SPOTLIGHT

ശബരിമല പ്രതിഷേധങ്ങള്‍ ഭരണഘടനയ്ക്കും ഇടത് സര്‍ക്കാരിനുമെതിരെ എന്ന് വിഎസ്; ‘വിശ്വാസമാണ് എല്ലാം എന്നത് പ്രകടനപരം മാത്രം’  

അയ്യപ്പന്‍ ബ്രഹ്മചാരിയാണോ, ആര്‍ത്തവം തൊട്ടുകൂടായ്മയാണോ എന്നതൊന്നുമല്ല, മറിച്ച് ഇടതുപക്ഷ സര്‍ക്കാര്‍ വിശ്വാസികള്‍ക്കെതിരാണ് എന്ന് സ്ഥാപിക്കുക മാത്രമാണ് ശബരിമലവിധിക്കെതിരെ പ്രതിഷേധം അഴിച്ചു വിടുന്നവരുടെ ലക്ഷ്യം. പന്തല്ലൂരില്‍ വിഎസ് നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം.

വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടങ്ങളിലൂടെ കയ്യേറ്റക്കാരില്‍നിന്നും ക്ഷേത്ര ഭൂമി തിരിച്ചുപിടിച്ചതിന്റെ ആഹ്ലാദത്തിലാണ് നിങ്ങള്‍. ആ സന്തോഷത്തിലേക്ക് നയിച്ച നിയമ പോരാട്ടങ്ങളില്‍ പങ്കാളിയായ വ്യക്തി എന്ന നിലയില്‍, ഞാനും നിങ്ങളുടെ സന്തോഷത്തില്‍ പങ്ക് ചേരുന്നുണ്ട്.

പന്തല്ലൂര്‍ ഭഗവതീക്ഷേത്രത്തിന്റെ അധീനതയിലുണ്ടായിരുന്ന എഴുന്നൂറില്‍ പരം ഏക്കര്‍ വനഭൂമി അന്ന് ക്ഷേത്രത്തിന്റെ ഊരാളനായിരുന്ന കോഴിക്കോട് സാമൂതിരിപ്പാടില്‍നിന്ന് ബലന്നൂര്‍ പ്ലാന്റേഷന്‍സ് എന്ന സ്ഥാപനം പാട്ടത്തിനെടുത്തു. അന്നു മുതല്‍ അവരവിടെ തോട്ടവിളകള്‍ കൃഷി ചെയ്യുന്നു. പാട്ടക്കാലാവധി 2003ല്‍ അവസാനിച്ചു. പക്ഷെ, അവര്‍ സ്ഥലം വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. ദേവസ്വം ഇത് തിരിച്ചാവശ്യപ്പെട്ടു. പക്ഷെ, കമ്പനി അത് ഗൗനിച്ചില്ല. അന്ന് എകെ ആന്റണിയായിരുന്നു, മുഖ്യമന്ത്രി. മാണി റവന്യൂ മന്ത്രിയും. 1970ല്‍ ഭൂപരിഷ്‌കരണ നിയമം വന്നതു മുതല്‍ ഇവര്‍ പാട്ടവും നല്‍കിയിട്ടില്ല. അങ്ങനെയാണിത് ഒരു പൊതു വിഷയമായി ഉയര്‍ന്നുവന്നത്. ക്ഷേത്ര സംരക്ഷണ സമിതി അടക്കമുള്ളവര്‍ നിയമത്തിന്റെ വഴി തേടി. പക്ഷെ, ഫലമുണ്ടായില്ല. ആ സന്ദര്‍ഭത്തിലാണ്, അന്ന് പ്രതിപക്ഷ നേതാവായിരുന്ന ഞാന്‍ ഈ വിഷയം ഏറ്റെടുക്കുന്നത്. അങ്ങനെയാണ് വിഷയം വീണ്ടും കോടതിയുടെ മുന്നിലെത്തുന്നത്.

