SPOTLIGHT

ബിജെപിയുടെ അജണ്ടയില്‍ വീണത് ആരൊക്കെ? ശബരിമല സമരത്തിലെ അന്തര്‍നാടകത്തിലെ അഭിനേതാക്കള്‍ ഇവരെല്ലാം 

മതകാര്യത്തെ രാഷ്ട്രീയമായി പരുവപ്പെടുത്താന്‍ സാധിക്കുന്ന ഏറ്റവും അനുയോജ്യമായ അന്തരീക്ഷം നോക്കിയിരിക്കുകയായിരുന്നു കേരളത്തിലെ ബിജെപി. ശബരിമല വിധി അതിന് പറ്റിയതാണെന്ന് തിരിച്ചറിഞ്ഞതോടെ അവര്‍ അജണ്ടകള്‍ തീരുമാനിച്ചു. ആ അജണ്ടയെ അറിഞ്ഞും അറിയാതെയും സഹായിച്ചവരുണ്ട്.

ശബരിമലയില്‍ തുലാവര്‍ഷ പൂജയ്ക്ക് നടതുറന്നപ്പോള്‍ അരങ്ങേറിയ സംഘര്‍ഷങ്ങളും തന്ത്രിയുടെ നടഅടച്ചിടല്‍ പ്രഖ്യാപനവുമെല്ലാം ബിജെപിയുടെ ഗൂഢാലോചനയെന്ന് വെളിവാക്കുന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ്ശ്രീധരന്‍പിള്ളയുടെ സംഭാഷണം പുറത്ത് വന്നിരിക്കുകയാണ്. നമ്മള്‍ മുന്നോട്ട് വെച്ച അജന്‍ഡയില്‍ ഓരോരുത്തരായി വീണുവെന്ന് പാര്‍ട്ടി പ്രവര്‍ത്തകരെ ആവേശത്തോടെ അറിയിക്കുകയും ചെയ്തു ശ്രീധരന്‍പിള്ള. ആരൊക്കെയാണ് ബിജെപിയുടെ അജന്‍ഡയില്‍ വീണത്?

1. രമേശ് ചെന്നിത്തല

ശബരിമലയില്‍ പ്രായഭേദമന്യേ ഏത് സ്ത്രീകള്‍ക്കും പ്രവേശിക്കാം എന്ന വിധി സുപ്രീം കോടതി പുറപ്പെടുവിച്ചപ്പോള്‍ സ്വാഗതം ചെയ്യുകയാണ് എഐസിസി ചെയ്തത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അതുതന്നെ ചെയ്തു. വിധി ഏതായാലും അനുസരിക്കുക മാത്രമാണ് മാർഗമെന്നായിരുന്നു ചെന്നിത്തലയുടെ ആദ്യ പ്രതികരണം.

എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം പിന്നീട് വിധിയെ തള്ളിക്കളയുന്ന നിലപാടാണ് സ്വീകരിച്ചത്. പ്രത്യേകിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലായിരുന്നു കോണ്‍ഗ്രസ് വിധിക്കെതിരായി അണിനിരന്നത്. വിടി ബല്‍റാമുംവിഡി സതീശടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വിധിക്കനുകൂലമായി നിന്നപ്പോള്‍ ആ അഭിപ്രായത്തെ തള്ളി ബിജെപിയുടെ രാഷ്ട്രീയ അജണ്ടക്കൊപ്പം കോണ്‍ഗ്രസിനെയും ചേര്‍ത്ത് നിര്‍ത്തിയത് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ളവരാണ്. ബിജെപിക്കൊപ്പം പോവാതിരുന്ന കേരളത്തിലെ വിശ്വാസികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ബിജെപിയും ആര്‍എസ്എസും സംഘടിപ്പിച്ച നാമജപഘോഷയാത്രകളില്‍ അണിനിരത്തിയത് രമേശ് ചെന്നിത്തലയെടുത്ത നിലപാടാണ്. ഇങ്ങനെ അണിനിരന്ന ആളുകള്‍ ഇനി തിരിച്ച് കോണ്‍ഗ്രസ് പാളയത്തിലേക്ക് തിരികെ വരുമോ എന്ന് കണ്ട് തന്നെ അറിയണം. ഈ പ്രവര്‍ത്തകര്‍ തിരികെ വന്നില്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്വം രമേശ് ചെന്നിത്തലയുടെ മേല്‍ തന്നെയായിരിക്കും ചരിത്രം ചാര്‍ത്തുക.

