുചിതമായും പെരുമാറുന്നുവെന്ന ആരോപണങ്ങള്‍ നിലനില്‍ക്കുകയും, അതീവ സങ്കീര്‍ണമായ രേഖകളുടെ പരിശോധന പൂര്‍ത്തിയാക്കാനുമുള്ള ബുദ്ധിമുട്ടാണ് റിപ്പോര്‍ട്ട് വൈകുന്നതിന് കാരണമെന്നാണ് ആക്ടിവിസ്റ്റുകള്‍ ആരോപിക്കുന്നത്.

ഇതുമാത്രമല്ല, ആയിരക്കണക്കിന് ആളുകള്‍ രേഖാമൂലമുള്ള ഉത്തരവ് ലഭിക്കാത്തത് കാരണം വാദം കേള്‍ക്കുന്നതിന് എത്തിയിരുന്നില്ല. ഒറ്റപ്പെട്ട ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്ന നിരക്ഷരരും ദരിദ്രരുമായ ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യങ്ങളും ലഭ്യമല്ല. കേസില്‍ വാദം കേള്‍ക്കാന്‍ എത്താത്തവരെ അനിയന്ത്രിതമായി 'സംശയാസ്പദമായ വോട്ടര്‍മാരോ ' വിദേശികളോ ആയി പ്രഖ്യാപിക്കുകയും ചെയ്യുകയാണ് . അനൗദ്യോഗിക രേഖകള്‍ വ്യക്തമാക്കുത് 35 ലക്ഷത്തോളം ആളുകളെ ഇത് ബാധിക്കുമെന്നാണ്.

2016 ലെ പൗരത്വ ഭേദഗതിയെ ചുറ്റിപ്പറ്റിയാണ് പുതുതായി ഉണ്ടായ ആശങ്ക. 1955 ലെ പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്തി അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള 'അനധികൃത കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കാന്‍ ലക്ഷ്യമിട്ടാണ് ഭേദഗതി. എന്നാല്‍ ഈ കുടിയേറ്റക്കാരില്‍ മുസ്ലീംങ്ങളില്ല. സിക്ക്, പാര്‍സി, ബുദ്ധമത വിശ്വാസികള്‍, ജൈന്‍, ക്രിസ്ത്യന്‍ വിശ്വാസികളെ ഇതില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ മുസ്ലീങ്ങളെ ഒഴിവാക്കുകയായിരുന്നു. പാക്കിസ്ഥാനിലെ പീഡനങ്ങള്‍ നേരിടുന്ന ഷിയ, അഹമ്മദീയ ജനവിഭാഗത്തെയും ഈ ഭേദഗതി പരിഗണിക്കുന്നില്ല.

പൗരത്വ നിയമഭേദഗതി ബില്ലിനെ ബിജെപി അനുകൂലിക്കുമ്പോള്‍ എജിപി എതിര്‍ക്കുകയാണ്. ബില്ലിനെതിരെ നടന്ന പ്രകടനത്തിന്റെ ദൃശ്യം 
പൗരത്വ നിയമഭേദഗതി ബില്ലിനെ ബിജെപി അനുകൂലിക്കുമ്പോള്‍ എജിപി എതിര്‍ക്കുകയാണ്. ബില്ലിനെതിരെ നടന്ന പ്രകടനത്തിന്റെ ദൃശ്യം 
PHOTO: AVINASH SAURAV

സഖ്യകക്ഷിയായ ബിജെപി ബില്ലിനെ പിന്തുണയ്ക്കുമ്പോഴും എജിപി ശക്തമായി എതിര്‍ക്കുകയാണ്. അസാമിലും പശ്ചിമ ബംഗാളിലെയും വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് ബിജെപിയുടെ നീക്കം. ബിജെപി ബില്ലിനെ പിന്തുണച്ചാല്‍ അവരുമായുള്ള സഖ്യത്തില്‍ നിന്ന് പിന്മാറുമെന്ന് എജിപി നേതാവ് പ്രഫുല്ല മഹന്ത പറയുന്നു. ഭേദഗതിക്കെതിരെ ജൂണ്‍ 29ന് എഎഎസ്യുവിന്റെയും എജിപിയുടെയും നേതൃത്വത്തില്‍ ഗുവാഹത്തിയില്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചിരുന്നു.

അസാം ഒരു വലിയ പ്രതിസന്ധിയിലാണ്. പൗരത്വം തെളിയിക്കാനാകാതെ ജീവിക്കേണ്ടിവരുന്ന, ആയിരങ്ങളാണ് ഇവിടെ നരകയാതന അനുഭവിക്കുന്നത്. കുടിയേറ്റക്കാരെ കണ്ടെത്താനുള്ള എന്‍ ആര്‍ സി സംവിധാനത്തിനും, മുന്‍വിധിയോടെ പെരുമാറുന്ന ഉദ്യോഗസ്ഥ രാഷ്ട്രീയ നേതൃത്വത്തിനുമിടയില്‍പ്പെട്ടിരിക്കുകയാണ് ഇവിടെ ജനിച്ചവളര്‍ന്ന ആയിരങ്ങള്‍.

1971 ആഗസ്റ്റ് 24 ന് ശേഷം എത്തിയ വിദേശീയരെ തിരിച്ചറിയാന്‍ നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍ ഫലപ്രദമായ സംവിധാനമാകേണ്ടതായിരുന്നു. ഇത് 1971 ന് മുമ്പ് എത്തിയ ബംഗാളി ഭാഷ സംസാരിക്കുന്ന മുസ്ലീങ്ങളെയും ഹിന്ദുക്കളെയും കുറിച്ചുള്ള സംശയങ്ങള്‍ നീക്കാന്‍ ഉപകരിക്കേണ്ടതുമായിരുന്നു.

എന്നാല്‍ സങ്കുചിതമായും പക്ഷപാതപരമായും മുന്‍വിധിയോടെയുമാണ് ഉദ്യോഗസ്ഥര്‍ ഇതു നടപ്പിലാക്കുന്നത്. ബംഗാളി സംസാരിക്കുന്ന ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ളവരെ ലക്ഷ്യമിട്ട് അങ്ങേയറ്റം അധാര്‍മ്മികമായാണ് ഇത് പ്രയോഗത്തില്‍ വരുത്തുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018