SPOTLIGHT

ഇന്ത്യന്‍ ജയിലില്‍ ഒരു (ചാര) വനിതയുടെ ജീവിതം

മറിയംറഷീദയും ആനന്ദുമായുള്ള പ്രണയകഥയില്‍നിന്നാണ് എല്ലാത്തിന്റെയും തുടക്കം. ചന്ദ്രശേഖറും ശശികുമാറും ആനന്ദിനെ കണ്ടെത്താന്‍ മറിയത്തെ സഹായിച്ചു... ‘വിധിക്കുശേഷം ഒരു(ചാര)വനിതയുടെ വെളിപ്പെടുത്തല്‍’ എന്ന പുസ്തകത്തിലെ ഫൗസിയഹസന്റെ ഡയറിക്കുറിപ്പുകള്‍ പ്രസാധകരായ ഡിസി ബുക്‌സിന്റെ അനുമതിയോടെ പ്രസിദ്ധീകരിക്കുന്നു.

1994 നവംബര്‍ 23

ഞങ്ങളെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍, മറിയത്തെ പൊലീസ് കസ്റ്റഡിയില്‍നിന്ന് ജയിലിലേക്കു മാറ്റാന്‍ അവരുടെ അഭിഭാഷകന്‍ മജിസ്ട്രേറ്റിനോട് അഭ്യര്‍ഥിച്ചു. എന്നാല്‍ മറിയത്തെ തങ്ങളുടെ കസ്റ്റഡിയില്‍ വെക്കാനായിരുന്നു പൊലീസിന്റെ താല്‍പര്യം. ഇരുഭാഗത്തെയും വാദഗതികള്‍ കേട്ടശേഷം മറിയത്തെ ജയിലിലേക്കയയ്ക്കാന്‍ മജിസ്ട്രേറ്റ് തീരുമാനിച്ചു. തെറ്റുചെയ്യാത്തസ്ഥിതിക്ക് മറിയത്തെ ഉടന്‍ മാലിയിലേക്കയയ്ക്കുമെന്നാണ് ഞാന്‍ വിചാരിച്ചത്. എന്നാല്‍ പിന്നീട് അവളെ ജയിലിലേക്കു മാറ്റിയതായി അറിഞ്ഞു. അവളെ ജയിലിലടച്ചെന്നു കേട്ടപ്പോള്‍ വിഷമം തോന്നി. പൊലീസ് കസ്റ്റഡിയേക്കാള്‍ ഒരുപാട് ഭേദമാണ് ജയിലെന്ന് ആ സമയത്ത് എനിക്കറിയുമായിരുന്നില്ല. ജയി ലില്‍ കിടക്കുമ്പോള്‍ മര്‍ദ്ദനമേല്‍ക്കില്ലെന്നും പൊലീസ് കസ്റ്റഡിയില്‍ അതിനു വേണ്ടുവോളം അവസരമുണ്ടെന്നും അന്നറിയില്ലായിരുന്നു. ജയിലിലെ അവസ്ഥയെക്കുറിച്ചായിരുന്നു ആ സമയമത്രയും എന്റെ ചിന്തകള്‍. കുളിയോ നനയോ ഭക്ഷണമോ ഇല്ലാത്ത തടവറയിലെ രംഗങ്ങള്‍ ആലോചിച്ചു. കമ്പിളിപ്പുതപ്പുപോലുമില്ലാതെ വെറും തറയില്‍ കിടന്നുറങ്ങേണ്ട അവസ്ഥ. തറയിലൂടെ ഓടിപ്പാഞ്ഞുപോകുന്ന എലികള്‍ ദേഹത്തു കയറിയിറങ്ങുന്നതിനെക്കുറിച്ച് ഓര്‍ത്തപ്പോള്‍ ഞാന്‍

പേടിച്ചുവിറച്ചു. മറിയത്തിനൊപ്പം ജയിലിലേക്ക് കൊണ്ടുപോയപ്പോള്‍ ഒപ്പം ഞാനുമുണ്ടായിരുന്നു. കോടതിയില്‍നിന്ന് ഒരു മണിക്കൂര്‍ നേരത്തെ യാത്രയ്ക്കുശേഷം ഞങ്ങള്‍ ജയിലിലെത്തി.

ബസ് സെന്‍ട്രല്‍ ജയില്‍ എന്നെഴുതിയ വലിയ കെട്ടിടത്തിന്റെ ഉള്ളിലേക്കു കടന്നു. അതിനുള്ളിലായി കൂറ്റന്‍ മതിലും തൊട്ടടുത്ത് ഒരു ഗേറ്റും ചെറിയ ചെറിയ കെട്ടിടങ്ങളും കണ്ടു. അവ ഗാര്‍ഡുകളുടെ താമസസ്ഥലമാണെന്ന് പിന്നീട് ഞാന്‍ മനസ്സിലാക്കി. ഗേറ്റിനു മുന്നില്‍ ഒരു ഓഫീസുമുണ്ടായിരുന്നു. മരങ്ങള്‍ നട്ടുപിടിപ്പിച്ചിരുന്നു അവിടമാകെ. അവിടെ ചില പുരുഷ തടവുകാരെ കണ്ടു. വെളുത്ത നിറത്തിലുള്ള ഷര്‍ട്ട് ധരിച്ചിരുന്നതുകൊണ്ടാണ് അവരെ എനിക്ക് എളുപ്പം തിരിച്ചറിയാന്‍ സാധിച്ചത്. ഒരുസംഘം ആളുകള്‍ ചെറിയ വാനില്‍നിന്ന് പച്ചക്കറികള്‍ എടുത്തു ഗോഡൗണിലേക്ക് കൊണ്ടുപോകുന്നുണ്ടായിരുന്നു. ഞങ്ങളെയുംകൊണ്ടുവന്ന ബസ് അവിടെ നിര്‍ത്തിയപ്പോള്‍ അവര്‍ ഞങ്ങളെ നോക്കി. ജയില്‍ ഉദ്യോഗസ്ഥരും പൊലീസിനെപ്പോലെയുള്ള യൂണിഫോമാണ് ധരിച്ചിരുന്നത്. അവരും പൊലീസ് ഉദ്യോഗസ്ഥരായിരിക്കാമെന്ന് എനിക്കു തോന്നി. അവരെല്ലാം ഞങ്ങളുടെ ബസ്സിനടുത്തെത്തി.

