SPOTLIGHT

ഒരു സ്ത്രീയെ കാണുമ്പോഴേക്കും ഇളകുന്ന ഭക്തിയാണങ്കിൽ കളഞ്ഞിട്ട് പോണം!

സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് പ്രാർത്ഥിക്കുന്ന ചൈനയിലെ മുസ്ലിം  പള്ളി 
സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് പ്രാർത്ഥിക്കുന്ന ചൈനയിലെ മുസ്ലിം പള്ളി 
സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുന്ന കേരളത്തിലെ മുസ്ലീം പള്ളികള്‍ പോലും ‘പുരുഷ ഇടം’ എന്ന അനുഭവമാണുണ്ടാക്കുന്നതെന്ന് ലിംഗവ്യത്യാസമില്ലാതെ ആണും പെണ്ണും ഒരുമിച്ച് പ്രാര്‍ത്ഥിക്കുന്ന ചൈനയിലെ പള്ളി സന്ദര്‍ശിച്ച അനുഭവത്തിന്റെ വെളിച്ചത്തില്‍ ലേഖിക പറയുന്നു.

നാട്ടിലെ പള്ളിയിൽ പോകുന്ന ഒരു വ്യക്തിയായിരുന്നു ഞാൻ. സ്ത്രീകൾക്കും പുരുഷനും വേറെ വേറെ വഴികളും, മറ കെട്ടിയ ഹാളുകളും ഉള്ള പള്ളികൾ. പള്ളിയിലേക്ക് കയറുന്പോൾ തന്നെ , താൻ കടക്കുന്നത് പുരുഷന്റെ അധികാരത്തിലേക്കാണ്, അവന്റെ പരിധിയിലേക്കാണ് എന്ന ബോധ്യം വളരെ ശക്തമായി അനുഭവപ്പെടും. അതുവരെ റോഡിലൂടെ, ബസ്സിലും ഓട്ടോയിലും കാറിലും നടന്നുമൊക്കെ തലയുയർത്തി ചുറ്റും നോക്കി അന്യപുരുഷന്മാരുടെ ഇടയിലൂടെ അവരോടു സംസാരിച്ചും ഇടപെട്ടുമൊക്കെ വന്ന സ്ത്രീകൾ ആ ഗേറ്റ് കടക്കുന്പോൾ ഒന്ന് സ്വയം ചെറുതാകും.

പർദ്ദയും തട്ടവും ഒന്നൂകൂടി വലിച്ചു കൂട്ടി പിടിച്ചു, തനിക്കായി ഒരുക്കിയ വീതി കുറഞ്ഞ ഇടുങ്ങിയ വഴിയിലൂടെ "സ്ത്രീകളുടെ ഹാളിലേക്ക്" സ്പീഡിൽ തലയും താഴ്ത്തി ആണുങ്ങളുടെ കണ്ണിൽ പെടാതെയിരിക്കാൻ നടക്കും. കണ്ണുകളുയർത്തി അവരെ നോക്കുന്നതോ, അവരെ വിളിക്കുന്നതു, അവരുടെ അടുത്തേക്ക് പോകുന്നതോ നിഷിദ്ധമായി വിലക്കപെടുന്നു. കൂടെയുള്ള കൊച്ചു ആൺകുട്ടികളെയോ മകനെയോ ആണ് ആരെയെങ്കിലും വിളിക്കാനോ എന്തെങ്കിലും പറയാനോ അയക്കുക.

ഖുതുബകൾ (വെള്ളിയാഴ്ച സന്ദേശം) വായിക്കുന്നത് എപ്പോഴും പുരുഷന്മാരാണ്. സ്ത്രീകൾക്ക് ഇസ്‌ലാമിലും ആർത്തവം കാരണം തന്നെ , പൗരോഹിത്യ കടമകൾ നിഷിദ്ധമാണ്. "അപ്പൊ മൗലവിക്ക് സുഖമില്ലാതെയാകുന്പോൾ വേറെ മൗലവി ഖുതുബ ഓതൂലെ? നിസ്കരിക്കൂലേ?" എന്നുള്ള ചോദ്യങ്ങളൊക്കെ "വലിയ വായിലെ ന്യായം" പറച്ചിലായി ഒതുക്കപ്പെടും. എന്നാലും ന്യായം ആണെന്ന് സമ്മതിക്കുന്നുണ്ട്.


