SPOTLIGHT

ഫെര്‍ണാണ്ടസ് പ്രതീക്ഷയുടെയും പരിമിതിയ്ക്കുമിടയിലെ ഇന്ത്യന്‍ സോഷ്യലിസ്റ്റിന്റെ രാഷ്ട്രീയ ജീവിതം 

അടിയന്തരാവസ്ഥയ്‌ക്കെതിരായ പോരാട്ടം നടത്തിയ ജോര്‍ജ്ജ് ഫെര്‍ണാണ്ടസ്, കൊക്കക്കോളയോട് നാട് വിടാന്‍ ഉത്തരവിട്ട മന്ത്രി, ബിജെപിയ്ക്ക് സ്വീകാര്യത ഉണ്ടാക്കി കൊടുത്തതില്‍ പങ്ക് വഹിച്ച സോഷ്യലിസ്റ്റായി പരിണമിച്ചു. ഫെര്‍ണാണ്ടസിന്റെ ജീവിതം ഇന്ത്യന്‍ സോഷ്യലിസത്തിന്റെ പരിമിതികളുടെ ചരിത്രം കൂടിയാണ്

അടിയന്തരാവസ്ഥക്കെതിരെ നടത്തിയ ചെറുത്തുനില്‍പ്പുകളില്‍ ഏറ്റവും തീഷ്ണമായത് ജോര്‍ജ്ജ് ഫെര്‍ണാണ്ടസിന്റെതാണ്. വിലങ്ങുകളോടെയുള്ള കൈ ഉയര്‍ത്തിപ്പിടിച്ച് മുദ്രാവാക്യം വിളിക്കുന്നുവെന്ന് തോന്നിക്കുന്ന ആ ചിത്രം ജോര്‍ജ്ജ് ഫെര്‍ണാണ്ടസിന്റെ രാഷ്ട്രീയ വിശ്വാസങ്ങളോടുള്ള തീഷ്ണത പ്രതിഫലിപ്പിക്കുന്നതായിരുന്നു.

ഇന്ത്യന്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനം സജീവമായിരുന്ന കാലത്ത് അതിലെ ഏറ്റവും ഉജ്ജ്വനായ പോരാളിയായിരുന്നു ജോര്‍ജ്ജ് ഫെര്‍ണാണ്ടസ്. അദ്ദേഹത്തിന്റെ പോരാട്ട വീര്യം രാജ്യം അറിഞ്ഞത് അടിയന്തരാവസ്ഥയ്ക്ക് തൊട്ടുമുമ്പുള്ള കാലത്തും.

1974 ല്‍ ഓള്‍ ഇന്ത്യ റെയില്‍വെസ് ഫെഡറേഷന്റെ പ്രസിഡന്റായിരിക്കുമ്പോഴാണ് ഇന്ത്യന്‍ തൊഴിലാളി വര്‍ഗ ചരിത്രത്തില്‍ ഒഴിവാക്കാനാവാത്ത റെയില്‍വെ സമരം അദ്ദേഹം നടത്തുന്നത്. അടിയന്തരാവസ്ഥക്കാലത്ത് ഒളിവില്‍ പോയ അദ്ദേഹത്തെ പിന്നീട് ഇന്ദിരാഗാന്ധി അറസ്റ്റ് ചെയ്യുകയായിരുന്നു. സിഖുകാരന്റെ വേഷം കെട്ടിയും, വൈദികനായും നിരവധി തവണ രഹസ്യ പോലീസിനെ കബളിപ്പിച്ചാണ് ഒരു വര്‍ഷത്തോളം അദ്ദേഹം ഒളിവില്‍ കഴിഞ്ഞത്. 1976 ല്‍ പിന്നീട് കുപ്രസിദ്ധമായ ബറോഡ ഡൈനാമിറ്റ് കേസിലാണ് ഫെര്‍ണാണ്ടസിനെ അറസ്റ്റ് ചെയ്തത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തകര്‍ക്കാന്‍ ഡൈനാമിറ്റ് കടത്തിയെന്നും രാജ്യത്തിനെതിരെ യുദ്ധം ചെയ്തുവെന്നുമായിരുന്നു അദ്ദേഹത്തിനെതിരായ കേസ്. പിന്നീട് 1977 ല്‍ ജയിലില്‍ കിടന്നുകൊണ്ടാണ് ഫെര്‍ണാണ്ടസ് മല്‍സരിക്കുകയും വിജയിക്കുകയും ചെയ്തത്.

