SPOTLIGHT

മനുഷ്യനെന്ന മിനിമം പരിഗണനയ്ക്ക് എങ്കിലും മാധ്യമപ്രവര്‍ത്തകര്‍ അര്‍ഹരാണ്, സാര്‍  

സംഘ്പരിവാര്‍ ഹര്‍ത്താലിനിടെ ആക്രമിക്കപ്പെടുന്ന കേരള കൗമുദി ഫോട്ടോഗ്രാഫര്‍ ശ്രീധര്‍ ലാല്‍ 
സംഘ്പരിവാര്‍ ഹര്‍ത്താലിനിടെ ആക്രമിക്കപ്പെടുന്ന കേരള കൗമുദി ഫോട്ടോഗ്രാഫര്‍ ശ്രീധര്‍ ലാല്‍ 
തുടര്‍ച്ചയായി മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങള്‍, അവരുടെ ജീവിതത്തെ എപ്രകാരമാണ് മാറ്റിത്തീര്‍ക്കുന്നതെന്ന് വെള്ളിയാഴ്ച്ച കേരള ഹൗസില്‍ ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകരാല്‍ അക്രമിക്കപ്പെട്ട മാതൃഭൂമി ന്യൂസ് സീനിയര്‍ ക്യാമറാമാന്‍ മുകേഷ് എ വി എഴുതുന്നു.

വെള്ളിയാഴ്ച്ച രാവിലെ ഓഫീസില്‍ എത്തിയപ്പോള്‍ ആദ്യം അറിഞ്ഞ പ്രോഗ്രാം ഷെഡ്യൂള്‍ ശബരിമല കര്‍മ്മ സമിതിയുടെയും സംഘ്പരിവാറിന്റെയും നേതൃത്വത്തില്‍ ഡല്‍ഹി കേരള ഹൗസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുന്നു എന്നതായിരുന്നു. കര്‍മ്മസമിതി ഭാരവാഹികള്‍തന്നെ നേരിട്ട് ഓഫീസിലേക്ക് വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് മാര്‍ച്ച് ഉണ്ടെന്ന് സ്ഥിരീകരിച്ചത്. പിന്നീട് സമാന സംഘടനകളില്‍ പെട്ട സുഹൃത്തുക്കളില്‍ നിന്ന് വ്യക്തിപരമായും, മറ്റ് വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലും ഈ മെസ്സേജ് കാണുകയുണ്ടായി.

നാട്ടില്‍ നിന്നും വ്യത്യസ്തമായി അതി ശൈത്യത്തില്‍ മുങ്ങി നില്‍ക്കുകയാണ് ഡല്‍ഹി. നാലുമണി കഴിഞ്ഞാല്‍ തന്നെ ഇരുട്ടാകുന്ന അവസ്ഥ. ഒപ്പം കൊടും തണുപ്പും. 5.30 ഓടെ ബി ജെ പി വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്ന സീനിയര്‍ റിപ്പോര്‍ട്ടര്‍ എസ് അരുണ്‍ ശങ്കറും ക്യാമറാമാന്‍ ജഗദീഷ് ബിഷട്ടും ഒപ്പം തത്സമയ സംപ്രേക്ഷണത്തിനായി ഒ ബി വാനുമായി ലിബിനും കേരള ഹൗസിന് മുന്നില്‍ തയ്യാറായിരുന്നു. 6 മണിയോട് കൂടി ഞാനും സീനിയര്‍ റിപ്പോര്‍ട്ടര്‍ ബാല്‍റാം നെടുങ്ങാടിയും കൂടെ കേരള ഹൗസിലേക്ക് എത്തി. സാധാരണ ഗതിയില്‍ ഒരു ക്യാമറാമാനും റിപ്പോര്‍ട്ടറും അടങ്ങിയ രണ്ട് പേരുടെ ടീം മാത്രമാണ് ഷൂട്ടിന് പോവാറ് എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍, വ്യക്തമായി മുന്‍കൂട്ടി എന്ത് സംഭവിക്കും എന്ന് അറിയാത്ത പരിപാടികള്‍ക്ക് ഒന്നില്‍ കൂടുതല്‍ ക്യാമറകള്‍ സാധാരണയായി ഉപയോഗിക്കാറുണ്ട്. ഇതിന് മുന്‍പ് രണ്ടുതവണ നടന്ന ശബരിമല കര്‍മ്മസമിതിയുടെ തന്നെ നമാജപ ഘോഷയാത്രയും ഇതേ രീതിയില്‍ ആണ് കവര്‍ ചെയ്തിരുന്നതും.

