SPOTLIGHT

റൊഹിങ്ക്യയില്‍നിന്ന് അസമിലെ മുസ്ലീംങ്ങളിലേക്ക്; വംശീയത വിദേശികളെ ഉണ്ടാക്കുന്ന വിധം  

വംശീയ മുന്‍വിധികളാണ് കുടിയേറ്റക്കാര്‍ക്കെതിരായ നീക്കങ്ങളെ പലപ്പോഴും മുന്നോട്ടുകൊണ്ടുപോകുന്നത്. അത് റൊഹിങ്ക്യ വംശജരുടെ കാര്യത്തിലായാലും.

അസമില്‍ 40 ലക്ഷത്തോളം ആളുകള്‍ക്ക് പൗരത്വത്തിനുള്ള അവകാശമില്ലെന്നാണ് ഭരണകൂടം ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. അവിടെ ജനിച്ച്, വര്‍ഷങ്ങളായി അവിടെ ജീവിച്ചവര്‍ ഉള്‍പ്പെടെയുള്ളവരാണ് വിദേശികളായി മുദ്രകുത്തപ്പെട്ട് നാടുകടത്തല്‍ ഭീഷണി പോലും നേരിടുന്ന അവസ്ഥിയിലെത്തിയിട്ടുള്ളത്. ഇപ്പോള്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തപ്പെട്ടവര്‍ക്ക് ഇനിയും പൗരത്വത്തിനുള്ള അവരുടെ അവകാശം സംരക്ഷിക്കാന്‍ അവസരം ഉണ്ടാകുമെന്നാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പറയുന്നത്. എന്നാല്‍ അതില്‍ എത്രപേര്‍ക്ക് തങ്ങളുടെ പൗരത്വം ലഭിക്കാനുള്ള 'മതിയായ' രേഖകള്‍ നല്‍കാന്‍ കഴിയുമെന്നത് കണ്ടറിയേണ്ട വസ്തുതയാണ്.

40 ലക്ഷം എന്നുപറഞ്ഞാല്‍ ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിലെ ജനസംഖ്യയെക്കാള്‍ വരും. കേരളത്തില്‍ മലപ്പുറം ജില്ലയിലെ ആകെ ജനസംഖ്യയോളമാണത്. ക്രൊയേഷ്യ പോലുള്ള രാജ്യങ്ങളിലെ ജനസംഖ്യയെക്കാള്‍ കൂടുതല്‍ ആളുകളാണ് പൗരത്വ പരീക്ഷണത്തില്‍ തോല്‍പ്പിക്കപ്പെടുന്നത്.

ദേശീയതയെ വംശീയതയുടെ അടിസ്ഥാനത്തില്‍ നിര്‍വചിക്കുകയും അങ്ങനെ നടപ്പിലാക്കുകയും ചെയ്ത എല്ലായിടങ്ങളിലും ഇതേ രീതിയില്‍ നാട്ടുകാരില്‍ ഒരു വിഭാഗത്തെ വിദേശികളാക്കി മാറ്റി വേട്ടയാടിയിട്ടുണ്ട്. മ്യാന്‍മാര്‍ റോഹിങ്ക്യകളെ വേര്‍തിരിച്ചുനിര്‍ത്തി വേട്ടയാടി പുറത്താക്കിയതിന്റെ ചരിത്രമാണ് ഇപ്പോള്‍ അസമില്‍ പ്രതിഫലിക്കുന്നത്. പൗരത്വത്തിന്റെ പേരില്‍ സംശയം ഉന്നയിക്കുക, പിന്നെ വോട്ടവകാശം റദ്ദാക്കുക, ഡിറ്റന്‍ഷന്‍ ക്യാമ്പുകളില്‍ പാര്‍പ്പിക്കുക, ഒടുവില്‍ നാട്ടില്‍നിന്ന് പുറത്താക്കുക.

വംശീയ മുന്‍വിധികള്‍ രാഷ്ട്രീയ ദര്‍ശനമായി കൊണ്ടുനടക്കുന്നവര്‍, അപരത്വം കല്‍പ്പിച്ച് സമൂഹങ്ങളെ വേട്ടയാടുന്നത് ഒരേ രൂപത്തിലാണെന്നാണ് എന്നതിന്റെ സാക്ഷ്യമാണ് അസമില്‍ സംഭവിക്കുന്നത്.

