SPOTLIGHT

യുഎപിഎ സമൂഹ സ്വാതന്ത്ര്യത്തേയും ജനാധിപത്യത്തേയും നേരിട്ട് ബാധിക്കുന്നതാണ്; പുനപരിശോധനാ ‘തീരുമാനം’ മറ്റൊരു രാഷ്ട്രീയ നാടകമാക്കരുത്  

യുഎപിഎ പിന്‍വലിക്കാന്‍ തീരുമാനിച്ച 42 കേസുകളുടെ പട്ടികയും പുനഃപരിശോധന റിപ്പോര്‍ട്ടും പരസ്യമാക്കണം. കാരണം ഇത് ഉദ്യോഗസ്ഥ തലത്തില്‍ നടപ്പാക്കുന്ന കേവലമായൊരു തെറ്റുതിരുത്തല്‍ നടപടിയല്ല.

വ്യാപകമായ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് 2017 ജനുവരിയില്‍ അന്നത്തെ ഡിജിപി ആയിരുന്ന ലോക്‌നാഥ് ബെഹ്റ 162ഓളം യുഎപിഎ കേസുകള്‍ പുനഃപരിശോധിക്കുമെന്ന് പ്രഖ്യാപിച്ചത്. മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ഒരു പതിറ്റാണ്ടിലധികം നീണ്ട പ്രതിഷേധങ്ങള്‍ക്ക് താല്‍ക്കാലികമായ നേട്ടമായി ഈ പ്രഖ്യാപനം വിലയിരുത്തപ്പെട്ടു. നിലമ്പൂരില്‍ മാവോയിസ്റ്റ് നേതാക്കളായ അജിതയേയും കുപ്പു ദേവരാജിനെയും വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയതിനെതിരെ ഉയര്‍ന്നു വന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതിനും ഇലക്ഷന്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തതിനും സമാധാനപരമായ രാഷ്ട്രീയ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേരെയും മതപ്രഭാഷണത്തിനെതിരെയും ഒക്കെ യുഎപിഎ ചുമത്തിയ സംഭവങ്ങള്‍ സമൂഹത്തില്‍ ഭീതി പടര്‍ത്തുകയും പ്രതിഷേധങ്ങള്‍ക്ക് കാരണമാവുകയും ചെയ്തിരുന്നു.

വടക്കുകിഴക്കന്‍, മധ്യേന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് രക്തരൂക്ഷിതമായ ആഭ്യന്തര സംഘര്‍ഷങ്ങളും കലാപങ്ങളും കുറഞ്ഞ ഒരു സംസ്ഥാനമായിട്ട് പോലും ഇത്രയധികം യുഎപിഎ കേസുകള്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നത് വിമര്‍ശനവിധേയമാക്കപ്പെട്ടു. ഇപ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളില്‍ മഹാഭൂരിപക്ഷവും ഏതെങ്കിലും അക്രമപ്രവര്‍ത്തനത്തിന്റെ പേരിലല്ല, മറിച്ച് ആശയപ്രചരണത്തിന്റെയും രാഷ്ട്രീയവിമര്‍ശനത്തിന്റെയും രാഷ്ട്രീയ സംഘാടനശ്രമങ്ങളുടേയും പേരിലാണ് എന്ന വസ്തുത മനുഷ്യാവകാശപ്രവര്‍ത്തകരുടെ നിരന്തരമായ ഇടപെടലുകളിലൂടെ വെളിവാക്കപ്പെട്ടു. ഇത് യുഎപിഎ എന്ന ജനവിരുദ്ധനയം ഉപയോഗിച്ച് കേരളത്തെ ജനാധിപത്യ അവകാശങ്ങളുടെ കൊലക്കളമാക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത് എന്ന വിമര്‍ശനത്തെ ശക്തിപ്പെടുത്തി. ഈ സാഹചര്യത്തിലാണ് അന്വേഷണത്തിലിരിക്കുന്ന യുഎപിഎ കേസുകള്‍ പുനഃപരിശോധിക്കുമെന്ന് പ്രഖ്യാപിക്കാന്‍ ഡിജിപിയെ നിര്‍ബന്ധിതനായത്.

