SPOTLIGHT

കെഎഎസിലെ സംവരണ അട്ടിമറി: നവോത്ഥാന വായ്ത്താരിക്കിടയിലെ ഗൂഢനീക്കം

സെക്രട്ടറിയേറ്റ് മന്ദിരം 
സെക്രട്ടറിയേറ്റ് മന്ദിരം 
സംവരണവിരുദ്ധതയുടെ വലിയൊരു ചരിത്രം തന്നെയുള്ള കക്ഷിയാണ് സിപിഎം. അവരില്‍നിന്നുണ്ടാകുന്ന സ്വാഭാവിക നടപടികള്‍ തന്നെയാണ് ദേവസ്വം ബോഡിലെ മുന്നാക്ക സംവരണവും കെ എ എസ്സിലെ സംവരണ അട്ടിമറിയും എന്ന് സാമൂഹിക നിരീക്ഷകന്‍ എം ആര്‍ അജിത്.

'2003ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ ഒരു നയം എന്നനിലയില്‍ ബൈ ട്രാന്‍സ്ഫര്‍ നിയമനങ്ങളിലെ സംവരണം എടുത്തുകളഞ്ഞു. 2003 മാര്‍ച്ച് നാലിലെ ഗവണ്‍മെന്റ് സര്‍ക്കുലര്‍ പ്രകാരം (നമ്പര്‍-19274/2003 അഡ്മി.റിഫോംസ് ഡിപ്പാ.(അഡൈ്വസ്-സി. തീയതി 4/3/2003) സംവരണം നിര്‍ത്തലാക്കി. യുഡിഎഫ് സര്‍ക്കാറിന്റെ ഈ തെറ്റായ തീരുമാനത്തിന്റെ ദുരന്തഫലമാണ് കെ.എ.എസില്‍ ഇപ്പോള്‍ അനുഭവിക്കേണ്ടിവരുന്നത്....'

രാജ്യസഭയിലെ സിപിഎം മെംബറും പട്ടികജാതി ക്ഷേമസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ കെ സോമപ്രസാദ് മാധ്യമം ദിനപത്രത്തില്‍ എഴുതിയ കെഎഎസ്: സംവരണമാണ് നിയമവും പരിഹാരവും എന്ന ലേഖനത്തില്‍ നിന്നാണ് ഈ ഉദ്ധരണി. കേരള സര്‍ക്കാര്‍ പുതുതായി ഉണ്ടാക്കാന്‍ പോകുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെ എ എസ്), ഐഎഎസ്സിലേക്കുള്ള ഫീഡര്‍ കാറ്റഗറിയാണ്. 30 സര്‍ക്കാര്‍ വകുപ്പുകളില്‍ നിലവില്‍ പ്രൊമോഷന്‍ വഴി നികത്തിയിരുന്ന, വകുപ്പു മേധാവികളും ജില്ലാ മേധാവികളും ഉള്‍ക്കൊള്ളുന്ന തസ്തികകളാണ് കെ എ എസ്സില്‍ വരിക. ഈ പുതിയ സര്‍വീസിലേക്കുള്ള തിരഞ്ഞെടുപ്പില്‍ സംവരണം അട്ടിമറിക്കപ്പെടുന്നു എന്ന പരാതി ഉയര്‍ന്നിട്ട് കുറച്ചുനാളായി. പാര്‍ട്ടിയുടെ പോഷകസംഘടനാ നേതാവിനു പോലും സംവരണ നിഷേധത്തിനെതിരെ പരസ്യമായി പ്രതികരിക്കേണ്ടിവന്നിരിക്കയാണ്. സംവരണ നിഷേധം നടത്തുന്നതിന്റെ കുറ്റം, ഉദ്യോഗസ്ഥരിലും മുന്‍ യുഡിഎഫ് സര്‍ക്കാരിലും ആണ് അദ്ദേഹം ചുമത്തുന്നതെങ്കിലും യഥാര്‍ഥ പ്രതി സിപിഎം നേതൃത്വത്തിലുള്ള കേരള സര്‍ക്കാര്‍ തന്നെയാണെന്നതാണു വസ്തുത.

