SPOTLIGHT

ഹിജാബ്, തട്ടം, അഴിച്ചിട്ട മുടി: അവർ ഒരു രാജ്യം വെട്ടിത്തെളിക്കുകയാണ് 

കിളിനക്കോട്ടാകട്ടെ, ഫ്ലാഷ് മോബാകട്ടെ മുസ്ലീം സ്ത്രീകളുടെ സ്വാതന്ത്ര്യ സമരങ്ങളെ അറിയാൻ ഇസ്ലാമോഫോബിയയോ അന്ധമായ രാഷ്ട്രീയ സംരക്ഷണമോ മതിയാകില്ല. ‘തെറിച്ച’ മുസ്ലീം സ്ത്രീ ചൊവ്വാ ഗ്രഹത്തില്‍ നിന്ന് വന്ന അത്ഭുതജീവിയുമല്ല.

കേരളത്തിലെ ഒരു കോളേജിലേക്കോ സര്‍വകലാശാലയിലേക്കോ ചെന്ന് നോക്കൂ. ക്‌ളാസ് പിരിഞ്ഞ് കത്തിയടിച്ച് ഒച്ചയിട്ടിരിക്കുന്ന ആണ്‍ പെണ്‍ കൂട്ടത്തിനിടയില്‍ നിന്ന് ഒരുപാട് തട്ടമിട്ട തലകള്‍ എണ്ണിയെടുക്കാനാകും. തട്ടം ഊരിക്കളഞ്ഞവരുമുണ്ടാകും. പലരുടേയും പതിനെട്ടാം പിറന്നാള്‍, വര്‍ഷങ്ങള്‍ക്കും മാസങ്ങള്‍ക്കും മുമ്പ് കഴിഞ്ഞ് പോയതാകും. കോളേജിലെ ആഘോഷദിവസങ്ങളില്‍ അവരോളം ഉന്മാദമായി ചുവട് വെക്കുന്നവരുണ്ടാകില്ല. സമരമുഖങ്ങളില്‍ അവര്‍ ഉശിരോടെ മുഷ്ടിയെറിയുന്നുണ്ടാകും. നാടകം കളിക്കാനും മാഗസിന്‍ ഒരുക്കാനും ഓടി നടന്ന് അവസാന പരീക്ഷ ഭംഗിയായി എഴുതി തീര്‍ക്കുന്നവരുണ്ടാകും.

ക്ളാസ് കട്ട് ചെയ്ത് ആദ്യ ദിവസത്തെ ഷോയ്ക്ക് തിക്കിക്കയറി ടിക്കറ്റ് എടുക്കുന്നതിനിടക്ക് പരിചയക്കാരുണ്ടോയെന്ന ആശങ്കയില്‍ മുഖത്തേക്ക് കയറ്റിയിടാനുള്ളതാകും ചിലര്‍ക്കെങ്കിലും തട്ടമെന്നത്. അറ്റന്‍ഡന്‍സ് ഇല്ലാത്ത, സപ്ളിമെന്ററി പരീക്ഷ എഴുതുന്ന, ബിയറടിക്കുന്ന, തെറിവിളിക്കുന്ന മുസ്ലീം പെണ്‍കുട്ടികള്‍ അത്രക്കൊന്നും അപൂര്‍വ്വമല്ലാതെ കോളേജുകളിലുണ്ട്.

ജനകീയ സമരങ്ങളിലും പ്രതിഷേധങ്ങളിലും ചെല്ലുക, സാഹിത്യോത്സവങ്ങള്‍, സിനിമാ മേളകള്‍, കലോത്സവ വേദികള്‍, ഇവിടെയൊക്കെയുണ്ടാകുന്ന പെണ്‍ പ്രാധിനിത്യത്തില്‍ ഒട്ടും കുറവല്ലാത്തൊരു അനുപാതം മുസ്ലീം പെണ്‍കുട്ടികളാണ്. സോഷ്യല്‍ മീഡിയയിലെ നല്ലെഴുത്തുകളില്‍, ടിക് ടോക്കിലെ കലക്കന്‍ പെര്‍ഫോമന്‍സുകളില്‍, ടോക് ഷോകളില്‍ എത്രയെത്ര മുസ്ലീം പെണ്ണുങ്ങളാണ്!