മറിയത്തെ ബസ്സില്‍നിന്നിറക്കി അടുത്തുള്ള ഓഫീസിലേക്കു കൊണ്ടുപോയി. ഓഫീസില്‍ അവരെ ഗാര്‍ഡുകള്‍ പരിശോധിക്കുന്നതു കണ്ടു. ഭയവും സങ്കടവും മൂലം എന്റെ കണ്ണുകളില്‍നിന്ന് കണ്ണീരൊഴുകി. എന്നെ തിരിച്ച് പൊലീസ് കസ്റ്റഡിയിലേക്കു മാറ്റി. ചോദ്യംചെയ്യല്‍ തുടര്‍ന്നു.

ഇന്ത്യന്‍ ജയിലില്‍ ഒരു (ചാര) വനിതയുടെ ജീവിതം

നവംബര്‍ 25

ചോദ്യംചെയ്യുന്ന മുറിയിലേക്കു കൊണ്ടുവന്നപ്പോള്‍ മേശയില്‍ മധ്യവയസ്‌കനായ ഒരാള്‍ ഇരിക്കുന്നുണ്ടായിരുന്നു. സാധാരണ വേഷമായിരുന്നു ധരിച്ചിരുന്നത്. മേശയ്ക്കു കുറച്ചകലെയുള്ള കസേരയില്‍ ഞാനിരുന്നു. വളരെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണതെന്ന് ഒരാള്‍ എന്നോടു പറഞ്ഞു.

ഇത്തരത്തിലുള്ള മുതിര്‍ന്ന ഓഫീസര്‍മാരുടെ സമയം മെനക്കെടുത്തുന്നതില്‍ പിന്നീട് നിങ്ങളെന്നെ കുറ്റപ്പെടുത്തരുതെന്ന് ഞാന്‍ പൊലീസുകാരോടു പറഞ്ഞു. എന്താണ് ഉദ്ദേശിച്ചതെന്ന് ആ ഓഫീസര്‍ ചോദിച്ചു. ഞാനെന്താണ് പറഞ്ഞതെന്ന് നിങ്ങള്‍ക്ക് പിന്നീട് മനസ്സിലാകും. അപ്പോള്‍ ഞാന്‍ പറഞ്ഞത് നിങ്ങള്‍ മറക്കരുത്. ഞാനെന്താണ് പറഞ്ഞതെന്ന് ശ്രദ്ധിക്കാതെ അദ്ദേഹം ചോദ്യംചെയ്യാന്‍ തുടങ്ങി.

നവംബര്‍ 26

അന്നും മുറിയില്‍ നിറച്ചും എന്നെ ചോദ്യംചെയ്യാനെത്തിയ പൊലീസുകാരായിരുന്നു. ഞാന്‍ പറയുന്ന കള്ളക്കഥകള്‍ അവര്‍ റെക്കോര്‍ഡ് ചെയ്തു. ചിലര്‍ എനിക്കഭിമുഖമായി ഇരുന്നു. ഞാന്‍ പറഞ്ഞ കഥകളില്‍ നിന്ന് അവര്‍ക്കൊരു ധാരണയിലെത്താനാകുന്നില്ലെന്നും അതിനാല്‍ സത്യം തുറന്നുപറയണമെന്നും ഒരു ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടു. നിങ്ങള്‍ക്കറിയേണ്ടത് സത്യങ്ങളാണോ അതോ കെട്ടിച്ചമച്ച കഥകളാണോ എന്ന് ഞാനാ ഓഫീസറോടു ചോദിച്ചു. സത്യമാണ് എനിക്കറിയേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ സത്യം പറയാന്‍ ആരംഭിച്ചു. ''ഈ കേസ്സില്‍ മറിയം റഷീദ പറഞ്ഞതെല്ലാം പച്ചക്കള്ളമാണ്. ഞാനുമിപ്പോള്‍ നിങ്ങളോടു പറഞ്ഞതെല്ലാം വാസ്തവവിരുദ്ധമായ കാര്യങ്ങളാണ്. ഈ കാര്യങ്ങളിലൊന്നുപോലും യഥാര്‍ഥത്തില്‍ സംഭവിച്ചിട്ടില്ല. മറിയം റഷീദയും ഡോ.ആനന്ദുമായുള്ള പ്രണയകഥയില്‍നിന്നാണ് എല്ലാത്തിന്റെയും തുടക്കം. ചന്ദ്രശേഖറും ശശികുമാറും ഡോ.ആനന്ദിനെ കണ്ടെത്താന്‍ മറിയത്തെ സഹായിച്ചതാണ്. അതില്‍ ഞാനൊരു തരത്തിലും ഇടപെട്ടിട്ടില്ല. ഞാനൊരു തെറ്റും ചെയ്തിട്ടുമില്ല.'' ഞാന്‍ കരയാന്‍ തുടങ്ങി. ഓഫീസര്‍മാര്‍ നിശ്ശബ്ദരായിനിന്നു. കുറെ നേര ത്തേക്ക് അവര്‍ മിണ്ടാതിരുന്നു.

