SPOTLIGHT

അമൂല്യമായ മണ്ണില്‍ ജനിച്ചതിനാല്‍ ജീവിതം നിഷേധിക്കപ്പെട്ട ജനത: ആലപാട് ഗ്രാമം ഭൂപടത്തില്‍നിന്ന് ഇല്ലാതാകും വിധം  

ആലപ്പാട്ടെ കരിമണല്‍ ഖനനത്തിനെതിരെ നാട്ടുകാര്‍ നടത്തുന്ന അതിജീവന സമരം- ചിത്രം: പ്രതീഷ് പ്രസാദ് 
ആലപ്പാട്ടെ കരിമണല്‍ ഖനനത്തിനെതിരെ നാട്ടുകാര്‍ നടത്തുന്ന അതിജീവന സമരം- ചിത്രം: പ്രതീഷ് പ്രസാദ് 
കരിമണല്‍ഖനനം മൂലം ഇതുവരെ അയ്യായിരത്തോളം കുടുംബങ്ങള്‍ ഭൂരഹിതരായെന്നാണ് കണക്ക്.

പടിഞ്ഞാറ് അറബിക്കടലിനും കിഴക്ക് ടി.എസ് കനാലിനും നടുക്ക് മണൽതിട്ട പോലെ നീളത്തിൽ നീണ്ടുകിടക്കുന്നതാണ് ആലപ്പാട് ഗ്രാമം. അരനൂറ്റാണ്ട് കാലമായുള്ള തീരമണല്‍ ഖനനം മൂലം ഈ പ്രദേശം വട്ടക്കായല്‍ എന്നറിയപ്പെടുന്ന ദേശീയജലപാതയെയും കടലിനെയും വേർതിരിക്കുന്ന ഒരു മണൽവരമ്പ് മാത്രമായി മാറിക്കഴിഞ്ഞു. കായലിനും കടലിനും ഇടയിലുള്ള അകലം ആലപ്പാട് പഞ്ചായത്തില്‍ ചിലസ്ഥലങ്ങളിൽ 200 മീറ്റർ വരെയാണ്. ചിലസ്ഥലങ്ങളിൽ 50 മീറ്ററില്‍ താഴെയും. കടലിനും കായലിനും ഇടയില്‍ 17 കിലോമീറ്ററോളം ദൂരത്തിൽ വീതികുറഞ്ഞ ഒരു മാല പോലെ കിടക്കുന്ന ഭൂവിഭാഗമാണ് ആലപ്പാട് -അഴീക്കൽ പഞ്ചായത്തുകൾ. തീര മണൽ ഖനനത്തിന്റെ രൂക്ഷത ഏറ്റവും കൂടുതൽ അനുഭവിക്കുന്ന രണ്ടു പ്രദേശങ്ങളാണിവ. തീരദേശത്തെ കരിമണൽ ഖനനം തുടങ്ങുന്നതിനുമുൻപ് 89.5 ചതുരശ്ര കിലോമീറ്റർ ഭൂവിസ്തൃതി ഉണ്ടായിരുന്ന ആലപ്പാട് വില്ലേജ് ഇപ്പോൾ കേവലം 7.6 ചതുരശ്ര കിലോമീറ്റർ മാത്രമാണ് മാത്രമായി ചുരുങ്ങി. അതായത് ഏകദേശം20,000 ഏക്കർ ഭൂമി കടലായി മാറിക്കഴിഞ്ഞു. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിനിടെ 81.9 ചതുരശ്ര കിലോമീറ്റർ ഭൂമിയാണ് കടലായി മാറിയത്

ആരാണു ഖനനം നടത്തുന്നത്?
നിലവില്‍ രണ്ട് പൊതുമേഖലാ കമ്പനികളാണ് കേരളതീരത്ത് മണല്‍ ഖനനം നടത്തുന്നത്. ഇന്ത്യൻ പ്രതിരോധമന്ത്രാലയത്തിന് ആവശ്യമായ ഉൽപന്നങ്ങൾ നിർമ്മിക്കാൻ ഇന്ത്യൻ റെയർ എർത്ത്സ് ലിമിറ്റഡ് (ഐ.ആർ.ഇ), സംസ്ഥാന സർക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള മിനറൽസ് ആൻഡ് മെറ്റൽസ് (കെ.എം.എം.എൽ) എന്നിവയാണ് രണ്ടു കമ്പനികള്‍.

