SPOTLIGHT

പരിസ്ഥിതി വാദത്തെ ഹിന്ദുത്വം ഹൈജാക്ക് ചെയ്യുമ്പോള്‍; വയല്‍ക്കിളികള്‍ മറന്നുപോയ പാഠങ്ങള്‍     

കീഴാറ്റൂരില്‍ വയല്‍ നികത്തി ദേശീയ പാത നിര്‍മ്മിക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോകാന്‍ മോഡി സര്‍ക്കാര്‍ തീരുമാനിച്ചത് രാഷ്ട്രീയ നേട്ടമായി കാണുകയാണ് സിപിഐഎം. പാര്‍ട്ടി അനുഭാവികളായിരുന്നവര്‍ നടത്തിയ സമരം പരാജയപ്പെട്ടു എന്നത് മാത്രമല്ല സിപിഐഎമ്മിനെ സന്തോഷിപ്പിക്കുന്നത്, മറിച്ച് ബിജെപിയുടെ കീഴാറ്റൂര്‍ ഗൂഡ ലക്ഷ്യങ്ങള്‍ ഫലം കാണാതെ പോയി എന്നതും അവരെ ആനന്ദിപ്പിക്കുന്നുണ്ട്.

പരിസ്ഥിതി സമരം പരാജയപ്പെട്ടതില്‍ ഈ കാലത്തും ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സന്തോഷിക്കുന്നുണ്ടെങ്കില്‍ അതിനെക്കാള്‍ അപകടകരമായി ഒന്നുമില്ല. കാരണം പരിസ്ഥിതി സംരക്ഷണമെന്നത് ഒരു രാഷ്ട്രീയ പരിപാടി തന്നെയാണെന്ന ബോധ്യം ലോകത്തെ മിക്ക കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ഇന്ന് അംഗീകരിക്കുന്നുണ്ട്. കാള്‍ മാര്‍ക്സിന്റെ തന്നെ കൃതികളില്‍ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളെ അധികരിച്ചുള്ള പഠനങ്ങളും ഇപ്പോള്‍ പുറത്തുവരുന്നു. മാര്‍ക്സിനെ അമിത ഉത്പാദനത്തിന്റെ പ്രത്യയശാസ്ത്രകാരന്‍ ആയി കാണുന്നതിനോട് ഇന്നാരും യോജിക്കുന്നുമില്ല. അതുകൊണ്ട് തന്നെ പോപ്പുലിസ്റ്റ് മധ്യവര്‍ഗ യുക്തികളുടെ അടിസ്ഥാനത്തില്‍ വന്‍ പരിസ്ഥിതി നാശമുണ്ടാക്കുന്ന വികസന പദ്ധതികള്‍ക്ക് ന്യായീകരണം ചമയ്ക്കുന്നവരുടെ നിലപാടുകള്‍ മാര്‍ക്സിസവുമായി ബന്ധപ്പെട്ടുള്ള പുതിയ അന്വേഷണങ്ങളോട് നീതി പുലര്‍ത്തുന്നതുമല്ല.

പരിസ്ഥിതി സമരം പരാജയപ്പെട്ടതില്‍ ഈ കാലത്തും ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സന്തോഷിക്കുന്നുണ്ടെങ്കില്‍ അതിനെക്കാള്‍ അപകടകരമായി ഒന്നുമില്ല.
പരിസ്ഥിതി വാദത്തെ ഹിന്ദുത്വം ഹൈജാക്ക് ചെയ്യുമ്പോള്‍; വയല്‍ക്കിളികള്‍ മറന്നുപോയ പാഠങ്ങള്‍     