നാടില്ലാതെ വേട്ടയാടപ്പെടുന്ന റോഹിങ്ക്യവംശജര്‍ 12 -ാം നൂറ്റാണ്ടുമുതല്‍ മ്യാന്‍മാറിലുണ്ടായിരുന്നുവെന്നാണ് ഹ്യൂമന്‍ റൈറ്റസ് വാച്ച് പറയുന്നത്. ഇവരെ 'ദേശരാഷ്ട്ര'ത്തില്‍നിന്ന് പുറത്താക്കുകയെന്ന പദ്ധതി ഒരു രാഷ്ട്രീയ പരിപാടിയുടെ ഭാഗമായി ഉണ്ടാക്കപ്പെട്ടതാണ്. മ്യാന്‍മാറെന്ന രാഷ്ട്രരൂപീകരണം വംശീയതയുടെ അടിസ്ഥാനത്തില്‍ കെട്ടിപടുക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായിട്ടായിരുന്നു അത്

വംശീയ ഉന്മൂലനത്തിന്റെ ഏറ്റവും ഭീകരമായ മാതൃകയെന്നാണ് യുഎന്‍ റൊഹിങ്ക്യന്‍ പ്രശ്‌നത്തെക്കുറിച്ച് പറഞ്ഞത് 
വംശീയ ഉന്മൂലനത്തിന്റെ ഏറ്റവും ഭീകരമായ മാതൃകയെന്നാണ് യുഎന്‍ റൊഹിങ്ക്യന്‍ പ്രശ്‌നത്തെക്കുറിച്ച് പറഞ്ഞത് 

1948 ല്‍ ബ്രിട്ടനില്‍നിന്ന് സ്വതന്ത്രമായ മ്യാന്‍മാറില്‍ പിന്നീട് വന്ന ഭരണകൂടമാണ് റൊഹിങ്ക്യ വംശജര്‍ വിദേശികളാണെന്ന് 'കണ്ടെത്തി'യത്. ബ്രിട്ടീഷ് ഇന്ത്യയില്‍നിന്നും മ്യാന്‍മാറിലേക്ക് കുടിയേറിവരായിട്ടായിരുന്നു ഇവരുടെ അസ്തിത്വത്തെ ആ ഭരണകൂടം വിലയിരുത്തിയത്. 1982 ല്‍ മ്യാന്‍മാര്‍ പുതിയ പൗരത്വം നിയമം കൊണ്ടുവന്നു. ഇതോടെ, റോഹിങ്ക്യ വംശജരില്‍ പലര്‍ക്കും പൗരത്വം നഷ്ടമായി. മ്യാന്‍മാറില്‍ ജീവിക്കുന്ന വിദേശികളെന്നായി ഔദ്യോഗിക രേഖകളിലെ അവരുടെ അടയാളപ്പെടുത്തല്‍.

2015 ല്‍ ഇവരുടെ വോട്ടവകാശം പൂര്‍ണമായും എടുത്തുകളഞ്ഞു. അങ്ങനെ അവര്‍ അഭയാര്‍ത്ഥികളാക്കപ്പെട്ടു. അവിടെ തുടര്‍ന്നവര്‍ ജീവിക്കാന്‍ കഴിയാത്ത രീതിയില്‍ ആക്രമിക്കപ്പെട്ടു. റൊഹിങ്ക്യന്‍ ഗ്രാമങ്ങള്‍ ചുട്ടെരിക്കപ്പെട്ടു, സ്ത്രീകള്‍ ബലാല്‍സംഗം ചെയ്യപ്പെട്ടു.

വംശീയ ആക്രമണ ത്തിന്റെ ഏറ്റവും ശക്തമായ ഉദാഹരണമെന്നാണ് റൊഹിങ്ക്യന്‍ പ്രശ്‌നത്തെ ഐക്യരാഷ്ട്ര സഭ വിശേഷിപ്പിച്ചത്.

ഇനി അസമിലേക്ക് വന്നാല്‍ ഈ പ്രക്രിയയുടെ ഒരു ആവര്‍ത്തനമാകും നമുക്ക് കാണാന്‍ കഴിയുക. വംശീയ വെറിയെ രാഷ്ട്രീയദര്‍ശനമെന്ന പേരില്‍ അവതരിപ്പിക്കുന്നവര്‍ അധികാരത്തിലെത്തിയതോടെ അവരുടെ ലക്ഷ്യവും അതുതന്നെയാവും എന്നും മനസ്സിലാക്കണം.

വംശീയ വിദ്വേഷത്തിന്റെ മുകളിലായിരുന്നു ദേശീയ സ്വയം നിര്‍ണയവകാശത്തിന്റെ പേരില്‍ നടന്ന ചില സമരങ്ങള്‍ എന്നതാണ് അസമിന്റെ ചരിത്രം.