2. കെ സുധാകരന്‍

രമേശ് ചെന്നിത്തല വിശ്വാസികളെ അണിനിരത്തി സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധിക്കും എന്ന് വാക്കുകളിലൂടെ പറഞ്ഞപ്പോള്‍ കുറച്ചു കൂടി കടുത്ത ഭാഷയിലായിരുന്നു സുധാകരന്റെ പ്രതികരണം. കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ശക്തമായ രീതിയില്‍ പ്രതികരിക്കാന്‍ ആവശ്യപ്പെട്ടായിരുന്നു സുധാകരന്റെ പ്രസംഗങ്ങള്‍. പുരോഗമനകാരിയും ശാസ്ത്രവിശ്വാസിയുമായ നെഹ്‌റുവിന്റെ പ്രസ്ഥാനത്തിന്റെ ഇപ്പോഴത്തെ നേതാവായ സുധാകരന്‍ ആര്‍ത്തവമുള്ള സ്ത്രീകള്‍ അശുദ്ധിയുള്ളവരാണെന്ന് പ്രഖ്യാപിച്ചു. ആര്‍എസ്എസ് നേതാക്കളുടെ ഭാഷയില്‍ കോണ്‍ഗ്രസ് വേദികളില്‍ ഇതേ തരത്തിലുള്ള പ്രയോഗങ്ങള്‍ നടത്തി. പ്രവര്‍ത്തകരോട് ആര്‍എസ്എസ് സംഘടിപ്പിക്കുന്നതടക്കം ഏത് വേദികളിലും പോയി വിധിക്കെതിരെ പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്തു. ആര്‍എസ്എസ് രീതികളുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അടുപ്പമുണ്ടാക്കാന്‍ ഈ ആഹ്വാനങ്ങള്‍ സഹായിച്ചു. ചെന്നിത്തലയുടെ കാര്യത്തില്‍ പറഞ്ഞത് പോലെ കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആര്‍എസ്എസ് കൂടാരങ്ങളില്‍ കൊണ്ട് പോയി കെട്ടിയ നേതാവായി തന്നെയാവും സുധാകരനെ കാലം വിലയിരുത്തുക.

3. ജി രാമന്‍നായര്‍

മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് പ്രസിഡണ്ടും കെപിസിസി നിര്‍വാഹക സമിതി അംഗവുമായിരുന്നു ജി രാമന്‍നായര്‍. വിധിക്കൊപ്പമല്ല വിധിക്കെതിരാണെന്ന് കോണ്‍ഗ്രസ് നിലപാടെടുത്തിട്ടും മതിയാവാതെ വന്ന നേതാവ്. ബിജെപി സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്യാന്‍ ഈ മുന്‍ കോണ്‍ഗ്രസ് നേതാവ് തയ്യാറായി. ഇതോടെ കോണ്‍ഗ്രസില്‍ നിന്ന് പുറത്തായി. പുറത്തായ രാമന്‍നായര്‍ക്ക് യാതൊരു സങ്കോചവുമില്ലായിരുന്നു ബിജെപിയില്‍ ചേരാന്‍. ബിജെപിയില്‍ ചേര്‍ന്ന രാമന്‍നായര്‍ക്ക് സംസ്ഥാന ഉപാദ്ധ്യക്ഷ സ്ഥാനം തന്നെ നല്‍കാനും തയ്യാറായി. ഇനിയും ഒരുപാട് രാമന്‍നായര്‍മാര്‍ കോണ്‍ഗ്രസിലുണ്ടെന്നാണ് ബിജെപി കരുതുന്നത്.