എന്നാല്‍ സിപിഐഎമ്മിന്റെ വികസന സങ്കല്‍പങ്ങളില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് സമരത്തിനിറങ്ങിയവര്‍, തങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ രാഷ്ട്രീയം തിരിച്ചറിഞ്ഞില്ലായിരുന്നു എന്ന് തെളിയിക്കുന്നതാണ് കീഴാറ്റൂരിലെ അവിശുദ്ധ സഖ്യങ്ങള്‍. പരിസ്ഥിതി സംരക്ഷണമെന്നത് ഒരു കാല്‍പനികമായ സമസ്യ നിര്‍ദ്ധാരണം ചെയ്യുന്ന പ്രവര്‍ത്തനമല്ല. മറിച്ച് വ്യക്തമായ രാഷ്ട്രീയ ഉള്ളടക്കത്തോടെ ചെയ്യേണ്ടതാണ്. സിപിഐഎം എതിര്‍ സ്ഥാനത്തുനില്‍ക്കുന്നുവെന്നത് കൊണ്ട് അതിന്റെ രാഷ്ട്രീയം അടിയറവെച്ച് ഏത് വലതുപക്ഷത്തെയും കൂടെക്കൂട്ടി ചെയ്യാവുന്ന പ്രവര്‍ത്തനവുമല്ല. ഈ വസ്തുതയാണ് കീഴാറ്റൂരിലെ സമരക്കാര്‍ വിസ്മരിച്ചത്.

അതുകൊണ്ടാണ് ബിജെപിയെ കൂടെക്കൂട്ടി പരിസ്ഥിതി സമരം നടത്താമെന്ന് സമരനേതാക്കള്‍ക്ക് തോന്നിയത്. അതിന്റെ ജാള്യതയാണ് ഇപ്പോള്‍ ഏറ്റ തിരിച്ചടിയേക്കാള്‍ അവര്‍ക്ക് പാഠമാകേണ്ടത്. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള കാല്‍പനികമായ ഭാഷ്യങ്ങള്‍ ഹിന്ദുത്വ ശക്തികളുടെ പ്രധാന പ്രവര്‍ത്തന രീതിയാണ്. അവര്‍ അത് ആദ്യമായി പ്രയോഗിച്ചുനോക്കിയ ഇടം കീഴാറ്റൂരും അല്ല. രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ അവര്‍ നടത്തിയിട്ടുണ്ട്. ഫാസിസ്റ്റുകള്‍ പരിസ്ഥിതി സംരക്ഷണത്തെ തങ്ങളുടെ രാഷ്ട്രീയത്തിനായി ഉപയോഗിച്ചതിന്റെ പാഠങ്ങള്‍ ലോകത്തുണ്ട്.

സുരേഷ് കീഴാറ്റൂര്‍ സിപിഐഎം കത്തിച്ച സമരപ്പന്തലിന് സമീപം 
സുരേഷ് കീഴാറ്റൂര്‍ സിപിഐഎം കത്തിച്ച സമരപ്പന്തലിന് സമീപം 

ഇന്ത്യയിലെ ചില 'നിഷ്‌കളങ്കമായ' പരിസ്ഥിതി സംരക്ഷണ പരിപാടികള്‍ എങ്ങനെയാണ് ഹിന്ദു വര്‍ഗീയതയെ സഹായിച്ചതെന്ന് 'ഗ്രീന്‍ ആന്റ് സാഫ്രണ്‍: ഹിന്ദു നാഷണലിസം ആന്റ് ഇന്ത്യന്‍ എന്‍വയണ്‍മെന്റല്‍ പൊളിറ്റിക്‌സ്' എന്ന പുസ്തകത്തില്‍ മുകുള്‍ ശര്‍മ്മ വിശദീകരിക്കുന്നുണ്ട്. രാജ്യത്തെ ചില പരിസ്ഥിതി പ്രസ്ഥാനങ്ങളെയും വ്യക്തികളെയും ഉദാഹരിച്ചാണ് പരിസ്ഥിതിയും കാവിവല്‍ക്കരണവുമായുള്ള ബന്ധം അദ്ദേഹം വെളിപ്പെടുത്തുന്നത്.

