SPOTLIGHT

ഐആര്‍ഇ, ‘ആലുവാ കമ്പനി’, അമൃതാനന്ദമഠം; ആലപ്പാടിനെ ഖനിച്ചെടുക്കുന്ന താല്‍പര്യങ്ങള്‍

കൊല്ലം ആലപ്പാട്ടെ ജനങ്ങള്‍ കരിമണല്‍ ഖനനത്തിനെതിരെ നടത്തുന്ന പ്രക്ഷോഭം ദേശീയ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. തങ്ങളുടെ ആവാസ മേഖലയും പ്രദേശവും ജീവിതവും കടലില്‍ മുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് അവര്‍ പറയുന്നു. ഖനനവും അശാസ്ത്രീയ നിര്‍മാണങ്ങളും ആലപ്പാടിനെ തകര്‍ക്കുന്നതെങ്ങനെയെന്ന് ലേഖകന്‍ വിശദീകരിക്കുന്നു.

കൊല്ലം ജില്ലയുടെ വടക്കേഅറ്റത്ത് അറബിക്കടലിനും റ്റി.എസ്. കനാലിനുമിടയില്‍ 17 കിലോമീറ്റര്‍ നീളത്തില്‍ വരമ്പുപൊലെ കിടക്കുന്ന തീരദേശഗ്രാമമാണ് ആലപ്പാട്. എ.ഡി. ഒന്നാം നൂറ്റാണ്ടോടുകൂടി, കടലിന്റെ അപൂര്‍വ്വ പ്രതിഭാസമായ ചാകരയില്‍ നിന്നാണ് ഈ പ്രദേശം രൂപം കൊണ്ടത് എന്ന് അനുമാനിക്കപ്പെടുന്നു. സമുദ്രനിരപ്പില്‍നിന്ന് 7 മീറ്റര്‍ ഉയരത്തില്‍ മാത്രമാണു ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്.

പന്മന, വെള്ളനാതുരുത്ത്, പണ്ടാരത്തുരുത്ത്, ചെറിയഴീക്കല്‍,ആലപ്പാട്, കുഴിത്തുറ, പറയകടവ്, സ്രായിക്കാട്, അഴീക്കല്‍ എന്നീ തുറകള്‍ ഏകോപിപ്പിച്ച് 1946ല്‍ പന്മന-അഴീക്കല്‍ വില്ലേജ് അപ്ലിഫിറ്റ് കമ്മിറ്റി നിലവില്‍ വന്നു.1951 ലെ തിരുവിതാംകൂര്‍-കൊച്ചി പഞ്ചായത്ത് നിയമപ്രകാരം 1953ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആദ്യ പഞ്ചായത്ത്‌സമിതി അധികാരത്തില്‍ വന്നു. കുലശേഖരപുരം, ദേവികുളങ്ങര, കരുനാഗപ്പള്ളി വില്ലേജുകളിലായി വ്യാപിച്ചുകിടന്നിരുന്ന പ്രദേശങ്ങള്‍ ചേര്‍ത്താണ് പഞ്ചായത്ത് രൂപികരിച്ചത്. 6385കുടുംബങ്ങളിലായി 21,425 ജനസംഖ്യയുള്ള പഞ്ചായത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന ഹിന്ദു-ധീവരരാണ്. ഈഴവര്‍, പട്ടികജാതിക്കാര്‍, ലത്തീന്‍ കത്തോലിക്കര്‍ എന്നീ സമുദായങ്ങളിലുള്ള ഏതാനും കുടുംബങ്ങളുമുണ്ട്. മത്സ്യബന്ധനമാണ് ഉപജീവനമാര്‍ഗ്ഗം. യന്ത്രവല്‍കൃത ബോട്ടുകളിലും മോട്ടോര്‍ ഘടിപ്പിച്ച വള്ളങ്ങളിലുമായാണ് മത്സ്യബന്ധനം നടത്തുന്നത്.

മറ്റെല്ലാ തീരദേശങ്ങളെപ്പോലെ ഇവിടേയും കുടിവെള്ളക്ഷാമം രൂക്ഷമാണ്. ഓച്ചിറ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൊതുടാപ്പുകളിലൂടെ വിതരണം ചെയ്യുന്ന വെള്ളത്തെ ആശ്രയിച്ചാണ് ജനങ്ങള്‍ ഇവിടെ ജീവിതം ചിട്ടപ്പെടുത്തുന്നത്. എല്ലാകാര്യങ്ങള്‍ക്കും വന്‍കരയെ ആശ്രയിക്കേണ്ട ഇവിടത്തുകാരെ വന്‍കരയുമായി ബന്ധപ്പിച്ചത് 1977 ല്‍ പണികഴിപ്പിച്ച പണിക്കര്‍കടവ് പാലമാണ്. 1982ല്‍ നിര്‍മ്മിച്ച വെള്ളനാതുരുത്ത്- അഴീക്കല്‍ റോഡാണ് ഗതാഗതത്തിനുപയോഗിക്കുന്ന ഏക റോഡ്.