പെട്ടെന്ന് അതിലൊരു ഉദ്യോഗസ്ഥന്‍ ചാടിയെണീറ്റ് എന്റെയടുത്തെത്തി. എന്നെ ആദ്യം ചോദ്യംചെയ്ത വേളയില്‍ അടിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഉദ്യോഗസ്ഥനായിരുന്നു അത്. കാലിലെ ചെരിപ്പൂരി എന്റെ മുഖത്തടിക്കാനോങ്ങിയ അതേയാള്‍. മറ്റുള്ളവരില്‍നിന്ന് ഏറ്റവും പ്രായം കുറഞ്ഞ ഉദ്യോഗസ്ഥനായിരുന്നു അത്. ''പറഞ്ഞ കാര്യങ്ങളില്‍നിന്നെല്ലാം നീ മലക്കംമറിയുകയാണോ? ഇന്ത്യന്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുകയാണോ? ഇന്ത്യ മുഴുവന്‍ നിനക്കെതിരാണ്. ശരി. നമുക്ക് കാണാം. ആരു ജയിക്കുമെന്ന്.'' അദ്ദേഹം എന്നെ ഭീഷണിപ്പെടുത്തി. ''ശരി. ഞാന്‍ തെറ്റുചെയ്തതായി തെളിയിക്കാന്‍ നിങ്ങള്‍ക്ക് ഒരു തെളിവും ഹാജരാക്കാന്‍ കഴിയില്ലെന്ന്'' കരുത്തുസംഭരിച്ച് ഞാന്‍ പറഞ്ഞു. അദ്ദേഹം എന്നെ പരിഹസിച്ചു ചിരിച്ചു. ''തെളിവാണോ?'' അദ്ദേഹം വിരല്‍ ഞൊടിച്ചു. ''തെളിവുണ്ടാക്കാന്‍ വളരെ എളുപ്പമാണ്. പണം നല്‍കിയാല്‍ ഞങ്ങള്‍ ആവശ്യപ്പെടുന്നതെന്തും കോടതിയില്‍ പറയാന്‍ നിരവധി ആള്‍ക്കാരുണ്ട്.'' ഞാന്‍ ഭയന്നു വിറയ്ക്കാന്‍ തുടങ്ങി. അതു ശരിയാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.

ആര്‍ക്കും സത്യമെന്തെന്ന് അറിയേണ്ടായിരുന്നു. എന്റെ കഥകളില്‍ ത്തന്നെ പൊരുത്തക്കേടുണ്ടായിട്ടും ആ സംഭവങ്ങളൊന്നും യാഥാര്‍ഥ്യമല്ലെന്ന് വിശ്വസിക്കാന്‍ ആരും തയ്യാറായില്ല. സത്യമല്ലെങ്കില്‍ക്കൂടിയും അതെല്ലാം യഥാര്‍ഥത്തില്‍ സംഭവിച്ചതാണെന്ന് സമര്‍ഥിക്കുകയായിരുന്നു അവരുടെ ആവശ്യം. പരസ്പരം നോക്കി അവര്‍ ഓരോരുത്തരായി എഴുന്നേറ്റു. ജിലയെ എന്റെ മുന്നിലിട്ട് ബലാല്‍സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ ഓഫീസര്‍ എന്റെയടുത്തേക്കു വന്നു. എന്നോട് സ്വകാര്യമായി സംസാരിക്കാനുണ്ടെന്നു പറഞ്ഞു. എന്നെ മറ്റൊരു മുറിയിലേക്കു കൊണ്ടുപോയി. അതാരുടെയോ കിടപ്പുമുറിയായിരുന്നു. എന്നോട് ആ കട്ടിലിലിരിക്കാന്‍ പറഞ്ഞു. സമീപം അയാളുമിരുന്നു. പിന്നെ സംസാരിച്ചു തുടങ്ങി:

''നിങ്ങള്‍ക്കെന്താണ് സംഭവിച്ചത്? നിങ്ങള്‍ എല്ലാം ഞങ്ങളോടു തുറന്നുപറഞ്ഞതാണ്. ഇപ്പോള്‍ അതെല്ലാം നിഷേധിക്കുന്നു. നിങ്ങള്‍ ഞങ്ങളോടു പറഞ്ഞ കാര്യങ്ങള്‍ റെക്കോര്‍ഡ് ചെയ്തത് പ്രധാനമന്ത്രി നരസിംഹറാവുവിന് അയച്ചുകഴിഞ്ഞു. നിങ്ങളെ ഉടനേ മാലിയിലേക്കയയ്ക്കാനാണ് ഞങ്ങളുടെ തീരുമാനം. ഒരുതരത്തിലും നിങ്ങളെ ഉപദ്രവിക്കില്ല. ഈ കാര്യങ്ങളില്‍ ഉള്‍പ്പെട്ട ഞങ്ങളുടെ ആളുകളെ നശിപ്പിക്കുകയാണ് ലക്ഷ്യം. ഞങ്ങളവരെ 25 വര്‍ഷത്തേക്ക് ജയിലിലടയ്ക്കും. എല്ലാം അവസാനിക്കുമ്പോള്‍ ഞങ്ങളത് ആഘോഷിക്കും. നിങ്ങളിങ്ങനെയാണ് പറയുന്നതെങ്കില്‍ എന്റെ ജോലി തെറിക്കും. എന്റെ ഭാര്യയ്ക്കും കുട്ടികള്‍ക്കും അതെത്രത്തോളം വിഷമമുണ്ടാക്കുന്ന കാര്യമാണെന്ന് ചിന്തിച്ചുനോക്കൂ.'' ദുഃഖഭാവം മുഖത്തുവരുത്തി അദ്ദേഹം പറഞ്ഞു. അഭ്യര്‍ഥനയുടെ സ്വരത്തിലായിരുന്നു അദ്ദേഹം സംസാരിച്ചതത്രയും. എനിക്കദ്ദേഹത്തെ ഇടിക്കാന്‍ തോന്നി. ഞാനെന്തിന് അയാളുടെ ജോലിയെക്കുറിച്ചും ഭാര്യയെയും കുട്ടികളെയുംകുറിച്ച് ചിന്തിക്കണം. എന്റെ കുട്ടികള്‍ക്കും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സംഭവിക്കാന്‍ പോകുന്നതോര്‍ത്ത് എനിക്ക് ആശങ്കയില്ലേ?