യുഎപിഎ സമൂഹ സ്വാതന്ത്ര്യത്തേയും ജനാധിപത്യത്തേയും നേരിട്ട് ബാധിക്കുന്നതാണ്; പുനപരിശോധനാ ‘തീരുമാനം’ മറ്റൊരു രാഷ്ട്രീയ നാടകമാക്കരുത്  

മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ സ്വന്തം മുന്നണിക്കകത്ത് നിന്ന് പോലും കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടുകൊണ്ടിരുന്ന പിണറായി സര്‍ക്കാരിനും കേരള പൊലീസിനും താല്‍ക്കാലികമായി ആശ്വാസം പകരുന്നതായിരുന്നു ഡിജിപിയുടെ പുനഃപരിശോധന പ്രഖ്യാപനം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ യുഎപിഎ ചുമത്തുക എന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയമല്ലെന്ന് പ്രഖ്യാപിക്കുക കൂടി ചെയ്തതോടെ മുന്‍സര്‍ക്കാരുകളില്‍ നിന്ന് വ്യത്യസ്തമായി പിണറായി സര്‍ക്കാരിന്റെ ജനാധിപത്യ സമീപനത്തിന്റേയും ഭരണഘടനാ ഉത്തരവാദിത്വത്തിന്റെയും പ്രതീകമായി പുനഃപരിശോധനാ നീക്കം വാഴ്ത്തപ്പെട്ടു.

2017 ജനുവരി 7നു സംസ്ഥാന സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗം യുഎപിഎ കേസുകള്‍ പുനഃപരിശോധിയ്ക്കാന്‍ തീരുമാനിച്ചതായി പത്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്റ, ഐജി സുരേഷ്നാഥ് പുരോഹിത്, യുഎപിഎ കേസുകളിലെ അന്വേഷണോദ്യോഗസ്ഥര്‍, നിയമവകുപ്പിന്റെ പ്രതിനിധി, സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ആയ സുമന്‍ ചക്രവര്‍ത്തി, തുടങ്ങിയവര്‍ ആണ് യോഗത്തില്‍ പങ്കെടുത്തതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍ തുടക്കം മുതല്‍ തന്നെ പുനഃപരിശോധനയുടെ കാര്യത്തില്‍ തുറന്ന സമീപനം സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ആരാണ് പുനഃപരിശോധന നടത്തുന്നത്, എന്താണ് പുനഃപരിശോധനയുടെ മാനദണ്ഡം, എങ്ങിനെയാണ് പുനഃപരിശോധന നടത്തുക തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. എങ്കിലും പരിശോധനയ്ക്ക് ശേഷം 42 കേസുകളില്‍ യുഎപിഎ നിലനില്‍ക്കില്ലെന്നും ഈ കേസുകളില്‍ യുഎപിഎ പിന്‍വലിക്കാന്‍ ബന്ധപ്പെട്ട കോടതികളില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും പുനഃപരിശോധന റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കിയതായും ഡിജിപിയെ ഉദ്ധരിച്ച് കൊണ്ട് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. എന്നാല്‍ അപ്പോഴും യുഎപിഎ നിലനില്‍ക്കില്ലെന്ന് കണ്ടെത്തിയ കേസുകളുടെ പട്ടിക പരസ്യപ്പെടുത്താന്‍ ഡിജിപി തയ്യാറായില്ല.

യുഎപിഎ സമൂഹ സ്വാതന്ത്ര്യത്തേയും ജനാധിപത്യത്തേയും നേരിട്ട് ബാധിക്കുന്നതാണ്; പുനപരിശോധനാ ‘തീരുമാനം’ മറ്റൊരു രാഷ്ട്രീയ നാടകമാക്കരുത്  

