SPOTLIGHT

കോടിയേരി അത് അപഥസഞ്ചാരമല്ല; ഭരണഘടന കയ്യിലേന്തിയ കലാപമാണ്  

ബലാത്സംഗ കേസില്‍ ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ചുള്ള കന്യാസ്ത്രീകളുടെ സമരത്തെ വിമര്‍ശിച്ച സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഒരു മറുപടി.

കാലത്തിന്റെ സഞ്ചാരപഥങ്ങളില്‍ വഴികാട്ടികളായി നക്ഷത്രങ്ങളെ കാണുന്നത് സമരങ്ങളുടെയും പോരാട്ടങ്ങളുടെയും രൂപത്തിലാണ്. അതിനെ കാണാന്‍ നിങ്ങള്‍ക്ക് മൂന്നു വിശുദ്ധജ്ഞാനികളുടെ ആവശ്യമില്ല. അതിനു ആട്ടിടയന്മാര്‍ മതി. അനീതിക്കെതിരെ ചുരുട്ടിയ മുഷ്ടിക്കുള്ളിലെ സത്യസന്ധത മാത്രം മതി. ആ സത്യസന്ധതയില്ലാത്തതുകൊണ്ടാണ്, കേരളത്തിന്റെ ആധുനികചരിത്രത്തിലെ വഴികാട്ടികളായ സ്ത്രീവിമോചനപ്പോരാട്ടങ്ങളില്‍ ഒന്നായ, കത്തോലിക്കാ ബിഷപ്പ് ഫ്രാങ്കോയെ ലൈംഗിക പീഡനാരോപണത്തില്‍ അറസ്റ്റ് ചെയ്യുക എന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തെ ''അപഥസഞ്ചാരം'' എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി ബാലകൃഷ്ണന്‍ വിളിക്കുന്നത്. എത്ര സൂക്ഷ്മമായാണ് ബാലകൃഷ്ണന്‍ ആ വാക്ക് തെരഞ്ഞെടുത്തതും ഉപയോഗിച്ചതും എന്നത് അമ്പരപ്പിക്കുന്നു. സ്ത്രീകള്‍ ലൈംഗിക പീഡനത്തെതിരെ നടത്തുന്ന സമരത്തെ 'അപഥസഞ്ചാരം' എന്ന് വിശേഷിപ്പിക്കുമ്പോള്‍ ആ വാക്കിന്റെ പ്രയോഗവ്യാപ്തികള്‍ അയാള്‍ക്ക് അറിയാത്തതല്ല.

ഈ അധിക്ഷേപത്തിന് വരാനിരിക്കുന്ന നിരവധി പോരാട്ടങ്ങള്‍ അയാളെക്കൊണ്ടും ധനികരും ജീര്‍ണമതവ്യാപാരികളുമായി അശ്ലീലമായ ബാന്ധവം പുലര്‍ത്തുന്ന അയാളുടെ സംഘടനയെക്കൊണ്ടും കണക്കുപറയിപ്പിക്കും. കാലത്തിന്റെ ഗോല്‍ഗോത്ത കുന്നുകളിലേക്കുള്ള കുരിശുയാത്രകള്‍ ദുഷ്‌കരമാണ് എന്ന് തീര്‍ച്ചയായും കാണാനിരിക്കുന്നതേയുള്ളൂ. രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കപ്പുറത്തേക്കും നാഗരികതയുടെ സമര,സംവാദ വ്യവഹാരങ്ങള്‍ നീണ്ടുകിടക്കുന്നു എന്ന് തവളകള്‍ക്കറിയില്ലെങ്കിലും ആകാശത്തിനും ഭൂമിക്കുമറിയാം.

ഈ സമരം സഭയ്ക്കെതിരാക്കാന്‍ ദുഷ്ടശക്തികള്‍ ശ്രമിക്കുന്നതിലെ ആശങ്ക സിപിഐഎം സംസ്ഥാന സെക്രട്ടറി മാത്രമല്ല, കോണ്‍ഗ്രസ് നേതാക്കള്‍ വരെ പറയുന്നുണ്ട്. സംശയം വേണ്ട ബാലകൃഷ്ണ, ഈ സമരം കത്തോലിക്കാ, ക്രിസ്ത്യന്‍ സഭകള്‍ക്കെതിരെക്കൂടിയാണ്.

