SPOTLIGHT

പ്രായോഗിക ഇടതുപക്ഷ ‘സൈദ്ധാന്തികരു’ടെ സ്വത്വ പേടി 

ജാതി വ്യവസ്ഥയെ മനസ്സിലാക്കുന്നതില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പരാജയപ്പെട്ടുവെന്നത് ഒരു പുതിയ വിമര്‍ശനമല്ല. ഇക്കാര്യങ്ങള്‍ ഇപ്പോള്‍ മുഖ്യധാര കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ തന്നെ ആളുകള്‍ ഏറ്റുപറയാറുമുണ്ട്. അതിന് അനുസരിച്ചുള്ള ചില അടവ് പരമായ സമീപനങ്ങള്‍ അവര്‍ സ്വീകരിക്കുന്നുമുണ്ട്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പ്രശസ്ത സാമൂഹ്യ ചിന്തകന്‍ കാഞ്ച ഐലയ്യ ഒരു ലേഖനം എഴുതുകയുണ്ടായി. ഇന്ത്യയിലെ ഇടതുപക്ഷവുമായി ബന്ധപ്പെട്ടായിരുന്നു അത് . ഇടതുപക്ഷത്തെ അംബേദ്ക്കറൈറ്റ് നിലപാടില്‍നിന്ന് വിമര്‍ശിച്ചുകൊണ്ടിരുന്ന കാഞ്ച ഐലയ്യ, തെലങ്കാനയില്‍ സിപിഐ എം ഉള്‍പ്പെടെയുള്ള കക്ഷികളെ ചേര്‍ത്തുകൊണ്ടുള്ള ബഹുജന്‍ ലഫ്റ്റ് ഫ്രണ്ടിനെ പിന്തുണയക്കുകയാണ് ചെയ്തത്. സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം മണിക് സര്‍ക്കാരുമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ വേളയില്‍ നടത്തിയ ഒരു സംഭാഷണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നേരത്തെ സൂചിപ്പിച്ച ലേഖനം അദ്ദേഹം എഴുതിയത്.

താങ്കളുടെ പാര്‍ട്ടിയുടെ ഉന്നത സമിതിയില്‍ എന്ത് കൊണ്ടാണ് ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ ഇല്ലാത്തതെന്ന ചോദ്യത്തിന് മണിക് സര്‍ക്കാര്‍ പറഞ്ഞ മറുപടിയാണ് ലേഖനത്തിന് അടിസ്ഥാനമായത്. ഞങ്ങള്‍ ജാതിയില്‍ അധിഷ്ഠിതമായി നേതാക്കളെ തെരഞ്ഞെടുക്കുന്നതില്‍ വിശ്വസിക്കുന്നില്ലെന്നായിരുന്നു മണിക് സര്‍ക്കാര്‍ കാഞ്ച ഐലയ്യയോട് പറഞ്ഞ മറുപടി.

സ്വാഭാവികമായും ഈ മറുപടി കാഞ്ച ഐലയ്യയെ അസ്വസ്ഥനാക്കി. ജാതി എന്ന യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കാത്ത ഇന്ത്യന്‍ ഇടതുപക്ഷം ഇതിനകം തന്നെ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകഴിഞ്ഞുവെന്നും ഇപ്പോഴും അവര്‍ അത് തിരിച്ചറിയുന്നില്ലെന്നും പറഞ്ഞായിരുന്നു ലേഖനം.