ഐആര്‍ഇ, ‘ആലുവാ കമ്പനി’, അമൃതാനന്ദമഠം; ആലപ്പാടിനെ ഖനിച്ചെടുക്കുന്ന താല്‍പര്യങ്ങള്‍

കയറില്‍ കണ്ട 'തിളക്കം'; കുഴിച്ചെടുത്ത ദുരന്തം

മുന്‍പ്, പഞ്ചായത്തില്‍ മത്സ്യബന്ധന രംഗത്തെപ്പൊലെ പ്രധാനമുള്ള ഒരു മേഖലയായിരുന്നു കയര്‍ വ്യവസായം. സ്ത്രീകളുടെ പ്രധാന വരുമാന മാര്‍ഗ്ഗമായിരുന്നു കയര്‍ തേപ്പ്. കൈകൊണ്ട് തേയ്ക്കുന്ന ആലപ്പാടന്‍ കയര്‍ ലോകവിപണിയില്‍ മുന്‍പന്തിയിലായിരുന്നു. കയറിന്റെ ഭാരം കൂട്ടാന്‍ വേണ്ടി വെള്ളത്തോടോപ്പം മണ്ണും പുരട്ടിയായിരുന്നു അന്ന് വില്‍പ്പന നടത്തിയിരുന്നത്. കയറിനോടൊപ്പം കടല്‍കടന്ന് വിദേശികളുടെ കൈകളിലെത്തിയ 'തിളങ്ങുന്ന വസ്തു'വാണ് വാസ്തവത്തില്‍ ആലപ്പാടിന്റെ ഇന്നത്തെ ദുരന്തത്തിനു കാരണമായ ലോഹമണല്‍.

കയറിലൂടെ വിദേശികളുടെ കണ്ണില്‍പ്പെട്ട തിളങ്ങുന്ന വസ്തുവിനെക്കുറിച്ചുള്ള അന്വേഷണമാണു തീരപ്രദേശത്തെ കരിമണല്‍ നിക്ഷേപത്തെക്കുറിച്ചും അതിനെ ഖനനം ചെയ്‌തെടുക്കുന്നതിനെക്കുറിച്ചുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ജര്‍മ്മന്‍ ശാസ്ത്രഞ്ജനായ

ഡോ.സ്‌കോംബര്‍ഗ്ഗ് കയറിനൊപ്പം വന്ന തിളങ്ങുന്ന വസ്തു ലോകവിപണിയില്‍ ഏറ്റവുമധികം മൂല്യമുള്ള ധാതുമണലിലെ ഇല്‍മനൈറ്റാണെന്ന് കണ്ടെത്തി. പിന്നെ ആ ലോഹമണല്‍ കരസ്ഥമാക്കാനുള്ള ആര്‍ത്തിയായിരുന്നു. 1911ല്‍ ജര്‍മ്മന്‍ കമ്പനി ലോഹമണല്‍ ഖനനം ആരംഭിച്ചു.1932 മുതല്‍ എഫ്. എക്‌സ്. പെരേര ആന്റ് സണ്‍സ് എന്ന സ്ഥാപനവും 1959 വരെ ഹോപ്കിന്‍സ് ആന്റ് വില്യംസ് എന്ന കമ്പനിയും ഈ പ്രദേശത്ത് കരിമണല്‍ ഖനനം നടത്തി.

സ്വാതന്ത്യപ്രാപ്തിക്കു ശേഷം ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക മേഖലകളില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ നടന്നതോടുകൂടിയും, രാജ്യരക്ഷക്കായി തദ്ദേശീയ സ്ഥാപനങ്ങളെ വളര്‍ത്തിക്കൊണ്ടുവരണമെന്ന് നിശ്ചയിച്ചതിന്റേയും ഫലമായാണ് കരിമണല്‍ വ്യപകമായി ഖനനം ചെയ്യാനും ധാതുക്കള്‍ വേര്‍തിരിക്കാനും ഒരു സ്ഥാപനം എന്ന നിലയില്‍ ഐ.ആര്‍.ഇ. സ്ഥാപിതമായത്. 1950 ആഗസ്റ്റ് 18നു ഐ.ആര്‍.ഇ.യുടെ ആദ്യ യൂണിറ്റ് (റെയര്‍ എര്‍ത്ത് ഡിവിഷന്‍) ആലുവായില്‍ സ്ഥാപിതമായി. പൂര്‍ണ്ണമായും ആണവോര്‍ജ്ജ വകുപ്പിന്റെ ഭരണനിയന്ത്രത്തിലുള്ള കേന്ദ്രപൊതുമേഖലാ സ്ഥാപനമായ ഐ.ആര്‍.ഇ. ലോഹമണല്‍ ഖനനം ചെയ്യാനും, ഇതില്‍ നിന്നും ധാതുക്കള്‍ തരംതിരിക്കാനുമായി(ഐ.ആര്‍.ഇ. ലോഹമണല്‍ തരംതിരിക്കുക മാത്രമേ ചെയ്യുന്നുള്ളൂ) 1963ല്‍ ചവറ, മണവാളക്കുറിച്ചി എന്നിവിടങ്ങളില്‍ മിനറല്‍ സെപ്പറേഷന്‍(എം.എസ്.)പ്ലാന്റുകള്‍ സ്ഥാപിച്ചു. തീരത്ത് നിന്ന് സീവാഷിംഗ് എന്ന പ്രക്രിയയിലൂടെയായിരുന്നു സമീപകാലം വരെയും ഐ.ആര്‍.ഇ. മണല്‍ ശേഖരിച്ചിരുന്നത്. സമുദ്രജല പ്രവാഹങ്ങളിലൂടേയും, തിരമാലകളുടെ സഞ്ചാരത്തിന്റെയും ഫലമായി തീരത്തടിയുന്ന കരിമണല്‍ മനുഷ്യാദ്ധ്വാനത്തിലൂടേയൊ, യന്ത്രസഹായത്താലോ കോരിയെടുത്ത് ചവറ പ്ലാന്റിലെത്തിച്ച് അതില്‍ നിന്നും ഇല്‍മനൈറ്റ്, റൂട്ടൈല്‍, സിര്‍ക്കോണ്‍,സിലിമിനേറ്റ്, മോണൊസൈറ്റ്, എന്നിവയാക്കി, ആവശ്യക്കാര്‍ക്ക് എത്തിക്കുകയാണ് ചവറയിലെ മിനറല്‍ സെപ്പറേഷന്‍ പ്ലാന്റില്‍ ഐ.ആര്‍.ഇ. ചെയ്യുന്നത്.

