SPOTLIGHT

യുദ്ധഭീതിയുടെ കാലത്ത് പ്രതിപക്ഷം എന്താണ് രാഷ്ട്രീയം പറയാത്തത്?  

യുദ്ധം ജനങ്ങളുടെ ആവശ്യമല്ലാത്തതിനാല്‍, ചോദ്യങ്ങള്‍ സ്വാഭാവികമായും ഈ കാലത്തുതന്നെയാണ് ഉണ്ടാകേണ്ടത്‌.

രാഷ്ട്രീയം സമാധാനകാലത്ത്, എല്ലാം വ്യവസ്ഥാപിതമായി നടക്കുന്ന കാലത്ത് മാത്രം പറയേണ്ടതും പ്രവര്‍ത്തിക്കേണ്ടതുമാണോ?. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ പൊതുബോധം അങ്ങനെയാണ്. കശ്മീരില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാകുമ്പോള്‍, ഭീകരാക്രമണം ഉണ്ടാകുമ്പോള്‍ രാഷ്ട്രീയം പറയാതെ സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിക്കുക എന്ന സമീപനത്തിലേക്ക് തങ്ങളുടെ രാഷ്ട്രീയത്തെ പരിമിതപ്പെടുത്തുകയെന്നതാണ് ഇന്ത്യയിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അതേസമയം സര്‍ക്കാരും അതിനെ നയിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയും ഇത് ഒരു അവസരമാക്കുകയും തങ്ങളുടെ സങ്കുചിത നേട്ടങ്ങള്‍ക്കായി ഈ ദുരിതകാലത്തെ ഉപയോഗിക്കുകയും ചെയ്യുന്നു.

പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ നിരവധി സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടപ്പോള്‍ തുടങ്ങിയ പ്രതിപക്ഷ 'സഹകരണം' പാകിസ്താനുമായി യുദ്ധ അന്തരീക്ഷം നിലനില്‍ക്കുമ്പോഴും തുടരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ആകെ ചെയ്തത് പാകിസ്താനുമായുള്ള യുദ്ധ സമാനമായ സാഹചര്യത്തെ ബിജെപി സര്‍ക്കാര്‍ രാഷ്ട്രീയവല്‍ക്കരിക്കുന്നതിനെതിരെ പ്രമേയം പാസ്സാക്കുക മാത്രമാണ്. രാജ്യം ഭീഷണി നേരിടുമ്പോള്‍ എല്ലാവരും ഒന്നിച്ചുനില്‍ക്കുകയെന്നത് അനിവാര്യമാണ്. അതേസമയം ഭീഷണി ഉണ്ടാകുന്നതിന്റെ രാഷ്ട്രീയ കാരണങ്ങള്‍ വിളിച്ചുപറയുകയും അത് ചര്‍ച്ചയ്ക്ക് കൊണ്ടുവരികയും ചെയ്യുകയെന്നതും ജനാധിപത്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഉത്തരവാദിത്തമാണ്.

തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിലാണ് പുല്‍വാമയില്‍ ഭീകരാക്രമണം ഉണ്ടാകുന്നതും ഇന്ത്യയ്ക്ക് നിരവധി വിലപ്പെട്ട ജീവനുകള്‍ നഷ്ടമാകുന്നതും. ആ ആക്രമണത്തിലേക്ക് നയിച്ച രഹസ്യാന്വേഷണ പരാജയം ചര്‍ച്ച ചെയ്യാനോ, ലോകത്തെ തന്നെ ഏറ്റവും കുടുതല്‍ സൈനിക സാന്നിധ്യമുള്ള മേഖലിയില്‍ ഇത്രയും വലിയൊരു ആക്രമണം നടത്താന്‍ ഭീകരര്‍ക്ക് എങ്ങനെ കഴിഞ്ഞുവെന്നതിന് സര്‍ക്കാരിനെ കൊണ്ടു മറുപടി പറയിക്കാനോ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കഴിഞ്ഞില്ല. തന്റെ ഭരണകാലത്ത് സമീപകാലത്തൊന്നും ഉണ്ടാകാത്ത രീതിയില്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെടുമ്പോഴും, പ്രധാനമന്ത്രി മോഡിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ഈ അവസരത്തെ സങ്കുചിത രാഷ്ട്രീയത്തിന് വേണ്ടി ഒരു മറയും കൂടാതെ ഉപയോഗിക്കുകയും ചെയ്യുന്നു. ഇങ്ങനെയൊക്കെ സംഭവിച്ചിട്ടും രാജ്യം സുരക്ഷിതമായ കരങ്ങളിലാണെന്ന് പ്രധാനമന്ത്രി മോഡിക്ക് അവകാശപ്പെടാന്‍ കഴിയുന്ന രീതിയിലേക്ക് കാര്യങ്ങള്‍ ലളിതമാക്കുകയും ചെയ്യുന്നു.