പള്ളി വിട്ടു കഴിഞ്ഞാലും കയറുന്ന അതേ രീതിയിൽ തന്നെ, സ്ത്രീകൾ അവർക്ക് വരച്ച വഴികളിൽ കൂടി നിന്ന് അവരുടെ പുരുഷന്മാർ ഇറങ്ങാൻ കാത്തു നിന്ന് , ഗേറ്റിന്റെ പുറത്തു വെച്ച് അവരുടെ കൂടെ കൂടുന്നു. അല്ലെങ്കിൽ സ്വയം വീട്ടിലേക്ക് പുറപ്പെടുന്നു. ഗേറ്റ് ഇറങ്ങി കഴിഞ്ഞാൽ പിന്നെ പുരുഷന്മാരെ അത്രക്ക് പേടി കാണാറില്ല. നല്ല വിരിഞ്ഞുനിന്ന് , നാല് ഭാഗത്തേക്കും നോക്കി, പരിചയമുള്ളവരോട് ചിരിച്ചു കൈ കൊടുത്ത് വിശേഷം തിരക്കി, ഇഷ്ടമില്ലാത്തവർക്ക് തുറിച്ചൊരു നോട്ടവും കൊടുത്തു ഇറങ്ങുന്ന ഞാൻ ‘പശു നടക്കുന്ന പോലെ നാലുപാടും നോക്കി, അവിടേം ഇവിടേം ഇല കടിച്ച്‌, വായിട്ടലച്ചു നടക്കാണ്ട് നീയൊന്നു ഒതുങ്ങി നിക്ക്’ എന്ന് എല്ലാ വെള്ളിയാഴ്ചയും കേൾക്കും. ഇത് പള്ളിയിൽ പോകുന്ന സ്ത്രീകളുടെ ചര്യ.

ഇനി പോകാൻ പാടില്ലാത്തവരുടെത് പറഞ്ഞാൽ. പോകാറില്ല. അത്ര തന്നെ. മത പ്രസംഗം കേൾക്കാൻ അവർക്ക് അനുവദനീയമാണ്. അതും മറ കെട്ടിയ ഭാഗത്തു പതുങ്ങി ഇരുന്നോ, ഇല്ലെങ്കിൽ വേറൊരു ഹാളിലോ അടുത്തുള്ള വീടുകളിലോ ഇരുന്നു. സംശയങ്ങൾ പൊതുവെ ചോദിക്കാനുള്ള സൗകര്യങ്ങൾ സ്ത്രീകൾക്ക് ഇല്ല. അപൂർവ്വമായി എഴുതി അയക്കാം എന്നുള്ള പരിഷ്‌കാരങ്ങൾ ഇപ്പോൾ തുടങ്ങി വരുന്നുണ്ട്. എഴുന്നേറ്റു നിന്ന് ചോദിക്കുകയൊക്കെ ഇപ്പോഴും സുൽസിലത്ത് സിൽസാലഹ ആണ് (അതായത്; ഭൂമികുലുക്കം).

സ്ത്രീകളും പള്ളിയും അതിന്റെ സൗന്ദര്യവും എനിക്ക് ബോധ്യപ്പെടുന്നത് ബെയ്‌ജിങ്ങിൽ ഞാൻ പോയ ന്യു ജിയെ എന്ന പള്ളിയാണ്. 996ൽ പണി കഴിപ്പിച്ച 1000 വർഷത്തിന് മേലെ പഴക്കമുള്ള പള്ളി. 1215ൽ ചെങ്കിസ് ഖാൻ ആക്രമിച്ചു നശിപ്പിച്ച പള്ളി പുനര്നിര്മിക്കുന്നത് കൊട്ടാരത്തിലെ മുസ്ലിം ഹിജഡകൾ ആണ് .

ആദ്യമായി അവിടെ പോകുന്നത് ഒരു ജുമാ ദിവസം ആണ്. അന്നേ ദിവസം ടൂറിസ്റ്റുകളെ കയറ്റാറില്ല. സ്ത്രീകൾക്കും പുരുഷന്മാർക്കും കയറാൻ ഒരേ കവാടം. മിക്ക സ്ത്രീകളും ഗേറ്റിനടുത്തു എത്തുന്പോൾ ബാഗിൽ നിന്നും പാവാട എടുത്തു അവിടെ തന്നെ നിന്ന് അതിടുകയോ, തലയിൽ തൊപ്പിയോ സ്കാർഫോ കെട്ടുകയോ ചെയ്യും. ഇതൊക്കെ പള്ളിയുടെ മുൻപിൽ വെച്ച് പുരുഷന്മാരും ഇമാമുമാരും ഒക്കെ കാൺകെയാണ്.