ഇത്രയും പറയാന്‍ കാരണം തൊണ്ണൂറുകളിലും ശേഷവും കേരളത്തില്‍ ജനിച്ച മുസ്ലീം സ്ത്രീകള്‍ ഉണ്ടാക്കിയെടുത്ത സാമൂഹിക, രാഷ്ട്രീയ ഇടങ്ങള്‍, വ്യക്തി ജീവിതത്തിലെ ആനന്ദങ്ങള്‍, കാഴ്ചപ്പാടിലെ കൂര്‍മ്മത, കലഹം ഒന്നും ദൃശ്യമാകാത്ത കാഴ്ചയിലാണ് ഇവിടത്തെ പൊതുബോധം നിലയുറപ്പിച്ചിട്ടുള്ളത് എന്നതിനാലാണ്. വിശ്വാസവും സാമൂഹ്യ ജീവിതവും സ്വാതന്ത്ര്യവും അത്രമേല്‍ കൂടിക്കുഴഞ്ഞ് കിടക്കുന്ന ഒരു മത പശ്ചാത്തലത്തില്‍ നിന്ന് വരികയും അതിനകത്ത് വലിയ മാറ്റങ്ങള്‍ രൂപപ്പെടുത്തിയെടുക്കുകയും ചെയ്ത് ഇനിയുമേറെയെന്ന് ഓരോ ദിവസവും തിരിച്ചറിയുന്ന സ്ത്രീകള്‍ ആണവര്‍.

ഹിജാബ്, തട്ടം, അഴിച്ചിട്ട മുടി: അവർ ഒരു രാജ്യം വെട്ടിത്തെളിക്കുകയാണ് 

ബോളിവുഡ്-അറേബ്യന്‍ ഫ്യൂഷനില്‍ വസ്ത്രം ധരിക്കുന്ന, കൂളിങ്ങ് ഗ്ളാസ് വെക്കുന്ന, ചേര്‍ച്ചയുള്ള ചെരിപ്പും ഷൂസും മേക്കപ്പും ഇടുന്ന മുസ്ലീം പെണ്‍കുട്ടികളെ പൊതുഇടങ്ങളില്‍ കാണാമെങ്കിലും, ഇവിടെയുള്ള വനിതാ മാസികകളിലോ ഫാഷന്‍ കോളങ്ങളിലോ അവര്‍ക്കെപ്പോഴും കടും ചുവപ്പോ പച്ചയോ നിറത്തില്‍ സ്വര്‍ണ്ണത്തൊങ്ങല്‍ പിടിപ്പിച്ച കുപ്പായങ്ങളാണ്. സിനിമകളിലും പരസ്യങ്ങളിലും പച്ചബെല്‍റ്റിട്ട വാപ്പയെ പേടിക്കുന്ന, മലബാര്‍ ഭാഷ സംസാരിക്കുന്ന, ബിരിയാണിവെപ്പില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന സദാചാരവതികളുടെ മുഖങ്ങളാണ്.