ഒരു വര്‍ഷം രണ്ട് ലക്ഷം ടണ്‍ മണലായിരുന്നു ഐ.ആര്‍.ഇ. സീ വാഷിംഗിലൂടെ വെള്ളനാതുരുത്ത് മൈനിംഗ് സൈറ്റില്‍ നിന്നും വാരിയിരുന്നത്. ഹരിത ട്രിബൂണലിന്റെ വിധിയ്ക്കുശേഷം ഇത് 87,000 ടണ്‍ ആയി കുറച്ചു. ജലപ്രവാഹങ്ങളും, തിരമാലകളും കരയ്‌ക്കെത്തിക്കുന്ന കരിമണല്‍ അപ്പപ്പോള്‍ വാരിയെടുക്കുന്നതിന്റെ ഫലമായി തീരശോഷണത്തിന്റെ വേഗത വര്‍ദ്ധിച്ചു. കടല്‍ കരയിലേക്ക് കയറികിടക്കുന്ന ഭാഗത്തു നിന്നും അനിയന്ത്രിതമായി സീവാഷിംഗിലൂടെ കരിമണല്‍ വാരിക്കൊണ്ടിരുന്നതിനാല്‍ പഞ്ചായത്തിന്റെ മറ്റ് പ്രദേശങ്ങളിള്‍ മണ്ണ് അടിയുകയോ തീരം വെയ്ക്കുകയോ സാദ്ധ്യമായിരുന്നില്ല. ഭാരം കൂടിയ മണലുകള്‍ സ്വാഭാവിക ഒഴുക്കില്‍ കടല്‍ കയറികിടക്കുന്ന ഭാഗത്തേക്ക് ഒഴുകുകയും മണല്‍ അവിടെ അടിയുന്ന സമയത്ത് തന്നെ ഐ.ആര്‍.ഇ. വാരിയെടുക്കുകയും ചെയ്യുകയായിരുന്നു. ആലപ്പാടിന്റെ ഭൂവിസ്ത്രൃതി കുറയാന്‍ പ്രധാന കാരണം ഐ.ആര്‍.ഇയുടെ സീവാഷിംഗ് ആണെന്ന് പറയുന്നത്. ഈ മേഖലയെക്കുറിച്ച് പഠനം നടത്തിയ ഭൗമശാസ്ത്ര പഠനകേന്ദ്രം ഡയറക്ടര്‍ ഡോ.എം.ബാബ, ഇവിടത്തെ കരിമണല്‍ റേഡിയേഷനെക്കുറിച്ച് പഠനം നടത്തിയ വി.ടി. പത്മനാഭന്‍ എന്നിവര്‍ ഐ.ആര്‍.ഇ. യുടെ സീവാഷിംഗ് ഇതേരീതിയില്‍ തുടര്‍ന്നാല്‍ ഈ പഞ്ചായത്ത് ഏതാണ്ട് 30 വര്‍ഷത്തിനുള്ളില്‍ പൂര്‍ണ്ണമായും ഇല്ലാതാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.1989-90 കളില്‍ അവര്‍ നല്‍കിയ മുന്നറിയിപ്പ് ആരും ഗൗരവമായി കണ്ടില്ല എന്നതാണ് ഏറ്റവും വലിയ ദുര്യോഗം.

