SPOTLIGHT

ഇന്ത്യന്‍ യുവത്വം ക്ഷുഭിതമാണ്...; ‘ദ ഫെര്‍മെന്റ്’ അടയാളപ്പെടുത്തുന്ന അതിജീവന പോരാട്ടങ്ങള്‍  

സമീപകാലത്ത് വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്നുവന്ന യുവസമരങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സാമൂഹിക രാഷ്ട്രീയ സാഹചര്യത്തെ വിശകലനം ചെയ്യുന്ന നിഖില ഹെന്റിയുടെ ഫെമര്‍മന്റ്: യൂത്ത് അണ്‍റസ്റ്റ് ഇന്‍ ഇന്ത്യ’ എന്ന പുസ്തകത്തിന്റെ റിവ്യൂ.

ലോകത്തിന്റെ പല ഭാഗങ്ങളില്‍, പല കാലങ്ങളിലായി യുവതലമുറ ഭരണകൂടങ്ങളുടെ നയങ്ങള്‍ക്കെതിരെ ശക്തമായി പോരാടിയതിന് ചരിത്രം സാക്ഷിയാണ്. ഇന്ത്യന്‍ യുവതയുടെ കാര്യവും വൈരുദ്ധ്യമല്ല. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ഒന്നര പതിറ്റാണ്ട് കഴിഞ്ഞു നീങ്ങുമ്പോള്‍ ഇന്ത്യന്‍ യുവത രാജ്യത്തിന്റെ ഫോക്കസ് ആയി മാറുകയാണ്. സര്‍വ്വകലാശാലകള്‍ക്കകത്തും പുറത്തും യുവാക്കള്‍ ഭരണകൂടത്തോട് കൊമ്പുകോര്‍ക്കുമ്പോള്‍ അത് കാണതെ പോവുന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഭാവിക്ക് മുമ്പില്‍ കണ്ണ്കെട്ടി നില്‍ക്കുന്നത് പോലെയാവും. ഹിന്ദുത്വ തീവ്രത നെഞ്ചേറ്റി മുന്നേറുന്ന ഒരു കൂട്ടം മറുവശത്തുണ്ടെന്നത് മറക്കുന്നില്ല.

നിഖില ഹെന്റി തൂലിക ചലിപ്പിക്കുന്നത് ഈയൊരു അന്തരീക്ഷത്തെ അടയാളപ്പെടുത്താനാണ്. ഇന്ത്യയിലെ അനേകായിരം ജീവിതങ്ങളുടെ നീണ്ട നിരയില്‍ നിന്നും ചില ജീവിതങ്ങളെ അതുപോലെ പകര്‍ത്തുകയാണ് തന്റെ ആദ്യ പുസ്തകമായ 'ദ ഫെര്‍മെന്റ്: യൂത്ത് അണ്‍റസ്റ്റ് ഇന്‍ ഇന്ത്യ'യില്‍ നിഖില ചെയ്യുന്നത്.

രോഹിത് വെമുലയായിരിക്കും പുസ്തകത്തിന്റെ സെന്റര്‍ എന്നു കരുതിയിരുന്നെങ്കിലും മറ്റൊരു ലോകം തന്നെ തുറക്കുന്നുണ്ട് പുസ്തകം. രോഹിത് വെമുല തീര്‍ച്ചയായും ഇന്ത്യന്‍ കലാലയങ്ങള്‍ക്കകത്തും പുറത്തുമുള്ള യുവ പോരാട്ടങ്ങള്‍ക്ക് ഒരു ഉല്‍പ്രേരകം തന്നെ ആയിരുന്നു. രോഹിതിന് ശേഷം അല്ല പല സമരങ്ങളും തുടങ്ങുന്നത്. രോഹിതിന്റെ കൊലപാതകപാതകത്തോടെ ഒരു ഊര്‍ജ്ജം കൈവരികയായിരുന്നു. ഇന്ത്യയുടെ പലപല ഭാഗങ്ങളിലായി അതിന്റെ പ്രകമ്പനങ്ങലുണ്ടായി. ഇന്ത്യയുടെ പല ഭാഗങ്ങളിലായി നടന്ന അഥവാ നടന്നു കൊണ്ടിരിക്കുന്ന സമരങ്ങളെയും അടയാളപ്പെടുത്തുന്നു എന്നത് തന്നെയാണ് നിഖിലയുടെ 'ഫെര്‍മെന്റിനെ വ്യത്യസ്തമാക്കുന്നതും. താന്‍ എന്ന വൃത്തത്തിലേക്ക് കീഴാള ജീവിതങ്ങളെയോ യുവ തലമുറയെയോ കൊണ്ടു വരുന്നതിന് പകരം ഒരു കേള്‍വിക്കാരിയപ്പോലെ പല ജീവിതങ്ങളെ കേട്ടെഴുത്ത് നടത്തുകയാണ് നിഖില ചെയ്യുന്നത്. സ്വന്തം നിര്‍വചനങ്ങളെക്കാള്‍ ഒരു യുവ തലമുറയുടെ അഭിപ്രായങ്ങളും ആശയങ്ങളും അടയാളപ്പെടുത്തുമ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയ ഭൂപടത്തില്‍ ഒരു അനിവാര്യതയാവുന്നു ഫെര്‍മെന്റ്.