'തെറിച്ച മുസ്ലീം പെണ്‍കുട്ടികള്‍' നിങ്ങള്‍ കരുതും പോലെ ചൊവ്വാ ഗ്രഹത്തില്‍ നിന്ന് വന്ന അത്ഭുതജീവിയല്ല. തന്നിഷ്ടക്കാരിയായും താന്തോന്നിയായും സ്വയം നിര്‍ണ്ണയ ബോധത്തോടെ ജീവിക്കാനുള്ള ഇടം രൂപപ്പെടുത്താന്‍ കെല്‍പ്പുള്ളവരാണവര്‍. വിദ്യാഭ്യാസപരമായി പിന്നോക്കമുള്ള കുടുംബത്തിലെ ആദ്യത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ആകുന്നവര്‍, ഇരുപതുകളിലെത്താതെ വിവാഹം കഴിക്കില്ലെന്ന് തീരുമാനമെടുത്തിട്ടുള്ളവര്‍, കേന്ദ്രസര്‍വകലാശാലകളിലെ പ്രവേശന പരീക്ഷകളെ കുറിച്ച് ബിരുദകാലത്ത് മാത്രം അറിയുകയും അത് ലക്ഷ്യം വെച്ച് തുഴയുകയും ചെയ്യുന്നവര്‍. തീര്‍ച്ചയായും ഒട്ടും സുഖകരമായൊരു ഓട്ടമല്ല അത്. യാഥാസ്ഥിത മത സാമൂഹിക ചുറ്റുപാടുകളില്‍ കുറഞ്ഞ വിവാഹ പ്രായത്തെ മറികടക്കാനും പൊതുഇടങ്ങള്‍ സ്വന്തമാക്കാനും മൂല്യബോധങ്ങളെ തകര്‍ക്കാനുമൊക്കെയായി ഇരട്ടി ഊര്‍ജ്ജം നല്‍കിക്കൊണ്ടേ അത് സാധ്യമാകൂ.

ഹിജാബ്, തട്ടം, അഴിച്ചിട്ട മുടി: അവർ ഒരു രാജ്യം വെട്ടിത്തെളിക്കുകയാണ് 

സ്വതന്ത്രയാകുന്ന മുസ്ലീം സ്ത്രീയെ ഉള്‍ക്കൊള്ളാന്‍ ഈ സമൂഹം നിലവില്‍ കല്‍പിച്ചു കൊടുത്ത ഇടങ്ങളൊന്നും പാകമല്ലെന്നാണ് മനസ്സിലാക്കേണ്ടത്. ഇസ്ലാമിക വസ്ത്രധാരണം നടത്തുന്ന, വിശ്വാസിയായ സ്ത്രീക്ക് പുരോഗമന ഇടങ്ങളിലെ നിലനില്‍പ്പ് എന്താണ്? ആ വസ്ത്രം ഊരിക്കളയാനുള്ള ആഹ്വാനം കൊണ്ടാകും അവളുടെ ഏത് നിലപാടും പ്രഖ്യാപനവും സ്വീകരിക്കപ്പെടുക. ആ വസ്ത്രത്തിന്റേയും മതത്തിന്റേയും ചട്ടക്കൂടുകളെ ചൂണ്ടി, അതിനോടെന്ത് ചെയ്തു എന്ന ചോദ്യം കൊണ്ടാണ് അവളുടെ പൊതുനിലപാടുകള്‍ അളക്കപ്പെടുന്നത് . കുറച്ച് കൂടി ലളിതമാക്കിയാല്‍ ചന്ദനക്കുറിയും സിന്ദൂരവും കയ്യിലെ ചരടും കൊന്തയും അസ്വസ്ഥതപ്പെടുത്താത്ത, ദൃശ്യമാകാത്ത സ്ഥലങ്ങളിലും ഒരു തട്ടത്തിന് പുരോഗമന നിലപാടുകളുടെ തീവ്രതയെ അളക്കുന്ന സ്‌കെയിലിന്റെ രൂപം കിട്ടുകയോ അത്ഭുതകരമായ വരവായി അവളെ അടയാളപ്പെടുത്തുകയോ ചെയ്യും. ചന്ദനക്കുറിയിട്ട സഖാവ് സ്വാഭാവികവും, തട്ടമിട്ട സഖാവ് ആഘോഷവുമാകും.