4. ജി സുകുമാരന്‍നായര്‍

സ്വതവേ കോണ്‍ഗ്രസ് അനുകൂലമായ നിലപാടാണ് എന്‍എസ്എസ് എക്കാലവും സ്വീകരിച്ചിരുന്നത്. ബിജെപി അജണ്ടയുമായി മന്നം സമാധിയി സന്ദര്‍ശിക്കാനെത്തിയ സുരേഷ് ഗോപിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച ചരിത്രമുണ്ട് എന്‍എസ്എസിന്. പക്ഷെ കേരളം പിടിക്കാന്‍ ബിജെപി കണ്ടെത്തിയ ഈ അജണ്ടയില്‍ എന്‍എസ്എസിന്റെ ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറി കൊത്തുക തന്നെ ചെയ്തു. ശബരിമല വിധി നടപ്പാക്കരുത് എന്നാവശ്യപ്പെട്ട് സംഘപരിവാര്‍ നാമജപേേഘാഷയാത്രകളില്‍ എന്‍എസ്എസ് പങ്കാളിത്തം ഉറപ്പ് വരുത്തി. സുപ്രീം കോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കി. കോണ്‍ഗ്രസ് അനുകൂല നിലപാടെടുത്തിരുന്ന കുടുംബങ്ങളെ ആര്‍എസ്എസ് ബന്ധമുള്ളതാക്കാന്‍ ഇത്തരം നീക്കങ്ങള്‍ സഹായിച്ചിട്ടുണ്ട്. സുകുമാരന്‍ നായര്‍ വിചാരിച്ചാല്‍ പോലും ആര്‍എസ്എസ് പാളയത്തില്‍ നിന്ന് ഈ കുടുംബങ്ങളെ തിരികെ കൊണ്ടുവരല്‍ എളുപ്പമാവില്ല.

5. പ്രയാര്‍ ഗോപാലകൃഷ്ണന്‍

ജനകീയ ബന്ധങ്ങളുള്ള മുഖങ്ങളുടെ കുറവുള്ള ബിജെപിക്ക് വീണുകിട്ടിയ ഒരു മുഖമായിരുന്നു മുന്‍ തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡണ്ടും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രയാര്‍ ഗോപാലകൃഷ്ണന്റേത്. ബിജെപി ഉയര്‍ത്തിയ വാദങ്ങള്‍ തന്നെയാണ് പ്രയാര്‍ ഗോപാലകൃഷ്ണനും പറഞ്ഞത്. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള പ്രയാറും ബിജെപിയുടെ വാദങ്ങള്‍ ആവര്‍ത്തിച്ചതോടെ വിശ്വാസികള്‍ക്കിടയില്‍ വലിയ തെറ്റിദ്ധാരണയാണ് ഉണ്ടായത്. കോണ്‍ഗ്രസുകാരനായാണ് പ്രയാര്‍ ഇക്കാര്യങ്ങളെല്ലാം പറഞ്ഞതെങ്കിലും ഗുണം ചെയ്തത് ബിജെപിക്കാണ്.

