SPOTLIGHT

രാഹുലിന്റെ അടിസ്ഥാന വരുമാനം ഉറപ്പാക്കല്‍ പദ്ധതി നവലിബറലിസത്തിന്റെ പുതിയ ‘രക്ഷാ മാര്‍ഗം’  

അടിസ്ഥാന വരുമാനം ഉറപ്പാക്കല്‍ പദ്ധതിനിയോലിബറലിസത്തില്‍നിന്നുള്ള വ്യതിചലനമല്ല, അതിന്റെ തന്നെ അതിജീവനത്തിനുള്ള ശ്രമങ്ങളില്‍ ഒന്നായി വേണം മനസ്സിലാക്കാന്‍

കഴിഞ്ഞ ദിവസം, ചത്തീസ്ഗഡില്‍ കര്‍ഷക പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, നടത്തിയ ഒരു പ്രസ്താവന വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കയാണ്. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ എല്ലാവര്‍ക്കും അടിസ്ഥാന വരുമാനം ഉറപ്പുവരുത്തുന്ന പദ്ധതി നടപ്പിലാക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.

മോഡി സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റ് പ്രഖ്യാപനത്തില്‍ ജനപ്രിയ പരിപാടികള്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷിക്കുന്നതിനിടയിലാണ് രാഹുല്‍ ഗാന്ധി ഒരു മുളം മുമ്പെ എറിഞ്ഞത്. സ്വാഭാവികമായും ബിജെപി പ്രഖ്യാപനത്തെ തള്ളികളഞ്ഞു. പിറ്റേ ദിവസം കൊച്ചിയില്‍ നടന്ന കോണ്‍ഗ്രസ് യോഗത്തില്‍ ഈ വാഗ്ദാനം രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു. അദ്ദേഹം കൊച്ചിയില്‍ മറ്റൊന്നു കൂടി പറഞ്ഞു. ഒന്നാം യു പി എ സര്‍ക്കാര്‍ നടപ്പിലാക്കിയ തൊഴിലുറപ്പു പദ്ധതി, വിവരാവകാശ നിയമം തുടങ്ങിയവയുടെ തുടര്‍ച്ചയായിരിക്കും പുതിയ പദ്ധതിയെന്നാണ് അദ്ദേഹം വിശദീകരിച്ചത്. പി ചിദംബരത്തെ പോലുള്ള നേതാക്കള്‍ രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനത്തെക്കുറിച്ച് ട്വീറ്റ് ചെയ്യുകയും ചെയ്തു.

യഥാര്‍ത്ഥത്തില്‍ ഇത്രമേല്‍ ചര്‍ച്ചയാവുന്ന ഈ അടിസ്ഥാന വരുമാനം ഉറപ്പാക്കല്‍ പദ്ധതിയെന്താണ്. രാജ്യത്ത് 1991 മുതല്‍ നടപ്പിലാക്കിവരുന്ന ഉദാരവല്‍ക്കരണ പരിപാടിയില്‍നിന്നുള്ള വ്യതി ചലനമാണോ ഈ പ്രഖ്യാപനം?

രാജ്യത്തെ ദരിദ്രര്‍ക്ക് നിശ്ചിത വരുമാനം സര്‍ക്കാര്‍ നേരിട്ടു നല്‍കുന്നുവെന്നതാണ് ഈ പദ്ധതി.