ഹിജാബിട്ട പെണ്‍കുട്ടികളെ ബിരിയാണി ചെമ്പിലെ നെയ്യിന്റെ അളവ് മാത്രമറിയാവുന്ന, 'ഇക്ക' പറയുന്നത് കേട്ട് ജീവിക്കുന്ന തലച്ചോറില്ലാത്തവരായി വ്യവസ്ഥാപിത ഇടതുപക്ഷത്തുള്ളവര്‍ പോലും കാണുമ്പോഴാണ് തട്ടമിട്ട ലദീദ എന്ന പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയാകുന്നത്. ലദീദയെ പോലെ ഒരുപാട് പെണ്‍കുട്ടികള്‍ കേരളത്തിലെ വിവിധ കോളേജുകളില്‍ ഇടത് വിദ്യാര്‍ത്ഥി സംഘടനകളുടെ ഭാഗമായി മത്സരിക്കാറുണ്ട്. നിലപാടുകള്‍ കൊണ്ടോ രാഷ്ട്രീയ ബോധം കൊണ്ടോ എന്ത് വ്യത്യാസമുണ്ടായിട്ടാണ് അവര്‍ തട്ടമിട്ട സഖാവ് എന്ന പ്രത്യേക കളത്തിലെത്തുന്നത്?

ഇനി സ്വത്വവാദികളുടേയും ഉത്തരാധുനികരുടേയും ഇസ്ലാമിസ്‌റുകളുടെയും വശത്തേക്ക് ചെല്ലുക. ആരാണ് അവര്‍ അംഗീകരിക്കുന്ന മുസ്ലീം സ്ത്രീ? വസ്ത്രധാരണത്തില്‍ 'മാന്യത' പുലര്‍ത്തുന്ന, വിശ്വാസിയായ, അവരുടെ കണക്കിലെ മുസ്ലീം പെണ്ണ്. കള്ള് കുടിക്കുന്ന, ഇഷ്ടമുള്ള പങ്കാളിയെ തെരഞ്ഞെടുക്കുന്ന, ലൈംഗിക സ്വാതന്ത്ര്യമുള്ള, സ്വവര്‍ഗ്ഗാനുരാഗിയായ, വിശ്വാസിയല്ലാത്ത സാംസ്‌കാരിക മുസ്ലീമായ ഒരുവളെ അവരെവിടെയാണ് ഉള്‍ക്കൊള്ളുന്നത്? മതത്തിനകത്തെ പൗരോഹിത്യത്തോടും പുരുഷാധിപത്യത്തോടും അവളുന്നയിക്കുന്ന ചോദ്യങ്ങളെ ഇസ്ലാമോഫോബിയയുടെ പരിചയുയര്‍ത്തി തെറിപ്പിച്ചുകളയാന്‍ പാകത്തിലാണ് അവരുടെ നില്‍പ്.

കഴിഞ്ഞ ദിവസം കിളിനക്കോട് സദാചാര പൊലീസിങ്ങിന് ഇരയായത് വീഡിയോയിലൂടെ പറഞ്ഞ പെണ്‍കുട്ടികള്‍, ആത്മവിശ്വാസത്തോടെ അവര്‍ കളിയാക്കിയത് കേരളത്തിലെ മുഴുവന്‍ യാഥാസ്ഥിതിക ആണ്‍കൂട്ടത്തേയുമാണ്. നേരം വെളുത്തിട്ടില്ലല്ലോയെന്ന് അവര്‍ പരിഹസിച്ച അതേ ആണുങ്ങള്‍ തങ്ങളെത്ര ഇരുട്ടിലാണെന്ന് അവരെ തെറിവിളിച്ചും വേശ്യകളാക്കിയും പ്രകടിപ്പിക്കുകയും ചെയ്തു. ഈ സംഭവം മുസ്ലീം സമുദായത്തെ വംശീയമായി അധിക്ഷേപിക്കാന്‍ ഉപയോഗിക്കുന്നവര്‍ ആ പെണ്‍കുട്ടികളുടെ പശ്ചാത്തലത്തെ മറക്കുന്നത് എന്ത് കൊണ്ടാകും? അവരും കൂടി ഉള്‍പ്പെട്ടതാണ് ആ സമുദായം. അതിനകത്ത് തന്നെ നിന്നുകൊണ്ട് അവരുണ്ടാക്കാന്‍ ശ്രമിച്ച സ്ഥലവും കലഹവും ആണ് ആ വീഡിയോയും അതില്‍ കാണുന്ന ആത്മവിശ്വാസവും എല്ലാം.