6. തന്ത്രി കണ്ഠര് രാജീവര്

വിശ്വാസികള്‍ക്കിടയില്‍ രാഷ്ട്രീയത്തിന് അതീതമായ സ്ഥാനമാണ് തന്ത്രിമാര്‍ക്ക്. ശബരിമല തന്ത്രികുടുംബത്തിന് മറ്റെല്ലാ തന്ത്രിമാരില്‍നിന്ന് വ്യത്യസ്തമായി കൂടുതല്‍ ഔന്നത്യം വിശ്വാസ സമൂഹം കല്‍പ്പിച്ചിരുന്നു. രാഷ്ട്രീയമായിരുന്നില്ല വിശ്വാസവുമായി ബന്ധപ്പെടുത്തിയായിരുന്നു ഈ സ്ഥാനം. അതിലാണ് ഇപ്പോള്‍ ഇടര്‍ച്ച സംഭവിച്ചത്. ബിജെപിയുടെ രാഷ്ട്രീയ അജണ്ടയ്‌ക്കൊപ്പം തന്ത്രവിദ്യകളെ വ്യാഖ്യാനം ചമയ്ക്കുകയാണ് ശബരിമല തന്ത്രികുടുംബം ചെയ്യുന്നതെന്ന സ്ഥിതി ഇപ്പോഴുണ്ടാകുന്നു. ശബരിമലയില്‍ തന്ത്രിക്കും പൗരോഹിത്യത്തിനും മേല്‍ക്കൈ നേടാനുള്ള ശ്രമങ്ങള്‍ എല്ലാകാലവും തന്ത്രിമാര്‍ ചെയ്തിട്ടുണ്ട്. വിശ്വാസ സമൂഹം അതില്‍ ഉത്കണ്ഠപ്പെട്ടിരുന്നില്ല. ഇത്തവണ ആ വിശ്വാസത്തിലേക്ക് ബിജെപിയുടെ രാഷ്ട്രീയ അജണ്ടയെ ആവാഹിക്കുകയാണ് തന്ത്രി കണ്ഠര് രാജീവര് ചെയ്തത്. വിശ്വാസികളുടെ തന്ത്രി എന്ന ഔന്നത്യത്തില്‍നിന്ന് ബിജെപിയുടെ രാഷ്ട്രീയതന്ത്രി എന്ന നിലയിലേക്ക് പതിച്ചു എന്നതാണ് കോടതി വിധിക്കെതിരായ രാഷ്ട്രീയ പ്രക്ഷോഭത്തിന്റെ ഭാഗമായതിലൂടെ തന്ത്രികുടുംബം ചെയ്തത്. ക്ഷേത്രം അടച്ചിടുമെന്ന ഭീഷണിവരെ തന്ത്രിയില്‍നിന്ന് ഉണ്ടായി. അതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം ഉണ്ടായിരുന്നുവെന്ന് ശ്രീധരന്‍പിള്ളയുടെ യുവമോര്‍ച്ച വേദിയിലെ തുറന്നുപറച്ചിലിലൂടെ വ്യക്തമാവുകയും ചെയ്തു. ബിജെപിയുടെ കെണിയില്‍വീണ തന്ത്രികുടുംബത്തിന്റെ നിലപാടകുള്‍ ശബരിമലയിലെ മറഞ്ഞുകിടന്ന പല ചരിത്രവസ്തുതകളെയും പുറത്തെത്തിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനും മലയരയ സഭ, കെപിഎംഎസ്, ചരിത്രകാരന്‍മാര്‍ എന്നിവര്‍ തന്ത്രികുടുംബത്തിന്റെ ചരിത്രം പറയാന്‍ ആരംഭിച്ചു. തന്ത്രി കുടുംബത്തിന് ശബരിമല ക്ഷേത്രവുമായി വളരെ കുറഞ്ഞ കാലത്തെ ബന്ധം മാത്രമേയുള്ളൂ എന്നും മലയരയസമുദായത്തിന്റെ അവകാശങ്ങള്‍ പിടിച്ചെടുത്തതാണെന്ന വാദങ്ങള്‍ രേഖകള്‍ സഹിതം ഉയര്‍ന്നുവന്നു. തന്ത്രികുടുംബത്തിലെ ഒരംഗത്തിനെതിരെ ഉണ്ടായ വ്യഭിചാരക്കുറ്റം പോലും വീണ്ടും ഉയർന്നുവന്നു.

നേരത്തെ സമൂഹത്തിലെ അധികം പേര്‍ക്കും അറിയാതെയിരുന്ന പല വിവരങ്ങളും ഉയര്‍ന്നത് തന്ത്രി കണ്ഠര് രാജീവര് ബിജെപി അനുകൂല നിലപാട് സ്വീകരിച്ചപ്പോഴായിരുന്നു.

