SPOTLIGHT

വൈറ്റ് നാഷണലിസം: ന്യൂസിലന്‍ഡില്‍ 50 മനുഷ്യരെ കൊന്നുതള്ളിയ ഭീകരന്‍ പറയുന്ന രാഷ്ട്രീയമെന്ത്?  

കോടതിയില്‍ ‘വൈറ്റ് മാന്‍ പവര്‍’ ആംഗ്യം കാണിക്കുന്ന ക്രൈസ്റ്റ് ചര്‍ച്ച് ഭീകരന്‍ ബ്രെന്‍ഡന്‍ ടെറന്റ്  
കോടതിയില്‍ ‘വൈറ്റ് മാന്‍ പവര്‍’ ആംഗ്യം കാണിക്കുന്ന ക്രൈസ്റ്റ് ചര്‍ച്ച് ഭീകരന്‍ ബ്രെന്‍ഡന്‍ ടെറന്റ്  
അഭയാര്‍ത്ഥികളുടെ കുടിയേറ്റം യൂറോപ്യന്‍മാരുടെ നേര്‍ക്കുള്ള ആക്രമണമാണ്. ഇത് ഗോത്രങ്ങളേയും സംസ്‌കാരത്തേയും വംശത്തേയും പുനസ്ഥാപിക്കലാണ്. ഇത് വെളുത്തവര്‍ഗക്കാരെ വംശഹത്യ ചെയ്യലാണ്: ബ്രന്‍ഡന്‍ ടെറന്റ് 

ന്യൂസിലന്‍ഡ് ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍ നൂര്‍ മോസ്‌കില്‍ വൈറ്റ് നാഷണലിസ്റ്റ് ഭീകരന്‍ നടത്തിയ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ നിരപരാധികളായ 50 മനുഷ്യരാണ് കൊല്ലപ്പെട്ടത്. പ്രാര്‍ത്ഥനയ്‌ക്കെത്തിയവരെ വെടിവെച്ചുകൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ ബ്രെന്‍ഡന്‍ ഹാരിസണ്‍ ടെറന്റ് എന്ന 28കാരന്‍ തത്സമയം ഫേസ്ബുക്കില്‍ സംപ്രേഷണം ചെയ്തു. ദീര്‍ഘകാലമായി ആസൂത്രണം ചെയ്തിരുന്ന ഒരു രാഷ്ട്രീയ ദൗത്യം നടപ്പിലാക്കുകയാണെന്ന ഭാവത്തിലായിരുന്നു ബ്രന്‍ഡന്‍ ടെറന്റിന്റെ ഭീകരാക്രമണം. മുസ്ലീം പള്ളിയില്‍ ആക്രമണം നടത്തുന്നതിന് മുമ്പ് ഇയാള്‍ 87 പേജുള്ള ഒരു മാനിഫെസ്റ്റോ ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. കൂട്ടക്കൊലയ്ക്ക് മിനുട്ടുകള്‍ മാത്രം മുമ്പ് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആഡേണിന് ഈ പ്രസ്താവന ടെറന്റില്‍ നിന്ന് ഇ മെയിലായി ലഭിക്കുകയും ചെയ്തു.