വ്യത്യസ്തമായ സംഭവങ്ങളിലൂടെ, പല ജീവിതങ്ങളിലൂടെ നിഖില നടത്തുന്ന യാത്ര മനോഹരമാവുന്നത് കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ കൊണ്ടു മാത്രമല്ല. ഭാഷ അത്രയും ലളിതവും മനോഹരവും കൂടിയാണ്. ഇത് പോരാട്ടങ്ങളുടെ കഥയാണ്. സ്വാതന്ത്ര്യത്തിനും, സ്വാഭിമാനത്തിനും വേണ്ടിയുള്ള പോരാട്ടങ്ങളുടെ കഥ.

പലപ്പോഴും അതിജീവനം തന്നെയാണ് പോരാട്ടം. ജാതീയതെയും വംശീയതയെയും നേരിടുന്ന ഒരു വലിയ യുവജനക്കൂട്ടം ഇന്ത്യയുടെ പല ഭാഗങ്ങളില്‍ ഉണര്‍ന്നിരിക്കുന്നു എന്ന പ്രഖ്യാപനം കൂടിയാണ് ഈ പുസ്തകം.

ഇന്ത്യന്‍ യുവത ഇന്നനുഭവിക്കുന്ന പല പ്രശ്നങ്ങളിലേക്കും ഫെര്‍മെന്റ് അന്വേഷണം നടത്തുമ്പോള്‍ ജാതീയതയും വംശീയതയുമാണ് എല്ലാത്തിന്റെയും ഉള്ളടക്കം എന്നത് വ്യക്തമാവുന്നു. 'മെയ്ക്ക് ഇന്‍ ഇന്ത്യയുടെ റിസല്‍റ്റ് വലിയൊരു വിഭാഗം യുവാക്കളുടെ തൊഴിലില്ലായ്മയിലേക്കാണ് എത്തിച്ചത്. കണക്കുകള്‍ വെച്ചു തന്നെ നിഖില അതിനെ വിശദീകരിക്കുന്നു. ഹൈദരാബാദ് വാഗ്ദാനം ചെയ്ത ഐ.ടി ശൃംഖല സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന യുവാക്കളുടെ തോളില്‍ വലിയ ഭാരമാണ് കയറ്റി വെച്ചത്. പക്ഷെ, പഠനം പൂര്‍ത്തിയായിട്ടും ഐ.ടി. സെക്ടര്‍ ഈയൊരു വിഭാഗത്തിന്റെ സ്വപ്ന സാക്ഷാല്‍ക്കാരത്തിന് പുറം തിരിഞ്ഞാണ് നിന്നത്. മോഡി വിഭാവനം ചെയ്ത ഇന്ത്യന്‍ പുരോഗതിയുടെ പൊള്ളത്തരങ്ങള്‍ മറ നീക്കി കാണിച്ചു തരുന്നുണ്ട് നിഖില. കണക്കുകളേക്കാള്‍ അത് ഹൃദയസ്പര്‍ശിയാവുന്നത് ഇരകളാക്കപ്പെട്ട ജീവിതങ്ങളുടെ വാക്കുകളിലൂടെ തന്നെ വരച്ചിടുന്നതിലൂടെയാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും താരതമ്യേന മെച്ചപ്പെട്ട കൂലി പ്രതീക്ഷിച്ച് കേരളത്തിലേക്ക് വന്ന മുസ്ലിം യുവാവിന്റെയും മുംബൈയില്‍ പഠനത്തിന്റെ സാമ്പത്തിക ബാധ്യതയെ അതിജയിക്കാന്‍ ബാര്‍ ഡാന്‍സറായി സമ്പാദിക്കുന്ന യുവതിയുമൊക്കെ പുസ്തകത്തോട് പറയുന്ന ജീവിത കഥകള്‍ ഈയൊരു 'ഇന്ത്യന്‍ പുരോഗതിയുടെ മറുവശങ്ങളാണ്. മറ്റനേകം 'പറച്ചിലുകളും' വിഷയത്തിന്റെ തീവ്രത കൂട്ടുന്നു.