സാര്‍വത്രികമായി അടിസ്ഥാന വരുമാനം ഉറപ്പാക്കുക, ദരിദ്രര്‍ക്ക് അടിസ്ഥാന വരുമാനം ഉറപ്പാക്കുക, തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കപ്പെടുകയാണെങ്കില്‍ അത്തരത്തിലുള്ള ആദ്യത്തെ രാജ്യമാവില്ല ഇന്ത്യ. ലോകത്തെ പല രാജ്യങ്ങളിലും ഇത്തരം പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. മുതലാളിത്ത രാജ്യങ്ങളില്‍ തന്നെ. ക്ഷേമപദ്ധതികള്‍ എന്നു കേള്‍ക്കുമ്പോഴെക്കും അത് വികസന വിരുദ്ധവും വിപണിയുടെ സ്വതന്ത്ര്യമായ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്ന ഭരണകൂടത്തിന്റെ ഇടപെടലായും കണക്കാക്കുന്ന നിയോലിബറല്‍ സാമ്പത്തിക വിദഗ്ദര്‍ തന്നെയാണ് ഇത്തരം പദ്ധതികളുടെ വക്താക്കളായി ഇപ്പോള്‍ രംഗത്തുളളതെന്നാണ് സത്യം. അതായത് രാഹുല്‍ ഗാന്ധി അധികാരം കിട്ടിയാല്‍ നടപ്പിലാക്കുമെന്ന് പറഞ്ഞിട്ടുള്ള പദ്ധതി നിയോലിബറല്‍ സാമ്പത്തിക നയത്തില്‍നിന്നുള്ള വ്യതിചലനമല്ല, അതിന്റെ തന്നെ അതിജീവനത്തിനുള്ള ശ്രമങ്ങളില്‍ ഒന്നായി വേണം മനസ്സിലാക്കാന്‍.

രാഹുല്‍ ഗാന്ധി ഈ പദ്ധതിയെകുറിച്ച് പറയുന്നതിന് മുമ്പ് നരേന്ദ്ര മോഡി സര്‍ക്കാരിന്റെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യവും മറ്റ് ചിലരും ഇതുമായി ബന്ധപ്പെട്ട ഒരു ലേഖനം എഴുതിയിലുന്നു. Quasi -Universal basic rural income: The way forward എന്ന ലേഖനം ബിസിനസ്സ് സ്റ്റാന്റേഡ് പത്രത്തിലായിരുന്നു പ്രസിദ്ധീകരിച്ചത്. ആ ലേഖനം തുടങ്ങുന്നത് തന്നെ പ്രതിസന്ധികള്‍ ചില സാധ്യതകളും തുറന്നുതരുന്നുവെന്ന് പറഞ്ഞുകൊണ്ടാണ്. കര്‍ഷക പ്രശ്‌നത്തെ നേരിടാന്‍ രാഷ്ട്രീയക്കാര്‍ പഴയതും പുതിയതുമായ നിരവധി ശ്രമങ്ങള്‍ നടത്തികൊണ്ടിരിക്കയാണെന്നും അതിന് ബദലായി കര്‍ഷകര്‍ക്ക് നേരിട്ട് പണം കൈമാറ്റം ചെയ്യുന്ന ഒരു പദ്ധതി മുന്നോട്ടുവെയ്ക്കുന്നുവെന്നും പറഞ്ഞാണ് ലേഖനം ആരംഭിക്കുന്നത് തന്നെ. തുടക്കത്തില്‍ തന്നെ കര്‍ഷക പ്രശ്‌നത്തെ അവര്‍ എങ്ങനെ കാണുന്നുവെന്നത് സംബന്ധിച്ചും പറയുന്നുണ്ട്. അവരെ സംബന്ധിച്ച് വരള്‍ച്ച മൂലമുള്ള ഉത്പാദനമില്ലായ്മയോ, അല്ലെങ്കില്‍ ചില ഘട്ടങ്ങളില്‍ ഉത്പാദന വര്‍ധനവോ ആണ് കര്‍ഷക പ്രശ്‌നത്തിന്റെ കാരണങ്ങള്‍. ഭൂമിയുടെ ലഭ്യത, വിപണി, വായ്പ, ഇടനിലക്കാര്‍ എന്നിങ്ങനെയുള്ള ഘടനാപരമായ കാര്യങ്ങളെ അവര്‍ കാര്യമായി കാണുന്നില്ലെന്ന് അര്‍ത്ഥം. അത് അവിടെ നില്‍ക്കട്ടെ. ഈ പദ്ധതി പക്ഷെ ഗ്രാമീണ കര്‍ഷകര്‍ക്ക് മാത്രമായാണ് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ഇതുവരെ വെളിപെടുത്തിയ വിവരങ്ങള്‍ വെച്ച് രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശം നഗരങ്ങളെ കൂടി ലക്ഷ്യം വെച്ചാണ്. അതുപക്ഷെ സാര്‍വത്രികമായി എല്ലാവരെയും ഉദ്ദേശിച്ചുമല്ല. പാവപ്പെട്ടവരെയാണ് രാഹുലിന്റെ പദ്ധതി ലക്ഷ്യമിടുന്നത്. ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവരെ ഉദ്ദേശിച്ചായിരിക്കും പദ്ധതിയെന്ന് വേണം കണക്കിലാക്കാന്‍.