1983 ലെ നെല്ലി കൂട്ടക്കൊലയാണ് ഇതിന്റെ ഏറ്റവും തെളിവ്. 2000ത്തിലധികം പേരാണ് അന്ന് കൊല്ലപ്പെട്ടതെന്നാണ് അനൗദ്യോഗിക കണക്ക്. 1800 പേര്‍ എന്ന് ഔദ്യോഗികമായി തന്നെ സമ്മതിക്കുന്നു.

1800 പേര്‍ കൊല്ലപ്പെട്ട നെല്ലി കൂട്ടക്കൊല അസമിന്റെ ചരിത്രത്തില്‍ നിര്‍ണായകമായി 
1800 പേര്‍ കൊല്ലപ്പെട്ട നെല്ലി കൂട്ടക്കൊല അസമിന്റെ ചരിത്രത്തില്‍ നിര്‍ണായകമായി 

സംഭവത്തെക്കുറിച്ച് അന്വേഷിച്ച തിവാരി കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിട്ടുമില്ല. പിന്നീട് സെന്റര്‍ ഫോര്‍ ഇക്വിറ്റി സ്റ്റഡിസിന്റെ വിവരാവകാശ രേഖപ്രകാരമാണ് അന്വേഷണ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയത്. ''കടന്നുവന്നവരെ തുരത്താന്‍' ആയിരുന്നു ആക്രമണം എന്നായിരുന്നു കമ്മീഷന്റെ കണ്ടെത്തല്‍.

അസമിന്റെ മാത്രമല്ല ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ നിര്‍ണായകമായിരുന്നു നെല്ലി കൂട്ടക്കൊല. ഇന്ത്യന്‍ ദേശീയതയെ ഭൂരിപക്ഷ മതത്തിന്റെ അടിസ്ഥാനത്തില്‍ അടയാളപ്പെടുത്തുന്നത് വ്യാപകമാവുകയും മുഖ്യധാരയിലെത്തുകയും ചെയ്തത് അന്നുമുതലാണ്.

അവിടുത്തെ 'ദേശീയ വിമോചന' പോരാട്ടങ്ങള്‍ എന്നത് മുസ്ലീം വംശജരെ ലക്ഷ്യമിട്ടുകൊണ്ടായിരുന്നു.

അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്ന സംവിധാനം വര്‍ഗീയ മുന്‍വിധികളാല്‍ തീരുമാനിക്കപ്പെട്ടുവെന്ന് വിവിധ സംഘടനകള്‍ ആരോപിക്കുന്നു.

പൗരത്വം തെളിയിക്കാനാകാത്തതിന്റെ പേരില്‍ പലരെയും സംശായലുക്കാളായ വോട്ടര്‍മാര്‍ (Dubious Voters/Doubtful Voters) എന്നതിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഭാര്യ വോട്ടറും ഭര്‍ത്താവ് സംശയാലുവായ വോട്ടറുമാകുന്ന അവസ്ഥപോലും ഉണ്ടായിട്ടുണ്ടെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത്. ഒരേ കുടുംബത്തിലെ ചിലരെ ഡിറ്റന്‍ഷന്‍ ക്യാമ്പുകളില്‍ പാര്‍പ്പിക്കുകയും മറ്റ് ചിലരെ യഥാര്‍ത്ഥ പൗരന്മാരായി അംഗീകരിക്കുകയും ചെയ്യുന്ന അവസ്ഥകളും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന ഒരാള്‍ രേഖകളില്ലാത്തതിന്റെ പേരില്‍ സംശയാലുവായ വോട്ടര്‍മാരായ കഥപോലുമുണ്ട് അസമില്‍. അവിടം സന്ദര്‍ശിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അമിത്‌സെന്‍ ഗുപ്ത പറയുന്നത് അത്തരത്തിലൊരാളുടെ കഥയാണ്. അബ്ദുകല്‍ തല്‍കൂദൂര്‍ സര്‍ക്കാര്‍ കോളെജിലെ ക്ലാര്‍ക്കായിരുന്നു. നേരത്തെ വോട്ടറുമായിരുന്നു. പിന്നീടാണ് അദ്ദേഹത്തിന് വോട്ടവകാശം നിഷേധിക്കപ്പെട്ടത്. ഇന്ത്യക്കാരനല്ലെന്ന് അധിക്ഷേപിക്കപ്പെടുന്നതിന്റെ ദുഃഖത്തിലാണ് അദ്ദേഹമെന്ന് അമിത്‌സെന്‍ ഗുപ്ത അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതായത് റൊഹിങ്ക്യന്‍ വംശജരെ എങ്ങനെയാണോ മ്യാന്‍മാര്‍ ഭരണകൂടം നേരിട്ടത് അതിന്റെ ഒരു മറ്റൊരു രൂപമാണ് ഇവിടെയും കാണാന്‍ കഴിയുന്നത്.