ഭരണകൂട ഭീകരതയും പുസ്തകത്തിന്റെ വലിയൊരു ഭാഗമാകുന്നുണ്ട്. ചത്തീസ്ഖഢിലെ മാവോയിസ്റ്റ് വേട്ടയുടെ അനന്തര ഫലങ്ങളും മണിപ്പൂരിലും കശ്മീരിലും ഇന്ത്യന്‍ ഭരണകൂടം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ഭീകരതകളും വിശദമായി പറയുന്നുണ്ട് പുസ്തകത്തില്‍. അവരവരുടെ വാക്കുകളിലൂടെയാവുമ്പോള്‍ പുസ്തകത്തിന്റെ അകക്കാമ്പിന് കൂടുതല്‍ ശക്തി പകരുന്നു. കശ്മീരിലായാലും മണിപ്പൂരിലായാലും ഇന്ത്യന്‍ യുവത്വത്തിന്റെ പോരാട്ടങ്ങള്‍ അതിശക്തം തന്നെയാണ്. രോഹിതിനെപ്പോലെ തന്നെ പുസ്തകത്തില്‍ കൊല്ലപ്പെട്ട കശ്മീരിയന്‍ സിവിലിയന്‍ ബുര്‍ഹാന്‍ വാനിയും പ്രസക്തമാവുന്നുണ്ട്.

നമ്പര്‍ 1 നാട്യത്തില്‍ പെരുപ്പിച്ചു കാട്ടുന്ന കേരളം കൊന്ന വിനായകനും വീട്ടുതടങ്കലില്‍ അടക്കപ്പെട്ട ഹാദിയയും ഭരണകൂട ഭീകരതയുടെ നീണ്ട നിരയില്‍ ഒരു ഭാഗമാവുന്നു.

ഇന്ത്യന്‍ ക്യാമ്പസുകളില്‍ ഈയിടെ ഉയര്‍ന്നു വന്നിട്ടുള്ള മുദ്രാവാക്യങ്ങള്‍ പല കാരണങ്ങളാല്‍ വ്യത്യസ്തമാവുകയും നിലവിലുള്ള മുദ്രാവാക്യങ്ങളുടെയും ആശയങ്ങളുടെയും അടിത്ത ഇളക്കുന്നതില്‍ നിമിത്തമായിട്ടുമുണ്ട്. കഴിഞ്ഞ വര്‍ഷം ഹൈദരാബാദ് സര്‍വ്വകലാശാലാ പഠന കാലത്ത്, മുസ്ലിം വിദ്യാര്‍ത്ഥികളില്‍ നിന്നും ഉയര്‍ന്നു വന്ന മുദ്രാവാക്യങ്ങള്‍ ചില കോലാഹലങ്ങള്‍ സൃഷ്ടിച്ചതും ഓര്‍മയില്‍ വരുന്നു. പുസ്തകത്തില്‍ മുദ്രാവാക്യങ്ങളെ വിശദീകരിച്ച് എഴുതുമ്പോള്‍ കൃത്യമായ വിശകലനങ്ങളിലൂടെ വായനക്കാരന്‍/ വായനക്കാരി സഞ്ചരിക്കുന്നു. ആത്മാഭിമാനവും സ്വാതന്ത്ര്യവും ആണ് ഈ മുദ്രാവാക്യങ്ങളുടെ മുഖമുദ്ര.