കേരള ഹൗസിന്റെ പ്രധാന ഗേറ്റ് പോലീസ് ബാരിക്കേഡുകളാല്‍ ബന്തവസാക്കി, ഏകദേശം നൂറിലധികം ഡല്‍ഹി പോലീസുകാരെ വിന്ന്യസിച്ച നിലയിലായിരുന്നു. ഞങ്ങള്‍ എത്തിയപ്പോള്‍ കാണാന്‍ സാധിച്ചത്‌. ഏകദേശം നൂറോളം ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകരും നൂറ് മീറ്റര്‍ അകലത്തില്‍ നിലയുറപ്പിച്ചിരുന്നു. ഏകദേശം 6.30 ഓട് കൂടി തുടങ്ങും എന്ന് അറിഞ്ഞപ്പോള്‍ ഞാനും ബല്‍റാമും അവര്‍ക്കടുത്തേക്ക് പോവുകയായിരുന്നു. വളരെ സൗമ്യമായി ശരണം വിളിക്കുന്ന നിലയായിരുന്നു ആദ്യം. എന്നാല്‍ ഏതാനും മിനിറ്റിനുള്ളില്‍ തന്നെ ശരണം വിളി ഇല്ലാതാവുകയും, പിന്നീട് കേട്ടാലറക്കുന്ന രീതിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ തെറിവിളിക്കുകയുമാണ് ഉണ്ടായത്.

തെറിവിളികള്‍ പിന്നീട് പൊതുജന മധ്യത്തില്‍ പറയാന്‍ സാധിക്കാത്ത വിധം അശ്ലീലമായി. അഞ്ച് മിനിട്ട് കൊണ്ട് നൂറോളം വരുന്ന കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ കേരള ഹൗസിന് മുന്നിലേക്ക്, ഇത്തരത്തില്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ച് ഗേറ്റിന് മുന്‍പില്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ക്ക് മുന്നില്‍ നിലയുറപ്പിച്ചു. തുടര്‍ന്ന് ഉണ്ടായ പ്രസംഗങ്ങളും തീര്‍ത്തും ജനാധിപത്യ വിരുദ്ധമായിരുന്നു എന്ന് തന്നെ പറയേണ്ടി വരും. കാരണം അതില്‍ ഒരു പ്രവര്‍ത്തകന്റെ പ്രസംഗം തുടങ്ങുന്നത്, 'ഞങ്ങളുടെ ദൈവങ്ങളുടെ കൈയില്‍ പൂക്കള്‍ മാത്രമല്ല ആയുധങ്ങളും ഉണ്ട്. അത് ഞങ്ങള്‍ ഉപയോഗിക്കുക തന്നെ ചെയ്യും' എന്നായിരുന്നു.

ഡല്‍ഹിയില്‍ ശബരിമല കര്‍മ്മ സമിതി പ്രതിഷേധത്തിനിടെ മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുന്നു 
ഡല്‍ഹിയില്‍ ശബരിമല കര്‍മ്മ സമിതി പ്രതിഷേധത്തിനിടെ മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുന്നു 

പ്രസംഗം കഴിഞ്ഞ ഉടന്‍ തന്നെ കേരള ഹൗസിലേക്ക് തള്ളിക്കേറാന്‍ ചിലര്‍ ശ്രമിച്ചെങ്കിലും പോലീസ് അത് പരാജയപ്പെടുത്തി. ഈ സമയത്താണ് ഇവര്‍ക്കിടയില്‍ നിന്ന് ഒരാള്‍ കേരള ഹൗസിന് ഉള്ളിലേക്ക് കല്ലെറിയുന്നതായി കണ്ടത്. ഉടന്‍ തന്നെ മറ്റൊരാളും കൂടെ കൂടി. പിന്നെ തുടര്‍ച്ചയായി കല്ലുകള്‍ ഗേറ്റിന് ഉള്ളിലേക്ക് എറിയുന്ന സാഹചര്യമുണ്ടായി. ഈ ദൃശ്യങ്ങള്‍ എല്ലാം വ്യക്തമായി ക്യാമറയില്‍ ഞങ്ങള്‍ റെക്കോഡ് ചെയ്യുന്നുമുണ്ടായിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട പൊലീസുകാര്‍ കല്ലെറിഞ്ഞ ആളെ അവിടെ നിന്ന് ബലം പ്രയോഗിച്ച് ജീപ്പില്‍ കയറ്റി കൊണ്ടുപോവാന്‍ ശ്രമിച്ചു. അത് മറ്റുള്ള പ്രതിഷേധക്കാരുടെ ശ്രദ്ധയില്‍ പെടുകയും അവര്‍ പൊലീസിനടുത്തേക്ക് പാഞ്ഞടുത്ത് അദ്ദേഹത്തെ അവരില്‍ നിന്നും മോചിപ്പിക്കുകയും ചെയ്തു. ഇതെല്ലാം ഞങ്ങള്‍ വളരെ പ്രയാസപ്പെട്ടാണ്, തടസ്സങ്ങളില്ലാതെ ലൈവ് കൊടുത്തുകൊണ്ടിരുന്നത്.