കെ എ എസ്സില്‍ 3 സ്ട്രീമുകളിലായാണു നിയമനം നടത്തുന്നത്. ആദ്യത്തെ സ്ട്രീമില്‍ 21നും 32നും ഇടയില്‍ പ്രായമുള്ള ബിരുദ ധാരികള്‍ക്ക് അപേക്ഷിക്കാം. നേരിട്ടുള്ള നിയമനം ആണത്. അതില്‍ ദലിത്- പിന്നാക്ക വിഭാഗക്കാര്‍ക്കു സംവരണം ഉണ്ട്. രണ്ടാമത്തെ സ്ട്രീമും മൂന്നാമത്തെ സ്ട്രീമും പക്ഷേ തന്ത്രപരമായി ബൈട്രാന്‍സ്ഫര്‍ നിയമനം ആക്കി മാറ്റിക്കൊണ്ട് അതില്‍ സംവരണം നിഷേധിച്ചു. എന്നാല്‍ ഈ രണ്ടു സ്ട്രീമും നേരിട്ടുള്ള നിയമനം തന്നെയാണ്; ഉദ്യോഗസ്ഥന്മാര്‍ക്കു മാത്രമായി ചുരുക്കിഎന്നേയുള്ളൂ.

കെഎഎസിലെ സംവരണ അട്ടിമറി: നവോത്ഥാന വായ്ത്താരിക്കിടയിലെ ഗൂഢനീക്കം

കെ എസ് എസ് ആര്‍ പ്രകാരം, ബൈട്രാന്‍സ്ഫര്‍ നിയമനം എന്നാല്‍, സീനിയോറിറ്റിയും കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടും അടിസ്ഥാനമാക്കി താഴ്ന്ന തസ്തികകളില്‍ നിന്ന് ഉയര്‍ന്ന തസ്തികകളിലേക്കു നടത്തുന്ന നിയമനമാണ്. എന്നാല്‍ കേരള പി എസ് സി മറ്റൊരു ബൈട്രാന്‍സ്ഫര്‍ നിയമനം നടത്തുന്നതു് അവരുടെ നോട്ടിഫിക്കേഷനുകള്‍ കണ്ടിട്ടുള്ളവര്‍ ശ്രദ്ധിച്ചിരിക്കും. ഉദാഹരണമായി, സര്‍ക്കാര്‍ സര്‍വീസിലുള്ള ഓ.എ മാര്‍ക്ക് ക്ലാര്‍ക്കുമാരാകാന്‍ പി എസ് സി നടത്തുന്ന പൊതുപരീക്ഷയില്‍ പങ്കെടുക്കാം. നിശ്ചിത ശതമാനം (10%) സീറ്റുകള്‍ അവര്‍ക്കായി സംവരണം ചെയ്തിട്ടുമുണ്ടാകും. എല്ലാവരും എഴുതുന്ന പൊതുപരീക്ഷ തന്നെയാണ് അവരും എഴുതുന്നതെങ്കിലും 40 ശതമാനം മാര്‍ക്കു നേടിയ എല്ലാവരെയും പ്രത്യേക റാങ്ക് ലിസ്റ്റില്‍ പെടുത്തി നിയമനം നല്‍കയാണു ചെയ്യാറുള്ളത്. അതില്‍ സംവരണം പാലിക്കാറില്ല. എന്നാല്‍ വിദ്യാഭ്യാസ വകുപ്പില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരെ സര്‍ക്കാര്‍,എയ്ഡഡ് ഹൈസ്‌കൂളിലെ അധ്യാപകര്‍, എ ഇ ഓ മാര്‍ ഇവരെ ബൈട്രാന്‍സ്ഫറായി നിയമിക്കുമ്പോള്‍ സംവരണം പാലിക്കുന്നതായും കാണുന്നുണ്ട്.

