SPOTLIGHT

മൃദുഹിന്ദുത്വത്തിനും നെഹ്‌റുവിനുമിടയിലെ രാഹുല്‍ 

മധ്യപ്രദേശിലെ ക്ഷേത്രത്തില്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും 
മധ്യപ്രദേശിലെ ക്ഷേത്രത്തില്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും 
നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വിജയത്തില്‍നിന്ന് പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ രാഹുല്‍ഗാന്ധി ആരെയാണ് മാതൃകയാക്കുക. അച്ഛന്‍ രാജീവ് ഗാന്ധിയെയോ മുത്തച്ഛന്‍ ജവഹര്‍ലാല്‍ നെഹ്‌റുവിനെയോ?

രാഹുല്‍ഗാന്ധിയുടെ ജീവിതത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകയായ ആര്‍തി രാമചന്ദ്രന്‍ എഴുതിയ Decoding Rahul Gandhi എന്ന പുസ്തകത്തില്‍ പറയുന്ന ഒരു സംഭവ കഥയുണ്ട്. കൊമണ്‍വെല്‍ത്ത് ഗെയിംസ് ഡല്‍ഹിയില്‍ നടക്കാന്‍ പോകുന്ന സമയം. വിദേശത്തുനിന്നുള്ളവര്‍ വരുമ്പോള്‍ അവരുടെ ദൃഷ്ടിയില്‍പ്പെടാതിരിക്കാന്‍ തെരുവുകുട്ടികളെ നഗരത്തില്‍നിന്ന് പുറത്താക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുന്നു. ഇക്കാര്യം ശ്രദ്ധയില്‍പെട്ട മാധ്യമപ്രവര്‍ത്തക കൂടിയായ ആര്‍തി രാമചന്ദ്രന്‍ രാഹുല്‍ഗാന്ധിയ്ക്ക് കത്തയക്കുന്നു. രണ്ടു ദിവസത്തിനകം രാഹുലിനെ നേരിട്ട് കാണാന്‍ അറിയിപ്പ് ലഭിച്ച ആര്‍തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുന്നു.

തെരുവുകുട്ടികളെ ഭിക്ഷയെടുത്ത് പോലും ജീവിക്കാന്‍ അനുവദിക്കാത്തത് ക്രൂരതയാണെന്ന് രാഹുലിനോട് അവര്‍ വിശദീകരിക്കുന്നു. അതിന് രാഹുല്‍ നല്‍കിയ മറുപടി നവലിബറല്‍ നയങ്ങളില്‍ അഭിരമിച്ച് കഴിയുന്ന ഒരു പാര്‍ട്ടിയുടെ നേതാവില്‍നിന്ന് സ്വാഭാവികമായി ഉണ്ടാകുന്നതായിരുന്നില്ല. ഗ്രാമീണ മേഖലയുടെ തകര്‍ച്ചമൂലമാണ് നഗരങ്ങളിലേക്ക് ആളുകള്‍ കുടിയേറുന്നതെന്നും അവര്‍ തെരുവുകളിലേക്ക് വലിച്ചിഴയ്‌പ്പെടുകയാണെന്നുമാണ് രാഹുല്‍ ഗാന്ധി പറഞ്ഞതെന്ന് ആര്‍തി തന്റെ പുസ്തകത്തില്‍ എഴുതുന്നു. അതുകൊണ്ട് അടിസ്ഥാനപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുകയാണ് വേണ്ടതെന്നും അതിനായാണ് പരിശ്രമിക്കേണ്ടെതെന്നും അദ്ദേഹം നിലപാടെടുത്തെന്നും അവര്‍ തുടര്‍ന്നെഴുതുന്നു.

വികസിത ഇന്ത്യയെക്കുറിച്ചുള്ള കള്ളകഥകള്‍ പറഞ്ഞുനടന്ന മന്‍മോഹന്‍സിംങിന്റെയും ചിദംബരത്തിന്റെയും ആലുവാലിയയുടെയും കാലത്ത് അതിന് വേണ്ടി ശ്രമങ്ങള്‍ ഒന്നും ഉണ്ടായില്ലെന്നതും തെരുവിലേക്ക് ഇറക്കപ്പെടുന്ന ബാല്യകൗമാരങ്ങളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായെന്നതും പിന്നീടുള്ള യാഥാര്‍ത്ഥ്യം.