ഞാന്‍ മിണ്ടാതിരുന്നപ്പോള്‍ അയാള്‍ വീണ്ടും തുടര്‍ന്നു: ''ശരിയാണ്. ഇങ്ങനെ ചെയ്യുന്നതു കൊണ്ട് നിനക്ക് ഒരു നേട്ടവും ഉണ്ടാകില്ല. എന്നാല്‍ അതിനു ഞങ്ങള്‍ നിന്നെ അനുവദിക്കില്ല. നിന്റെ മകളെ ഇവിടെ കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നുണ്ടോ?'' ഈ ഹൃദയശൂന്യരായ ആളുകളോട് തര്‍ക്കിച്ചിട്ട് യാതൊരു ഗുണവുമില്ലെന്ന് എനിക്കു മനസ്സിലായി. എനിക്കെതിരേ മൊഴി പറയാന്‍ കള്ളസാക്ഷികളെ ഉണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം. ഈ അപകടസ്ഥിതിയില്‍നിന്നും രക്ഷപ്പെടാന്‍ ഒരു വഴിയുമില്ലെന്ന് എനിക്കു മനസ്സിലായി. ഞാന്‍ തലയുയര്‍ത്തി അയാളെ നോക്കി. നേരത്തേതില്‍നിന്ന് ഒരു വാക്കുപോലും മാറ്റിപ്പറയില്ലെന്ന് ഞാന്‍ പറഞ്ഞു. അയാള്‍ എന്നെ പുറത്തേക്കു കൊണ്ടുപോയി. ചോദ്യംചെയ്യല്‍ മുറിയില്‍ അപ്പോഴും നിറയെ ആള്‍ക്കാരുണ്ടായിരുന്നു. ''ഇപ്പോഴിനി അവരോട് കൂടുതല്‍ ചോദ്യങ്ങള്‍ വേണ്ട. നിങ്ങളവരോട് ഉച്ചത്തില്‍ സംസാരിച്ചതിനാല്‍ അവരാകെ അസ്വസ്ഥയാണ്.'' അയാള്‍ മറ്റുള്ളവരോടു പറഞ്ഞു. തുടര്‍ന്ന് അവരെല്ലാം മുറിയില്‍നിന്ന് പുറത്തേക്കു പോയി. അപ്പോള്‍ അയാള്‍ എന്നോടു പറഞ്ഞു, ''വളരെ ഉച്ചത്തില്‍ സംസാരിക്കുന്നവരോട് തിരിച്ചു സംസാരിക്കരുത്''. എനിക്കെങ്ങനെ അതു ചെയ്യാന്‍ സാധിക്കുമെന്നോര്‍ത്ത് ഞാന്‍ അദ്ഭുതപ്പെട്ടു.

ഇന്ത്യന്‍ ജയിലില്‍ ഒരു (ചാര) വനിതയുടെ ജീവിതം

വനിതാ പൊലീസ് ഉദ്യോഗസ്ഥ അന്നത്തെ പത്രം വായിക്കുന്നതു കണ്ടു. പത്രത്തില്‍ ചന്ദ്രശേഖറിന്റെയും ശശികുമാറിന്റെയും ഫോട്ടോകളുണ്ട്. പൊലീസ് അവരെ അറസ്റ്റുചെയ്തിരുന്നു. ഒരുകഷണം തുണികൊണ്ട് ശശികുമാറിന്റെ മുഖം മറച്ചിരുന്നു. എനിക്ക് വളരെയധികം സങ്കടം തോന്നി. ഒരു കാരണവുമില്ലാതെയാണ് അവരെയും അറസ്റ്റ് ചെയ്തത്. ഞങ്ങളെ ഒരുപാട് സഹായിച്ചിട്ടുണ്ട് അവര്‍. അവരെന്താണ് ചിന്തിച്ചിട്ടുണ്ടാവുക എന്ന് ഞാനാലോചിച്ചു. മറിയം പറഞ്ഞ കള്ളക്കഥകളെക്കുറിച്ച് അവര്‍ക്കറിവുണ്ടാകില്ല. ഞാനവരെ മനപ്പൂര്‍വം പ്രശ്നത്തില്‍ ചാടിച്ചതാണെന്നാണ് അവര്‍ ചിന്തിച്ചിട്ടുണ്ടാകുക. അവരുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ജിലയെ ഉപദ്രവിക്കുമോ എന്നാലോചിച്ചപ്പോള്‍ എന്റെ ആധി പെരുകി.

അന്ന് വീണ്ടും എന്നെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചു. മുറിയില്‍ രണ്ടുപേരാണുണ്ടായിരുന്നത്. ഞാന്‍ കസേരയിലിരുന്നപ്പോള്‍, തന്നെ മനസ്സിലായോ എന്ന് ഒരു ഓഫീസര്‍ എന്നോടു ചോദിച്ചു. മനസ്സിലായില്ലെന്ന് ഞാന്‍ പറഞ്ഞു. എന്റെ പാസ്പോര്‍ട്ട് പരിശോധിക്കാന്‍ സമ്രാട്ട് ഹോട്ടലില്‍ വന്നത് അദ്ദേഹമാണെന്നു പറഞ്ഞു. ''പാസ്പോര്‍ട്ട് എനിക്ക് നല്‍കി നീയും മറിയവും കമ്മീഷണര്‍ ഓഫീസില്‍ മടങ്ങിയെത്തി. ഞാനോര്‍ക്കുന്നു അത്. നീ വളരെ കൗശലക്കാരിയാണ്.'' അദ്ദേഹം എന്നോടു പറഞ്ഞു: ''നിരപരാധിയായ മറിയത്തോട് ഞാന്‍ എല്ലാം ചോദിക്കുമ്പോള്‍ നീ ഒന്നുമറിയാത്തതുപോലെ ജനാലയിലൂടെ പുറത്തേക്കു നോക്കിയിരുന്നു. നിനക്ക് അക്കാര്യത്തില്‍ നല്ല പരിശീലനം കിട്ടിയിട്ടുണ്ട്. ഇന്ത്യയില്‍ വന്ന് ഇത്തരം പ്രവൃത്തികള്‍ ചെയ്തതില്‍ നിനക്ക് കുറ്റബോധം തോന്നുന്നില്ലേ? മുസ്ലിങ്ങളായതുകൊണ്ടാണോ പാകിസ്താനുവേണ്ടി നീ ചാരവൃത്തി നടത്തിയത്? പാകിസ്താനു വേണ്ടി ചാരവൃത്തി നടത്തുന്ന ഒരു മാലിദ്വീപ് പൗരനും ഇവിടെ കഴിയാനാവില്ല. എല്ലാവരെയും നാടുകടത്തും. ഈ പ്രായമായ നിന്നെ കൊന്ന് കടലിലെറിയും. ആരും ഒന്നുമറിയാന്‍ പോകുന്നില്ല.''