എന്തിനാണ് തീരം ഖനനം ചെയ്യുന്നത്?

കൊല്ലം ജില്ലയിലെ ആലപ്പാട്-പന്മന പഞ്ചായത്തുകളിലും തൊട്ടു വടക്ക് ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ ആറാട്ടുപുഴ പഞ്ചായത്തുകളിലും തീരദേശ മണലിൽ വളരെ കൂടിയ തോതിൽ മോണോസൈറ്റ് ഉള്ളതായി കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ കണ്ടെത്തിയിരുന്നു.വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിരുന്ന ആലപ്പാടൻ കയറില്‍ പറ്റിപ്പിടിച്ച കരിമണല്‍ത്തരികളില്‍ മോണോസൈറ്റിന്റെ തരികള്‍ ജര്‍മന്‍ ശാസ്ത്രജ്ഞനായ ഹെര്‍ഷോംബെര്‍ഗ് കണ്ടെത്തി. അദ്ദേഹത്തിന്റെ അന്വേഷണം ചെന്നെത്തിയത് തിരുവിതാംകൂറിലെ മണവാളക്കുറിച്ചി എന്ന കടലോര ഗ്രാമത്തിലാണ്. കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരദേശങ്ങളില്‍ ഇല്‍മനൈറ്റും മോണോസൈറ്റും ഉള്‍പ്പെടെ അമൂല്യധാതുക്കളുണ്ടെന്ന് അറിഞ്ഞത് അങ്ങനെയാണ്. നീണ്ടകരയിൽ നിന്നും കരിമണലുമായി ആദ്യ കപ്പൽ ജർമ്മനിയിലേക്ക് പോകുന്നത് 1922-ല്‍. 1932-ല്‍ എഫ്.എക്സ് പെരേര എന്ന കമ്പനി സ്ഥാപിക്കപ്പെട്ടു. 1951-ല്‍ ടൈറ്റാനിയം ഡയോക്സൈഡ് പിഗ്മെന്റിനും അനുബന്ധ ഉൽപ്പന്നങ്ങളും നിര്‍മിക്കാനായി സംസ്ഥാന സർക്കാരിനെ നിയന്ത്രണത്തിൽ ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്റ്റ്സ് ആരംഭിച്ചു. എഫ്.എക്സ് പെരേര ആൻഡ് സൺസ് എന്ന കമ്പനി എഫ്.എക്സ്.പി എന്ന് പേരിട്ടു ഖനനം തുടർന്നു. അന്നു മുതൽ ഈ മണൽ ഖനനം ചെയ്ത് സംസ്കരിച്ചു വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട്. സ്വാതന്ത്ര്യാനന്തരം എഫ്.എക്സ്.പി എന്ന സ്വകാര്യ കമ്പനി കേരള സര്‍ക്കാര്‍ ഏറ്റെടുത്തു. അങ്ങനെ രൂപീകരിച്ചതാണ് ഇപ്പോഴത്തെ കെ.എം.എം.എൽ എന്ന സ്ഥാപനം. ഇതിനിടയിൽ ട്രാവന്‍കൂര്‍ മിനറല്‍ കോർപ്പറേഷനുമായി സഹകരിച്ച് പ്രവർത്തനം തുടങ്ങിയ ബ്രിട്ടീഷ് കമ്പനിയായ ഹോക്കിംഗ്സ് ആൻഡ് വില്യംസ് ലിമിറ്റഡ് 1960-ല്‍ അടച്ചുപൂട്ടി. 1971 ഈ കമ്പനികളെ സർക്കാർ ഏറ്റെടുത്തതോടെ കരിമണൽ ഖനന മേഖലയിൽ നിന്ന് സ്വകാര്യ കമ്പനികൾ മാറ്റിനിര്‍ത്തപ്പെട്ടു.