അതുപോലെ തന്നെ കേന്ദ്ര സര്‍വീസില്‍ നടക്കുന്ന ബൈട്രാന്‍സ്ഫര്‍ നിയമനങ്ങളിലും സംവരണം പാലിക്കുന്നുണ്ട്. ഉദാഹരണമായി, സംസ്ഥാനങ്ങളില്‍ ഡിവൈസ്പി മാരായോ സി ആര്‍പിയിലും മറ്റും അസി.കമാന്‍ഡന്റുമാരായോ 5 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ 35 വയസ്സില്‍ താഴെയുള്ള ഉദ്യോഗസ്ഥര്‍ക്ക് ഐ പി എസ് സെലക്ഷന്‍ നടത്താന്‍ യു പി എസ് സി 2012ല്‍ നടത്തിയ നോട്ടിഫിക്കേഷന്‍ നോക്കുക. അതും ബൈട്രാന്‍സ്ഫര്‍ നിയമനം ആണ്. എന്നാല്‍ നിയമാനുസൃതമായ സംവരണവും വയസ്സിളവും ആ വിജ്ഞാപനത്തില്‍ പറഞ്ഞിട്ടുണ്ടായിരുന്നു. അതിനു സമാനമായ തിരഞ്ഞെടുപ്പു തന്നെയാണ് കെ എ എസ്സിലും നടക്കുന്നത്. എന്നാല്‍ കെ സോമപ്രസാദ് പറയുന്നത് 2003 മുതല്‍ കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ ബൈട്രാന്‍സ്ഫര്‍ നിയമനങ്ങള്‍ക്കു സംവരണം ഇല്ലാതാക്കി എന്നാണ്. പക്ഷേ, 2006ലെ വിജ്ഞാപന പ്രകാരം നടന്ന ഡിഇഓ മാരുടെ ബൈട്രാന്‍സ്ഫര്‍ നിയമനത്തില്‍ സംവരണം പാലിച്ചതായി ഇ ബഷീര്‍ എഴുതുന്നു. (മാധ്യമം ദിനപത്രം 8.12.2018). ബൈട്രാന്‍സ്ഫര്‍ നിയമനം എന്നത് സാധാരണഗതിയില്‍ മാക്‌സിമം 10% ഒക്കെയാണ്. കെ എ എസ്സില്‍ പക്ഷേ മൂന്നില്‍ രണ്ടു തസ്തികക(67%)ളും ബൈട്രാന്‍സ്ഫറാക്കുന്ന സൃഗാല തന്ത്രമാണു പയറ്റിയിരിക്കുന്നത്. നേരിട്ടുള്ള നിയമനം എന്നു പറഞ്ഞാല്‍ അതില്‍ സംവരണം ഏര്‍പ്പെടുത്തേണ്ടിവരും എന്നു തിരിച്ചറിഞ്ഞാണ് ഭരണസിരാകേന്ദ്രങ്ങളിലെ സവര്‍ണ ലോബി, രണ്ടിലെയും മൂന്നിലെയും നിയമനങ്ങള്‍ ബൈട്രാന്‍സ്ഫറാക്കി മാറ്റിയത്. ബൈട്രാന്‍സ്ഫര്‍ നിയമനത്തിനു സംവരണം നല്‍കേണ്ട കാര്യമില്ലെന്നും ഒരുപ്രാവശ്യം സംവരണം ലഭിച്ച ഉദ്യോഗസ്ഥരാണ് ആ രണ്ടു സ്ട്രീമിലും അപേക്ഷിക്കുന്നതെന്നും അവര്‍ക്കു വീണ്ടും സംവരണം നല്‍കേണ്ടതില്ലെന്നും പി എസ് സി വാദിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. വിചിത്രമായ വാദം തന്നെ. സര്‍ക്കാര്‍ സര്‍വീസിലുള്ള പിന്നാക്കക്കാരും ദലിതരും മൊത്തം സംവരണത്തിലാണു തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നതെന്നും മെറിറ്റ് സീറ്റുകള്‍ മൊത്തം സംവരണേതര സമുദായക്കാര്‍ക്കാണു നല്‍കുന്നതെന്നും ഭംഗ്യന്തരേണ പിഎസ് സി സമ്മതിക്കുകയാണെന്നു പറയാം.