ഇനി സ്കാർഫോ തല മറയ്ക്കാനുള്ള വസ്തുവോ കയ്യിൽ ഇല്ലാത്തവർക്ക് പള്ളിയിലെ സ്ത്രീകളുടെ നമസ്കാര ഹാളിൽ ഇത് ലഭ്യവുമാണ്.  ഇവിടെയുള്ള "സ്ത്രീകളുടെ ഭാഗം" എന്ന വേർതിരിച്ച  വിസ്തൃതി അറിയപ്പെടുന്നത് ചൈനയിലെ ആദ്യ സ്ത്രീകളുടെ പള്ളി എന്ന് തന്നെയാണ്. അത്രയും വിസ്തൃതതവും, വലിപ്പവും ഉള്ളതും പൂർണ്ണമായും സ്ത്രീകൾ ഭരിക്കുകയും പെൺ ഇമാമുകൾ നയിക്കുകയും ചെയ്യുന്ന ഒരു ഭാഗമാണിത്.

എന്നാൽ ന്യു ജിയെ പള്ളിയിൽ പ്രവേശിക്കുന്ന എല്ലാ സ്ത്രീകളും നിർബന്ധമായും സ്ത്രീകളുടെ ഭാഗത്തേക്ക് പോയിരിക്കണം എന്ന് നിയമമോ നിർബന്ധമോ ഇല്ല. ആണുങ്ങളുടെ ഹാളിൽ ജുമാ നടക്കുന്പോഴോ കൂട്ടമായ നമസ്കാരം നടക്കുന്പോഴോ സ്ത്രീകൾക്ക് പ്രവേശനം ഇല്ലെങ്കിലും, അതിനു പുറത്തുള്ള വിസ്തൃതമായ നടുമുറ്റം എല്ലാർക്കും ഒരു പോലെ ഉപയോഗിക്കാവുന്നതും, പുരുഷനും സ്ത്രീക്കും ഒരുമിച്ചിരുന്നു പ്രാർത്ഥനകളിലും മതപ്രഭാഷണങ്ങൾ ശ്രവിക്കുകയോ ചെയ്യാവുന്നതാണ്.

ഭാര്യയും ഭർത്താവും/കാമുകി-കാമുകനും  കൂടെയിരുന്നു, തമ്മിൽ തമ്മിൽ ചാരിയിരുന്നും കൈകോർത്തും വെള്ളിയാഴ്ച ഖുതുബ കേൾക്കുന്ന മനോഹരമായ കാഴ്ച. ഖുതുബയോ നമസ്കാരമോ കഴിഞ്ഞ ശേഷം സ്ത്രീകൾക്ക് പുരുഷന്മാരുടെ ഹാളിൽ പ്രവേശിക്കുകയും മൗലവിയോട് സംസാരിക്കുകയും അവിടെയിരുന്നു പ്രാർത്ഥിക്കുകയോ സംസാരിക്കുകയോ ഖുർആൻ വായിക്കുകയോ ചെയ്യാം.

സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് പ്രാർത്ഥനക്കെത്തുന്ന ചൈനയിലെ പള്ളി  
സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് പ്രാർത്ഥനക്കെത്തുന്ന ചൈനയിലെ പള്ളി  

പള്ളിയുടെ ഒരു ഭാഗത്തു ഒരു ഷെയ്‌ക്കിന്റെ ഖബറിടം ഉണ്ട്. അവിടെ ചന്ദന തിരി വെക്കുകയും ദുആ ചെയ്യുകയും ചെയ്യുന്നത് സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചാണ്. അങ്ങോട്ട് കയറിയ സമയത്താണ് എന്നെയും എന്റെ കൂടെ ഉണ്ടായിരുന്ന എന്റെ കൂട്ടുകാരനെയും ഭാര്യയെയും അവിടെയുണ്ടായിരുന്ന ചൈനക്കാർ വളഞ്ഞു ഫോട്ടോ എടുക്കുകയും ഞങ്ങളെ പറ്റി ചോദിക്കുകയും ചെയ്യുന്നത്.