ഒരു സെന്റിന് ഒരു കോടി

അമൂല്യമായ കരിമണലിന്റെ പുറത്ത് ജനിച്ചുപോയി എന്ന ഒറ്റക്കാരണത്താൽ ജനാധിപത്യവും ഭരണഘടനാപരമായ നീതി നിഷേധിക്കപ്പെടുന്നവരായി തീരദേശജനത മാറിക്കഴിഞ്ഞു. മത്സ്യത്തൊഴിലാളികള്‍ക്ക് ഒരു സെന്റിന് 55,000 രൂപ എന്ന തുച്ഛമായ വില നൽകിയാണ് ഖനനം ചെയ്യാൻ കമ്പനി പാട്ടത്തിനെടുക്കുന്നത്. ഒരു സെൻറ് ഭൂമിയിൽ നിന്നും ഒരു കോടിയിലധികം രൂപയുടെ ലഭിക്കുമെന്ന് ഐ.ആര്‍.ഇ തന്നെ സമ്മതിക്കുന്നു. വെള്ളാനത്തുരുത്ത്, പണ്ടാരത്തുരുത്ത് എന്നിവിടങ്ങളില്‍ നിന്നും ഖനനം ചെയ്തുകൊണ്ടുപോയ മണലിന് യാതൊരു കണക്കുമില്ല. അന്നൊന്നും മണൽ തൂക്കി കൊണ്ടുപോകുന്നതിനുള്ള യാതൊരു സംവിധാനവും ഐആർഐ സ്ഥാപിച്ചിരുന്നില്ല. ഇന്നും അത്തരമൊരു സംവിധാനം ഇല്ല. ചുരുക്കിപ്പറഞ്ഞാൽ ഈ മണലിലോ കെ.എം.എം.എല്ലിലോ ഐ.ആര്‍.ഇയിലോ എത്തിയിട്ടുണ്ടോ എന്ന് പൊതുസമൂഹത്തിന് ഉറപ്പിക്കാൻ കഴിയുന്നില്ലെന്നാണ് പരിസ്ഥിതിപ്രവര്‍ത്തകര്‍ പറയുന്നത്.

മണ്ണുപേക്ഷിക്കേണ്ടിവന്ന ജനത

കരിമണല്‍ഖനനം മൂലം ഇതുവരെ അയ്യായിരത്തോളം കുടുംബങ്ങള്‍ ഭൂരഹിതരായെന്നാണ് കണക്ക്. ഇവരെല്ലാം മറ്റു പ്രദേശങ്ങളിലേക്ക് മാറ്റിപാര്‍പ്പിക്കപ്പെടുകയാണുണ്ടായത്. പരമ്പരാഗതമായി മത്സ്യമേഖല ഉപജീവനമാക്കിയ ആളുകൾ മറ്റ് പ്രദേശങ്ങളിലേക്ക് കുടിയേറിപ്പാർത്ത അതോടെ അവർക്ക് തൊഴിൽ നഷ്ടമായതിനപ്പുറം സാമൂഹികതലത്തിലും പ്രശ്നങ്ങളുണ്ടായെന്ന് സമരം നടത്തുന്നവര്‍ പറയുന്നു. പണ്ട് ഇവിടുത്തെ ഓരോ മനുഷ്യരുടെയും വീടിനോടു ചേര്‍ന്ന തീരം അവന്റെ തൊഴിലിടം കൂടിയായിരുന്നു. കടലിന്റെ ഗതി മനസിലാക്കിയും പ്രകൃതിയെ മനസിലാക്കിയും കടലിലേക്ക് പോകാനും തിരിച്ചുവരാനും അവര്‍ക്ക് കഴിയുമായിരുന്നു. ഖനനം സ്വാഭാവിക പരിസ്ഥിതി ഇല്ലാതാക്കി. തീരം സംരക്ഷിക്കാനാണെന്ന് പറഞ്ഞ് വലിയ കല്ലുകള്‍ കൊണ്ടുവന്നു നിരത്തി. അതോടെ കമ്പവലകള്‍ പോലുള്ള പരമ്പരാഗത മത്സ്യബന്ധനമാര്‍ഗങ്ങള്‍ ഇല്ലാതായി. അതോടെ പലരും തീരത്ത് നിന്ന് പലായനം ചെയ്തു.