1991ല്‍ ഉത്തര്‍പ്രദേശിലെ വൃന്ദാവന ഫോറസ്റ്റ് റിവൈവല്‍ പ്രോജക്ട് ആരംഭിച്ചതിന്റെ ഉദാഹരണമാണ് അദ്ദേഹം ചൂണ്ടികാട്ടുന്ന ഒന്ന്. ശ്രീകൃഷ്ണന്റെ ജന്മഭൂമിയായി കരുതുന്ന വൃന്ദാവനിലെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ സംഘ് പരിവാറിന്റെ രാഷ്ട്രീയ അജണ്ടയുടെകൂടെ ഭാഗമാണെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. 1990കളിലാണ് ഈ പരിപാടി തുടങ്ങിയത്. ഹിന്ദു മുല്യങ്ങള്‍ 'ഉപേക്ഷിച്ചതും തകര്‍ക്കപ്പെട്ടതു'മാണ് പരിസ്ഥിതി നാശത്തിന് കാരണമായതെന്നായിരുന്നു പ്രചാരണം. ബാബ്റി മസ്ജിദ് പൊളിച്ചതിന് ശേഷം ഹിന്ദുത്വ തീവ്രവാദികള്‍ ശ്രീകൃഷ്ണ ജന്മഭൂമിയുടെ 'മോചന'ത്തിന് പദ്ധതികള്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായി കൂടിയാണ് വൃന്ദാവനിലെ പരിസ്ഥിതി സംരക്ഷണത്തില്‍ ഇവര്‍ ആകൃഷ്ടരായതെന്ന കാര്യമാണ് അദ്ദേഹം വിശദീകരിച്ചത്.

പരിസ്ഥിതി പ്രവര്‍ത്തകനായ സുന്ദര്‍ലാല്‍ ബഹുഗുണ പരിസ്ഥിതി സംരക്ഷണം സാധ്യമാകുമെന്ന തോന്നലില്‍ സംഘ്പരിവാര്‍ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. ഹിമാലയ, ഗംഗ, വൃന്ദാവന്‍ തുടങ്ങിയ സ്ഥലങ്ങള്‍ ഹിന്ദു മിത്തോളജിയുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന സ്ഥലനാമങ്ങളായതുകൊണ്ട് തന്നെ പരിസ്ഥിതിക്കുണ്ടായ നാശം, ബാഹ്യ കൈയേറ്റം കൊണ്ട് ഉണ്ടായതാണെന്നും ഹിന്ദു മൂല്യങ്ങള്‍ ത്യജിച്ചതുകൊണ്ട് സംഭവിച്ചതാണെന്നുമുള്ള വാദങ്ങള്‍ ഉയര്‍ത്താനും സംഘ്പരിവാര്‍ ശക്തികള്‍ക്ക് കഴിഞ്ഞിരുന്നു.

സുന്ദര്‍ലാല്‍ ബഹുഗുണ
സുന്ദര്‍ലാല്‍ ബഹുഗുണ

അവിടെ മാത്രമല്ല, 'ആര്‍ഷ ഭാരതത്തില്‍'പരിസ്ഥിതിയുമായി ഇണങ്ങിയാണ് മനുഷ്യന്‍ ജീവിച്ചിരുന്നത് എന്നതുകൊണ്ടും അതേ മൂല്യ വ്യവസ്ഥയിലേക്കുള്ള തിരിച്ചുപോക്കാണ് പരിസ്ഥിതി സംരക്ഷണത്തിനുള്ള ഒറ്റമൂലി എന്നുമുള്ള പ്രചാരണങ്ങള്‍ സംഘ്പരിവാര്‍ അനുകൂല നിലപാട് സ്വീകരിക്കുന്നവരില്‍നിന്നുണ്ടായി.

കേരളത്തില്‍ നോക്കിയാല്‍ ആറന്മുള വിമാനത്താവളത്തിനെതിരായ സമരം സംഘ്പരിവാര്‍ ഹൈജാക്ക് ചെയ്തത് സമീപകാല ചരിത്രമാണ്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രശ്‌നമായിരുന്നില്ല, ക്ഷേത്രത്തിലെ കൊടിമരമായിരുന്നു അവരുടെ പ്രശ്‌നമെന്ന് മാത്രം. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന സംഘ്പരിവാറിന്റെ താല്‍പര്യത്തിനുപിന്നില്‍ പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയമായിരുന്നില്ല, മറിച്ച് വര്‍ഗീയത തന്നെയായിരുന്നു.