ഇന്ത്യയിൽ മുസ്ലിങ്ങൾ ഉണ്ടെന്നു അറിഞ്ഞു എന്നോട് അതിലൊരാൾ ചോദിച്ചു ‘ഇത്രയധികം ഉണ്ടോ’എന്ന്. കോടിക്കണക്കിന് ഉണ്ടെന്ന് എന്റെ മറുപടി. അയാൾ അത് വളരെ അത്ഭുതത്തോടെ മറ്റുള്ളവരോട് പറയുകയും, എന്നോട് അവിടെയുള്ള മുസ്ലിംകൾ ഞങ്ങളെപ്പോലെ തന്നെയാണോ, പള്ളികൾ ഉണ്ടോ എന്നൊക്കെ ചോദിച്ചു. ഞാൻ പറഞ്ഞു എല്ലാ റോഡിലും ഒരു പള്ളിയെങ്കിലും ഉള്ള സ്ഥലത്തു നിന്നാണ് ഞാൻ വരുന്നത്. അവിടെയും ഇവിടെയുമുള്ള വ്യത്യാസം സ്ത്രീകൾ പള്ളികളിൽ ഇത്ര ഫ്രീയായി ഇടപഴകുന്നത് കാണില്ല എന്നതാണ്.

നമസ്കാരം നടക്കുന്പോൾ പുരുഷന്മാരുടെ ഇടയിലൂടെയും  മുന്നിലൂടെയും  സ്ത്രീകൾ അവരുടെ ഭാഗത്തേക്ക് നടക്കുന്നത് കാണിച്ച് കൊണ്ട് ഞാൻ പറഞ്ഞു, ഇത് ഞങ്ങളുടെ അവിടെ "ഹെൻ ബു ഹാഉ" (വളരെ മോശമായ) ഒരു കാര്യമാണ് എന്ന്. "അപ്പൊ "മായിജിയാ"യിലോ (മക്കയിലോ)"? എന്നയാൾ ചോദിച്ചപ്പോൾ , "അത് പിന്നെ...ഹ ഹ ഹ ഹ" എന്നൊക്കെ പറഞ്ഞു ഞാൻ തോള് കുലുക്കി. "അതെന്താ സ്ത്രീകളെ കണ്ടാൽ?" അയാള് പിന്നേം ചോദിച്ചു. അപ്പൊ ഞാൻ പറഞ്ഞു "സ്ത്രീകളൊക്കെ "ഹെൻ പിയാവ്ലിയാങ്" (ഭയങ്കരം ഭംഗി) ആണല്ലോ. അപ്പൊ അവരെ കാണുന്പോൾ പുരുഷന്മാർക്ക് ശ്രദ്ധ തെറ്റുമല്ലോ? അപ്പൊ നമസ്കാരം ഒന്നും ശരിയാവില്ലാലോ?"

അയാൾ ഉറക്കെയുറക്കെ ചിരിച്ചു കൊണ്ട് എന്നോട് പറഞ്ഞതാണ് പിന്നീടുള്ള എന്റെ നയമായി ഞാൻ കണക്കാക്കുന്നത്. "ഒരു പെണ്ണിനെ കാണുന്പോഴേക്കും അല്ലാഹുവിലുള്ള അയാളുടെ ശ്രദ്ധ തെറ്റുമെങ്കിൽ, അയാൾ അല്ലാഹുവിനെ ആരാധിക്കാൻ പ്രാപ്തനായിട്ടില്ല." മാവോ പറഞ്ഞ വാക്കുകളെ അനുസ്മരിപ്പിച്ചു കൊണ്ട് അയാൾ എന്റെ തോളിൽ തൊട്ടു പറഞ്ഞു, "സ്ത്രീകളാണ് ആകാശത്തിന്റെ മറ്റേ  പകുതി ഉയർത്തി പിടിക്കുന്നത്".

അത്രയേ ഉള്ളു കാര്യങ്ങൾ. ഒരു സ്ത്രീയെ കാണുന്പോഴേക്കും തെറ്റുന്ന ബ്രഹ്മചര്യവും ഇളകുന്ന ശ്രദ്ധയും തെറ്റുന്ന ആചാരങ്ങളും ഉള്ളവർ അവർ ചെയുന്ന ആരാധനക്ക് പ്രാപ്തരായിട്ടില്ല. ഭക്ഷണം കിട്ടാനില്ലാത്തതു കൊണ്ട് എനിക്ക് നോമ്പാണെന്ന് പറയുന്നതു പോലെ സ്ത്രീകളെ കാണുന്നില്ലെങ്കിൽ എനിക്ക് മനസ്സിന് നല്ല ഉറപ്പാണെന്ന് പറയുന്നതും ദൗർബല്യത്തിന്റെ അശരണതയിൽ നിന്നും കിളിർക്കുന്ന വിശ്വാസ പ്രമാണമായേ അംഗീകരിക്കാനാവൂ. പറ്റില്ലെങ്കിൽ കളഞ്ഞിട്ടു പോകണം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018