ഇനി രാഹുല്‍ഗാന്ധിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസത്തില്‍ അദ്ദേഹം നടത്തിയ പ്രതികരണം നോക്കാം. മൂന്ന് സംസ്ഥാനങ്ങളില്‍ ബിജെപിയെ അധികാരത്തില്‍നിന്ന് പുറത്താക്കാന്‍ സാധിച്ചത് കര്‍ഷകരുടെയും ചെറുകിട വ്യാപാരികളുടെയും സഹായത്തോടെയാണെന്ന് രാഹുല്‍ പറയുന്നു. കര്‍ഷകര്‍ക്കുള്ള ആശ്വാസ നടപടികള്‍ കൈകൊള്ളുമെന്നുള്ള വാഗ്ദാനം വിജയത്തിനു ശേഷവും ആവര്‍ത്തിക്കുന്നു. ഈ പ്രസ്താവനകള്‍ രാഹുല്‍ഗാന്ധിയുടെ സമീപനങ്ങളെക്കുറിച്ചുള്ള ചില സൂചനകള്‍ ഇവയില്‍നിന്ന് ലഭ്യമാണെന്ന് വേണം കരുതാന്‍. അദ്ദേഹം പിന്നീട് പലപ്പോഴായി കര്‍ഷകപ്രശ്‌നങ്ങളിലും ഭൂമി ഏറ്റെടുക്കല്‍ പോലുള്ള വിഷയങ്ങളിലും എടുത്ത സമീപനങ്ങളും ഇതിന്റെ സൂചനകള്‍ കാണാം. യുപിഎ ഭരണത്തില്‍പോലും കാര്യമായി അതൊന്നും പ്രാവര്‍ത്തികമാക്കാന്‍ അദ്ദേഹം പരിശ്രമിച്ചില്ലെന്നതും മറ്റൊരു വസ്തുത.

ഇന്ത്യയിലെ ഇടതുപക്ഷത്തെ മാറ്റിനിര്‍ത്തിയാല്‍ എല്ലാ പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളും ഉദാരവല്‍ക്കരണ നയങ്ങളെ അടിസ്ഥന നയമായി സ്വീകരിച്ചു കഴിഞ്ഞ കാലത്താണ് ഈ നയങ്ങള്‍ക്കൊക്കെ തുടക്കം കുറിച്ച ഒരു പാര്‍ട്ടിയുടെ നേതാവ് തന്നെ കര്‍ഷകരെയും ചെറുകിട വ്യാപാരികളെയും കുറിച്ച് പറയുന്നതെന്നത് അധികാരരാഷ്ട്രീയമവുമായി ബന്ധപ്പെടുത്തിതന്നെയാണെങ്കിലും ശ്രദ്ധേയമാണ്.

ഇനി രാഹുല്‍ ഇത്തരം കാര്യങ്ങളെക്കുറിച്ച് എന്ത് പറയും എന്ത് പ്രവര്‍ത്തിക്കും എന്നത് പ്രധാനമാണ്. ഇന്ത്യയിലെ വന്‍കിട മുതലാളിമാര്‍ പൂര്‍ണമായും ഹിന്ദുത്വ വര്‍ഗീയതയുമായി രഞ്ജിപ്പിലായത് നരേന്ദ്രമോഡി അധികാരത്തില്‍വന്നതിന് ശേഷമാണ്. ഗുജറാത്ത് കലാപത്തെയും രാജ്യത്ത് പൊതുവില്‍ സ്വാധീനം ചെലുത്തുന്ന വര്‍ഗീയതയ്ക്കുമെതിരെ പരസ്യമായി പ്രതികരിച്ചിരുന്നവരാണ് ഇന്ത്യയിലെ വന്‍കിട മുതലാളിമാര്‍ മോഡി അധികാരത്തിലെത്തുവരെ. പിന്നീടാണ് ഹിന്ദുത്വവര്‍ഗീയതയുമായി ഇന്ത്യന്‍ മുതലാളി വര്‍ഗം പൂര്‍ണമായും പൊരുത്തപ്പെട്ടത്. ഒരു പക്ഷെ ഇതിന്റെ കൂടി പ്രതികരണമെന്നോണമാകും, സമീപകാലത്തൊന്നും ഇല്ലാത്ത രീതിയില്‍ ഇന്ത്യയിലെ വന്‍കിട ദല്ലാള്‍ മുതലാളിമാരെ പരസ്യമായി നേരിടാന്‍ രാഹുല്‍ഗാന്ധി തയ്യാറായത്. കക്ഷിരാഷ്ട്രീയ മല്‍സരത്തില്‍ പ്രയോജനപ്പെടാവുന്ന ആയുധങ്ങള്‍ ഉപയോഗിക്കുകയെന്നതിലപ്പുറം രാഹുല്‍ഗാന്ധിയുടെ കര്‍ഷക സ്‌നേഹത്തിനും ദല്ലാള്‍ മുതലാളിത്തത്തിനുമെതിരായ നിലപാടുകള്‍ക്ക് സാംഗത്യമുണ്ടോ എന്ന കാര്യം ഇനിയും തെളിയിക്കപ്പെടേണ്ടതുമാണ്.