ഇല്ലാതാകുന്ന ചാകര

തീരം ചേർന്ന് എക്കലും ചെളിയും അടിഞ്ഞുകൂടി കുഴമ്പുരൂപത്തിൽ കാണുന്നതും തീരത്തെ സംരക്ഷിക്കുന്നതും മത്സ്യസമ്പത്തിന് ജനനത്തിന് ഗുണം ചെയ്യുന്നതുമായ ചാകര എന്ന പ്രതിഭാസം കൊല്ലം ആലപ്പുഴ ജില്ലകളുടെ തീരത്തിന് നഷ്ടമായത് മണൽ ഖനനത്തിലൂടെയാണ്.അതിലൂടെ പരമ്പരാഗത മത്സ്യബന്ധന തൊഴിലാളികൾ തൊഴിൽ ഇടങ്ങളിൽ നിന്നും മാറ്റിനിർത്തപ്പെട്ടു. അവർ നിത്യ ദാരിദ്ര്യത്തിലായി.

കണ്ടൽക്കാടുകളുടെ നശീകരണം

ആലപ്പാട് തെക്കുഭാഗം മുതൽ വടക്കുഭാഗം വരെ തീരമേഖലയിൽ ഉണ്ടായിരുന്ന സ്വാഭാവിക കണ്ടൽകാടുകൾ ഖനനംമൂലം ആലപ്പാട് നഷ്ടമായി കണ്ടൽ കാടിനോട് ചേർന്ന ഉണ്ടായിരുന്ന മത്സ്യസമ്പത്തും ഇതോടൊപ്പം ഇല്ലാതായി തീരസംരക്ഷണത്തിന് ഭാഗമായി വെച്ചുപിടിപ്പിച്ച് കാറ്റാടി മരങ്ങളും ഇന്ന് ഇല്ല. കന്യാകുമാരി കഴിഞ്ഞാൽ സുനാമി തിരമാലകൾ മൂലം കേരളത്തിലേറ്റവും കൂടുതൽ ജീവനും സ്വത്തിനും നഷ്ടമുണ്ടായത് ആലപ്പാട് പഞ്ചായത്തിലാണ്. പഞ്ചായത്തിൽ ഉണ്ടായിരുന്ന പ്രകൃതിദത്തമായ മണൽകുന്നുകൾ ഖനനംമൂലം ഇല്ലാതായി.അതോടെ കടലാക്രമണം രൂക്ഷമായി. അങ്ങനെയാണ് സുനാമിയുടെ ഏറ്റവും രൂക്ഷിത ഫലം ആലപ്പാടിന് അനുഭവിക്കേണ്ടിവന്നത്.

തുടർച്ചയായ നിയമ ലംഘനങ്ങൾ

ഐ.ആര്‍.ഇ, കെ.എം.എം.എൽ എന്നീ കമ്പനികൾ ഖനനം നടത്തുന്നത് വ്യവസ്ഥാപിതമായ എല്ലാ നിയമങ്ങളും ലംഘിച്ചാണ്. തീരദേശ പരിപാലന നിയമത്തിലെ ദൂരപരിധി ഈ രണ്ടു കമ്പനികളും പാലിക്കുന്നില്ല. കനാലിൽ നിന്നും 25 മീറ്റർ പോലും ദൂരം പാലിക്കാതെയാണ് പുതിയ പ്രവർത്തനങ്ങൾ നടത്തുന്നത്. നെൽവയൽ തണ്ണീർത്തടങ്ങൾ സംരക്ഷിക്കുന്നതിന് കേരള സർക്കാർ നടപ്പിലാക്കിയ The kerala conservation of paddy land and wet land act 2008 നിയമവും കമ്പനികള്‍ ലംഘിക്കുന്നു.