രാഹുലിന്റെ അടിസ്ഥാന വരുമാനം ഉറപ്പാക്കല്‍ പദ്ധതി നവലിബറലിസത്തിന്റെ പുതിയ ‘രക്ഷാ മാര്‍ഗം’  

അരവിന്ദ് സുബ്രഹ്മണ്യന്റെതായാലും രാഹുല്‍ ഗാന്ധിയുടെതായാലും ഇന്ത്യയില്‍ പോലും ഒരു ആശയം എന്ന നിലയില്‍ ഇത് ആദ്യമായല്ല നടപ്പിലാക്കപ്പെടുന്നത്. തെലങ്കാന സംസ്ഥാനം നടപ്പിലാക്കിയ റൈത്തു ബന്ധു പദ്ധതി ഇത്തരത്തിലുള്ളതാണ്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ചന്ദ്രശേഖരറാവുവിന് വന്‍ഭൂരിപക്ഷത്തില്‍ വീണ്ടും അധികാരത്തില്‍ വന്നതിന്റെ കാരണങ്ങളിലൊന്നായി പറയുന്നത് ഈ പദ്ധതി നടപ്പിലാക്കിയതാണ്. എല്ലാ കര്‍ഷകര്‍ക്കും ഒരേക്കറിന് 8000 രൂപ രണ്ട് വിളകള്‍ക്കായി നല്‍കലാണ് പദ്ധതി. ഈ പദ്ധതി കൂടുതല്‍ പരിഷ്‌കരിപ്പിച്ച് ഇപ്പോള്‍ ഒഡീസയില്‍ ബിജു പട്‌നായിക്ക് നടപ്പിലാക്കുന്നു. തെലങ്കാനയില്‍ കൂടുതല്‍ ഭൂമി ഉള്ളവന് കൂടുതല്‍ പണം ലഭിക്കുമെന്ന കുറവ് നികത്തിയാണ് ഒഡീസയില്‍ കര്‍ഷക് അസിസ്റ്റന്‍സ് ഫോര്‍ ലൈവ്‌ലി ഹുഡ് ആന്റ് ഇന്‍കം അസിസ്റ്റന്‍സ് (KALIA) പദ്ധതി ആസുത്രണം ചെയ്തിരിക്കുന്നതെന്നാണ് അവകാശപ്പെടുന്നത്.

അതായത് അരവിന്ദ് സുബ്രഹ്മണ്യത്തിന്റെതായാലും രാഹുല്‍ ഗാന്ധിയുടെതായാലും പദ്ധതികള്‍ ലോകത്തും ഇന്ത്യയില്‍ തന്നെയും നടപ്പിലാക്കി വരുന്നതാണ്. എന്നാല്‍ പി ചിദംബരം ഇന്ത്യാ ടുഡേ നടത്തിയ ചര്‍ച്ചയില്‍ പറഞ്ഞത് തെലങ്കാന പദ്ധതിയുടെ മാതൃകയല്ല കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നതെന്നാണ്. വിശാദംശങ്ങളില്‍ ചില വ്യത്യാസങ്ങള്‍ അവര്‍ ഉദ്ദേശിക്കുന്നുണ്ടാകണം.