ചില പരിസ്ഥിതി സംരക്ഷകര്‍ ജാതി വ്യവസ്ഥയെ തന്നെ ന്യായീകരിക്കുന്നത് ഇതുകൊണ്ടാണെന്ന് മുകുള്‍ ശര്‍മ 'സാഫ്രണൈസിങ് ഗ്രീന്‍' എന്ന ലേഖനത്തില്‍ പറയുന്നുണ്ട്. നരവംശ ശാസ്ത്രജ്ഞനായ കൈലാഷ് മല്‍ഹോത്ര ജാതിവ്യവസ്ഥയെ ന്യായീകരിച്ചതിന്റെ ഉദാഹരണവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഈ പൂര്‍വ്വകാല സ്തുതി മൂലമാണ് പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനങ്ങളില്‍നിന്ന് ദളിത് വിഭാഗത്തില്‍പെട്ടവര്‍ പൊതുവില്‍ അകന്നുനില്‍ക്കുന്നത്.

എന്തുകൊണ്ടാണ് ദളിതര്‍ ഇന്ത്യയിലെ പരിസ്ഥിതിവാദികളെ ഇഷ്ടപ്പെടാത്തതെന്ന് പ്രശസ്ത ചിന്തകയായ ഗെയ്ല്‍ ഓംവേദ് വിശദീകരിക്കുന്നുണ്ട്. (Why Dalits Dislike Environmentalists). അരാഷ്ട്രീയ പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ മുന്നോട്ട് വെയ്ക്കുന്ന ബ്രീട്ടീഷ് ഭരണകാലത്തിന് മുമ്പുള്ള ജീവിത രീതികള്‍ യഥാര്‍ത്ഥത്തില്‍ ജാതിവ്യവസ്ഥയുടെ ജീര്‍ണതകള്‍ പേറുന്ന സംവിധാനങ്ങളായിരുന്നു.

മുതലാളിത്ത വികസനനയത്തെ ചോദ്യം ചെയ്യുന്ന രാഷ്ട്രീയത്തിന് മാത്രമാണ് പരിസ്ഥിതി സംരക്ഷണം മുന്നോട്ട് വെയ്ക്കാന്‍ കഴിയുക. വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് രാജ്യത്തെ ധാതുസമ്പത്ത് കൈമാറി, ചൂഷണാടിസ്ഥാനത്തിലുള്ള വികസനത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ സ്വന്തം ജനങ്ങള്‍ക്കെതിരെ തന്നെ യുദ്ധം ചെയ്യുന്ന ബിജെപി സര്‍ക്കാരിന് കീഴാറ്റൂരിലെ പാടങ്ങള്‍ സംരക്ഷിക്കാന്‍ കഴിയുമെന്ന തോന്നല്‍ അപകടകരമായ നിഷ്‌കളങ്കതയുടേതാണ്. അത്തരം പരിസ്ഥിതി സംരക്ഷണം നാടിനെ കൂടുതല്‍ അപകടത്തില്‍പെടുത്തുകയേയുള്ളൂ. ഇപ്പോള്‍ ഉണ്ടാകാനിടയുള്ള തിരിച്ചറിവിന്റെ പശ്ചാത്തലത്തില്‍ പരിസ്്ഥിതി സംരക്ഷണ പ്രസ്ഥാനത്തെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള വയല്‍ക്കിളികള്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തേണ്ടത്. അതോടൊപ്പം പ്രധാനമാണ് ഇടതുപാര്‍ട്ടികള്‍ അവരുടെ വികസന നയത്തെ രാഷ്ട്രീയവല്‍ക്കരിക്കുക എന്നതും.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018