ചുരുക്കത്തില്‍ കേരളത്തിലെ സര്‍ക്കാര്‍ സര്‍വീസില്‍ സംവരണ സീറ്റിലോ മെറിറ്റ് സീറ്റിലോ പ്രവേശിച്ച് ജോലി ചെയ്യുന്ന അര്‍ഹരായ ഓബീസീ/എസ് സി /എസ് റ്റി വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് വേറെ ഏതു ഉന്നത തസ്തികയിലേക്കും അപേക്ഷിക്കാനും സംവരണം അവകാശപ്പെടാനും സാധിക്കുമെങ്കിലും കെ എ എസ്സില്‍ മാത്രം അതു പറ്റില്ല. അവിടെ അവര്‍ക്ക് അപേക്ഷിക്കാനും ടെസ്റ്റ് എഴുതാനും കഴിയും. എന്നാല്‍ അര്‍ഹമായ സംവരണം ലഭിക്കില്ല. അതുകൊണ്ടുതന്നെ കെ എ എസ് എന്നത് അവരില്‍പ്പലര്‍ക്കും ബാലികേറാമലയായിരിക്കും എന്നതില്‍ സംശയം വേണ്ട.

കെ എ എസ്സിനെ ഒരു സവര്‍ണ സംശുദ്ധ സര്‍വീസാക്കി മാറ്റാനുള്ള ഗൂഢാലോചന വിജയം കണ്ടിരിക്കുകയാണ് പിണറായി സര്‍ക്കാരിലൂടെ. ഒരു വശത്ത് യുവതികളെ ശബരിമല സന്നിധാനത്തില്‍ പ്രവേശിപ്പിക്കാന്‍ വേണ്ടി, പിന്നാക്ക-ദലിത് വിഭാഗക്കാരെ കൂടെ നിര്‍ത്തിക്കൊണ്ടുള്ള നവോത്ഥാന വായ്ത്താരി. മറുവശത്ത് അവരെ ഭരണസന്നിധാനത്തില്‍ പ്രവേശിപ്പിക്കാരിക്കാനുള്ള അതിനീചമായ ഗൂഢനീക്കങ്ങള്‍.

സാമുദായിക സംവരണത്തില്‍ സാമ്പത്തിക മാനദണ്ഡത്തിനുവേണ്ടി നിരന്തരം വാദിക്കുകയും മുന്നാക്ക സംവരണം നടപ്പാക്കാന്‍ പരിശ്രമിക്കയും ചെയ്തിട്ടുള്ള പ്രസ്ഥാനമാണു സിപിഎം. അതുകൊണ്ടാണല്ലോ, 10 % സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചു എന്ന വാര്‍ത്ത വന്നയുടന്‍, 'ഇതു നേരത്തെ തങ്ങള്‍ ആവശ്യപ്പെടുന്നതാണെ'ന്നു പറഞ്ഞുകൊണ്ട് ആഹ്ലാദപൂര്‍വം, മുഖ്യമന്ത്രി പിണറായി വിജയന്‍ അതിനെ സ്വാഗതം ചെയ്തത്! മാത്രമല്ല, ദേവസ്വംബോഡില്‍ മുന്നാക്ക സംവരണം ഏര്‍പ്പെടുത്തി, സാമ്പത്തിക സംവരണ വിഷയത്തില്‍ ബിജെപിയെ നേരത്തെ തന്നെ കടത്തിവെട്ടുകയും ചെയ്തിട്ടുണ്ടല്ലോ പിണറായി സര്‍ക്കാര്‍.