ഐ.ആര്‍.ഇ.യില്‍ നിന്നു ലഭിക്കുന്ന റൂട്ടൈയിലില്‍ നിന്നും റൂട്ടൈല്‍ ഗ്രേഡ് ടൈറ്റാനിയം ഡൈ ഓക്‌സൈഡ് ഉല്പാദിപ്പിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെ.എം.എം.എല്‍. ചെയ്യുന്നത്. 1932 ല്‍ സ്ഥാപിതമായ എഫ്.എക്‌സ്.പെരേര ആന്റ് എഎംപി സണ്‍സ്(ട്രാവങ്കൂര്‍) പ്രൈവറ്റ്

ലിമിറ്റഡ് കമ്പനി 1956 ല്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് വ്യവസായ വകുപ്പിന്റെ കീഴിലാക്കി. ഇതിനെ 1972ല്‍ ''കൊല്ലം ആലപ്പുഴ ജില്ലകളുടെ കടലോരത്ത് കാണുന്ന ധാതുമണല്‍ സമ്പത്ത് പരമാവധി ഉപയോഗപ്പെടുത്തി, വന്‍ തോതില്‍ തൊഴിലവസരങ്ങല്‍ സൃഷ്ടിക്കുകയും, അതുവഴി പ്രദേശത്തിന്റെയും സംസ്ഥാനത്തിന്റെയും വളര്‍ച്ചയും,വികസനവും സാക്ഷാല്‍ക്കരിക്കുന്നതിനുവേണ്ടിയും'' കേരളാ മിനറല്‍സ് ആന്റ് എഎംപി മെറ്റല്‍സ് (കെ.എം.എം.എല്‍) എന്ന ലിമിറ്റഡ് കമ്പനിയാക്കി.

ഐആര്‍ഇ, ‘ആലുവാ കമ്പനി’, അമൃതാനന്ദമഠം; ആലപ്പാടിനെ ഖനിച്ചെടുക്കുന്ന താല്‍പര്യങ്ങള്‍

നീണ്ടകര മുതല്‍ അഴീക്കല്‍ പൊഴിമുഖം വരെയുള്ള പ്രദേശങ്ങള്‍ 8 ബ്ലോക്കുകളാക്കി തിരിച്ച് ഐ.ആര്‍.ഇ, കെ.എം.എം.എല്‍.എന്നീ കമ്പനികള്‍ക്ക് ഖനനം ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. രാജ്യരക്ഷയുടെ പേരു പറഞ്ഞ് ആണവോര്‍ജ്ജ വകുപ്പിനു വേണ്ടി ധാതുമണല്‍ ഖനനം ചെയ്യാനുള്ള അധികാരം ഉപയൊഗിച്ചാണു സര്‍ക്കാര്‍ ഇത് ചെയ്യുന്നത്. ദേശീയപാതയ്ക്ക് പടിഞ്ഞാറ് ഭാഗം മുഴുവന്‍ ഡീപ് മൈന്‍ ചെയ്ത് ധാതുമണല്‍ വേര്‍തിരിച്ചെടുക്കുവാന്‍ ആണവോര്‍ജ്ജ വകുപ്പിനും ഐ.ആര്‍.ഇ.യ്ക്കും പദ്ധതിയുണ്ട്. ഇതിനായി 1989-1995 കാലഘട്ടത്തില്‍ ആയിരംതെങ്ങില്‍ സംയുക്ത മേഖലയില്‍ ഒരു മിനറല്‍ സെപ്പറേഷന്‍ പ്ലാന്റ് സ്ഥാപിക്കാന്‍ ഐ.ആര്‍.ഇ. ഒരു ശ്രമം നടത്തുകയുണ്ടായി. സ്ഥലം എം.എല്‍.എ.യും റവന്യൂ മന്ത്രിയുമായിരുന്ന പി.എസ്.ശ്രീനിവാസനും, എം.പി.യും കേന്ദ്ര ഉപമന്ത്രിയുമായിരുന്ന എസ്സ്. കൃഷ്ണകുമാറുമായിരുന്നു ഈ പ്ലാന്റ് ആയിരംതെങ്ങില്‍ സ്ഥാപിക്കുന്നതിനായി മുന്നില്‍ നിന്നവര്‍. എന്നാല്‍ ജനങ്ങളുടെ ശക്തമായ എതിര്‍പ്പിനു മുന്നില്‍ ഐ.ആര്‍.ഇ.യ്ക്ക് ആ പദ്ധതി ഉപേക്ഷിക്കേണ്ടിവന്നു. അന്ന് ആ പ്ലാന്റ് സ്ഥാപിതമായിരുന്നെങ്കില്‍ വെള്ളനാതുരുത്തിലെന്ന പോലെ അഴീക്കലിലും സീ വാഷിംഗ് നടത്തി ഈ പഞ്ചായത്ത് എന്നത്തേക്കുമായി ഇല്ലാതാകുമായിരുന്നു.