7. ശശികുമാര വര്‍മ

സെക്രട്ടറിയേറ്റ് അസിസ്റ്റന്റായി ജോലി ചെയ്തിട്ടുള്ള ആളായിരുന്നു പന്തളം മുന്‍രാജകുടുംബാംഗം ശശികുമാര വര്‍മ്മ. ഇടതുപക്ഷ ഭരണകാലത്ത് മന്ത്രിമാരുടെ അസിസ്റ്റന്റ് ആയി ജോലി ചെയ്തിട്ടുണ്ട്. പൊതുവേ ഇടതുപക്ഷത്തോട് അനുകൂലമായി നിലപാടെടുത്തിരുന്ന ശശികുമാര വര്‍മ്മ സുപ്രീം കോടതി വിധിയ്ക്ക് എതിരായ നിലപാടാണ് സ്വീകരിച്ചത്. ബിജെപിയും ആര്‍എസ്എസും ഉയര്‍ത്തിയ വാദങ്ങള്‍ തന്നെയാണ് ശശികുമാര വര്‍മ്മയും സ്വീകരിച്ചത്. ഇപ്പോഴും മുന്‍ പന്തളം രാജകുടുംബത്തിന് തന്നെയാണ് ശബരിമല ക്ഷേത്രത്തിന്റെ അവകാശം എന്ന് വരെ പറഞ്ഞു കളഞ്ഞു. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം ബോര്‍ഡ് അംഗങ്ങളും വരെ ശശികുമാര വര്‍മ്മക്കെതിരെ രംഗത്ത് വന്നു. ആന്ധ്രയില്‍ നിന്ന് കച്ചവടത്തിനായി വന്ന് രാജകുടുംബമായി മാറിയ ചരിത്രമാണ് ഉള്ളതെന്ന് പറഞ്ഞു. പണം വാങ്ങി ശബരിമല ക്ഷേത്രവും മറ്റ് അവകാശങ്ങളും തിരുവിതാംകൂറിന് വിറ്റിരുന്നു, പന്തളം മുന്‍ രാജകുടുംബം ഉണ്ടെന്ന് പറയുന്ന കവനന്റ് നിയമപരമായി നിലനില്‍ക്കില്ല എന്നൊക്കെയും ഇവര്‍ മറുപടി പറഞ്ഞു. പന്തളം രാജകുടുംബത്തിന്റെ ആര്‍ക്കും അറിയാതിരുന്ന ചരിത്രം പുറത്ത് വരാന്‍ ശശികുമാര വര്‍മ്മയുടെ നിലപാടുകള്‍ കാരണമായിട്ടുണ്ട്.

8. തുഷാര്‍ വെള്ളാപ്പള്ളി

സവര്‍ണ്ണരുടെ ആവശ്യങ്ങള്‍ വരുമ്പോള്‍ മാത്രം എല്ലാവരും ഹിന്ദു അല്ലാത്തപ്പോള്‍ ജന്തു എന്നായിരുന്നു ബിജെപിയുടെയും മുന്നാക്ക സമുദായത്തിന്റെയും ശബരിമല പ്രക്ഷോഭത്തോടുള്ള എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെല്ലാപ്പള്ളി നടേശന്റെ പ്രതികരണം. ബിജെപിക്ക് രാഷ്ട്രീയമായ കനത്ത തിരിച്ചടിയായിരുന്നു വെള്ളാപ്പള്ളിയുടെ നിലപാട്. വെള്ളാപ്പള്ളി ഈ നിലപാട് സ്വീകരിച്ചതോടെ ഈഴവ സമുദായത്തെ മുഴുവന്‍ സമരത്തോടൊപ്പം അണിനിരത്താം എന്ന ബിജെപിയുടെ സ്വപ്‌നത്തിനും തിരിച്ചടിയേറ്റു. ഇതിന്റെ കോട്ടം തീര്‍ക്കാനാണ് തുഷാര്‍ വെള്ളാപ്പള്ളിയെ ബിജെപി ഉപയോഗപ്പെടുത്തിയത്. വെള്ളാപ്പള്ളി രാഷ്ട്രീയ-സാമൂഹിക ചരിത്രപശ്ചാത്തലം ചേര്‍ത്തുവെച്ച് ബിജെപിയുടെ രാഷ്ട്രീയലക്ഷ്യത്തെ സമീപിച്ചപ്പോള്‍ തുഷാര്‍ ബിജെപിയുടെ അജണ്ടയ്ക്ക് നിരായുധനായി കീഴടങ്ങുകയായിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018