തെലങ്കാനയിലായാലും ലോകത്തെ മറ്റ് പല രാജ്യങ്ങളിലായാലും പണം കൈമാറ്റല്‍ പദ്ധതിക്ക് ഇപ്പോള്‍ വ്യാപകമായ അംഗീകാരം ലഭിക്കുന്നുണ്ട്. സ്വതവെ സര്‍ക്കാര്‍ ഇടപെടലുകളെയും സബ്‌സിഡികളെയും വായ്പ എഴുതി തള്ളുന്നതിനെയും എതിര്‍ക്കുന്നവര്‍ തന്നെയാണ് ഈ പദ്ധതിയെ വാഴ്ത്തുന്നതെന്നാണ് ഏറ്റവും ശ്രദ്ധേയം. ഈ പരിഷ്‌ക്കരണ പദ്ധതികളൊന്നും തന്നെ ഭൂമിയുടെ അവകാശവുമായി ബന്ധപ്പെട്ടോ, വിപണിയെക്കുറിച്ചോ, വായ്പയുമായി ബന്ധപ്പെട്ട കാര്യങ്ങളെകുറിച്ചോ പറയുന്നില്ലെന്നതാവണം ഒരു കാരണം. ഇന്ത്യയില്‍ നവലിബറല്‍ നയത്തിന്റെ ഏറ്റവും വലിയ വക്താക്കളിലൊരാളും ഐഎംഎഫിന്റെയും ലോകബാങ്കിന്റെയും കണ്‍സല്‍ട്ടന്റുമായ സ്വാമിനാഥന്‍ ആങ്ക്‌ളേശരയ്യരെ പോലുളളവരാണ് തെലങ്കാന ഒഡീസ പദ്ധതിയുടെ ബ്രാന്റ് അംബാസിഡറായി രംഗത്തുവന്നിട്ടുള്ളതെന്നും ശ്രദ്ധിക്കണം.അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിനെ വിശകലനം ചെയ്ത് അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യയില്‍ എഴുതിയ ലേഖനം തെലങ്കാനയെയും ഒഡീസയേയും വാഴ്ത്തുന്നതായിരുന്നു. അദ്ദേഹം മാത്രമല്ല, ചിദംബരത്തെ പോലുളളവരും ഈ ക്യാഷ് ട്രാന്‍സ്ഫര്‍ പദ്ധതികളുടെ വക്താക്കളാവുകയാണ്.

രാഹുലിന്റെ അടിസ്ഥാന വരുമാനം ഉറപ്പാക്കല്‍ പദ്ധതി നവലിബറലിസത്തിന്റെ പുതിയ ‘രക്ഷാ മാര്‍ഗം’  

സാമ്പത്തിക അസമത്വത്തെക്കുറിച്ചും സമ്പത്ത് ന്യൂനാല്‍ ന്യൂനപക്ഷത്തിന്റെ കൈകളില്‍ കുമിഞ്ഞുകൂടുന്നതിനെയും കുറിച്ചുള്ള ഓക്‌സ്ഫാമിന്റെ അവസാന റിപ്പോര്‍ട്ട് പുറത്തുവന്നിട്ട് ആഴ്ചകളെ ആയുള്ളൂ. ഇന്ത്യയിലെ ഒരു ശതമാനം വരുന്ന ഏറ്റവും സമ്പന്നര്‍ കഴിഞ്ഞ വര്‍ഷം രാജ്യത്താകമാനം സൃഷ്ടിക്കപ്പെട്ട സമ്പത്തിന്റെ 73 ശതമാനവും കൈയടക്കിയെന്നാണ് റിപ്പോര്‍ട്ട്. ലോകത്താവട്ടെ കഴിഞ്ഞ വര്‍ഷം സൃഷ്ടിക്കപ്പെട്ട സമ്പത്തിന്റെ 84 ശതമാനവും കൈയടക്കിയത് ഏറ്റവും സമ്പന്ന വിഭാഗക്കാരായ ഒരു ശതമാനം ആളുകളും. ഇതാണ് നിയോലിബറല്‍ നയത്തിന്റെ ഇന്നത്തെ യാഥാര്‍ത്ഥ്യം.