നീണ്ടകര പഞ്ചായത്തിലെ പുത്തന്തുറ പ്രദേശത്ത് ഒന്നാം ബ്ലോക്കില്‍ ഐ.ആര്‍.ഇ. ഡീപ് മൈനിംഗ് നടത്തി ധാതുമണല്‍ എടുത്തിട്ട്, കുഴികള്‍ വേസ്റ്റ് മണലിട്ട് മൂടുകയും ചെയ്തു. അതില്‍തന്നെ മൈനിംഗിനു ഭൂമി വിട്ടു നല്‍കിയ 32 കുടുംബങ്ങള്‍ക്ക് ഭൂമി തിരികെ നല്‍കാന്‍ ഐ.ആര്‍.ഇ.യ്ക്ക് ഇപ്പൊഴും കഴിഞ്ഞിട്ടില്ല. പന്മന പഞ്ചായത്തിലെ കരിത്തുറ-പന്മന പ്രദേശങ്ങള്‍ ഉപ്പെടുന്ന 2,3 ബ്ലോക്കുകളില്‍ ഖനനാവകാശം കെ.എം.എം.എല്ലിന് ആയിരുന്നു. അവര്‍ അവിടെനിന്നും മുഴുവന്‍ ആളുകളേയും ഒഴിപ്പിച്ച് സ്ഥലം സ്വന്തമാക്കി. അവരെല്ലാം കുടിയൊഴിപ്പിക്കപ്പെട്ടവരായി ഇപ്പോഴും കമ്പനിപ്പടിക്കല്‍ സമരം നടത്തുന്നു.''പ്രദേശത്തിന്റേയും,സംസ്ഥാനത്തിന്റേയും വികസനത്തിനായി'' കുടിയൊഴിപ്പിക്കപ്പെട്ട അവര്‍ക്ക് ഒറ്റ ആവശ്യമെയുള്ളൂ; സ്ഥലം ഏറ്റെടുത്തപ്പോള്‍ കെ.എം.എം,എല്‍. നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുക. തുടര്‍ന്ന് വെള്ളനാതുരുത്തിലെ 4ാം നമ്പര്‍ ബ്ലോക്കിന്റെ തെക്കേ അറ്റത്തുനിന്നും ഐ.ആര്‍.ഇ. ഇപ്പോള്‍ ഡീപ്‌മൈനിംഗ് ആരംഭിച്ചിട്ടുണ്ട്. പന്മനവടക്ക്, വെള്ളനാതുരുത്ത്, പണ്ടാരത്തുരുത്ത് എന്നീ പ്രദേശങ്ങളിലെ 1000 കുടുംബങ്ങളുടെ വസ്തുവിന്റെ പ്രമാണം ഐ.ആര്‍.ഇ.യുടെ പക്കലാണ്. ഇവ വിലയാധാര വ്യവസ്ഥയിലും, ലീസ് പാക്കേജ് വ്യവസ്ഥയിലുമാണ്. മൈനിംഗ് കഴിഞ്ഞശേഷം വേസ്റ്റ് മണലിട്ട് ഭൂമി നികത്തിക്കൊടുക്കും എന്ന വ്യവസ്ഥയിലാണ് ഈ വസ്തുക്കള്‍ കൈവശപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ തെക്കേയറ്റമായ യോഗീശ്വരന്‍ അമ്പലത്തിന്റെ സമീപത്തെ 5 ഏക്കര്‍ കുഴിച്ച് താഴ്ത്തിയിട്ടുണ്ട്.

രണ്ട് തരത്തിലാണിവിടെ ഐ.ആര്‍.ഇയുടെ പ്രവര്‍ത്തനം. മിനറല്‍ റോട്ടറിംഗ് പ്ലാന്റ് ഉപയോഗിച്ച് എകദേശം 12 മീറ്റര്‍ വരെ ആഴത്തില്‍ കുഴിച്ച് മണ്ണെടുക്കുന്നു. മറ്റൊന്ന്, ഇതിന്റെ അളവ് കുറവായതിനാല്‍ ഹിറ്റാച്ചി വെച്ച് മറ്റൊരു പ്ലോട്ടില്‍ കുഴിച്ച് മണല്‍ എടുക്കുന്നു. മൂന്ന് ഹിച്ചാച്ചികള്‍ ഒരോ പടവുകളിലും ഇട്ട്, താഴത്തെതില്‍നിന്നും തൊട്ടുമുകളിലത്തേതില്‍ എന്ന നിലയ്ക്ക് മണല്‍ വാരി ഓരോ ഹിറ്റാച്ചിയിലും ഇടുന്ന ക്രമത്തില്‍ ഏകദേശം 30 മീറ്റര്‍ ആഴത്തില്‍ കുഴിച്ച് മണല്‍ എടുക്കുന്നു. ഇങ്ങനെ എടുക്കുന്ന മണല്‍ അവിടെ സ്ഥാപിച്ചിട്ടുള്ള പോര്‍ട്ടബില്‍ പ്ലാന്റില്‍ വെച്ച് സംസ്‌കരിച്ച് കറുത്തമണലും, വേസ്റ്റ് മണലുമായി തരം തിരിക്കുന്നു. കറുത്ത മണല്‍ ചവറയിലെ എം.എസ്.പ്ലാന്റില്‍ കൊണ്ടുപോയി; വിവിധയിനം ധാതുക്കളായി തരം തിരിക്കുന്നു.