സോഷ്യലിസ്റ്റ് രാഷ്ട്രീയത്തില്‍ ഉറച്ചു നിലപാടെടുത്ത്, ജനതാപാര്‍ട്ടി സര്‍ക്കാരില്‍ മന്ത്രിയായ ഫെര്‍ണാണ്ടസ് കൊക്കക്കോളയോടും ഐബിഎമ്മിനോടും രാജ്യം വിടാന്‍ ആവശ്യപ്പെട്ടു. നിക്ഷേപ നിയമങ്ങള്‍ ലംഘിച്ചുവെന്ന് കാണിച്ചായിരുന്നു നടപടി. ജനതാപാര്‍ട്ടിയിലെ അമേരിക്കന്‍ അനുകൂലികള്‍ക്ക് പോലും അസ്വസ്ഥത സൃഷ്ടിച്ച നടപടിയായിരുന്നു അത്. ജനാധിപത്യത്തെ ചേര്‍ത്ത്‌ നിര്‍ത്തിയായിരുന്നു അക്കാലത്തെ ജോര്‍ജ്ജ് ഫെര്‍ണാണ്ടസിന്റെ സോഷ്യലിസ്റ്റ് വിശ്വാസം.

ഫെര്‍ണാണ്ടസ് പ്രതീക്ഷയുടെയും പരിമിതിയ്ക്കുമിടയിലെ  ഇന്ത്യന്‍ സോഷ്യലിസ്റ്റിന്റെ രാഷ്ട്രീയ ജീവിതം 

വിവിധ ദേശീയ സ്വയം നിര്‍ണായവകാശ പ്രസ്ഥാനങ്ങളെ പിന്തുണച്ച നേതാവുകൂടിയായിരുന്നു ജോര്‍ജ്ജ് ഫെര്‍ണാണ്ടസ്. മന്ത്രിയായിരിക്കെ പോലും അദ്ദേഹം എല്‍ ടി ടി ഇയ്ക്ക് നല്‍കിയ പിന്തുണ ശ്രീലങ്കയുടെ കടുത്ത എതിര്‍പ്പിന് പോലും ഇടയാക്കി.

ഇങ്ങനെ പൗരസ്വാതന്ത്ര്യത്തിനും സാമ്രാജ്യത്വത്തിനും എതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്ത ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് കമ്മ്യൂണിസ്റ്റ് ഇതര ഇന്ത്യന്‍ സോഷ്യലിസത്തിന്റെ പരിമിതിയുടെ കൂടി പ്രതീകമാണ്. 1990 കളുകളില്‍ അദ്ദേഹം എടുത്ത രാഷ്ട്രീയ സമീപനങ്ങള്‍ ഇതാണ് വ്യക്തമാക്കുന്നത്.

അതിന്റെ തുടക്കം രാം മനോഹര്‍ ലോഹ്യയില്‍ തുടങ്ങുന്നതാണ്. നെഹ്‌റുവിനോടുള്ള വ്യക്തി വിരോധം കൂടിയാണ് രാം മനോഹര്‍ ലോഹ്യയുടെ രാഷ്ട്രീയത്തെ നിര്‍ണയിച്ചതെന്ന് പറയുമ്പോള്‍ ജോര്‍ജ്ജ് ഫെര്‍ണാണ്ടസിന്റെ കോണ്‍ഗ്രസ് വിരുദ്ധതയ്ക്ക് ആക്കം കൂട്ടിയത് ഇന്ദിരാഗാന്ധിയുടെ എതിര്‍പ്പ് കൂടിയാകും. കോണ്‍ഗ്രസ് വിരുദ്ധതയില്‍ നങ്കൂരമിട്ട സോഷ്യലിസ്റ്റുകള്‍ പിന്നീട് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പിടിമുറുക്കിയ ഹിന്ദുത്വ ഫാസിസത്തിന്റെ അപകടങ്ങള്‍ തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ടുവെന്ന് മാത്രമല്ല, അതിന് പൊതു സ്വീകാര്യത നേടികൊടുക്കുന്നതില്‍ വലിയ പങ്ക് വഹിക്കുകയും ചെയ്തു