യുദ്ധഭീതിയുടെ കാലത്ത് പ്രതിപക്ഷം എന്താണ് രാഷ്ട്രീയം പറയാത്തത്?  

യുദ്ധം ജനങ്ങളുടെ ആവശ്യമല്ലാത്തതിനാല്‍, ചോദ്യങ്ങള്‍ സ്വാഭാവികമായും ഈ കാലത്തുതന്നെയാണ് ഉണ്ടാകേണ്ടത്‌.

പ്രശസ്ത കോളമിസ്റ്റും എഴുത്തുകാരനുമായ വിശ്വനാഥന്‍ ഹിന്ദു പത്രത്തില്‍ എഴുതിയ Think like a civilisation എന്ന ലേഖനത്തില്‍ പറയുന്ന കാര്യം സമാധാനവും ജനാധിപത്യവുമാണ് പ്രധാനമെന്ന് കരുതുന്നവര്‍ക്ക് ഒഴിവാക്കാനാകില്ല. അദ്ദേഹം എഴുതുന്നു:

പാകിസ്താന്റെ സൈനികവല്‍ക്കരണത്തെയും ആക്രമോല്‍സുകതയേയും കുറിച്ചുള്ള വാദങ്ങള്‍ എളുപ്പത്തില്‍ പറയാന്‍ നമുക്ക് കഴിയും. എന്നാല്‍ കാശ്മീരിലും മണിപ്പൂരിലും നമ്മള്‍ ചെയ്തുകൊണ്ടിരിക്കുന്ന ക്രൂരതയെക്കുറിച്ച് നമുക്ക് ആലോചിക്കാന്‍ പറ്റുന്നുണ്ടോ' ഒരു സക്രിയ ജനാധിപത്യ രാജ്യം എന്ന നിലയില്‍ കാശ്മീരിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും എന്തുകൊണ്ട് ആഭ്യന്തരയുദ്ധം നടക്കുന്നുവെന്ന് ചോദിക്കാന്‍ നമുക്ക് ആകുന്നുണ്ടോ? അദ്ദേഹം ചോദിക്കുന്നു. ഈ ചോദ്യങ്ങള്‍ ഉന്നയിക്കാതെ മാറിനില്‍ക്കുന്നത് ബിജെപിയും കോണ്‍ഗ്രസും മാത്രമല്ല, ഇന്ത്യയിലെ ഇടതുപക്ഷ പാര്‍ട്ടികളും കൂടിയാണ്. ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ഇല്ലാതാവുമ്പോള്‍ യുദ്ധ ഭീതിയില്‍ രാജ്യത്തെ തളച്ചിടാന്‍ ഭരണകൂടത്തിന് എളുപ്പം കഴിയുന്നു.