ജാതി വ്യവസ്ഥയെ മനസ്സിലാക്കുന്നതില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പരാജയപ്പെട്ടുവെന്നത് ഒരു പുതിയ വിമര്‍ശനമല്ല. ഇക്കാര്യങ്ങള്‍ ഇപ്പോള്‍ മുഖ്യധാര കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ തന്നെ ആളുകള്‍ ഏറ്റുപറയാറുമുണ്ട്. അതിന് അനുസരിച്ചുള്ള ചില അടവ് പരമായ സമീപനങ്ങള്‍ അവര്‍ സ്വീകരിക്കുന്നുമുണ്ട്. കേന്ദ്ര കമ്മിറ്റിപോലുള്ള സമിതികളില്‍ അംഗങ്ങളെ തെരഞ്ഞെടുക്കുമ്പോള്‍ ചിലപ്പോഴെങ്കിലും അതൊക്കെ പരിഗണിക്കപ്പെടുന്നുവെന്ന തോന്നല്‍ ഉണ്ടാക്കാന്നുമുണ്ട്. ചെറിയ ചെറിയ സൂചനകള്‍. അത്രമാത്രം അതേസമയം സ്വത്വത്തെ വര്‍ഗത്തെക്കാള്‍ പ്രാധാന്യം നല്‍കി പരിഗണിക്കുകയെന്നത് ഇപ്പോഴും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പരിഗണനയ്ക്ക് പുറത്താണ്. ശ്രേണികൃത അസമത്വമെന്ന രീതിയില്‍ നിലനില്‍ക്കുന്ന ജാതിവ്യവസ്ഥയിലെ ഏറ്റവും അടിത്തട്ടില്‍ കിടക്കുന്നവര്‍ തന്നെയാണ് അടിസ്ഥാന വര്‍ഗം എന്ന ആശയത്തെ പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തയ്യാറായിട്ടുമില്ല. അതില്‍ മാര്‍ക്‌സിസ്റ്റുകള്‍ക്ക് അവരുടെതായ വിശദീകരണവും ഉണ്ട്. അതേസമയം സിപിഐഎം ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ജാതിയെ യാന്ത്രികമായി അല്ലാതെ സമീപിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ശ്രമിക്കുന്നുവെന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. നിരവധി സ്വത്വ സംഘടനകള്‍ സിപിഐഎമ്മിന്റെ വര്‍ഗ സംഘടനകളായി പ്രവര്‍ത്തിക്കുന്നുമുണ്ട്. ചുരുക്കത്തില്‍ എല്ലാ സ്വത്വ പ്രശ്‌നങ്ങളെയും ആവാഹിച്ചെടുക്കാന്‍ കഴിയുന്നതാണ് വര്‍ഗ സമീപനമെന്ന യാന്ത്രികത ഇക്കാലത്ത് അതേപോലെ മാര്‍ക്‌സിസ്റ്റുകളും ആവര്‍ത്തിക്കുമെന്ന് തോന്നുന്നില്ല.

ഇതേക്കുറിച്ച് ഇപ്പോള്‍ പറയാന്‍ കാരണം വനിതാമതിലിനെക്കുറിച്ച്, സാമൂഹ്യമാധ്യമങ്ങളിലെ പ്രമുഖനും ഇടതുപക്ഷക്കാരനായി വിലയിരുത്തപ്പെടുകയും ചെയ്യുന്ന ദീപക് ശങ്കരനാരായണന്‍ എഴുതിയ കുറിപ്പാണ്. 'ലിംഗ രാഷ്ട്രീയത്തെ വര്‍ഗ രാഷ്ട്രീയം ഏറ്റെടുത്താല്‍ പിന്നെ അത് ചില്ലറ വിറ്റ് കഴിഞ്ഞുകൂടുന്നവര്‍ എങ്ങിനെ ബുദ്ധിക്കഞ്ഞി കുടിക്കും' എന്ന ആലോചന ഉണ്ടാക്കിയ സന്തോഷാധിക്യമാണ് അദ്ദേഹത്തിന്റെ പോസ്റ്റിന്റെ കാതല്‍.

പ്രായോഗിക ഇടതുപക്ഷം എന്തായിരിക്കണമെന്നതിന്റെ സമവാക്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന സാമൂഹ്യ മാധ്യമങ്ങളിലെ ബുദ്ധിജീവികള്‍ ഭിന്നാഭിപ്രായം പറയുന്നവരോട് കാണിക്കുന്ന പുച്ഛത്തിന്റെ ഭാഷയാണ് ഇവിടെയും പ്രയോഗിക്കുന്നത് എന്നതില്‍ അത്ഭുതമില്ല. പക്ഷെ ഈ ബുദ്ധിജീവികള്‍ ഏത് പശ്ചാത്തലത്തിലാണ് ആരെയാണ് ബുദ്ധികഞ്ഞി കുടിച്ച് കഴിയുന്നവര്‍ എന്ന് ആക്ഷേപിക്കുന്നതെന്ന് മനസ്സിലാകുന്നില്ല.