ഭൂമിയ സംബന്ധിച്ചും, ഭൂമിയുട ഉടമസ്ഥാവകാശത്തെ സംബന്ധിച്ചും കേരളം ആര്‍ജിച്ച കാഴ്ച്ചപ്പാടുകളുണ്ട്. എന്നാല്‍, ഭൂമി കയ്യേറാനുള്ളതാണ് എന്ന വിപണി സംസ്‌കാരത്തിനെതിരെയാണ് നാം നിയമപോരാട്ടം നടത്തിയത്. ഒരു കുത്തക പത്രകുടുംബത്തിന് കയ്യേറാനുള്ളതല്ല, പൊതുമുതല്‍ എന്നതായിരുന്നു എന്റെ നിലപാട്. ഇപ്പോഴത്തെ സ്ഥിതിയില്‍ നാം അതില്‍ വിജയിക്കുകയും ചെയ്തിരിക്കുന്നു. അപ്പോഴും, ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ട പല സാമൂഹ്യ പ്രശ്‌നങ്ങളിലും ഞാന്‍ ആശങ്കാകുലനാണ്. നവോത്ഥാന പ്രസ്ഥാനങ്ങളിലൂടെ നാം ഇക്കാലമത്രയും മുന്നോട്ടാണ് നടന്നു നീങ്ങിയത്. ക്ഷേത്ര പ്രവേശനത്തിന് അര്‍ഹരല്ലാതിരുന്ന ദളിതര്‍ക്ക് ഇന്ന് ക്ഷേത്രങ്ങള്‍ അന്യമല്ല. മാറ് മറയ്ക്കാന്‍ അവകാശമില്ലാത്ത ഒരു വിഭാഗം കേരളത്തിലുണ്ടായിരുന്നു എന്നു പറഞ്ഞാല്‍ നിങ്ങളില്‍ പലര്‍ക്കും അത് മനസ്സിലാവുക പോലും ചെയ്യില്ല. പാമ്പിനും പഴുതാരയ്ക്കും പോലും ഇഴഞ്ഞു നീങ്ങാന്‍ തടസ്സമില്ലാത്ത വഴികളിലൂടെ ദളിതര്‍ക്ക് നടക്കാന്‍ അവകാശമില്ലാത്ത ഒരു കാലമുണ്ടായിരുന്നു എന്നത് പുതിയ തലമുറയില്‍ പെട്ട പലര്‍ക്കും അത്ഭുതമായിരിക്കും.

അതെല്ലാം ചരിത്ര വസ്തുതകളാണ്. ഞാനിവിടെ ചരിത്രം പറയാനല്ല, വര്‍ത്തമാനം പറയാനാണ് ആഗ്രഹിക്കുന്നത്. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് വലിയ കോലാഹലങ്ങള്‍ നടക്കുന്ന കാലമാണിത്. ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം ഒരു വിധി പുറപ്പെടുവിച്ചിരിക്കുന്നു. പെട്ടെന്നുണ്ടായ ഒരു ഉള്‍വിളിയുടെ അടിസ്ഥാനത്തിലായിരുന്നില്ല, ആ വിധി. പന്ത്രണ്ട് വര്‍ഷം നീണ്ട വിചാരണകള്‍ക്കും, രണ്ട് അമിക്യസ്‌ക്യൂറിമാരുടെ വാദങ്ങളും കേട്ട ശേഷമാണ് ആ വിധി വന്നത്. ഭക്തജന സംഘടനകള്‍, തന്ത്രിമാര്‍, പന്തളം രാജകുടുംബം, സര്‍ക്കാര്‍ എന്നിങ്ങനെയുള്ളവരുടെ വാദം വിശദമായി കേട്ട ശേഷമാണ് ഭാരതത്തിന്റെ പരമോന്നത നീതിപീഠം ഭരണഘടനാ തത്വങ്ങളുടെ അടിസ്ഥാനത്തില്‍ വിധി പ്രസ്താവിച്ചത്.