പാകിസ്താന്‍ ദിനപത്രമായ ഡോണില്‍ എഴുതിയ ലേഖനത്തില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ജാവേദ് ന്ഖ് വി അദ്ദേഹം സുഹൃത്തിനോട് പറഞ്ഞ ഒരു കാര്യം ആവര്‍ത്തിക്കുന്നുണ്ട്. (ഡോണിന്റെ ഡല്‍ഹി ലേഖകന്‍ കൂടിയാണ് നഖ്‌വി). 'പാകിസ്താനെ സംബന്ധിച്ച് ഏറ്റവും താല്‍പര്യമുള്ള ഒരു കാര്യം നരേന്ദ്ര മോഡി പ്രധാനമന്ത്രിയായിരിക്കുകയെന്നതാണ്'. അവിടുത്തെ മനുഷ്യാവകാശ പ്രവര്‍ത്തകരുടെയോ ഇടതുപക്ഷക്കാരുടെയോ ആഗ്രഹമല്ല അദ്ദേഹം പറയുന്നത്. മറിച്ച് മതയാഥാസ്ഥിതിക ശക്തികളുടെതാണ്. അതിന് കാരണമായി അദ്ദേഹം സുഹൃത്തിനോട് വിശദീകരിച്ച കാര്യം ലേഖനത്തില്‍ ആവര്‍ത്തിക്കുന്നുണ്ട്. അതിങ്ങനെയാണ്. : പാകിസ്താനോ ചൈനയ്‌ക്കോ അവരുടെ സൈനിക ശേഷി ഉപയോഗിച്ച് ഇന്ത്യയെന്ന ആശയത്തെ ബിജെപി നേതാവിന് സാധിക്കുപോലെ നശിപ്പിക്കാന്‍ കഴിയില്ല.'

ഇന്ത്യ, പാകിസ്താന്‍ ഭരണാധികാരികള്‍ക്കിടയില്‍ നിലനിന്ന കൗതുകരാമായ ബന്ധത്തെക്കുറിച്ചും അദ്ദേഹം പറയുന്നു. പട്ടാള ഭരണാധികാരിയായിരുന്നു സിയാ ഉള്‍ ഹഖിനോട് ഇന്ദിരാഗാന്ധി താല്‍പര്യം കാട്ടിയിരുന്നില്ലത്രെ. അതിന് പ്രതികാരമായാണ് സിയാ ഉള്‍ ഹഖ് ഇന്ദിരാഗാന്ധിയുടെ എതിരാളിയായിരുന്ന മൊറാര്‍ജി ദേശായിക്ക് പാകിസ്താന്റെ പരമോന്നത ബഹുമതി നല്‍കിയതെന്നും പട്ടാള ഭരണാധികാരിയില്‍നിന്നും ഇതുവാങ്ങാന്‍ ജനാധിപത്യത്തിന് വേണ്ടി പോരാടി എന്ന് കരുതുന്ന മൊറാര്‍ജി ദേശായിക്ക് താല്‍പര്യക്കേട് ഉണ്ടായില്ലെന്നും അദ്ദേഹം വിശദീകരിക്കുന്നു. അതുപോലെ 1977 ല്‍ വിദേശ കാര്യമന്ത്രിയായിരുന്ന എ ബി വാജ്‌പേയ് സിയാ ഉള്‍ഹഖിനെ സന്ദര്‍ശിക്കുകയും അദ്ദേഹവുമായി ഊഷ്മളമായി ഇടപെടുകയും ചെയ്തു. എന്നാല്‍ അദ്ദേഹം വധ ശിക്ഷയ്ക്ക് വിധിച്ച സുള്‍ഫിക്കര്‍ അലി ഭൂട്ടോയ്ക്ക് വേണ്ടി വാജ്‌പേയി ഒന്നും പറഞ്ഞില്ലെന്നും ജാവേദ് നഖ് വി എഴുതുന്നു. പാകിസ്താനിലെ മതയാഥാസ്ഥിതകര്‍ ഹിന്ദുത്വത്തിന്റെ എതിരാളികളല്ല, അടുപ്പക്കാരാണെന്ന ആ രാജ്യത്തെ പ്രശ്‌സ്ത കവി ഫാമിദ റിയാസിന്റെ വാക്കുകളും നഖ് വി ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്‌.