ഈ സമയത്താണ് കല്ലെറിഞ്ഞ വ്യക്തി 24 ന്യൂസ്സിന്റെ ക്യാമറാമാനായ പി എസ് അരുണിന് നേരെ ആക്രോശിച്ചുകൊണ്ട് ആക്രമണം നടത്തുന്നത്. എടുക്കരുത് എന്ന് പറഞ്ഞിട്ടും ദൃശ്യങ്ങള്‍ എടുക്കാന്‍ ശ്രമിച്ചു എന്നതാണ് അക്രമത്തിന്‌ കാരണമായി പ്രതിഷേധക്കാര്‍ പറഞ്ഞത്. തുടര്‍ന്ന് അതിനേച്ചൊല്ലി വാഗ്വാദം ഉണ്ടാകുന്ന സമയത്താണ് ന്യൂസ് 18 ക്യാമറാമാന്‍മാരായ കെ പി ധനേഷിനെയും, രാമനേയും മര്‍ദ്ദിക്കുന്നത്. ഈ മര്‍ദ്ദനത്തില്‍ ധനേഷിന്റെ കഴുത്തിന് സാരമായ പരിക്ക് പറ്റി. ന്യൂസ് 18 തമിഴിന്റെ റിപ്പോര്‍ട്ടര്‍ സുചിത്രയുടെ മൊബൈല്‍ ഫോണ്‍ റോഡിലെറിഞ്ഞ് തകര്‍ത്തു. ഇതെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് എന്നെ ചവിട്ടി താഴെയിട്ടത്. ആ വീഴ്ചയില്‍ ക്യാമറ വന്ന് നെഞ്ചില്‍ ഇടിക്കുകയും ശ്വാസോച്ഛാസം അല്‍പ്പസമയം തടസപെടുകയും ഉണ്ടായി. അതുകൊണ്ട് തന്നെ സ്വമേധയാ എഴുന്നേല്‍ക്കാന്‍ പറ്റാത്ത അവസ്ഥ വന്നു. ഇതുകണ്ട് മാതൃഭൂമിയുടെ ഒ ബി വാന്‍ എഞ്ചിനീയര്‍ ലിപിന്‍ ഓടിവന്നാണ് എന്നെ പിടിച്ച് എഴുന്നേല്‍പിച്ചതും അവിടെനിന്ന് മാറ്റിയതും.

ഇത്രയൊക്കെ സംഭവിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കാതെ കാഴ്ച്ചക്കാരായി പോലീസ് നില്‍ക്കുകയായിരുന്നു. അതുകൊണ്ട് തന്നെ പ്രതിഷേധക്കാരുടെ ഭാഗത്ത് നിന്ന് പിന്നെയും രൂക്ഷമായ പ്രതികരണങ്ങള്‍ ഉണ്ടായി. ഈ സമയത്താണ് അക്രമികളുടെ കൂട്ടത്തില്‍ മദ്യപിച്ചെത്തിയവരും ഉണ്ടെന്ന് ഞങ്ങള്‍ക്ക് മനസിലായത്. ഈ കാര്യം സംഘാടകരുടെ മുന്നില്‍ അവതരിപ്പിച്ചെങ്കിലും അവരത് ആദ്യം ഗൗരവമായെടുക്കാന്‍ തയ്യാറല്ലായിരുന്നു. പ്രശ്‌നം കൂടുതല്‍ ഗൗരവമാകുമെന്ന് ചൂണ്ടിക്കാട്ടിയതോടെയാണ് മദ്യപിച്ചെത്തിയ ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകരെ പ്രതിഷേധക്കാര്‍ സംഭവസ്ഥലത്ത് നിന്ന് മാറ്റിയത്. ഈ സമയത്ത് ഞങ്ങള്‍ക്ക് ചുറ്റും ഉണ്ടായിരുന്ന പൊലീസ് മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രതിഷേധക്കാര്‍ക്കും ഇടയിലേക്ക് വന്നു. കര്‍മ്മസമിതി പ്രവര്‍ത്തകരെ അവിടെ നിന്ന് മാറ്റി.