ആലപ്പാടിനു നഷ്ടമായത് പഴയ പ്രതാപം

പനക്കാട് പാടം, മൂക്കുംപുഴ പാടം, പന്മന പാടം ഇനി നെൽവയലുകൾ ആലപ്പാട് തീരദേശത്തിന്റെ പ്രത്യേകതയായിരുന്നു.കുടിവെള്ളത്തിനായി മറ്റു സ്രോതസ്സുകൾ തീയതി പോകാത്തവിധം ശുദ്ധജലതടാകങ്ങൾ ഈ പ്രദേശത്തുണ്ടായിരുന്നു. എന്നാൽ ഇന്ന് സ്ഥിതി വ്യത്യസ്തമാണ്. ഖനന പ്രദേശത്ത് ശുദ്ധജലം ലഭ്യമായിരുന്ന തണ്ണീർത്തടങ്ങളും കിണറുകളും വറ്റി വരണ്ടു. ചുരുക്കി പറഞ്ഞാൽ കാർഷിക സമ്പത്തുകൊണ്ട് മത്സ്യ സമ്പത്ത് കൊണ്ടും സാമൂഹിക സാംസ്കാരിക പുരോഗതി കൊണ്ടും ഉയർച്ചയിൽ നിന്ന് ഭൂപ്രദേശമായിരുന്നു ആലപ്പാട്. ആലപ്പാട്ടെ അങ്ങാടിയിൽ നിന്നും പണ്ടാരത്തുരുത്ത് ചന്തയിൽ നിന്നു അഴീക്കൽ മാധവപുരം ചന്തയിൽ നിന്നും മത്സ്യ കാർഷിക വിഭവങ്ങൾ ഒരുകാലത്ത് കയറ്റിയയച്ചിരുന്നു.

അമൂല്യമായ മണ്ണില്‍ ജനിച്ചതിനാല്‍ ജീവിതം നിഷേധിക്കപ്പെട്ട ജനത: ആലപാട് ഗ്രാമം ഭൂപടത്തില്‍നിന്ന് ഇല്ലാതാകും വിധം  

ഭാവിയിൽ എന്ത് സംഭവിക്കും

ഖനനം ഈ രീതിയിൽ ഇനിയും തുടർന്നാൽ വരമ്പ് പോലെ സ്ഥിതിചെയ്യുന്ന ആലപ്പാട് പഞ്ചായത്തും ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ തൃക്കുന്നപ്പുഴ പുറക്കാട് പഞ്ചായത്തുകളും പൂർണമായി ഇല്ലാതാകും. ദേശീയജലപാത ഇല്ലാതാകും. ഏകദേശം ഒരു ലക്ഷത്തിൽ അധികംവരുന്ന തീര ജനങ്ങളുടെ ജീവിതത്തെ ഇത് പ്രതികൂലമായി ബാധിക്കും. ദേശീയജലപാതയ്ക്ക് കിഴക്കുള്ള ഓണാട്ടുകരയിലും അപ്പര്‍ കുട്ടനാട് വരെയുള്ള ഭൂപ്രദേശത്തേക്ക് സമുദ്രജലം കയറും ഒരു ലക്ഷത്തിലധികം ജനങ്ങൾ ആശ്രയിക്കുന്ന കായംകുളം അഴീക്കൽ മത്സ്യബന്ധന തുറമുഖം നാശോന്മുഖമാകും.

പഠനങ്ങള്‍ പറയുന്നത് എന്ത്?