രാം മനോഹര്‍ ലോഹ്യ ഉള്‍പ്പെടെയുള്ള സോഷ്യലിസ്റ്റുകളുടെ ഈ രാഷ്ട്രീയം ഏറ്റവും തീവ്രമായി ആവിഷ്‌ക്കരിച്ചത് ജോര്‍ജ്ജ് ഫെര്‍ണാണ്ടസാണ്. (രാം മനോഹര്‍ ലോഹ്യ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത് ജനസംഘിന്റെ പിന്തുണയോടെയായിരുന്നു)

കടുത്ത വര്‍ഗീയ പ്രചാരണങ്ങള്‍ക്ക് ശേഷം ബാബ്‌റി മസ്ജിദ്‌പൊളിച്ചതിന് ശേഷം ബിജെപി ചുരുങ്ങിയ കാലത്തേക്കെങ്കിലും ഇന്ത്യയില്‍ ഒറ്റപ്പെട്ടു. സൗമ്യമുഖമായി അവതരിപ്പിച്ച വാജ്‌പേയിയുടെ നേതൃത്വത്തിന് പൊലും ഈ ഒറ്റപ്പെടലില്‍നിന്ന് ആ പാര്‍ട്ടിയെ രക്ഷപ്പെടുത്തിയില്ല. ആ ഘട്ടത്തില്‍ ബി ജെ പിയ്ക്ക് രക്ഷകനായി എത്തിപ്പെടുന്നത്, ഉശിരനായ തൊഴിലാളി നേതാവായി കരുതപ്പെട്ട 'സോഷ്യലിസ്റ്റ്‌ ജോര്‍ജ്ജ് ഫെര്‍ണാണ്ടസായിരുന്നു. ബി ജെ പി രൂപികരിച്ച എന്‍ ഡി എയുടെ കണ്‍വീനറായി, അവരുടെ വിശ്വസ്തനായി അദ്ദേഹം മാറി. അങ്ങനെ ബിജെപിയുടെ വളര്‍ച്ചയ്ക്ക് വലിയ തോതില്‍ പങ്ക് വഹിച്ചുവെന്നതുകൂടിയാണ് പിന്നീടുള്ള ഫെര്‍ണാണ്ടസിന്റെ രാഷ്ട്രീയ ജീവിതം.

രാം മനോഹര്‍ ലോഹ്യയില്‍ തുടങ്ങിയ ഇന്ത്യന്‍ സോഷ്യലിസ്റ്റുകളുടെ കോണ്‍ഗ്രസ് വിരുദ്ധത തന്നെയാണ് ഫെര്‍ണാണ്ടസിനെ ഇത്തരമൊരു നിലപാടിലെത്തിച്ചതെന്നത് വസ്തുതയാണ്.

അടിയന്തരവാസ്ഥ കാലത്തെ 'ഐക്കണ്‍' എന്ന് പോലും വിശേഷിപ്പിക്കപ്പെട്ട ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് സംഘ്പരിവാരത്തിന്റെ വിനീത വിധേയനായതും ആന്റി കോണ്‍ഗ്രസിസം എന്ന ലോഹ്യയുടെ ആശയത്തിന്റെ അടിസ്ഥാനത്തിലാണെന്നിരിക്കണം. ഹിന്ദുത്വ ഫാസിസത്തിന്റെ അട്ടഹാസത്തില്‍ ഇന്ത്യ ആടിയുലഞ്ഞപ്പോഴും അത് തിരിച്ചറിയാനാവാതെ പോയ സോഷ്യലിസ്റ്റ്! ഗുജറാത്ത് വംശഹത്യയ്ക്കും പോലും ന്യായികരണവാദങ്ങള്‍ ചമച്ചു നല്‍കി ഒരു കാലത്തെ ക്ഷുഭിത യൗവനത്തിന്റെ ആവേശമായി അറിയപ്പെട്ടിരുന്ന ജോര്‍ജ്ജ് ഫെര്‍ണാണ്ടാസ്! അതുകൊണ്ടെും തീര്‍ന്നില്ല, ലാലു പ്രസാദ് യാദവ് ഒഴികെ ലോഹ്യയുടെ രാഷ്ട്രീയ അനുയായികളില്‍ ഏറെ പേരും ഹിന്ദുത്വ ഫാസിസവുമായി പലരൂപത്തിലും ബന്ധപ്പെട്ടു, നീതീഷ് കുമാറടക്കം.