പുരുഷാധിപത്യത്തിന്റെയും വ്യാപാര താത്പര്യങ്ങളുടെയും മൊത്തക്കച്ചവടക്കാരായ ക്രിസ്ത്യന്‍ സഭയ്ക്കെതിരെക്കൂടിയാണ് ഈ സമരം. അതുകൊണ്ടുതന്നെ ഇതെല്ലാം മറ്റുവിധത്തില്‍ ഒട്ടും കുറയാതെ ചെയ്യുന്ന സകല മത, ജാതി, പുരുഷാധിപത്യ മേല്‍ക്കോയ്മകള്‍ക്കുമെതിരെയാണ് ഈ സമരം.

കന്യാസ്ത്രീ മഠങ്ങളെന്ന അടിമത്തവാളങ്ങളുടെ മതിലുകള്‍ ഭേദിച്ച് പുറത്തുകടന്ന ഈ കന്യാസ്ത്രീകള്‍ സഞ്ചരിച്ച പ്രാര്‍ത്ഥനാദൂരങ്ങള്‍ എത്രയാണെന്ന് അറിയാന്‍ കഴിയാത്ത സഭയുടെ സംവിധാനത്തിനെതിരെകൂടിയാണ് ഈ സമരം.

വിശ്വാസത്തിന്റെയും ദൈവകഥകളുടെയും കെട്ടുകഥകള്‍ മാറ്റിനിര്‍ത്തിയാല്‍ ക്രിസ്തു എന്ന സങ്കല്പം ബാക്കിയാക്കുന്നത് സമരത്തിന്റെയും ചെറുത്തുനില്പിന്റെയും നിലയ്ക്കാത്ത ഊര്‍ജമാണ്. ഇരുണ്ടുകറുത്ത ആകാശത്തിനു കീഴെ കുരിശിന്റെ പ്രതീകാത്മകമായ സഹനഭാരത്തിന്റെ നിഴലില്‍, മകന്റെ മരണം കാത്തുകിടന്ന മേരി ബാക്കിയാക്കുന്നതും അതാണ്. അതില്‍ വിശുദ്ധമായൊരു നിഷേധമുണ്ട്. അസ്ഥികളെ തീപിടിപ്പിക്കുന്ന വിലാപമുണ്ട്. അയാളുടെ ചോരയില്‍ നിന്നും പടര്‍ന്ന നിശബ്ദതയും ഭാവിയിലേക്ക് കരുതിവെച്ച സമരവുമുണ്ട്.

ജെറുസലേം ദേവാലയത്തില്‍ വെച്ച് വൃദ്ധനായ സൈമണ്‍, ശിശുവായ ജീസസിനെ കയ്യിലെടുത്ത് മേരിയോട് വരാനിരിക്കുന്ന എല്ലാ യാതനകളുടെയും പേരില്‍ ആര്‍ദ്രമായി അവളുടെ തലയില്‍ തടവി ഒരു മുന്നറിയിപ്പ് പോലെ പറയുന്നത്, 'നിന്റെ ആത്മാവിലൂടെയും ഒരു വാള്‍ തുളച്ചുകയറും' എന്നാണ്. കൊടിയ യാതനകളുടെയും സഹനത്തിന്റെയും പീഡാനുഭവങ്ങളുടെയും ചൂഷണത്തിന്റെയും വാളുകള്‍ അന്തമില്ലാതെ തുളച്ചുകയറുമ്പോഴാണ് മനുഷ്യര്‍ എല്ലാ കുരിശുമരണങ്ങള്‍ക്കും അറുതിയായി എന്ന് പറയുന്നത്. അവര്‍ 'പിതാവേ പിതാവേ നീയുമെന്നെ കൈവിട്ടോ' എന്ന് വിശ്വാസത്തിന്റെ മുറിവുകളില്‍ നിന്നും ചോരവാര്‍ന്ന് മരിക്കുമ്പോള്‍ ചോദിക്കുന്നത് നിര്‍ത്തുകയും രക്ഷകര്‍ മുകളില്‍ നിന്നല്ല പോരാട്ടത്തിന്റെ തെരുവുകളിലേക്കിറങ്ങുന്ന തങ്ങള്‍തന്നെയാണ് എന്ന് തിരിച്ചറിയുകയും ചെയ്യുന്നത്. കൊച്ചിയിലെ തെരുവിലിറങ്ങിയ കന്യാസ്ത്രീകള്‍ ആത്മാവിലേക്ക് തുളച്ചുകയറിയ വാളുകള്‍ ഊരിയെടുത്ത്, പീഡാനുഭവങ്ങളെ കലാപത്തിന്റെ ഇന്ധനമാക്കി പോരാട്ടത്തിനിറങ്ങിയവരാണ്. അവര്‍ കുരിശുമരണത്തിനു കാത്തുകിടക്കുന്നില്ല എന്നാണു ഈ സമരത്തിന്റെ നിര്‍ണായകമായ ചരിത്രപ്രാധാന്യം.