എല്ലാറ്റിനെയും 'സ്വാംശീകരിക്കാന്‍' ശേഷിയുള്ള വര്‍ഗ രാഷ്ട്രീയമെന്ന് യാന്ത്രികമായി ഇനിയും പറഞ്ഞുകൊണ്ടിരുന്നാലും സ്വത്വ പ്രശ്‌നങ്ങള്‍ മുന്നോട്ടുവെയ്ക്കുന്നവരെ പുച്ഛിച്ചുകൊണ്ടും ഇന്ത്യന്‍ ഇടതുപക്ഷത്തിന് വലിയ മുന്നേറ്റമുണ്ടാകാന്‍ കഴിയുമെന്ന തോന്നലില്‍ തന്നെയാണോ പ്രായോഗികതയുടെ ഈ പുതുപുത്തന്‍ ചിന്താഗതിക്കാരുമെന്നും വ്യക്തമല്ല. അങ്ങനെയാണെന്ന് തോന്നുന്നില്ല. സിവില്‍ സൊസൈറ്റി രാഷ്ട്രീയവും സ്വത്വവാദവുമെല്ലാം ഇടതുപക്ഷത്തെ സ്വാധീനിച്ചുതുടങ്ങുകയും അവര് അതിനോട് പ്രായോഗികാര്‍ത്ഥത്തില്‍ സംവദിക്കാന്‍ തയ്യാറാകുകയും ചെയ്യുമ്പോള്‍ ഉപമയും ഉല്‍പ്രേക്ഷയും ചേര്‍ത്ത് ഒരു ഭിന്നാഭിപ്രായം രേഖപ്പെടുത്തുന്നു എന്നതില്‍ കൂടുതല്‍ ഗൗരവം യഥാര്‍ത്ഥത്തില്‍ ഇത്തരം നിലപാടുകള്‍ക്ക് നല്‍കേണ്ടതില്ല. അല്ലെങ്കില്‍ ലിംഗ രാഷ്ട്രീയത്തെ വര്‍ഗ രാഷ്ട്രീയം ഏറ്റെടുക്കുന്നുവെന്നൊക്കെയുള്ള രാഷ്ട്രീയ അസംബന്ധങ്ങള്‍ വനിതാ മതിലിന്റെ പാശ്ചാത്തിലത്തിലെങ്കിലും എഴുതാന്‍ ഇടയില്ല

തിരുവനന്തപുരത്ത് അയ്യങ്കാളി പ്രതിമയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുഷ്പമാല അര്‍പ്പിക്കുന്നു 
തിരുവനന്തപുരത്ത് അയ്യങ്കാളി പ്രതിമയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുഷ്പമാല അര്‍പ്പിക്കുന്നു 

കാരണം വെര്‍ച്വല്‍ ലോകത്തെ ലൈക്കുകള്‍ക്ക് അപ്പുറം ഇത്തരം ദീപ്ത ചിന്തകള്‍ ഇന്ത്യന്‍ ഇടതുപക്ഷവുമായോ സ്വത്വ രാഷ്ട്രീയവുമായോ ബന്ധപ്പെട്ട ചര്‍ച്ചകളെ സ്വാധീനിക്കുന്നതായി കണ്ടിട്ടുമില്ല.

വനിതാ മതില്‍ സമയത്ത് അയ്യാങ്കാളിയുടെ പ്രതിമയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഹാരാര്‍പ്പണം നടത്തിയത് ചരിത്രത്തിന്റെ തെറ്റുതിരുത്തലാണെന്ന് പലരും (മാര്‍ക്‌സിസ്റ്റുകാര്‍ ഉള്‍പ്പെടെ) കരുതുന്ന ഘട്ടത്തിലാണ്, 'വര്‍ഗ രാഷ്ട്രീയ ഏറ്റെടുക്ക'ലിന്റെ യമണ്ടന്‍ കഥകള്‍ അവതരിപ്പിക്കുന്നതെന്നാണ് മറ്റൊരു വൈചിത്ര്യം.