അവര്‍ എന്നെ ചോദ്യംചെയ്യാന്‍ വന്നതല്ല. എന്നെ ശകാരിക്കാന്‍ വന്നതാണ്. മതിവരുംവരെ അവരെന്നെ പരിഹസിച്ചു, ആക്രോശിച്ചു, ഭയപ്പെടുത്തി. പിന്നീടവര്‍ മുറിവിട്ടുപോയി. ഭയവും അപമാനവും എന്നെ കീഴ്പ്പെടുത്തി. അവര്‍ പോയപ്പോള്‍ വീണ്ടും എന്നെ ചോദ്യംചെയ്യല്‍ മുറിയിലേക്കു വിളിപ്പിച്ചു. നേരത്തേ ചോദ്യംചെയ്യാനെത്തിയിരുന്ന മുതിര്‍ന്ന ഓഫീസര്‍ എന്റെ സമീപമിരുന്നു. ''നിങ്ങള്‍ക്ക് ഈ സന്ദേശങ്ങള്‍ എവിടെനിന്നാണ് ലഭിച്ചത്. ഞങ്ങള്‍ക്ക് അതു കണ്ടെത്താനായില്ല. ഞങ്ങള്‍ക്കു കിട്ടിയ സന്ദേശം ഇതാണ്,'' എന്നു പറഞ്ഞ് ജിലയുടെ പാസ്പോര്‍ട്ടിന്റെയും സ്‌കൂള്‍ കത്തിന്റെയും ഫാക്സ് കോപ്പികള്‍ അദ്ദേഹം എന്നെ കാണിച്ചു. ''കള്ളം പറയരുത്. ഈ സന്ദേശങ്ങള്‍ അയച്ചത് എവിടെനിന്നാണ്?'' എനിക്കറിയില്ലെന്ന് ഞാനദ്ദേഹത്തോടു പറഞ്ഞു. എനിക്കൊരാള്‍ തന്നുവിടുകയായിരുന്നു അത്. അദ്ദേഹം ചോദ്യംചെയ്യല്‍ ആരംഭിച്ചു. ''1993 ഡിസംബര്‍ 28, 29 തീയതികളില്‍ നിങ്ങള്‍ തിരുവനന്തപുരത്തെ ഫൈവ് സ്റ്റാര്‍ ഹോട്ടലായ ഫോര്‍ട്ട് മേയറില്‍ താമസിച്ചിരുന്നില്ലേ? ആ സമയത്ത് നിങ്ങള്‍ക്കൊപ്പം ഒമ്പതു വയസ്സുള്ള പെണ്‍കുട്ടിയുമുണ്ടായിരുന്നു. ശരിയല്ലേ?'' ഞാന്‍ വീണ്ടും ഞെട്ടി. ഇതാ വീണ്ടും പുതിയ കഥകള്‍. ആ സമയത്ത് ഇന്ത്യയിലുണ്ടായിരുന്നില്ലെന്നും ശ്രീലങ്കയില്‍ രോഗബാധിതയായ സഹോദരിക്കൊപ്പമായിരുന്നുവെന്നും ഞാന്‍ പറഞ്ഞു. എംബസിയില്‍ ചോദിച്ചാല്‍ അതറിയാമെന്നും അങ്ങനെ സന്ദര്‍ശനത്തെക്കുറിച്ച് എന്റെ പാസ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹത്തോടു പറഞ്ഞു. ''ഒരുപാട് പാസ്പോര്‍ട്ട് കൈവശം വെക്കുന്നതിനാല്‍ നിങ്ങള്‍ ഏതിലാണ് ആ സമയം യാത്രചെയ്തത് എന്ന് എങ്ങനെ മനസ്സിലാക്കാന്‍ കഴിയും? കുറച്ചു ദിവസങ്ങള്‍ക്കുമുമ്പ് നിങ്ങള്‍ ഇന്ത്യയിലെത്തിയതിനെക്കുറിച്ചുപോലും എംബസിക്കറിയില്ല. ഞങ്ങളുടെ അടുത്ത് തെളിവുണ്ട്. നിങ്ങള്‍ കള്ളം പറയുകയാണ്.'' അതും പറഞ്ഞ് അവര്‍ എന്നെ മുറിയിലേക്കു തിരിച്ചുകൊണ്ടാക്കി.

അവിടെവെച്ച് വനിതാ പൊലീസ് ഓഫീസര്‍ അവരോടു സംസാരിച്ചു. എല്ലാ തെളിവുകളുമുണ്ടായിട്ടും ഈ സ്ത്രീ ഇപ്പോഴും കള്ളം പറയുകയാണെന്ന് അവരെന്നെ കളിയാക്കി. അധികകാലം നിങ്ങള്‍ക്ക് സത്യം മറച്ചുവെക്കാന്‍ കഴിയില്ലെന്ന് വനിതാ പൊലീസ് ഓഫീസര്‍ എന്നോടുപറഞ്ഞു. അന്ന് വൈകുന്നേരം എന്നെ വീണ്ടും ചോദ്യംചെയ്യാന്‍ വിളിപ്പിച്ചു. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാളായിരുന്നു അവിടെയുണ്ടായിരുന്നത്. കൂര്‍ത്ത ഹീലുള്ള ഷൂവും ടൈറ്റ് ഷര്‍ട്ടും പാന്റുമായിരുന്നു അദ്ദേഹം ധരിച്ചിരുന്നത്. കാതു തുളയ്ക്കുന്ന ശബ്ദത്തില്‍ അദ്ദേഹം എന്നോടു ചോദിച്ചു,''മുസ്‌ലിങ്ങളായതുകൊണ്ടാണോ നിങ്ങള്‍ ഇന്ത്യന്‍ രഹസ്യങ്ങള്‍ പാകിസ്താനു കൈമാറിയത്? നിങ്ങളുടെ രാജ്യവും പാകിസ്താനും തമ്മില്‍ അടുത്ത ബന്ധമാണോ? അതുകൊണ്ടാണോ