ഇങ്ങനെ ഒരു വശത്ത് സോഷ്യല്‍ ഡെമോക്രാറ്റ് നിലപാടുകള്‍ ഓര്‍മ്മിപ്പിക്കുന്ന രാഹുല്‍ഗാന്ധി പക്ഷെ ഹിന്ദുത്വത്തിന്റെ കാര്യം വരുമ്പോള്‍ മറ്റൊരു പാളയത്തില്‍ അഭയം തേടുകയാണ് ചെയ്യുന്നത്. മധ്യപ്രദേശില്‍ ബിജെപിയെ അധികാരത്തില്‍നിന്ന് പുറത്താക്കാന്‍ കഴിഞ്ഞതുപോലും കോണ്‍ഗ്രസ് പരസ്യമായി തന്നെ സ്വീകരിച്ച മൃദു ഹിന്ദുത്വ നിലപാടുകള്‍ മുലമാണെന്ന വിലയിരുത്തിലാണ് പാര്‍ട്ടി എത്തുന്നതെങ്കില്‍ അതുണ്ടാക്കുന്ന കെടുതികള്‍ ചെറുതാവില്ല. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലാണ് രാഹുല്‍ ഗാന്ധി തന്റെ ഹിന്ദു സ്വത്വവും ജാതി സ്വത്വവും പരസ്യപ്പെടുത്തി രാഷ്ട്രീയ പ്രചരണത്തിന് ഇറങ്ങിയത്. ഹിന്ദുത്വം പറയാതെ കോണ്‍ഗ്രസ് വിട്ടുപോയവരെതിരികെ കൊണ്ടുവരാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു അവിടത്തെ പാര്‍ട്ടി. അങ്ങനെ രാഹുല്‍ഗാന്ധി ക്ഷേത്രങ്ങളില്‍ കയറി ഇറങ്ങി. തന്റെ ബ്രാഹ്മണ്യ പദവിയെക്കുറിച്ച് വാചലാനായി.

മധ്യപ്രദേശിലെ ക്ഷേത്രത്തില്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും 
മധ്യപ്രദേശിലെ ക്ഷേത്രത്തില്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും 

ഗുജറാത്തില്‍നിന്ന് മധ്യപ്രദേശില്‍ എത്തിയപ്പോള്‍ സംഗതി കുറെക്കൂടി തീവ്രമായി. ശിവന്റെയും ഹനുമാന്റെയും അനുയായികളായി നേതാക്കള്‍ ചിത്രീകരിക്കപ്പെട്ടു. ബിജെപിയുടെ ആക്രമോല്‍സുക ഹിന്ദുത്വത്തെ നേരിടാന്‍ ഭൂരിപക്ഷ വര്‍ഗീയതയെ താലോലിക്കുക മാത്രമാണ് പോംവഴിയെന്ന തോന്നലിലേക്ക് കോണ്‍ഗ്രസ് നേതൃത്വം ഒന്നടങ്കം മാറുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്. അങ്ങനെയെങ്കില്‍ ബാബ്‌റി മസ്ജിദ് ഹിന്ദുക്കള്‍ക്ക് തുറുന്നുകൊടുത്ത് രാജീവ് ഗാന്ധി നടത്തിയ കീഴടങ്ങലിന്റെ മറ്റൊരു ഘട്ടമായിരിക്കും ഉദ്ഘാടനം ചെയ്യപ്പെടുക. മൃദുഹിന്ദുത്വം ഉപയോഗിച്ച് ബിജെപിയെ നേരിടാനുള്ള കോണ്‍ഗ്രസിലെ ചിലരുടെ നീക്കങ്ങള്‍ക്ക് രാഹുല്‍ ഗാന്ധിയും വഴങ്ങുന്നുവെന്നതാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളും സൂചിപ്പിക്കുന്നത്.

ഉദാരവല്‍ക്കരണ നയത്തിനെതിരെ കോണ്‍ഗ്രസില്‍തന്നെ തുടക്കത്തില്‍തന്നെ ഉണ്ടായ ചില എതിര്‍ശബ്ദങ്ങള്‍ എത്രവേഗമാണ് ഇല്ലാതായതെന്ന് സമീപകാല ചരിത്രം ഓര്‍മ്മിപ്പിക്കുന്നുണ്ട്. അതുപൊലെ നെഹ്‌റുവിയന്‍ സെക്കുലര്‍ നിലപാടുകള്‍ക്കും സംഭവിക്കുമോ എന്നാണ് കണ്ടറിയേണ്ടത്.

ഭിന്ന വീക്ഷണങ്ങളില്‍ കുടുങ്ങി കിടക്കുന്ന രാഷ്ട്രീയ നേതാവാണ് രാഹുല്‍ ഗാന്ധിയെന്ന തോന്നലാണ് ഈ സമീപനങ്ങള്‍ ഉണ്ടാക്കുന്നത്. സാമ്പത്തിക വിഷയങ്ങളില്‍ സോഷ്യല്‍ ഡെമോക്രാറ്റിക്ക് നയങ്ങളെ ഓര്‍മ്മപ്പെടുത്തുന്ന രാഹുല്‍ഗാന്ധിയ്ക്ക് വര്‍ഗീയതയെ നേരിടുന്ന കാര്യത്തില്‍ തന്റെ അച്ഛന്‍ വരുത്തിയ പിഴവ് തിരുത്താന്‍ തയ്യാറാകുമോ എന്നത് അദ്ദേഹത്തിന്റെ പാര്‍ട്ടിയെക്കുറിച്ച് മാത്രമല്ല, രാജ്യത്തിന്റെ ഭാവിയെ സംബന്ധിച്ചും പ്രധാനമാണ്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018