ഒരു പൊതുസമൂഹമെന്ന നിലയില്‍ കത്തോലിക്കാ സഭയുടെ മുഷ്‌ക്കിനുമുന്നില്‍ മുട്ടുവിറച്ചുനിന്നില്ല കേരളത്തിലെ പൗരസമൂഹം എന്ന വലിയ പ്രാധാന്യംകൂടി ഈ സമരത്തിനുണ്ട്. പരസ്പരം ഒത്തുതീര്‍പ്പ് പ്രഖ്യാപിച്ച തസ്‌കരസംഘങ്ങളെപ്പോലെ രാഷ്ട്രീയകക്ഷികളും മതസംഘടനകളും സഭയുമെല്ലാം ഒറ്റക്കെട്ടായി നില്‍ക്കുമ്പോള്‍, രാഷ്ട്രീയകേരളം പതുക്കെയാണെങ്കിലും അവരെ മറികടന്നു മുന്നോട്ടു നടക്കാനുള്ള പ്രവണത കാണിക്കുന്നുവെന്ന് ഏറെ തെളിഞ്ഞിട്ടില്ലെങ്കിലും അകലെ കാണുന്ന ഒരു നക്ഷത്രത്തെപ്പോലെ നമുക്ക് കാണാം. അതെത്ര പ്രകാശവര്‍ഷങ്ങള്‍ അകലെയാണ് എന്നത് ഇനിയും തെളിയേണ്ടിയിരിക്കുന്നു.

ഇതുവരെ ഏക വഴികാട്ടിയായി കൊണ്ടുനടക്കാന്‍ പരിശീലിപ്പിക്കപ്പെട്ട വിശുദ്ധപുസ്തകമല്ല, മറിച്ച് തികച്ചും മതേതരമായ ഇന്ത്യന്‍ ഭരണഘടന കയ്യിലെടുത്ത ഒരു കന്യാസ്ത്രീയുടെ ചിത്രമാണ് ആ സമരപ്പന്തലിലെ ഏറ്റവും വലിയ കലാപം. ഇതൊരു മതേതര പൗരസമൂഹത്തിന്റെ കലാപമാണ്. അനീതിക്കെതിരായ കലാപം.

ആ കലാപങ്ങളുടെ ക്ലേശപാതകളില്‍ നില്‍ക്കുന്ന മനുഷ്യരെ കാണാന്‍ കഴിയാതെപോകുന്നതും ആ സമരത്തെ 'അപഥസഞ്ചാരം' എന്ന് വിളിക്കുന്നതും ചരിത്രത്തിലെ അപഥ സഞ്ചാരിണികളെക്കുറിച്ച് ബാലകൃഷ്ണനും അയാളടക്കമുള്ള ഭരണ, രാഷ്ട്രീയ സംവിധാനം പെട്ടി ചുമക്കുന്ന ധനിക-മത മാഫിയ സംഘങ്ങള്‍ക്കും അറിയുന്നതുകൊണ്ടാണ്. കാരണം ആ അറിവ് അവരെ പൊള്ളിക്കുന്നുണ്ട്, ഭയപ്പെടുത്തുന്നുണ്ട്. ഒരു കുരിശുമരണത്തിന്റ രക്തം ഇപ്പോഴും കത്തോലിക്കാ സഭയെയും മറ്റു ക്രിസ്ത്യന്‍ സഭകളെയും അവരുടെ ആത്മവഞ്ചനയുടെ ഉള്ളറകളില്‍ പൊള്ളിക്കുന്നതുപോലെ, ഭയപ്പെടുത്തുന്നപോലെ.

ധീരകളായ കന്യാസ്ത്രീകളുടെ അപാരമായ പോരാട്ടസ്ഥൈര്യത്തിന്, മതേരകേരളം നടത്തിയ കന്യാസ്ത്രീ സമരത്തിന് വീണ്ടും അഭിവാദ്യങ്ങള്‍!

(പ്രമോദ് പുഴങ്കര ഫേസ് ബുക്കില്‍ എഴുതിയ കുറിപ്പ്‌)

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018