ആ കുട്ടികള്‍ വീണ്ടും പോലീസ് സ്റ്റേഷനില്‍ ഇരുന്ന് കരയാനും ഈ സംഭവം കൊണ്ട് ജീവിതം തകരുമെന്ന് പറയാനും പാകത്തില്‍ മതവും സമൂഹവും അവരുടെ ജീവിതത്തില്‍ വീണ്ടും ചെല്ലുന്നുണ്ട്. അവരെ ആക്ഷേപിച്ച കൊണ്ട് ആണ്‍ഹുങ്ക് മുറ്റിയ ചെറുപ്പക്കാര്‍ വീഡിയോ മറുപടിയുമായി വരികയും അവഹേളനം തുടരുകയും ചെയ്യുന്നുണ്ട്. ആണ്‍കോയ്മയും അതില്‍ ഊന്നിയ സദാചാരവും വില്ലനായി പ്രവര്‍ത്തിക്കുന്ന ഇതു പോലുള്ള സന്ദര്‍ഭങ്ങളില്‍ അതേ സംഗതികളെ വിമര്‍ശിക്കുകയും അഴിച്ച് പണിയുകയുമാണ് വേണ്ടത്. മുസ്ലീം പെണ്‍കുട്ടികളുടെ സാമൂഹിക ഇടപെടലുമായി സംബന്ധിച്ചുണ്ടാകുന്ന ഇത്തരം ചര്‍ച്ചകളില്‍ പലപ്പോഴും ഇസ്ലാമോഫോബിയയുടെ ഇടപെടലുണ്ടാകുകയും അതില്‍ പിടിച്ചു കയറി വിഷയത്തെ ലഘൂകരിച്ച് രക്ഷപ്പെടലുമാണ് ഇസ്ലാമിസ്റ്റുകളുടെ പതിവ്.

ഫ്ലാഷ് മോബ് കളിച്ച പെണ്‍കുട്ടികള്‍ നേരിട്ട ആക്രമണമോ കിളിനക്കോട് സംഭവമോ, ഫറൂഖ് കോളേജ് അദ്ധ്യാപകന്റെ വത്തക്ക പരാമര്‍ശമോ എടുക്കുക. ഈ വിഷയങ്ങളില്‍ മുസ്ലീം സമുദായത്തെ മുഴുവനായും തള്ളിക്കളയുന്നവരും, ഇത് ഇസ്ലാമിനെതിരാണെന്ന് സ്ഥാപിക്കുന്നവരുമായ രണ്ട് കൂട്ടരെ കാണാം. ആദ്യത്തെ വിഭാഗം ശബ്ദമില്ലാത്ത, അഭിപ്രായമില്ലാത്ത സ്ത്രീകളായി അതിനകത്തുള്ളവരോട് അനുകമ്പയും പുച്ഛവും പ്രവഹിപ്പിക്കും. രണ്ടാമത്തെ ആളുകള്‍ ഈ ആണ്‍ ചെയ്തികള്‍ ചോദ്യം ചെയ്യപ്പെടുന്നത് മുഴുവന്‍ ഇസ്ലാമിനോടുള്ള ഭീതിയായി ചിത്രീകരിച്ച് ആ വിമര്‍ശനങ്ങളുടെ വായടപ്പിക്കും.