കേരള ചരിത്രത്തിന്റെ മാര്‍ക്‌സിസ്റ്റ് വ്യാഖ്യാനം എഴുതിയ ഇ എം എസ് നമ്പൂതിരിപ്പാട് തമസ്‌ക്കിരിച്ചുവെന്ന് ആരോപിക്കപ്പെടുന്ന അയ്യാങ്കാളിയെ മറ്റൊരു ചരിത്ര ഘട്ടത്തില്‍ മാര്‍ക്‌സിസ്റ്റ് നേതാവ് ഉള്‍ക്കൊള്ളാന്‍ തയ്യാറാകുന്നുവെന്നതുകൊണ്ടാണ് ആ ചിത്രം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. അങ്ങനെ ഒരു ഘട്ടത്തിലേക്ക് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി മാറുന്നത് യാന്ത്രികമായി വര്‍ഗ രാഷ്ട്രീയം ജപിച്ച് അത് മറ്റെല്ലാ വൈരുദ്ധ്യങ്ങളെയും കാലാന്തരേണ സ്വാംശീകരിക്കുമെന്ന് കരുതി ഇരുന്നതുകൊണ്ടല്ല, ദളിത് ആദിവാസി വിഭാഗങ്ങള്‍ നടത്തിയ പ്രക്ഷോഭങ്ങളില്‍നിന്നും ഇടപെടലുകളില്‍നിന്നും ചില പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നിര്‍ബന്ധിതരായതുകൊണ്ടാണ്. അത് മനസ്സിലാക്കാതെയും ഉള്‍ക്കൊള്ളാതെയും ഇടതുരാഷ്ട്രീയത്തിന് മുന്നോട്ടുപോകാന്‍ കഴിയില്ലെന്നതു കൊണ്ടാണ്. ആ ബോധ്യപ്പെടലിന്റെ ഉദാഹരണം കൂടിയാണ് വനിതാമതില്‍.

കേരളത്തില്‍ ഇടതുപക്ഷത്തിന് പ്രായോഗിക ബുദ്ധി പകര്‍ന്നു നല്‍കാന്‍ ശ്രമിക്കുന്നവരുടെ ഒരു പൊതു രീതിതന്നെയാണ് ഇദ്ദേഹത്തിന്റെ നിലപാടിലും പ്രകടിപ്പിക്കപ്പെടുന്നത്. അവരില്‍ പലര്‍ക്കും ദളിത് പ്രശ്‌നമമെന്നത് ഉദ്യോഗസ്ഥ സംവരണത്താല്‍ മാത്രം അഭിസംബോധന ചെയ്യപെടേണ്ട വിഷയമാണ്. ഭൂമിയെ ക്കുറിച്ച് ചോദിക്കുമ്പോള്‍ ഭൂപരിക്ഷ്‌ക്കരണത്തില്‍ തീരുമാനമായതാണെന്നും ഇനി രണ്ടാം ഭൂപരിഷ്‌ക്കരണത്തെക്കുറിച്ച് മിണ്ടരുതെന്നുമുള്ള നിലപാടിന്റെ ഉപാസകരാവും ഇവരില്‍ പലരും.

പ്രായോഗിക ഇടതുപക്ഷ സൈദ്ധാന്തികരുടെ മറ്റൊരു പ്രധാന വര്‍ഗ ശത്രുക്കള്‍ ആക്ടിവിസ്റ്റുകള്‍ ആണ്. ആക്ടിവിസ്റ്റുകളുടെ ഇടപടെലുകളെ പരിഹസിക്കേണ്ടത് വര്‍ഗസമീപനത്തിന്റെ പ്രധാന മുന്നുപാധിയായി കരുതുന്നവരാണ് ഇവര്‍. കാരണം പ്രായോഗികതയുടെ പേരില്‍ രാഷ്ട്രീയത്തെ, പ്രത്യയശാസ്ത്രത്തെ, എത്ര മാറ്റി നിര്‍ത്തിയാലും സാമൂഹ്യമാറ്റം പാര്‍ട്ടിയുടെ മുന്‍കൈയില്‍ തന്നെ വേണമെന്ന കാര്യത്തില്‍ ഇവര്‍ക്കും വിട്ടുവീഴ്ചയില്ല.

അക്കാര്യത്തില്‍ യാഥാസ്ഥിതികതയുടെ ഇല്ലങ്ങളില്‍നിന്നും നാലുകെട്ടുകളില്‍നിന്നും പുറത്തുവരാന്‍ പ്രായോഗികതയുടെ ഉപദേശകരും തയ്യാറല്ല. അല്ലെങ്കിലും പാര്‍ട്ടി ഘടനയെ സൈനിക സമാനമായി സംരക്ഷിച്ചുനിര്‍ത്താനുള്ള പോരാട്ടത്തിലൂടെയാണല്ലോ പ്രായോഗിക ഇടതുപക്ഷം സാമൂഹ്യമാധ്യമങ്ങളില്‍ പ്രാമുഖ്യം നേടിയത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018