ആ വിധി ഇഷ്ടപ്പെടുന്നവരുണ്ടാവാം, ഇഷ്ടപ്പെടാത്തവരുണ്ടാവാം. പക്ഷെ, ആ വിധിയാണ് ജനാധിപത്യ ഇന്ത്യയുടെ അന്തിമ വിധി. അത് നടപ്പാക്കാന്‍ ഏതൊരു സര്‍ക്കാരും ബാദ്ധ്യസ്ഥവുമാണ്. അവിടെ ഇടതുപക്ഷമെന്നോ, വലതുപക്ഷമെന്നോ ഭേദമില്ല. അത് നമുക്ക് ഭരണഘടന നല്‍കുന്ന സംരക്ഷണമാണ്. ആ സംരക്ഷണത്തെ മറിടകക്കാന്‍ ഭരണഘടനതന്നെ തിരുത്തേണ്ടിവരും. അതാവട്ടെ, അനുവദനീയവുമല്ല.

വിശ്വാസമാണ് എല്ലാം എന്നത് കേവലം പ്രകടനപരമായ മുദ്രാവാക്യം മാത്രമാണ്. ഓരോ കാലത്തും സമൂഹം വിശ്വാസങ്ങളെ മറികടന്നിട്ടുണ്ട്. അത്തരം മറികടക്കലുകളിലൂടെയാണ് സമൂഹം മുന്നോട്ട് പോയിട്ടുള്ളത്. അക്കാര്യത്തില്‍ ഏറെ മുന്നോട്ടു പോയിട്ടുള്ള സമൂഹമാണ് കേരള സമൂഹം. പാട്ടപ്പറ തല്ലിപ്പൊളിക്കാനും, കൃഷിഭൂമി കൃഷിക്കാരന് ലഭ്യമാക്കാനും, ജാതി-മത ഭേദമില്ലാതെ എല്ലാവര്‍ക്കും വിദ്യാഭ്യാസം ഉറപ്പാക്കാനും, ക്ഷേത്രപ്രവേശനം സാദ്ധ്യമാക്കാനുമൊക്കെ കഴിഞ്ഞ കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭം നമ്മെ മുന്നോട്ടാണോ, പിന്നിലേക്കാണോ നയിക്കുന്നത് എന്ന് നാം ചിന്തിക്കണം. സംവരണങ്ങളിലൂടെയും, കുടുംബശ്രീ പദ്ധതിയിലൂടെയും, തൊഴിലുറപ്പ് പദ്ധതിയിലൂടെയുമെല്ലാം സ്ത്രീകളുടെ പദവി ഉയര്‍ത്താന്‍ നിരന്തരം ശ്രമിക്കുന്ന സംസ്ഥാനമാണ് കേരളം. അത് നമ്മുടെ ഭരണഘടന നിര്‍ദ്ദേശിക്കുന്നതുമാണ്.

ഏതൊരു സാമൂഹ്യ മാറ്റവും ചില ആളുകള്‍ വെച്ചനുഭവിച്ചുപോന്ന അവകാശാധികാരങ്ങളെ ഹനിക്കുക സ്വാഭാവികമാണ്. അതിനാല്‍ത്തന്നെ, ഇത്തരം തല്‍പ്പര കക്ഷികള്‍ പ്രതിഷേധമുയര്‍ത്തുകയും ചെയ്യും. മിക്കവാറും ഇത്തരം പ്രതിഷേധങ്ങള്‍ ആചാര നിഷേധത്തിനെതിരാണെന്ന മട്ടിലാണ് അവതരിപ്പിക്കപ്പെടുക. ജാതിയുടേയും മതത്തിന്റേയും ആചാരത്തിന്റേയും സവര്‍ണ മേധാവിത്വത്തിന്റേയുമെല്ലാം പ്രതിനിധികളെ അണി നിരത്തിയാവും പ്രതിഷേധങ്ങള്‍.