പാകിസ്താനി കാര്‍ട്ടൂണിനുവേണ്ടി നിങ്ങള്‍ ഈ കാര്യങ്ങളെല്ലാംചെയ്തത്?'' ചോദ്യം ചെയ്യലിലുടനീളം പാകിസ്താനി കാര്‍ട്ടൂണ്‍ എന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ''നിങ്ങളെ കാണാനും ഒരു കാര്‍ട്ടൂണ്‍ പോലെ യുണ്ട്,'' എന്നാണ് ഞാന്‍ അപ്പോള്‍ പ്രതികരിച്ചത്. അദ്ദേഹം ദേഷ്യത്തോടെ എന്റെ കസേര എടുത്തുപൊക്കി. ഞാന്‍ എഴുന്നേല്‍ക്കുന്നതിനുമുമ്പേ അദ്ദേഹം പിടിച്ചെഴുന്നേല്പിച്ചു. ഞാന്‍ പെട്ടെന്ന് കസേരയ്ക്കു പിന്നിലായി. അദ്ദേഹം ദേഷ്യംപിടിച്ച് മുറിയിലുടനീളം നടന്നു.

ഇന്ത്യന്‍ ജയിലില്‍ ഒരു (ചാര) വനിതയുടെ ജീവിതം

നവംബര്‍ 27

കോടതിയിലേക്കു പോകാനായി രാവിലെതന്നെ എല്ലാവരും റെഡിയായി. എന്നോടും തയ്യാറാകാന്‍ പറഞ്ഞു. ഒന്നരമണിക്കൂറിനകം ആ കറുത്ത വലിയ ബസ് ഞങ്ങളെയുംകൊണ്ട് വലിയൊരു കെട്ടിടത്തിലേക്കു പ്രവേശിച്ചു. കെട്ടിടത്തിന് അങ്ങിങ്ങായി പൂന്തോട്ടം വെച്ചുപിടിപ്പിച്ചിരുന്നു. ഗ്രൗണ്ടിന്റെ മധ്യത്തില്‍ നിലത്ത് പുല്‍ത്തകിടിയില്‍ സ്ത്രീയുടെ രൂപം കൊത്തിവെച്ചിരുന്നു. തിരുവനന്തപുരം നഗരത്തിന്റെ മധ്യത്തിലായിരുന്നു അത്. ഗ്രൗണ്ടിനോടു ചേര്‍ന്നുകിടക്കുന്ന മറ്റൊരു ഇരുനില ക്കെട്ടിടത്തിനടുത്ത് ബസ് നിര്‍ത്തി. മഴയുള്ള ദിവസമായിരുന്നു അത്. ഞങ്ങള്‍ പുറത്തിറങ്ങിയപ്പോഴും മഴപെയ്തു. കുടകള്‍ ചൂടി ഞങ്ങള്‍ കെട്ടിടം ലക്ഷ്യമാക്കി നടന്നു. താഴത്തെ നിലയിലെ സിറ്റിങ് മുറിയില്‍ വിവിധയിടങ്ങളിലായി എന്നെ ചോദ്യംചെയ്യാനായി നിരവധി ഉദ്യോഗസ്ഥര്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. എന്നെ മുകള്‍നിലയിലേക്കു കൊണ്ടുപോയി. അവിടെയും ഒരു സിറ്റിങ് റൂമുണ്ടായിരുന്നു. അവിടെയുണ്ടായിരുന്ന കസേരയില്‍ ഞങ്ങളോട് ഇരിക്കാന്‍ പറഞ്ഞു. സിറ്റിങ് മുറിയുടെ ഇരുഭാഗത്തും ബാല്‍ക്കണിയുണ്ടായിരുന്നു. അതിലൊന്ന് റോഡിന്റെ ഭാഗത്തേക്കായിരുന്നു. ബാല്‍ക്കണിയില്‍നിന്ന് നോക്കിയപ്പോള്‍ റോഡിലെ വാഹനങ്ങളുടെ തിരക്കു കണ്ടു. മുറികളിലേക്കുള്ള മൂന്നു വാതിലുകളും മുന്‍ഭാഗത്തുതന്നെയായിരുന്നു. കുറെ ഓഫീസര്‍മാര്‍ ഫയലുകളുമായി ഒരു മുറിയിലേക്കു കയറുന്നതും ഇറങ്ങുന്നതും ഞാന്‍ കണ്ടു. അവരെല്ലാം ഗോവണിവഴി കയറിപ്പോകുന്നത് ഒരേ മുറിയിലേക്കാണ്. ഇറങ്ങുന്നതും അതെ. ആ മുറിയില്‍ എന്താണ് സംഭവിക്കുന്നതെന്നോര്‍ത്ത് ഞാന്‍ അദ്ഭുതപ്പെട്ടു. എല്ലാവര്‍ക്കും ഒരാള്‍ ട്രേയില്‍ ചായ നല്‍കുന്നുണ്ട്. വനിതാ ഓഫീസര്‍മാര്‍ക്കു കൊടുത്തപ്പോള്‍ എനിക്കും കിട്ടി ഒരെണ്ണം. മൂന്നു മണിക്കൂറോളം ഞങ്ങളവിടെ ഇരുന്നു.