1957ലെ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ ഭരണപരിഷ്‌കരണ കമ്മിറ്റി റിപ്പോര്‍ട്ട് മുതല്‍ തുടങ്ങിയതാണ് സിപിഎമ്മിന്റെ സംവരണവിരുദ്ധ നീക്കങ്ങള്‍. കേരളത്തിലെ സംവരണസമുദായങ്ങളുടെ ജാഗ്രതയും സമരവീര്യവും മൂലം, ആഗ്രഹിച്ചപോലെ, സിപിഎമ്മിന് അവരുടെ സംവരണവിരുദ്ധത നടപ്പാക്കാനായില്ലെങ്കിലും സാമ്പത്തിക സംവരണത്തിനും മുന്നാക്ക സമുദായ സംവരണത്തിനും വേണ്ടിയുള്ള അവരുടെ പരിശ്രമത്തിനും പ്രതിബദ്ധതയ്ക്കും ഇക്കാലംവരെ മാറ്റമൊന്നും വന്നിട്ടില്ലായിരുന്നു. സവര്‍ണസമുദായക്കാരായ നമ്പൂതിരിപ്പാടിനും നായനാര്‍ക്കും പകരം പിന്നാക്കക്കാരായ വി എസ് അച്ചുതാനന്ദനും പിണറായി വിജയനും നേതൃത്വത്തില്‍ വന്നിട്ടും സിപിഎമ്മിന്റെ സംവരണ നയത്തില്‍ മാറ്റം വന്നില്ല. സുനില്‍ പി ഇളയിടവും ദീപക് ശങ്കരനാരായണനും പോലുള്ള, അവരുടെ പുതുതലമുറ ബുദ്ധിജീവി വിഭാഗത്തിന് ഇക്കാര്യത്തില്‍ പാര്‍ട്ടിയെ സ്വാധീനിക്കാന്‍ സാധിച്ചിട്ടുമില്ല.

മുന്നാക്കക്കാരിലെ പാവപ്പെട്ടവര്‍ക്കു സംവരണം നല്‍കണം എന്നതില്‍ സിപിഎം മാത്രമല്ല, എല്ലാ മുഖ്യധാരാ പാര്‍ട്ടികളും ഒരേ തൂവല്‍പക്ഷികളാണ്. അതുകൊണ്ടാണ് അവരെല്ലാം മോദി സര്‍ക്കാരിന്റെ പുതിയ മുന്നാക്ക സംവരണ നീക്കത്തെ ഏകകണ്ഠമായി സ്വാഗതം ചെയ്തത്. എന്നാല്‍, സിപിഎമ്മിനെപ്പോലെ നിരന്തരമായി ഇതിനുവേണ്ടി വാദിച്ച മറ്റൊരു രാഷ്ട്രീയപ്പാര്‍ട്ടി വേറെ ഉണ്ടോ എന്നു സംശയമാണ്. പിന്നാക്കസമുദായങ്ങളില്‍ ക്രീമിലേയര്‍ വ്യവസ്ഥ ഏര്‍പ്പെടുത്താന്‍ വേണ്ടി, മരിക്കുന്നതുവരെ പാര്‍ട്ടിയുടെ താത്ത്വികാചാര്യന്‍ ദേശാഭിമാനിയിലൂടെയും ചിന്തയിലൂടെയുമൊക്കെ ശക്തമായി വാദിച്ചതൊക്കെ ചരിത്രമാണല്ലോ. ചുരുക്കത്തില്‍, സംവരണവിരുദ്ധതയുടെ വലിയൊരു ചരിത്രം തന്നെയുള്ള കക്ഷിയാണ് സിപിഎം. അവരില്‍നിന്നു സ്വാഭാവികമായുണ്ടാവുന്ന നടപടികള്‍ തന്നെയാണ് ദേവസ്വം ബോഡിലെ മുന്നാക്ക സംവരണവും കെ എ എസ്സിലെ സംവരണ അട്ടിമറിയും.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018