തുടര്‍ച്ചയായി നടത്തുന്ന ഹര്‍ത്താലിന്റെ രാഷ്ട്രീയമോ, സാമ്പത്തികമോ ആയ കാര്യങ്ങള്‍ പറയാനോ, ഞങ്ങള്‍ കുറച്ചുപേര്‍ ആക്രമിക്കപ്പെട്ടു എന്ന് പറയാനോ മാത്രമല്ല ഇന്നലെ നടന്ന കാര്യങ്ങള്‍ വിശദീകരിച്ചത്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ തുടര്‍ച്ചയായി, വലിയ തോതില്‍ ഉണ്ടാകുന്ന ഇത്തരം ആക്രമണങ്ങള്‍ എത്ര മാത്രം ഗുരുതരമായാണ് ഞങ്ങളെ ബാധിക്കുന്നത് എന്ന് ഓരോ കല്ലും ഞങ്ങള്‍ക്കിടയിലേക്ക് എറിയുമ്പോള്‍ നിങ്ങള്‍ ഓര്‍ക്കണം. 3,500 കിലോമീറ്റര്‍ അകലെ ഡല്‍ഹിയില്‍ വന്ന് ഞാന്‍ ജോലിചെയ്യുന്നത് പ്രായമായ അമ്മയെ ഒറ്റയ്ക്ക് വീട്ടില്‍ നിര്‍ത്തിയാണ്. ഇന്നലെ ആക്രമണത്തില്‍ എന്റെ മൊബൈല്‍ ഓഫ് ആയി പോയിരുന്നു. നിരന്തരം വരുന്ന ഫ്‌ളാഷ് ന്യൂസുകളില്‍ നിന്നും ഞാന്‍ ഉള്‍പ്പെടുന്ന സുഹൃത്തുക്കള്‍ ആക്രമിക്കപ്പെട്ടു എന്ന് അറിഞ്ഞ ആ അമ്മ എത്രത്തോളം മാനസിക സംഘര്‍ഷം അനുഭവിച്ചു എന്ന് നിങ്ങള്‍ക്കറിയാമോ? രക്തസമ്മര്‍ദ്ദം കൂടി എന്റെ അമ്മ വീടിനുള്ളില്‍ വീണ് പോയത് നിങ്ങള്‍ക്കറിയാമോ? വാര്‍ത്ത കണ്ട് വിവരം തിരക്കാനും അമ്മയെ സമാധാനിപ്പിക്കാനും വേണ്ടി അടുത്ത വീട്ടിലെ ഫാത്തിമതാത്ത വന്നത് കൊണ്ട് മാത്രമാണ് അമ്മയെ ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചത്. അല്ലെങ്കില്‍ ബി പി കൂടി വീണ് കിടക്കുന്ന അമ്മയെ ആരും കണ്ടില്ല എങ്കില്‍, എന്റെ ജീവിതത്തില്‍ ആകെ ഉള്ള അത്താണിക്ക് എന്ത് സംഭവിക്കുമായിരുന്നു എന്നോര്‍ക്കുമ്പോള്‍ ഇരുട്ട് മാത്രമാണ് ചുറ്റും. ഇന്ന് വൈകുന്നേരമാണ് അമ്മയെ ആശുപത്രിയില്‍ നിന്നും ഡിസ്ച്ചാര്‍ജ് ചെയ്തത്.

ഹര്‍ത്താലിനിടെ കൈരളി പീപ്പിള്‍ ക്യാമറാ വുമണ്‍ ഷെജിലയെ ആക്രമിക്കുന്ന ബിജെപി പ്രവര്‍ത്തകന്‍ 
ഹര്‍ത്താലിനിടെ കൈരളി പീപ്പിള്‍ ക്യാമറാ വുമണ്‍ ഷെജിലയെ ആക്രമിക്കുന്ന ബിജെപി പ്രവര്‍ത്തകന്‍ 

ഇതെന്റെ മാത്രം ജീവിത സാഹചര്യമല്ല. വീട് വിട്ടുനിന്ന് ജോലി ചെയ്യേണ്ടി വരുന്ന നൂറ് കണക്കിന് മാധ്യമപ്രവര്‍ത്തകരുടെ ജീവിതത്തില്‍ പലപ്പോഴും അവര്‍ കടന്നു പോകേണ്ടി വരുന്ന സാഹചര്യങ്ങളുടെ ഒരു ചെറിയ ചിത്രം മാത്രമാണിത്. ഒന്നേ പറയാനുള്ളൂ, ജീവിക്കാന്‍ വേണ്ടിയാണ് ഞങ്ങളും ഈ ജോലി ചെയ്യുന്നത്. ഞങ്ങള്‍ക്കും കുടുംബം ഉണ്ട്. ഇടക്കിടെ വരുന്ന ഹര്‍ത്താലുകള്‍ നിങ്ങള്‍ ഉത്സവം പോലെ ആഘോഷിക്കുമ്പോള്‍ ഇരട്ടി സമയം ജോലി ചെയ്യേണ്ടി വരുന്നവരാണ് ഞങ്ങള്‍. പ്രിവില്ലേജുകള്‍ക്കപ്പുറത്ത് മനുഷ്യനെന്ന മിനിമം പരിഗണന എങ്കിലും ഞങ്ങള്‍ക്ക് തരണം സാര്‍.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018