എന്നെ പതിവായി ചോദ്യം ചെയ്ത സംഘത്തിലെ രണ്ട് ഉദ്യോഗസ്ഥര്‍ അടുത്തേക്കു വന്നു. പണം കൊടുത്ത് എനിക്കെതിരേ സാക്ഷിമൊഴി കൊടുപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഉദ്യോഗസ്ഥനായിരുന്നു അതിലൊരാള്‍. റെക്കോര്‍ഡിങ്ങിനിടെ നമ്പി നാരായണന്റെയും രമണ്‍ ശ്രീവാസ്തവയുടെയും പേരുകള്‍ നിര്‍ബന്ധിച്ച് പറയിപ്പിച്ച ആളായിരുന്നു മറ്റേത്. ചോദ്യംചെയ്യല്‍ വേളയില്‍ ഞാനവരുടെ പേരു മറന്നപ്പോഴായിരുന്നു അത്. അവരുടെ കൈയില്‍ ഒരുകഷണം പേപ്പറുണ്ടായിരുന്നു. ഞങ്ങള്‍ നിങ്ങളെ ശശികുമാറിന്റെ മുന്നിലേക്കു കൊണ്ടുപോകുകയാണ്. അദ്ദേഹത്തിന്റെ മുന്നില്‍വെച്ച് നീ ഇങ്ങനെ പറയണം, എന്താണ് പറയേണ്ടതെന്ന് അവര്‍ വായിച്ചു തന്നു: ''1994 ജനുവരി 24-ന് മദ്രാസിലെത്തിയ ഞാന്‍ ചന്ദ്രശേഖറോട് അദ്ദേഹത്തിനായി കൊണ്ടുവന്ന പാര്‍സല്‍ വാങ്ങാന്‍ വരാന്‍ ആവശ്യപ്പെട്ടു. ശശികുമാറടക്കം കുറച്ചാളുകള്‍ക്കൊപ്പമാണ് അദ്ദേഹം എന്നെ കാണാന്‍ വന്നത്. ഒരു ചുവന്ന കാറില്‍ ചന്ദ്രശേഖര്‍ എന്നെ അദ്ദേഹത്തിന്റെ ഓഫീസിലേക്കു കൊണ്ടുപോയി. അന്ന് ശശികുമാര്‍ ഒരുപാട് ഫോട്ടോകളെടുത്തു. ഞാന്‍ അദ്ദേഹത്തിനു കൊടുത്ത ക്യാമറ ഉപയോഗിച്ചായിരുന്നു അതെല്ലാം എടുത്തത്. ശശികുമാറും നമ്പി നാരായണനും സമ്രാട്ട് ഹോട്ടലില്‍ നിരവധി ഫോട്ടോകളും ചാര്‍ട്ടുമായി എന്നെ കാണാന്‍ വന്നു. ഐഎസ്ആര്‍ഒയെ സംബന്ധിച്ചതായിരുന്നു അതെല്ലാം. ഞാന്‍ ശശികുമാറിന് 10,000 ഡോളര്‍ കൊടുത്തു.'' പറയേണ്ട കാര്യം മറന്നുപോകാതിരിക്കാന്‍ നിരവധി തവണ അത് അവരെന്നെ വായിച്ചു കേള്‍പ്പിച്ചു.

വീട്ടിലേക്ക് അതേ ബസ്സില്‍ ഞങ്ങള്‍ യാത്ര തുടര്‍ന്നു. തിരുവനന്തപുരത്തെത്തിയപ്പോള്‍ ആദ്യം എന്നെ താമസിപ്പിച്ചിരുന്ന വീട്ടിലേക്കായിരുന്നു കൊണ്ടുപോയത്. അവിടെവെച്ചായിരുന്നു മറിയം റഷീദയെ കണ്ടത്. വീട്ടിനുള്ളില്‍ കയറിയപ്പോള്‍ ഞാന്‍ ഭയന്നു വിറയ്ക്കാന്‍ തുടങ്ങി. സിറ്റിങ് മുറിയിലെ സോഫയില്‍ ഞാനിരുന്നു. എന്റെ കാലുകള്‍ തളര്‍ന്നതിനാല്‍ വേച്ചുവീഴുമെന്നു തോന്നി. ചോദ്യംചെയ്യല്‍ സംഘത്തിന്റെ തലവന്‍ എന്റെയടുത്തേക്കു വന്നു. എനിക്കെന്തു പറ്റിയെന്നു ചോദിച്ച അദ്ദേഹം ഒരു ചൂടുചായ കൊണ്ടുവരാന്‍ പറഞ്ഞു. ശശികുമാറിനെ കാണാന്‍ പോകുമ്പോള്‍ ഭയക്കുന്നത് എന്തിനെന്നു ചോദിച്ചു. ചായ കുടിക്കുന്നതിനിടെ ഞാനൊന്നും പറഞ്ഞില്ല. ചായ കുടിച്ചുകഴിഞ്ഞപ്പോള്‍ അദ്ദേഹത്തോടൊപ്പം ചെല്ലാന്‍ ആവശ്യപ്പെട്ടു. നേരത്തേ എന്നെ പാര്‍പ്പിച്ചിരുന്ന അതേ മുറിയിലായിരുന്നു ശശികുമാറും. എന്നാല്‍ അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞില്ല. എന്നോട് സംസാരിക്കാന്‍ ആവശ്യപ്പെട്ടു. വിറയാര്‍ന്ന ശബ്ദത്തില്‍ നേരത്തേ പറഞ്ഞു പഠിപ്പിച്ച കാര്യങ്ങള്‍ ഞാന്‍ ഉരുവിട്ടു. ശശികുമാര്‍ മനസ്സിലാക്കട്ടെ എന്നു കരുതി അവസാനം ഇതെല്ലാം മറിയം റഷീദ മനപ്പൂര്‍വം സൃഷ്ടിച്ച കഥകളാണെന്ന് ഞാന്‍ കൂട്ടിച്ചേര്‍ത്തു. എന്തിനാണ് അങ്ങനെ പറഞ്ഞതെന്ന് പൊലീസുകാരന്‍ ചോദിച്ചപ്പോള്‍ ഞാന്‍ ഒന്നും മിണ്ടാതെ നിന്നു. സംസാരം കഴിഞ്ഞപ്പോള്‍ എന്നെ ഒരു മുറിയുടെ വാതിലിനു മുന്നിലെത്തിച്ചു. ശശികുമാര്‍ ആ മുറിയിലുണ്ടായിരുന്നു. ആ മുറിയിലെ കസേരയിലിരിക്കുകയായിരുന്നു അദ്ദേഹം. എന്നെ ചൂണ്ടി ഓഫീസര്‍മാര്‍ ആരാണെന്ന് ശശികുമാറിനോടു ചോദിച്ചു. ഫൗസിയ ഹസനെന്ന് അദ്ദേഹം മറുപടി പറഞ്ഞു. ആ നേരം ഞാന്‍ വിറയ്ക്കുന്നുണ്ടായിരുന്നു. സത്യം പറയുന്നതിന് ഫൗസിയ എന്തിനാണ് വിറയ്ക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഭയം കൊണ്ടായിരിക്കുമല്ലേയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ശശികുമാറിന്റെ പരാമര്‍ശത്തിന് പൊലീസുകാര്‍ പറഞ്ഞ മറുപടി ഞാന്‍ കേട്ടില്ല. പെട്ടെന്ന് എന്നെ ചോദ്യംചെയ്ത ഉദ്യോഗസ്ഥര്‍ അദ്ദേഹത്തോട് ഒച്ചയെടുക്കുന്നതു കേട്ടു. ''ഫൗസിയ പറയുന്നത് സത്യമാണോ? മദ്രാസില്‍വെച്ച് ഈ വര്‍ഷം ജനുവരി 24-ന് നിങ്ങളവരെ കണ്ടിരുന്നോ?'' അന്നു താന്‍ ഓഫീസിലായിരുന്നുവെന്നും സംശയമുണ്ടെങ്കില്‍ ഓഫീസ് രേഖകള്‍ പരിശോധിച്ചുകൊള്ളൂവെന്നും അദ്ദേഹം പറഞ്ഞു. അതു പറഞ്ഞയുടന്‍ അദ്ദേഹത്തെ ഭയപ്പെടുത്താനെന്നോണം പൊലീസുകാരിലൊരാള്‍ ഇരുമ്പുവടികൊണ്ട് മേശയില്‍ ശക്തമായി ഇടിച്ചിട്ട് ചോദി ക്കുന്നതു കേട്ടു, ''നിങ്ങളോട് ഞാന്‍ ചോദിച്ചത് കണ്ടിരുന്നോ ഇല്ലയോ എന്നാണ്?'' അതു കള്ളമാണെന്ന് ശശികുമാര്‍ ഉച്ചത്തില്‍ പറയുന്നതു കേട്ടു. അതിനുശേഷം ഒരു ശബ്ദവും ഞാന്‍ കേട്ടില്ല. കുറച്ചു കഴിഞ്ഞ പ്പോള്‍ എന്നെ ബസ്സില്‍ കയറ്റി പഴയ സ്ഥലത്തേക്കു കൊണ്ടുപോയി.