ബ്രെന്‍ഡന്‍ ടെറന്റ്
ബ്രെന്‍ഡന്‍ ടെറന്റ്

ലോകത്തിന്റെ വിവിധയിടങ്ങളില്‍ വംശീയ ഭീകരാക്രമണങ്ങള്‍ നടത്തിയവരുടെ കുറിപ്പും ന്യൂസിലന്‍ഡിലൈ ഭീകരന്റെ മാനിഫെസ്റ്റോയും തമ്മിലുള്ള സമാനതകള്‍ ചെറുതല്ല. ഇസ്ലാം വിരുദ്ധതയും അഭയാര്‍ത്ഥി വിരുദ്ധതയുമാണ് ഈ വിദ്വേഷ പത്രികയുടെ മുഖമുദ്ര. ഓസ്‌ട്രേലിയക്കാരനായ താന്‍ എന്തുകൊണ്ടാണ് ന്യൂസിലന്‍ഡ് തെരഞ്ഞെടുത്തതെന്നും ടെറന്റിന്റെ മാനിഫെസ്റ്റോയിലുണ്ട്. ന്യൂസിലന്‍ഡിന്റെ വിദൂരത തന്നെയാണ് അതിന്റെ കാരണമായി പറയുന്നത്. ഭൂമിയിലെ ഒരു സ്ഥലവും അഭയാര്‍ത്ഥികള്‍ക്ക് സുരക്ഷിതമല്ലെന്ന് കാണിച്ചുകൊടുക്കാനായിരുന്നു ഈ തെരഞ്ഞെടുപ്പെന്നും ടെറന്റ് എഴുതി. യൂറോപ്യന്‍ വംശജരുടെ ഇടങ്ങളിലേക്ക് മുസ്ലീങ്ങള്‍ ഉള്‍പ്പെടെയുള്ള അഭയാര്‍ത്ഥികള്‍ 'അധിനിവേശം' നടത്തുകയാണെന്ന് ടെറന്റ് കരുതുന്നു. വെള്ളക്കാരും മുസ്ലീങ്ങളും തമ്മിലുള്ള സംഘര്‍ഷത്തെ കുരിശുയുദ്ധമായാണ് ഈ ഭീകരന്‍ വിശേഷിപ്പിക്കുന്നത്. ഇപ്രകാരം, വെളുത്തവര്‍ഗക്കാരുടെ മാത്രമായി ഇടങ്ങള്‍ സംരക്ഷിക്കാനും 'അപരരെ' അകറ്റിനിര്‍ത്തി ഒരു ദേശീയത സൃഷ്ടിച്ചെടുക്കാനുമുള്ള പദ്ധതിയാണ് വൈറ്റ് നാഷണലിസം.

വൈറ്റ് നാഷണലിസം

ലോകത്തിന്റെ വിവിധയിടങ്ങളിലെ വെളുത്തവര്‍ഗക്കാര്‍ ഒരു വംശമാണെന്നും 'ശ്രേഷ്ഠ മനുഷ്യഗണത്തില്‍ പെട്ട' ഇവരെയെല്ലാം ചേര്‍ത്ത് ഒരു വെളുപ്പന്‍ ദേശീയതയും ഏകീകൃത സ്വത്വവും വികസിപ്പിച്ചെടുക്കാമെന്നും വൈറ്റ് നാഷണലിസ്റ്റുകള്‍ വിശ്വസിക്കുന്നു. വെളുത്തവരുടെ അതിജീവനവും ആധിപത്യവും ഉറപ്പുവരുത്തുക, വെളുത്തവര്‍ഗക്കാര്‍ തങ്ങളുടെ രാജ്യങ്ങളില്‍ ഭൂരിപക്ഷം, വംശശുദ്ധി, സാംസ്‌കാരിക യാഥാസ്ഥിതികത്വം, അധികാരം, സാമ്പത്തിക മേല്‍ക്കൈ എന്നിവ നിലനിര്‍ത്തുക. ഭിന്നവംശത്തില്‍ പെട്ടവര്‍ തമ്മിലുള്ള സങ്കരം, സാംസ്‌കാരിക വൈവിധ്യം, വെളുത്തവരല്ലാത്തവരുടെ കുടിയേറ്റം എന്നിവ തടയുക തുടങ്ങിയവയാണ് വൈറ്റ് നാഷണലിസ്റ്റുകളുടെ ലക്ഷ്യം. വെളുത്തവര്‍ഗക്കാരുടെ ജനനനിരക്ക് കുറയുകയാണെന്ന് ഇവര്‍ ആരോപിക്കുന്നുണ്ട്. വെളുത്തവരെ വംശഹത്യ ചെയ്യാന്‍ ആഗോളതലത്തില്‍ ഒരു ഗൂഢപദ്ധതി നടപ്പിലാകുന്നുണ്ടെന്നും ഇവര്‍ പ്രചരിപ്പിക്കുന്നു. ക്രിസ്തുമതത്തെ ഏറ്റവും ശ്രേഷ്ഠമായ മതമായി കരുതുന്നവരാണ് വൈറ്റ് നാഷണലിസ്റ്റുകളില്‍ ഭൂരിഭാഗവും. വെളുപ്പന്‍ വംശീയതയില്‍ അഭിരമിക്കുകയും അഭിമാനം കൊള്ളുകയും ചെയ്യുന്നവരില്‍ നിരീശ്വരവാദികളുമുണ്ട്. ഇസ്ലാം, യഹൂദമതം തുടങ്ങി ഇതര മതവിശ്വാസങ്ങള്‍ പിന്തുടരുന്നവരോടും കറുത്തവര്‍ഗക്കാര്‍, മംഗളോയ്ഡ് വിഭാഗക്കാര്‍, മറ്റ് ഗോത്രക്കാര്‍ എന്നിങ്ങനെ തങ്ങളൊഴികെയുള്ള മറ്റെല്ലാ ജനവിഭാഗത്തോടും ഇവര്‍ വിരോധവും അവജ്ഞയും പുലര്‍ത്തുന്നു. ഇടതുപക്ഷമുള്‍പ്പെടെയുള്ള പുരോഗമന ചിന്താധാരകളോടും സമൂഹത്തില്‍ മതങ്ങള്‍ക്കും വംശങ്ങള്‍ക്കും അതീതമായി സാഹോദര്യം വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നവരോടും ഇക്കൂട്ടര്‍ക്ക് കടുത്ത ശത്രുതയുണ്ട്. 'അപരരെ' ഉന്മൂലനം ചെയ്യലും ഭയപ്പെടുത്തലും മികച്ച പ്രവര്‍ത്തനമാര്‍ഗങ്ങളായാണ് വൈറ്റ് നാഷണലിസ്റ്റുകള്‍ കരുതുന്നത്.