ഇവര്‍ രണ്ട് പേരും പുറത്താക്കുന്നത് ആ സമൂഹത്തിനകത്ത് തന്നെയുള്ള പെണ്ണുങ്ങളെയാണ്. മതത്തിനകത്തെ പുരുഷന്‍മാര്‍ക്ക് ദഹിക്കാത്ത ജീവിതം ജീവിച്ചത് കൊണ്ടാണ് അവര്‍ ആക്രമിക്കപ്പെടുന്നത്. അത്രയും വിപ്ലവാത്മകമായി ഇടപെടുന്ന ആ സ്ത്രീകളെ കാണാതെ എങ്ങനെയാണ് ഇസ്ലാമിനെ അപ്പാടെ അപരിഷ്‌കൃത സ്ഥലമായി ചിത്രീകരിക്കുന്നത്? സമുദായത്തിലെ പുരുഷന്‍ അതിലെ സ്ത്രീകളോട് പ്രകടിപ്പിക്കുന്ന വെറുപ്പും ഹിംസയും അഭിസംബോധന ചെയ്യാതെയെങ്ങനെ ഇസ്ളാമോഫോബിയയെ പ്രതിരോധിക്കും?

നേരിട്ട് ചോദ്യം ചെയ്യേണ്ടത് പുരുഷാധിപത്യത്തെയാണ്. ആ ചോദ്യത്തിന് പക്ഷേ തിരിഞ്ഞ് കുത്തുന്ന ഒരു സ്വഭാവമുണ്ട്. ആഴത്തിലേക്ക് പോകും തോറും പരപ്പ് കൂടി നിങ്ങളിലേക്ക് തന്നെ തിരിഞ്ഞു വരും. ആ ഭീതി കൊണ്ടാകണം മുസ്ലീം സ്ത്രീയുടെ അവകാശ പ്രഖ്യാപനങ്ങളോട് ഇസ്ലാം വിരുദ്ധതയ്ക്ക് മേലെ കയറി നിന്നുള്ള ആഘോഷങ്ങളും, ഇസ്ലാം വിരുദ്ധതയെ മാത്രം കണ്ട് കൊണ്ടുള്ള പ്രതിരോധങ്ങളും ഉണ്ടാകുന്നത്. ഇതിന് രണ്ടിനും ഇടയ്ക്കാണ് ആ സ്ത്രീകള്‍ വെട്ടിത്തെളിക്കുന്ന രാജ്യം രൂപപ്പെടുന്നത്. അതില്‍ മതത്തോടുള്ള വിമര്‍ശനങ്ങളുണ്ട്, വിശ്വാസരാഹിത്യമുണ്ട്, ആത്മീയതയുണ്ട്, അള്ളാഹുവുണ്ട്, അള്ളാഹുവില്ലായ്മയുണ്ട്, തട്ടമുണ്ട്, അഴിച്ചിട്ട മുടിയുണ്ട്, ഹിജാബോ ജീന്‍സോ സ്ലീവ്‌ലെസ്സ് ഉടുപ്പോ ഇതെല്ലാം ചേര്‍ന്നതോ ഉണ്ട്. നോമ്പെടുക്കുന്നവരും സിഗരറ്റ് വലിക്കുന്നവരും മദ്യം കഴിക്കുന്നവരും നിസ്‌കരിക്കുന്നവരും ഇതില്‍ ഒന്നോ രണ്ടോ ഒരുമിച്ച് ജീവിതത്തില്‍ പരിശീലിക്കുന്നവരും ഉണ്ട്. ആ ബഹുസ്വരതയെ അന്ധമായ ഇസ്ലാം വിരുദ്ധത കൊണ്ടോ, അത്രതന്നെ അന്ധമായ രാഷ്ട്രീയ സംരക്ഷണ കൊണ്ടോ നേരിടാനാകില്ല.