ഞാനവിടെയുള്ള കസേരയിലിരുന്നു ഏറെ നേരം. പൊലീസുകാര്‍ നേരത്തേ കണ്ട മുറിയിലേക്ക് വന്നും പോയുമിരുന്നു. അവസാനം ആ മുറിയിലേക്കു കൊണ്ടുപോകാനുള്ള ഉത്തരവുമായി ഓഫീസര്‍മാര്‍ വന്നു. ഞാന്‍ ഇരുന്നിരുന്ന ആ മുറിയില്‍തന്നെയായിരുന്നു എനിക്ക് തങ്ങേണ്ടിവന്നത്. ഏതാണ്ട് 10 അടി അകലത്തിലുള്ള മേശയില്‍ മൂന്ന് ഓഫീസര്‍മാര്‍ എന്നെ ചോദ്യംചെയ്യാന്‍ തുടങ്ങി. നേരത്തേ ആള്‍ക്കൂട്ടത്തിനിടയില്‍ കണ്ടവരായിരുന്നു അവര്‍. അവരുടെ മുന്നിലുണ്ടായിരുന്ന ഫയലുകള്‍ തുറന്നു. ''നിങ്ങളെന്താണ് പറയുന്നത് ചന്ദ്രശേഖര്‍?'' മേശയിലിരുന്ന ഓഫീസര്‍മാരില്‍ ഒരാള്‍ ചോദിച്ചു. എനിക്ക് ചന്ദ്രശേഖറെ കാണാന്‍ കഴിഞ്ഞില്ല. മുറിക്കുള്ളിലുള്ള ടോയ്ലറ്റിലാണ് അദ്ദേഹത്തെ ഒളിപ്പിച്ചിരിക്കുന്നതെന്നാണ് ഞാന്‍ വിശ്വസിച്ചത്. എന്നാല്‍ മേശയിലിരിക്കുന്ന ഓഫീസര്‍മാര്‍ക്ക് ഞങ്ങളെ ഇരുവരെയും കാണാം. അപ്പോള്‍ ഞാന്‍ ചന്ദ്രശേഖറിന്റെ ശബ്ദം കേട്ടു, ''1994 ജനുവരി 24-ന് 25000 ഡോളറടങ്ങുന്ന പാര്‍സല്‍ വാങ്ങിക്കാനായി ഞാന്‍ ഫൗസിയയെ കാണാന്‍പോയി. ഡിസംബര്‍ 28, 29 തീയതികള്‍മുതല്‍ മേയോര്‍ ഹോട്ടലിലെ 301-ാം മുറിയിലായിരുന്നു ഫൗസിയ താമസിച്ചിരുന്നത്. അവര്‍ക്കൊപ്പം 10 വയസ് തോന്നിക്കുന്ന ഒരു പെണ്‍കുട്ടിയുമുണ്ടായിരുന്നു. നിരവധി തവണ അവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതെല്ലാം ആ ഹോട്ടലില്‍വച്ചായിരുന്നു.'' അതേക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന് എന്നോടു ചോദിച്ചു. കള്ളമായിരുന്നുവെന്നായിരുന്നു എന്റെ മറുപടി. എന്നാല്‍ ഞങ്ങളിപ്പോഴും കള്ളം പറയുകയാണെ ന്നായിരുന്നു പൊലീസുകാരുടെ അഭിപ്രായം. അതിനുശേഷം എന്നെ മുറിയില്‍നിന്നു പുറത്തേക്കു കൊണ്ടുപോയി. നേരത്തേ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് പ്രതികാരമായി ചന്ദ്രശേഖറും എന്നെക്കുറിച്ച് കള്ളക്കഥ പറഞ്ഞുണ്ടാക്കിയതാണെന്ന് എനിക്കു മനസ്സിലായി. എന്നെ തിരികെ പൊലീസ് കസ്റ്റഡിയിലേക്കു കൊണ്ടുപോയി.

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018