അസമില്‍ 1971 ശേഷം എത്തിയ കുടിയേറ്റക്കാരെ കണ്ടെത്തുന്നതിന്റെ മറവില്‍ വംശീയ വിദ്വേഷം നടപ്പിലാക്കാനാണ് പല ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതൃത്വങ്ങളും ശ്രമിക്കുന്നതെന്നതാണ് വിവിവിധ സംഘടനകളും മനുഷ്യാവകാശപ്രവര്‍ത്തകരും പറയുന്നത്.

കുടിയേറ്റക്കാരോടല്ല, മറിച്ച് അവരുടെ സ്വത്വത്തെയാണ് ഭരണകൂടം ഭയക്കുന്നതെന്നതിന്റെ തെളിവാണ് ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമത്തിലെ ഭേദഗതി. കുടിയേറ്റക്കാരെ മതപരമായി വര്‍ഗീകരിക്കുന്നതാണ് 2016 ല്‍ കൊണ്ടുവന്ന ഭേദഗതി. ഇതനുസരിച്ച് അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാരായ മുസ്ലീങ്ങളാല്ലാത്തവര്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള വ്യവസ്തകള്‍ ലഘൂകരിക്കുന്നതാണ് ഭേദഗതി. ഇവിടെനിന്നെത്തുന്ന മുസ്ലീങ്ങളാലാത്ത, ഹിന്ദുക്കളോ, പാര്‍സിയോ സിഖോ ആയ ആര്‍ക്കും ആറു വര്‍ഷത്തിനുശേഷം ഇന്ത്യന്‍ പൗരത്വം ലഭിക്കും. ഈ മുസ്ലീം രാജ്യങ്ങളില്‍ മതന്യൂനപക്ഷങ്ങള്‍ നേരിടുന്ന വിവേചനമാണ് ഇതിന്റെ കാരണമായി പറയുന്നതെങ്കിലും, പാകിസ്താനില്‍ ഹിന്ദുക്കളെ പോലെയോ അല്ലെങ്കില്‍ അതെക്കാള്‍ കൂടുതലോ വിവേചനവും പീഡനവും അനുഭവിക്കുന്ന അഹമ്മദിയ, ശിയ പോലുള്ള വിഭാഗങ്ങള്‍ക്ക് ഈ ഇളവ് ഇല്ലെന്നതാണ് ശ്രദ്ധേയം.

ജൂതവംശജര്‍ക്കായി ഇസ്രയേല്‍ നടപ്പിലാക്കുന്ന ‘ലോ ഓഫ് റിട്ടേണി’ന്റെ മാതൃകയിലാണ് ഇന്ത്യയിലെ പൗരത്വ നിയമം ഹിന്ദുക്കള്‍ക്കായി ബിജെപി സര്‍ക്കാര്‍ ഭേദഗതി ചെയ്തതെന്ന ആരോപണവും നിലനില്‍ക്കുന്നു.

മ്യാന്‍മാറിനെ പോലെ, പൗരത്വ നിയമത്തില്‍ വരുത്തിയ ഭേദഗതിയും ലക്ഷ്യമിടുന്നത് മതന്യൂനപക്ഷങ്ങളെ തന്നെയെന്നുവേണം കരുതാന്‍.

ഇതിന്റെയൊക്കെ പാശ്ചാത്തലത്തില്‍വേണം ഇപ്പോള്‍ അസമില്‍ നാഷണല്‍ റജിസ്ട്‌റി ഓഫ് സിറ്റിസണ്‍ പുറത്തുവിട്ടിട്ടുള്ള രേഖയെ കാണേണ്ടത്. 40 ലക്ഷം പേര്‍ക്കും രേഖകള്‍ ഇനിയും നല്‍കാവുന്നതാണെന്ന് അധികൃതര്‍ പറയുമ്പോഴും, അതിന്റെ പ്രായോഗികത എത്രത്തോളമാണെന്ന് കണ്ടറിയേണ്ടതാണ്.

റൊഹിങ്ക്യന്‍ അനുഭവം അസമിലെ വലിയ വിഭാഗം ആളുകള്‍ക്ക് ഉണ്ടാകാതിരിക്കണമെങ്കില്‍ ഈ വംശീയ വിവേചനത്തിന്റെ പിന്നിലെ രാഷ്ട്രീയത്തെ ആണ് നേരിടേണ്ടത്. ദേശീയതയെ വംശീയമായും മതപരമായും ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയമാണ് റോഹിങ്ക്യന്‍ വംശജരുടെയും അസാമിലെ നിസഹായകരായ വലിയ വിഭാഗത്തെയും ദുരിതത്തിലാക്കുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018