ഹിജാബ്, തട്ടം, അഴിച്ചിട്ട മുടി: അവർ ഒരു രാജ്യം വെട്ടിത്തെളിക്കുകയാണ് 

ചുരുക്കത്തില്‍ പ്രാകൃത മതമായി ഇസ്ലാമിനെ ചിത്രീകരിച്ചും അതിലെ മനുഷ്യര്‍ക്ക് ബുദ്ധിയില്ലെന്നോ 'പൊതു സമൂഹം' എത്തിച്ചേര്‍ന്ന പുരോഗമന ഉയരത്തില്‍ അവരെത്തിയിട്ടില്ലെന്ന വ്യാജ അവകാശം ഉന്നയിച്ചോ മുസ്ലീം സ്ത്രീയുടെ പ്രശ്‌നങ്ങളെ പരിഹരിക്കാനാകില്ല. മതം വിട്ട് പുറത്തെത്തിയാല്‍ മാത്രം അംഗീകരിക്കുക എന്ന ഇടുക്കത്തില്‍ നിന്ന് ഇടത് സെക്യുലര്‍ വ്യവഹാരങ്ങള്‍ പുറത്തു വരേണ്ടി വരും. ഇസ്ലാമിസ്റ്റുകളെ സംബന്ധിച്ച് മതത്തിനകത്തെ പുരുഷാധിപത്യം അവരുടെ മുന്‍ഗണനാക്രമത്തില്‍ താഴെ നില്‍ക്കുന്ന പ്രശ്‌നമാണ്. വിശ്വാസികളായ സ്ത്രീകള്‍ പോലും ഇതിനെ ചോദ്യം ചെയ്യുമ്പോള്‍ അവരേയും ഇസ്ലാമിനോട് ഭീതിയുള്ളവരായി ചിത്രീകരിച്ച് യഥാര്‍ത്ഥത്തില്‍ ഇവര്‍ അപഹാസ്യരാകുകയാണ്. വിശ്വാസിയായതും അല്ലാത്തതുമായ മുസ്ലിം സ്ത്രീകളുടെ അനുഭവങ്ങളും വിശ്വാസിയായ പുരുഷന്റെ അധികാര പ്രകടനങ്ങളും യാഥാര്‍ഥ്യമായി നിലനില്‍ക്കുമ്പോള്‍ പ്രത്യേകിച്ചും.

ആണധികാരം നിലനില്‍ക്കുന്ന കുടുംബം, മതം തുടങ്ങിയ സ്ഥാപനങ്ങളെ അതേ രൂപങ്ങളില്‍, സവിശേഷതകളില്‍ തന്നെ വിമര്‍ശിക്കണം. മുസ്ലീം സമൂഹത്തിനകത്തെ പ്രത്യേക സാഹചര്യങ്ങളെ അതിനോളം പരിഗണിച്ചും പരിശോധിച്ചും തന്നെ. അത്രയും സാധ്യമാകണമെങ്കില്‍ പ്രാഥമികമായി അവളുടെ സമകാലിക നില്‍പ്പ് എവിടെയാണെന്നെങ്കിലും തിരിച്ചറിയണം. അവര്‍ കീഴടക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്നത് കാണാനാകണം. എങ്കില്‍ ആറേഴ് പെണ്‍കുട്ടികള്‍ ഇവര്‍ക്കൊന്നും നേരം വെളുത്തില്ലേയെന്നും ഇങ്ങോട്ട് പോരുമ്പോള്‍ എമര്‍ജന്‍സി കയ്യില്‍ കരുതുകയെന്നും പറഞ്ഞത് കേള്‍ക്കുമ്പോള്‍ ഇത്രയും കൗതുകവും ഞെട്ടലും ചൊറിഞ്ഞ് പൊട്ടലും ഉണ്ടാകില്ല. അവര്‍ക്കത് പറഞ്ഞും പ്രവര്‍ത്തിച്ചും നല്ല ശീലമുണ്ട്. അതിന്റെ തുടര്‍ച്ചകളില്‍ അതിഭീകരമായി ഉലയുന്നതും വേര് പൊട്ടുന്നതും പുരുഷ കേന്ദ്രീകൃത വ്യവസ്ഥയാണ്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018