ബിജെപിയുടെ അക്രമോല്‍സുക ദേശീയതയ്ക്ക് ചൂട്ട് പിടിക്കുന്നതിലും ഫെര്‍ണാണ്ടസ് പിന്നിലായില്ല. വാജ്‌പേയി മന്ത്രിസഭയില്‍ പ്രതിരോധ മന്ത്രിയായിരിക്കെയാണ് പൊഖ്‌റാനില്‍ ആണവ പരീക്ഷണം നടത്തിയത്. ആണവ നിരായുധീകരണത്തിന് വേണ്ടി വാദിച്ച സോഷ്യലിസ്റ്റ് നേതാവില്‍നിന്നായിരുന്നു അണു സ്‌ഫോടനം നടത്തുന്ന പ്രതിരോധ മന്ത്രിയെന്ന നിലയിലേക്കുള്ള ഫെര്‍ണാണ്ടസിന്റെ മാറ്റം. ഹിരോഷിമ ആണവ ആക്രമണത്തിന്റെ ചിത്രം സ്വന്തം ഓഫീസില്‍ സൂക്ഷിക്കുകയും അണു പരീക്ഷണം നടത്തുകയും ചെയ്ത ലോകത്തെ വ്യക്തി ഫെര്‍ണാണ്ടസായിരിക്കുമെന്നായിരുന്നു അക്കാലത്ത് പുറത്തുവന്ന ഒരു വാര്‍ത്ത.

കാര്‍ഗില്‍ യുദ്ധവും ഈ സമയത്തായിരുന്നു. പ്രതിരോധ മന്ത്രിയായിരിക്കെ നാവിക സേന മേധാവി ആയിരുന്ന വിഷ്ണു ഭാഗവത്തുമായി തര്‍ക്കം ഉണ്ടായതും അദ്ദേഹത്തെ നീക്കം ചെയതതുമെല്ലാം ഫെര്‍ണാണ്ടസിന്റെ രാഷ്ട്രീയ മാറ്റത്തെ പല രീതിയില്‍ പ്രതിഫലിപ്പിക്കുന്നതായിരുന്നു. ആയുധ ഇടപാടുമായി ബന്ധപ്പെട്ട തെഹല്‍ക്ക നടത്തിയ ഒളി ക്യാമറ ഓപ്പറേഷനെ തുടര്‍ന്ന് ഫെര്‍ണാണ്ടസിന് രാജിവെയ്‌ക്കേണ്ടിയും വന്നു. വാജ്‌പേയിയുടെ വലിയ വിശ്വസ്തനായിരുന്ന ഫെര്‍ണാണ്ടസ് വീണ്ടും മന്ത്രി സഭയിലെത്തി. നിരവധി വിവാദങ്ങള്‍ അദ്ദേഹത്തെ പിന്തുടര്‍ന്നു.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സമാനതകളില്ലാത്ത നേതാവായപ്പോഴും, ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് ഇന്ത്യന്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ പ്രതീക്ഷയുടെയും തളര്‍ച്ചയുടെയും പ്രതീകം കൂടിയാണ്. ഒരു കാലത്ത് അമിതാധികാരത്തിനെതിരായ പോരാട്ടത്തിന്റെ ഏറ്റവും തീഷ്ണമായ പ്രതീകമായപ്പോള്‍, പിന്നീട് ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഫാസിസ്റ്റ് വല്‍ക്കരണത്തിന് കൂടി സംഭാവന ചെയ്ത വ്യക്തിയെന്ന് നിലയില്‍ കൂടിയായിരിക്കും ഫെര്‍ണാണ്ടസ് സ്മരിക്കപ്പെടുക

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018