പൊതുമേഖലയെ കെട്ടിയ 'ആലുവ' താല്‍പര്യം

ഐ.ആര്‍.ഇ., കെ.എം.എം.എല്‍. എന്നീ സ്ഥാപനങ്ങള്‍ ഈ പ്രദേശത്തെ ജനങ്ങളുടെ ക്ഷേമ കാര്യങ്ങളില്‍ യാതൊരു താല്പര്യവും കാട്ടാറില്ല. ജില്ലാ കളക്ടര്‍ ചെയര്‍മാന്‍ ആയി രൂപികരിക്കപ്പെട്ടിട്ടുള്ള മൈനിംഗ് വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. മാനേജ്‌മെന്റ്, ട്രേഡ് യൂണിയനുകള്‍, പ്രാദേശിക രാഷ്ട്രീയ നേതൃത്വങ്ങള്‍, കരാറുകാര്‍, പ്രദേശത്തെ കരയോഗങ്ങള്‍ എന്നിവരെല്ലാം ഒറ്റക്കെട്ടായിനിന്ന് ദീര്‍ഘകാലമായി പ്രദേശവാസിക്കളെ കബളിപ്പിക്കുകയാണ്. സീവാഷിംഗിന്റെ ദുരന്തത്തെക്കുറിച്ച് നാട്ടുകാര്‍ പറയുമ്പോള്‍, രാജ്യസുരക്ഷയും 200 താല്‍കാലിക തൊഴിലാളികളുടെ തൊഴിലിന്റെ പ്രശ്‌നവും പറഞ്ഞാണു ഇക്കൂട്ടര്‍ അതിനെ നേരിടുന്നത്. ഇതുവരെ ഖനനം നടത്തുന്നതിനു വേണ്ടി

കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും നാളിതുവരെ പാലിച്ചിട്ടില്ല. ഭൂമിയും, വീടും നഷ്ടപ്പെട്ട്, വഴിയാധാരമായവര്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കാന്‍ പോലും കമ്പനികള്‍ തയ്യാറായിട്ടില്ല. ഇവരെ ചൂഷണം ചെയ്യുന്നതില്‍ കമ്പനി മാനെജ്‌മെന്റ്- ട്രേഡ് യൂണിയന്‍-രാഷ്ട്രീയ-കോണ്‍ട്രാക്ടര്‍മാരുടെ ഐക്യമുന്നണിയുണ്ട്. കരിമണല്‍ ഖനനം ചെയ്യുന്നതിനായി ആണവോര്‍ജ്ജ കമ്മീഷന്റെ അവശ്യ നിയമം പറയുന്നവര്‍, കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് ആണവോര്‍ജ്ജ കമ്മീഷന്‍ പറയുന്ന നഷ്ടപരിഹാരം പോലും നല്‍കാന്‍ തയ്യാറല്ല.

ഐ.ആര്‍.ഇ./കെ.എം.എം.എല്‍. മാനേജ്‌മെന്റുകളുടെ തലപ്പത്തുള്ള മിക്കവര്‍ക്കും അലുവയിലെ സമാനസ്വഭാവമുള്ള സ്വകാര്യ കമ്പനിയോടുള്ള കൂറ് പരസ്യമായ രഹസ്യമാണ്. ഐ.ആര്‍.ഇ/കെ.എം.എം.എല്‍. എന്നിവയില്‍ നിന്നും റിട്ടയര്‍ ചെയ്തവരോ, വി.ആര്‍.എസ്. എടുത്ത് പോയവരോ ആണ് ആ സ്വകാര്യ സ്ഥാപനത്തിന്റെ തലപ്പത്തുള്ളതെന്നത് ഈ വാദത്തെ ബലപ്പെടുത്തുന്നു.

അമൃതാനന്ദമയിമഠത്തിന്റെ കണ്ണ്

ആലപ്പാടിന്റെ പരിസ്ഥിതി നാശത്തിന് ഐ.ആര്‍.ഇ.യുടെ കരിമണല്‍ ഖനനം മാത്രമാണ് ഉത്തരവാദി എന്ന് പറയാനാവില്ല. ആഗോള താപനം മുതല്‍ അതിലോലമായ കടല്‍ പരിസ്ഥിതിയെ കണക്കിലെടുക്കാത്ത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വരെ ഇതിനുകാരണമാണ്. ആഗോളതാപനത്തിന്റെ ഭാഗമായി ജലപ്രവാഹങ്ങളിലുണ്ടാകുന്ന മാറ്റങ്ങള്‍, കടല്‍ പരിസ്ഥിതിയിലെ വ്യതിയാനം, കടല്‍ ജലം വര്‍ഷം തോറും ഉയര്‍ന്നു കൊണ്ടിരിക്കുന്നത്, അശാസ്ത്രീയമായ കടല്‍ ഭിത്തി-പുലിമുട്ട് നിര്‍മ്മാണം, എന്നിവയെല്ലാം ആലപ്പാടിന്റെ തീര ശോഷണത്തിന് കാരണമാകുന്നു.

നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് കടുത്ത നിയന്ത്രണമുള്ള കോസ്റ്റല്‍ റഗുലേഷന്‍ സോണ്‍ -3ല്‍പ്പെടുന്ന ആലപ്പാട് തീരത്ത് എല്ലാ നിയന്ത്രണങ്ങളേയും വെല്ലുവിളിച്ച് അമൃതാനന്ദമയിമഠം നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളേയും കണ്ടില്ലെന്ന് നടിക്കാനാവില്ല.തീരദേശം അനധികൃതമായി കയ്യേറിയും, കായലും, തോടുകളും, കുളങ്ങളും നികത്തി അമൃതാനന്ദമയിമഠം വലിയ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ പണിതുയര്‍ത്തുമ്പോള്‍ തകര്‍ന്നടിയുന്നതും ആലപ്പാടിന്റെ ലോലപരിസ്ഥിതിയാണ്.

അമൃതാനന്ദമയിമഠം അനധികൃതമായി നികത്തി കൈവശപ്പെടുത്തിയ 731 ഏക്കര്‍ സ്ഥലം തിരിച്ച്പിടിക്കാന്‍ കരുനാഗപ്പള്ളി തഹസില്‍ദാര്‍ ആലപ്പാട് വില്ലേജ് ആഫീസറോട് ആവശ്യപ്പെട്ടത് ഈയടുത്ത ദിവസങ്ങളിലാണ്. ആലപ്പാട്ടെ ജനങ്ങള്‍ ഇവിടെനിന്ന് ഒഴിഞ്ഞുപോകുന്നതില്‍ അമൃതാനന്ദമയി സ്ഥാപനങ്ങള്‍ വഹിക്കുന്ന പങ്കിനേയും കുറച്ച് കാണാന്‍ കഴിയില്ല.

തീരദേശജീവികളുടെ ആവാസ വ്യവസ്ഥ നിലനിര്‍ത്തുന്നതിലും, തീരദേശ ശോഷണം തടയുന്നതിലും വലിയ പങ്കു വഹിക്കുന്ന കണ്ടല്‍ക്കാടുകള്‍ വെട്ടി നശിപ്പിച്ച്, അവിടെ കൃത്രിമ മീന്‍ വളര്‍ത്തല്‍ കേന്ദ്രങ്ങളും, മത്സ്യതീറ്റ ഉല്പാദനകേന്ദ്രങ്ങളും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ആരംഭിക്കുന്നതുമെല്ലാം ആലപ്പാടിന്റെ പരിസ്ഥിതിയെ തര്‍ക്കുന്നതാണ്. സുനാമിയുമായി ബന്ധപ്പെട്ട് ഈ പഞ്ചായത്തില്‍ നടത്തിയ ചില നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ആലപ്പാടിന്റെ പരിസ്ഥിതിയ്ക്ക് യോജിച്ചതായിരുന്നില്ല. ഇങ്ങനെ കെട്ടിപ്പൊക്കിയ പല വലിയ കെട്ടിടങ്ങളും ഇപ്പോഴും ഉപയോഗിക്കാതെ കിടക്കുകയാണ്.

പരിസ്ഥിതി സൗഹൃദപരമല്ലാത്ത വസ്തുക്കളുടെ അനിയന്ത്രിതമായ ഉപയോഗത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് വെള്ളനാതുരുത്ത്- അഴീക്കല്‍ റോഡിന്റെ ഇരു വശങ്ങളിലും, പൊതുസ്ഥലങ്ങളിലും വലിച്ചെറിഞ്ഞിട്ടിരിക്കുന്ന പ്ലാസ്റ്റിക്കുകള്‍.

തീരശോഷണത്തിനു പ്രതിവിധി എന്ന നിലയില്‍ പഞ്ചായത്തിന്റെ തെക്കറ്റം മുതല്‍ വടക്കറ്റം വരെ കടലില്‍ കല്ലിടുന്ന പരിപാടിയും ആലപ്പാടിന്റെ തീരദേശ പരിസ്ഥിതിയെ വല്ലാതെ തകര്‍ത്ത ഘടകമാണ്. കടലും കടല്‍പരിസ്ഥിതിയും ആഗോളവ്യാപകമായി നേരിടുന്ന വെല്ലുവിളികളില്‍ നിന്നു വേറിട്ട്, ആലപ്പാടിന്റെ പരിസ്ഥിതി പ്രശ്‌നത്തെ കാണാന്‍ കഴിയില്ല. എങ്കിലും ഐ.ആര്‍.ഇ.യുടെ സീവാഷിംഗ് ആലപ്പാടിന്റെ പരിസ്ഥിതി നാശത്തിനും, സാമൂഹ്യജീവിതത്തിന്റെ പിന്നാക്കാവസ്ഥയ്ക്കും ഏറ്റവുമധികം ആക്കം കൂട്ടിയിട്ടുണ്ട്. അതീവ ഗുരുതരമാണ് ആലപ്പാട്ടെ ജനത നേരിടുന്ന പ്രശ്‌നങ്ങള്‍.