പുനഃപരിശോധന പ്രഖ്യാപനം വന്ന് രണ്ടു വര്‍ഷം പിന്നിടുമ്പോള്‍ അന്ന് പുനഃപരിശോധനയിലാണെന്ന് പറഞ്ഞിരുന്ന കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടതായാണ് അറിയുന്നത്. വയനാട് തെരഞ്ഞെടുപ്പ് ബഹിഷ്‌കരണ ക്യാമ്പയിന്‍ നടത്തിയതിന്റെ പേരില്‍ പോരാട്ടം പ്രവര്‍ത്തകരായ ഗൗരി, ചാത്തു, ഷാന്റോ ലാല്‍, എംഎന്‍ രാവുണ്ണി തുടങ്ങിയവര്‍ക്കെതിരെ യുഎപിഎ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ വയനാട് സെഷന്‍സ് കോടതി വിചാരണാപൂര്‍വ്വ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. അന്വേഷണത്തിലിരിക്കുന്ന യുഎപിഎ കേസുകള്‍ പുനഃപരിശോധിക്കാന്‍ വേണ്ടി സര്‍ക്കാര്‍ തലത്തില്‍ പ്രത്യേക കമ്മറ്റിയെ ചുമതലപ്പെടുത്തി ഉത്തരവിറക്കിയിട്ടില്ല എന്നാണ് വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായി ആഭ്യന്തരവകുപ്പ് ഇപ്പോള്‍ പറയുന്നത്. അങ്ങിനെയെങ്കില്‍ പുനഃപരിശോധനാ തീരുമാനമെടുത്ത ഉന്നതതല യോഗം വിളിച്ചുകൂട്ടിയതാരാണ്? എന്തധികാരത്തിലാണ് അത് വിളിച്ചു കൂട്ടിയത്? എന്ന ചോദ്യങ്ങളാണ് ബാക്കിയാവുന്നത്. പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം യുഎപിഎ കേസുകള്‍ പുനഃപരിശോധിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ടോ?, ആരെയാണ് പുനഃപരിശോധന നടത്താന്‍ ചുമതലപ്പെടുത്തിയത്?, പുനഃപരിശോധന പൂര്‍ത്തിയായോ?, പുനഃപരിശോധന റിപ്പോര്‍ട്ടില്‍ എന്ത് നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്? തുടങ്ങിയവയായിരുന്നു വിവരാവകാശ അപേക്ഷയില്‍ ആവശ്യപ്പെട്ട വിവരങ്ങള്‍. ഈ വിവരങ്ങള്‍ ലഭ്യമാണെങ്കില്‍ ആയത് നേരിട്ട് നല്‍കാന്‍ സംസ്ഥാന പോലീസ് മേധാവിയുടെ കാര്യാലയത്തിലെ വിവരാവകാശ ഉദ്യോഗസ്ഥന് കൈമാറിയിട്ടുണ്ടെന്നും ആഭ്യന്തര വകുപ്പില്‍ നിന്ന് ലഭിച്ച മറുപടിയില്‍ പറയുന്നു. ഇതിനര്‍ത്ഥം വിവരാവകാശ അപേക്ഷയില്‍ ആവശ്യപ്പെട്ട യാതൊരു വിവരവും ആഭ്യന്തരവകുപ്പില്‍ ലഭ്യമല്ല എന്നതാണ്. അതായത് സംസ്ഥാന സര്‍ക്കാര്‍ യുഎപിഎ കേസുകള്‍ പുനഃപരിശോധിക്കാന്‍ ആരെയും പ്രത്യേകമായി ചുമതലപ്പെടുത്തിയിട്ടില്ല എന്നും ഏതെങ്കിലും വിധത്തിലുള്ള പുനഃപരിശോധന നടന്നതായി സംസ്ഥാന വകുപ്പിന് യാതൊരു വിവരങ്ങളുമില്ല എന്നതുമാണ് ആഭ്യന്തരവകുപ്പിന്റെ മറുപടിയില്‍ നിന്നും ന്യായമായും അനുമാനിക്കാവുന്ന വസ്തുത.

ഫലത്തില്‍ പ്രതിഷേധങ്ങളെ തണുപ്പിക്കാനും വിമര്‍ശകരുടെ വായടപ്പിക്കാനുമായി നടപ്പിലാക്കിയ മറ്റൊരു രാഷ്ട്രീയ നാടകമാണ് പുനഃപരിശോധന തീരുമാനം. അങ്ങനെയല്ലെങ്കില്‍ പുനഃപരിശോധന സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും പൊതുസമൂഹത്തിനു മുന്നില്‍ വയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം. യുഎപിഎ പിന്‍വലിക്കാന്‍ തീരുമാനിച്ച 42 കേസുകളുടെ പട്ടികയും പുനഃപരിശോധന റിപ്പോര്‍ട്ടും പരസ്യമാക്കണം. കാരണം ഇത് ഉദ്യോഗസ്ഥ തലത്തില്‍ നടപ്പാക്കുന്ന കേവലമായൊരു തെറ്റുതിരുത്തല്‍ നടപടിയല്ല, മറിച്ച് നമ്മുടെ സമൂഹത്തിന്റെ സ്വാതന്ത്ര്യത്തേയും ജനാധിപത്യത്തേയും നേരിട്ട് ബാധിക്കുന്ന ഗുരുതരമായ ഒരു രാഷ്ട്രീയ പ്രശ്‌നമാണ്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018