ഇന്ത്യയിലെ പല യൂണിവേഴ്സിറ്റികളിലും നടന്ന വിദ്യാര്‍ത്ഥി പോരാട്ടങ്ങളും സമരങ്ങളും പുസ്തകത്തിന്റെ പ്രസക്തമായ ഭാഗമാണെങ്കിലും എന്നെ കൂടുതല്‍ ആകര്‍ഷിച്ചത് യൂനിവേഴ്സിറ്റികള്‍ക്ക് പുറത്തുള്ള പോരാട്ടങ്ങളാണ്. വലിയ ഒരു പ്രതീക്ഷ തന്നെയാണ് ഈ പോരാട്ടങ്ങള്‍. അതിന്റെ ഭാഗമായ പല യുവനേതാക്കളും കിഴാള- ബഹുജന്‍ പ്രതീക്ഷകളെ എങ്ങനെ മുന്നോട്ട് നയിക്കുന്നു എന്ന് നിഖില കാണിച്ച് തരുന്നു. അടിച്ചമര്‍ത്തപ്പെട്ട, അവഗണിക്കപ്പെട്ട പല യുവ വിഭാഗങ്ങള്‍ ഒന്നിച്ച് മുന്നേറുന്ന ഒരു കാഴ്ച്ചയും നമുക്ക് കാണാം.

ഈയൊരു മുന്നേറ്റങ്ങളുടെ മറുവശത്ത് ദേശീയത മുഖമുദ്രയാക്കിയ ഒരു വിഭാഗം ഉയര്‍ന്നു വരുന്നതും നിഖില കാണാതെ പോവുന്നില്ല. ഈയൊരു വിഭാഗത്തിനും എന്താണ് പറയാനുള്ളതെന്ന് വ്യക്തികളിലൂടെയുള്ള അന്വേഷണത്തിലൂടെ 'ഫെര്‍മെന്റ്' വായനക്കാരന് വിശദീകരിച്ച് തരുന്നു.

ഇന്ത്യന്‍ യുവ സമൂഹത്തെ തന്റെ നിര്‍വ്വചനങ്ങളിലൂടെ വിരസവും പരുക്കനുമാക്കുന്നില്ല നിഖില. പുസ്തകത്തിലെ ഓരോ വ്യക്തിക്കും അവരവരുടെ ഇടം നല്‍കുന്നു എന്ന് മാത്രമല്ല, വായനക്കാരനും പുസ്തകത്തിന്റെ ഭാഗമാകുന്നു. ഒരുപാട് സംഭവങ്ങളെ കോര്‍ത്തിണക്കി വായനക്കാരന് നിര്‍വ്വചിക്കാന്‍ വിട്ടുതരികയാണ് പുസ്തകം. രോഹിതിലേക്ക് തിരിച്ച് വരാം. രോഹിതിന്റെ കൊലപാതകത്തിന് ശേഷം ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ സമരങ്ങളില്‍ മുന്നില്‍ നിന്ന ദളിത് വിദ്യാര്‍ത്ഥി ശ്രീരാഖ് പൊയ്ക്കാടന്‍ യൂണിയന്‍ പ്രസിഡന്റായി. തുടര്‍ന്ന്, 2018-19 യൂണിയന്‍ ഇലക്ഷനില്‍ ശ്രീജ വാസ്തവി, ആദ്യ ദളിത് സ്ത്രീ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചതും ഈയിടെ ഉയര്‍ന്നു വന്നിട്ടുള്ള ദളിത്-ബഹുജന്‍ രാഷ്ട്രീയത്തിന്റെ പ്രതിഫലനമാണ്. യൂനിവേഴ്സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ എബിവിപി തൂത്തുവാരിയത് അസ്വസ്ഥപ്പെടുത്തുന്നുണ്ട്. ഇതിനപ്പുറം വലിയ പോരാട്ടങ്ങള്‍ ഉണ്ടെന്ന് വിളിച്ചോതുന്ന ഫെര്‍മെന്റ് വരുന്നതും വായിക്കുന്നതും ഈ റിസല്‍ട്ട് പ്രഖ്യാപനത്തിന് തൊട്ടുടനെയാണ് . പല ഭാഗങ്ങളിലും 'ഇന്ത്യന്‍ യുവത്വം ക്ഷുഭിതമാണ്' എന്നതു തന്നെയാണ് 'ഫെര്‍മെന്റ് നല്‍കുന്ന പ്രതീക്ഷ.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018