ഐആര്‍ഇ, ‘ആലുവാ കമ്പനി’, അമൃതാനന്ദമഠം; ആലപ്പാടിനെ ഖനിച്ചെടുക്കുന്ന താല്‍പര്യങ്ങള്‍

നേരിടാനുള്ള ചില നിര്‍ദ്ദേശങ്ങള്‍:

  1. അശാസ്ത്രീയവും, തീരശോഷണത്തിനു കാരണവുമായ സീ വാഷിംഗ് ഉടനടി അവസാനിപ്പിക്കുക. മണ്‍സൂണ്‍കാല ട്രോളിംഗ് നിരോധിച്ച് അതിന്റെ ഗുണദോഷവശങ്ങളെക്കുറിച്ച് പഠനം നടത്തിയതുപോലെ സീ വാഷിംഗ് അവസാനിപ്പിച്ച് കരിമണല്‍ ഖനനം തീരദേശ പരിസ്ഥിതിയേയും,തീരദേശ ജനതയുടെ സാമൂഹ്യ ജീവിതത്തെയും എപ്രകാരം ബാധിച്ചിട്ടുണ്ടെന്ന് ശാസ്ത്രീയമായി പഠനം നടത്തുക. ഇതില്‍ തീര്‍ദേശവാസി പ്രതിനിധികളേയും, മത്സ്യത്തൊഴിലാളി പ്രതിനിധികളേയും (മത്സ്യതൊഴിലാളി യൂണിയന്‍ പ്രതിനിധികളല്ല), പരിസ്ഥിതി-കാലാവസ്ഥാ-സാമൂഹ്യശാസ്ത്രഞ്ജരേയും ഉള്‍പ്പെടുത്തണം.
  2. ആണവോര്‍ജ്ജത്തേക്കാളും, ആണവായുധങ്ങളേക്കാളും തദ്ദേശീയ ജനവിഭാഗങ്ങളുടെ ഭൂമിയും, കിടപ്പാടവും,തൊഴിലും, ജീവനുമാണ് പ്രധാനമെന്ന വസ്തുത ബന്ധപ്പെട്ടവര്‍ അംഗീകരിക്കുക.
  3. നീണ്ടകര മുതല്‍ പൊഴിമുഖം വരെയുള്ള സ്ഥലത്ത് ഖനനാനുമതി നല്‍കിയ വിജ്ഞാപനം അടിയന്തിരമായി പിന്‍വലിക്കുക.
  4. ആലപ്പാട് പ്രദേശത്ത് നിന്നും വിട്ട് പോകാന്‍ താല്പര്യമുള്ളവരുടെ ഭൂമി മാത്രം ഏറ്റെടുത്ത് ഡീപ് മൈനിംഗ് നടത്തുകയും വേസ്റ്റ് മണലിട്ട് ഉടനടി ആ കുഴികള്‍ നികത്തി ആവശ്യകാര്‍ക്ക് കൈമാറുകയും ചെയ്യുക. അതായത് ഉത്തരവാദപൂര്‍ണ്ണവും,സുരക്ഷിതവുമായ ഖനനം മാത്രം നടത്തുക.
  5. ഐ.ആര്‍.ഇ/കെ.എം.എം.എല്‍.എന്നീ കമ്പനികള്‍ നാളിതുവരെ നടത്തികൊണ്ടിരുന്ന മിനറല്‍ സെപ്പറേഷന്‍ എന്ന പ്രവര്‍ത്തനത്തെ വിപുലീകരിച്ച് മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ ഉല്പാദിപ്പിച്ച് തൊഴിലവസരങ്ങളും സമ്പദ്സ്ഥിതിയും മെച്ചപ്പെടുത്തുക.

കടലും കായലും അതീവ ലോല പരിസ്ഥിതി പ്രദേശങ്ങളാണ്. അവിടെ നടത്തുന്ന എതൊരു മനുഷ്യ ഇടപെടലിനും പിന്നീട് വലിയ വില കൊടുക്കേണ്ടിവരും. സുനാമി, ഓഖി, പ്രളയം എന്നിവയെല്ലാം നമുക്ക് തരുന്ന പഠം അതാണ്. കടലിനേയും, കടല്‍ പരിസ്ഥിതിയേയും ശല്യം ചെയ്താല്‍ അവയും നമ്മളോട് വലിയ രീതിയില്‍ പ്രതികാരം ചെയ്യും. വിഴിഞ്ഞവും, വൈപ്പിനും എറ്റവും വലിയ ഉദാഹരണങ്ങള്‍. അതുകൊണ്ട് കടലിനേയും,കായലിനേയും അവരുടെ പാട്ടിനു വിടാം.

അവിടെ ഖനനം, വികസനം, നിര്‍മ്മാണം എന്നെല്ലാം പറഞ്ഞ് നമ്മള്‍ അവിടേക്ക് ചെല്ലാതിരുന്നാല്‍ അവയും ശാന്തമായി കഴിയും; നമുക്കും നമ്മുടെ അടുത്ത തലമുറയ്ക്കും ആവശ്യമായ വിഭവങ്ങള്‍ പ്രദാനം ചെയ്ത് അവ സ്വച്ഛന്ദം നിലനില്‍ക്കട്ടെ.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018