ഇതേ അവസരത്തില്‍ തന്നെയാണ് ഇന്ത്യയില്‍ വിവിധ പ്രദേശങ്ങളില്‍ വലിയ തോതില്‍ കര്‍ഷകരുടെയും തൊഴിലാളികളുടെയും പ്രക്ഷോഭം അരങ്ങേറി കൊണ്ടിരിക്കുകയും ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ എന്തെങ്കിലും തരത്തിലുള്ള ആശ്വാസ പദ്ധതികള്‍ നടപ്പിലാക്കിയില്ലെങ്കില്‍ അത് നവലിബറിലിസത്തിന്റെ വിവിധങ്ങളായ പ്രതിസന്ധികള്‍ക്ക് ആക്കം കൂട്ടുമെന്ന ബോധ്യം അതിന്റെ വക്താക്കള്‍ക്കുണ്ട്. എന്നുമാത്രമല്ല, ഘടനാപരമായ മാറ്റത്തെ ഉള്‍ക്കൊള്ളാതെയുള്ള എന്തെല്ലാം ചലനങ്ങള്‍ക്കും ധനമുതലാളിത്തം ഒരു ഘട്ടത്തിലും എതിരുനിന്നിട്ടുമില്ല.

2016 ല്‍ ഐ എം എഫ് പുറത്തിറക്കിയ ഒരു രേഖയില്‍ നിയോ ലിബറലിസം ഉണ്ടാക്കിയ മാറ്റങ്ങളെ വാഴ്ത്തുമ്പോള്‍ തന്നെ അതുമൂലം സൃഷ്ടിക്കപ്പെടുന്ന അതി രൂക്ഷമായ അസമത്വം തുടര്‍ വളര്‍ച്ചയെ ബാധിക്കുമെന്ന് പറയുന്നുണ്ട്. നിയോ ലിബറല്‍ നടത്തിപ്പുകാര്‍ക്ക് തന്നെ ബാധ്യതയായി വര്‍ധിച്ചുവരുന്ന അസമത്വം മാറുന്നുണ്ടെന്ന് അര്‍ത്ഥം. അതിതീവ്ര രീതിയില്‍ വര്‍ധിക്കുന്ന അസമത്വം വിപണിയെ ചുരുക്കുമെന്നും ഡിമാന്റില്‍ കുറവു വരുത്തുകയും ചെയ്യുമെന്ന ആശങ്കയാണ് കാര്യമായുള്ളത്. അതിനുവേണ്ടിയുള്ള പൊടിക്കൈ കള്‍ അന്വേഷിക്കുന്ന കൂട്ടത്തിലാണ് അടിസ്ഥാന വരുമാനം ഉറപ്പാക്കല്‍ പദ്ധതി പോലുള്ള പഴയ ആശയങ്ങള്‍ക്ക് വീണ്ടും ജീവന്‍ വെയ്ക്കുന്നത്.