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലെ ചെന്നൈ ഇൻസ്റ്റിറ്റ്യൂട്ട് ocean മാനേജ്മെൻറ് നടത്തിയ പഠനത്തിൽ കേരള തീരത്ത് ഏറ്റവും കൂടുതൽ ഭൂമി നഷ്ടപ്പെട്ടത് കരിമണൽ ഖനനം നടക്കുന്ന മേഖലയിലാണെന്ന് പറയുന്നു. ഖനനം ചെയ്യുന്ന കമ്പനികൾ നിയോഗിച്ച പഠന ഏജൻസികളായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി,സെസ് എന്നിവ നടത്തിയ പഠനത്തിലും പ്രദേശത്തിന് പാരിസ്ഥിതിക ആഘാതം നേരിട്ടുവെന്ന് സാക്ഷ്യപ്പെടുത്തുന്നു. സംസ്ഥാന സർക്കാർ നിയോഗിച്ച ടി.എം.മഹാദേവൻ കമ്മിറ്റിയുടെയും ത്രിവിക്രംജി കമ്മിറ്റിയുടെയും നിഗമനമനുസരിച്ച് ഖനനം തീരദേശത്തെ ജനങ്ങളുടെ ജീവിതാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് പറയുന്നു. കേരള യൂണിവേഴ്സിറ്റിയുടെ അക്വാട്ടിക് ബയോളജി വിഭാഗത്തിൽ നിന്ന് വിരമിച്ച പ്രൊഫ. സി.എം അരവിന്ദൻ നടത്തിയ പഠനത്തിൽ ഖനനവുമായി ബന്ധപ്പെട്ട പ്രദേശത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളി സമൂഹങ്ങൾക്ക് നികത്താനാവാത്ത നാശനഷ്ടങ്ങൾ സംഭവിക്കും എന്ന് പറയുന്നുണ്ട്. ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയിൽ നിന്നും വിരമിച്ച കെ. ബാഹുലേയൻ നടത്തിയ ഗവേഷണ റിപ്പോർട്ട് ഖനനം ഖനനം കൊണ്ട് കടപ്പുറം ഇല്ലാതായാൽ ഈ മേഖലയിൽ തിങ്ങിപ്പാർക്കുന്ന ജനങ്ങളെ പുനരധിവസിപ്പിക്കുന്നത് വലിയ സാമൂഹികപ്രശ്നം ആകുമെന്നും പറയുന്നു. സമീപപ്രദേശങ്ങളിലെ കൃഷി സ്ഥലങ്ങൾ ഉപ്പുവെള്ളം കയറി നശിക്കും. കുടിവെള്ള പ്രശ്നം രൂക്ഷമാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

തകരുന്ന പരിസ്ഥിതി

ഇത് ഒരു നാടിൻറെ മാത്രം പ്രശ്നമല്ല എന്നാണ് പരിസ്ഥിതിവാദികളുടെ മുന്നറിയിപ്പ്.കടൽതീരത്ത് തീരപ്രദേശങ്ങളെയും ഭൗമശാസ്ത്രപരമായ പ്രത്യേകതകളെ ആണ് ഈ നിഗമനത്തിലെത്തിയത്. കടൽതീരങ്ങൾ കടലാക്രമണം പ്രതിരോധിക്കാൻ ഉതകുംവിധം രൂപപ്പെട്ട മണൽ ബെൽറ്റ് ആണ്. ആലപ്പുഴ കൊല്ലം ജില്ലകളിൽ വ്യാപിച്ചുകിടക്കുന്ന ഓണാട്ടുകര കുട്ടനാട് വരെയുള്ള പ്രദേശങ്ങളിൽ അറബിക്കടലിൽ നിന്നും സംരക്ഷിക്കുന്ന മണൽ കോട്ടയാണ് ആലപ്പാട്. അശാസ്ത്രീയമായ മണൽ ഖനനം ഇനിയും തുടർന്നാൽ ആലപ്പാട് മാത്രമല്ല കൊല്ലം-ആലപ്പുഴ എന്നീ ജില്ലകളുടെ സിംഹഭാഗവും അറബിക്കടലിൽ പോകും.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018