ശബരിമല വിഷയത്തില്‍ ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ ആര്‍ക്കെതിരെയാണ്? തീര്‍ച്ചയായും, അത് ഭരണഘടനക്കെതിരെയാണ്. സുപ്രീം കോടതിക്കെതിരെയാണ്. എന്നിട്ടും പ്രതിഷേധക്കാരെ നയിക്കുന്ന ബിജെപി പറയുന്നത് അത് ഇടതുപക്ഷ സര്‍ക്കാരിനെതിരായിട്ടാണ് എന്നാണ്. അതാണ് പ്രശ്‌നം. ബിജെപിയുടേയും കോണ്‍ഗ്രസ്സിന്റേയുമെല്ലാം നിലപാട് വിധിക്ക് അനുകൂലമാണെന്ന് പ്രഖ്യാപിക്കപ്പെട്ടതാണ്. പക്ഷെ, കേരളത്തില്‍ പ്രതിഷേധം നയിക്കാന്‍ അവര്‍ കൈകോര്‍ക്കുന്നു. അവരെ സംബന്ധിച്ചിടത്തോളം, വിശ്വാസികളുടെ വിശ്വാസമല്ല, സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മാത്രമേയുള്ളു. അയ്യപ്പന്‍ ബ്രഹ്മചാരിയാണോ, ആര്‍ത്തവം തൊട്ടുകൂടായ്മയാണോ എന്നതൊന്നുമല്ല, മറിച്ച്, ഇടതുപക്ഷ സര്‍ക്കാര്‍ വിശ്വാസികള്‍ക്കെതിരാണ് എന്ന് സ്ഥാപിക്കുക മാത്രമാണ് അവരുടെ ലക്ഷ്യം. പന്തല്ലൂര്‍ ക്ഷേത്രഭൂമി അന്യാധീനപ്പെടുന്നത് കണ്ടപ്പോള്‍ ഇവരെയൊന്നും ഈ പരിസരത്ത് കണ്ടില്ല എന്നോര്‍ക്കണം. ഇത് തിരിച്ചറിയാന്‍ കേരള സമൂഹത്തിന് കഴിയണം. അതിന് കഴിഞ്ഞിട്ടുണ്ടെന്നതാണ് ചരിത്രം. കാരണം, അത് നമ്മുടെ സാമൂഹ്യ മുന്നേറ്റത്തിന്റെ ചരിത്രമാണ്.

തിരുവനന്തപുരത്ത് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ വന്‍ നിധി ശേഖരമുണ്ട്. പത്മനാഭദാസര്‍ എന്ന പേരില്‍, അതിന്റെ സംരക്ഷകരായി ചമഞ്ഞ് സ്വത്ത് കയ്യടക്കിവെക്കാനും ഇതുപോലെ തല്‍പ്പര കക്ഷികളുണ്ടായപ്പോഴാണ്, നിയമപോരാട്ടത്തിനിറങ്ങാന്‍ ഞാന്‍ നിര്‍ബന്ധിതനായത്. സ്വാതന്ത്ര്യത്തിനു ശേഷം രാജാവില്ലെന്നും, അതുകൊണ്ട് രാജാവ് എന്ന നിലയില്‍ ക്ഷേത്രാധികാരത്തിന് രാജകുടുംബത്തിനോ, രാജകുടുംബം എന്നവകാശപ്പെടുന്നവര്‍ക്കോ അവകാശമില്ലെന്ന് 2007ല്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതിയും, 2011ല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും വിധിച്ചു. ഭരണഘടന പൗരന് നല്‍കുന്ന മൂര്‍ച്ചയേറിയ ആയുധമാണ്, ആശ്രയമാണ് ജുഡീഷ്യറി. ജനാധിപത്യ വ്യവസ്ഥയില്‍ അത് വേണ്ട വിധം ഉപയോഗിക്കുക എന്നത് പൗരന്റെ അവകാശം മാത്രമല്ല, കടമയുമാണ്.

ആചാരങ്ങളും അനുഷ്ഠാനങ്ങളും മാത്രമല്ല, ഭൂമിയടക്കം എല്ലാ സമ്പത്തും കയ്യടക്കി വെക്കാനുള്ള ദുഷ്ട ലാക്കിനെതിരെയാണ് നാം പോരാടിയത്. ഇത് തിരിച്ചറിയുമ്പോള്‍ മാത്രമേ, ഇതൊരു വെറും സിവില്‍ കേസായിരുന്നില്ല എന്ന് ബോദ്ധ്യപ്പെടൂ.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018