നിയോ ലിബറലിസത്തിന്റെ ആചാര്യനായ മില്‍ട്ടന്‍ ഫ്രീഡ്മാന്‍ മുതലാളിത്തവും സ്വാതന്ത്രവും എന്ന പുസ്തകത്തില്‍ ദാരിദ്ര്യത്തിന് കാരണമായി പറയുന്നത് മതിയായ അളവില്‍ മുതലാളിത്തം ഇല്ലാത്തതാണെന്നാണ്. അദ്ദേഹത്തിന്റെ അടക്കം നിര്‍ദ്ദേശം ദരിദ്രര്‍ക്ക് പണം കൈമാറിയതിന് ശേഷം സാമൂഹ്യ ക്ഷേമ പരിപാടികളില്‍നിന്ന് സര്‍ക്കാര്‍ പൂര്‍ണമായും പിന്‍മാറണം എന്നതാണ്. അതാണ് ഇന്ത്യയില്‍ ഇതിനകം തന്നെ നടപ്പിലാക്കപ്പെടുന്ന ക്യാഷ് ട്രാന്‍സ്ഫര്‍ പരിപാടിയുടെ നയ അടിത്തറ.

ക്യാഷ് ട്രാന്‍സഫര്‍ എന്നത് സബ്‌സിഡികള്‍ നിര്‍ത്താനുള്ള ഒരു മറു മാര്‍ഗമാണെന്ന് ഇതിനകം തന്നെ തെളിഞ്ഞതുമാണ്.

അതുകൊണ്ട് തന്നെ രാഹുല്‍ ഗാന്ധിയുടെ അടിസ്ഥാന വരുമാനം ഉറപ്പാക്കല്‍ പദ്ധതി കഴിഞ്ഞ മൂന്ന് പതിറ്റാണ്ടോളം നടപ്പിലാക്കിയ സാമ്പത്തിക നയത്തില്‍നിന്നുള്ള കുതറി മാറലല്ല, അതിന്റെതന്നെ നിലനില്‍പ്പിനായി നടത്തുന്ന തന്ത്രപരമായ നീക്കങ്ങളാണെന്ന് പറയുന്നത്. അതിന്റെ ഏറ്റവും വലിയ വക്തവായി രംഗത്തുള്ളത് നവലിബറലിസത്തിന്റെ ഏറ്റവും വലിയ വക്താക്കളിലൊരാളായ പി ചിദംബരവും.

ഒന്നാം യു പി എ സര്‍ക്കാരിനുള്ള പിന്തുണ ഇടതുപക്ഷം പിന്‍വലിച്ചപ്പോള്‍ അന്നത്തെ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍സിംങ് പറഞ്ഞത് ശ്വാസം മുട്ടിക്കുന്ന അവസ്ഥ ഇല്ലാതായിരിക്കുന്നുവെന്നാണ്. പി ചിദംബരം ആലുവാലിയ തുടങ്ങിയവരുടെ അഭിപ്രായവും അതുതന്നെയായിരുന്നു. അവര്‍ക്ക് ഇടതുപക്ഷത്തെ എങ്ങനെയെങ്കിലും ഒഴിവാക്കി മുന്നോട്ടുപോകണമായിരുന്നു. അതിന്റെ കാരണം നവലിബറല്‍ ലോജിക്കിന് വിരുദ്ധമായി സാമൂഹ്യ ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കാന്‍ ഇടതുപക്ഷം നിര്‍ബന്ധിച്ചതും. അതായത് അന്ന് സാമുഹ്യ സുരക്ഷ പദ്ധതികള്‍ക്കായി സമ്മര്‍ദ്ദം ചെലുത്തുകയും അത് നടപ്പിലാക്കുന്നതില്‍ പങ്ക് വഹിക്കുകയും ചെയ്ത ഇടതുപക്ഷം യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ് നേതാക്കളെ ശ്വാസം മുട്ടിക്കുകയാണ് ചെയ്തതെന്നാണ് മന്‍മോഹന്‍ സിംങ് ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞത്. അന്ന് അങ്ങനെ ശ്വാസം മുട്ടിയ ചിദംബരമൊക്കെയാണ് സാമുഹ്യ ക്ഷേമ പരിപാടിയെന്നൊക്കെ ഉള്ള മട്ടില്‍ അടിസ്ഥാനവരുമാന പദ്ധതിയുടെ വക്താക്കാളായി രംഗത്തുവരുന്നതെന്നത് മറ്റൊരു കൗതുകം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018