എന്നാല്‍ ഇത്തരത്തില്‍ അടിസ്ഥാന പരമായ പ്രശ്‌നങ്ങളിലേക്ക് കടക്കാനാണ് ഇന്ത്യയിലെ വ്യവസ്ഥാപിത പ്രതിപക്ഷം മടിക്കുന്നത്. യുദ്ധാന്തരീക്ഷം നിലനില്‍ക്കുന്ന കാലത്തെ രാഷ്ട്രീയത്തെ അതിദേശീയത വാദത്തെ ആളിക്കത്തിക്കുകയെന്ന ഏക പദ്ധതിയിലേക്ക് ജനാധിപത്യത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ മാറ്റുമ്പോള്‍, യുദ്ധ ഭീതിപടര്‍ത്തി രാഷ്ട്രീയ ലക്ഷ്യം നേടാനുള്ള ഫാസിസ്റ്റ്‌തന്ത്രങ്ങളിലെ കരുക്കളായി മാറുകയാണ് അവര്‍ ചെയ്യുന്നത്.

പാര്‍ലമെന്റ് ആക്രമണത്തിന് ശേഷവും മുംബൈ ഭീകരാക്രമണത്തിന് ശേഷവും യുദ്ധ സമാനമായ സാഹചര്യം സൃഷ്ടിക്കപ്പെട്ടിട്ടിരുന്നു. എന്നാല്‍ അന്നത്തെ പ്രധാനമന്ത്രിമാരായ അടല്‍ ബിഹാരി വാജ്‌പേയിയും മന്‍മോഹന്‍ സിങും സൈനിക ഇടപെടലിന് മുതിരാതിരുന്നത് രാഷ്ട്രീയ ഇച്ഛാശക്തി ഇല്ലാത്തതുകൊണ്ടായിരുന്നില്ലെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ സിദ്ധാര്‍ത്ഥ് വരദരാജന്‍ എഴുതുന്നു. ഇതിന് കാരണം സൈനിക ഇടപെടല്‍ കൊണ്ട് പ്രശ്‌ന പരിഹാരം ഉണ്ടാവില്ലെന്ന് വ്യക്തമായതുകൊണ്ടാണെന്നും അദ്ദേഹം എഴുതുന്നു.

2016 ല്‍ മോഡി സര്‍ക്കാര്‍ നടത്തിയ സര്‍ജിക്കല്‍ ഓപ്പറേഷന് ശേഷം ഭീകര പ്രവര്‍ത്തനം വര്‍ധിക്കുകയാണ് ചെയ്തത്. കശ്മീരുമായും പാകിസ്താനുമായും ബന്ധപ്പെട്ട വ്യക്തമായ ഒരു നയസമീപനവുമില്ലാതെ സ്ഥിതിഗതികള്‍ വഷളാക്കിയ ഒരു ഭരണകൂടം ഇപ്പോള്‍ പോര്‍ വിളി നടത്തുകയും, എന്റെ കൈയില്‍ രാജ്യം സുരക്ഷിതമാണെന്ന് വീരസ്യം പറയുകയും ചെയ്യുമ്പോള്‍ അതിന് മുന്നില്‍ മൗനികളായി നിന്ന് അതിദേശീയതയ്ക്ക് കൈയടിക്കുന്ന അവസ്ഥിയിലേക്ക് ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടികളും മാറുന്നുവെന്നാണ് അവരുടെ പ്രതികരണം തെളിയിക്കുന്നത്. എന്തുകൊണ്ട് യുദ്ധ സമാനമായ അന്തരീക്ഷം ഉണ്ടായി, എന്തുകൊണ്ടാണ് കശ്മീരിനെ ഒരു യുദ്ധ ഭൂമിയായി നിലനിര്‍ത്തേണ്ടിവരുന്നു എന്നീ ചോദ്യങ്ങള്‍ ഇനിയും ചോദിക്കുകയാണ് , വിശ്വനാഥന്‍ പറയുന്നത് പോലെ, ഇന്ത്യയെ ഒരു ക്രിയാത്മക ജനാധിപത്യമായി വീണ്ടെടുക്കാനുള്ള ആദ്യ പടി. ഇതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ യുദ്ധ കാലത്തും രാഷ്ട്രീയ ചോദ്യങ്ങള്‍ ചോദിക്കാന്‍ തയ്യാറാവുമോ എന്നതാണ് പ്രശ്‌നം

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018