അഭയാര്‍ത്ഥികളുടെ കുടിയേറ്റം യൂറോപ്യന്‍മാരുടെ നേര്‍ക്കുള്ള ആക്രമണമാണ്. ഇത് ഗോത്രങ്ങളെ പുനസ്ഥാപിക്കലാണ്. ഇത് സംസ്‌കാരത്തെ പുനസ്ഥാപിക്കലാണ്. ഇത് വംശത്തെ പുനസ്ഥാപിക്കലാണ്. ഇത് വെളുത്തവര്‍ഗക്കാരെ വംശഹത്യ ചെയ്യലാണ്.  
ബ്രന്‍ഡന്‍ ടെറന്റ്  
ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഒരാളുടെ മൃതദേഹം ക്രൈസ്റ്റ് ചര്‍ച്ച് അല്‍ നൂര്‍ മോസ്‌കിന് സമീപത്ത്  
ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഒരാളുടെ മൃതദേഹം ക്രൈസ്റ്റ് ചര്‍ച്ച് അല്‍ നൂര്‍ മോസ്‌കിന് സമീപത്ത്  

ഹിറ്റ്‌ലറുടെ മെയിന്‍ കാംഫ് മുതല്‍ക്കേയുള്ള വലതുപക്ഷ വംശീയ ഭാഷ്യത്തിന്റെ തുടര്‍ച്ചയാണ് ടെറന്റിന്റെ മാനിഫെസ്റ്റോയും. 2011 ജൂലൈ 22ന് ഓസ്ലോയില്‍ 77 പേരെ കൊലപ്പെടുത്തിയ വലതുപക്ഷ ഭീകരന്‍ ആന്ദ്രെസ് ബെഹ്‌റിങ് ബ്രീവിക്കിനെ ആരാധ്യപുരുഷനായി ടെറന്റ് തന്റെ മാനിഫെസ്റ്റോയില്‍ പരാമര്‍ശിക്കുന്നുണ്ട്. സ്വാതന്ത്ര്യപോരാളി-വംശസൈനികന്‍ എന്ന പട്ടികയിലാണ് ഓസ്ലോ ഭീകരന്റെ പേര് ചേര്‍ത്തിരിക്കുന്നത്. വംശീയ-സാംസ്‌കാരികഹത്യകള്‍ക്കെതിരെ പോരാടിയ ആളായായും ബ്രീവിക്കിനെ വിശേഷിപ്പിക്കുന്നു. ബ്രീവിക്കുമായി തനിക്ക് ബന്ധമുണ്ടായിരുന്നെന്നും അയാളില്‍ നിന്ന് ആക്രമണം നടത്താനുള്ള ആശീര്‍വാദം ലഭിച്ചെന്നും ടെറന്റ് അവകാശപ്പെടുന്നുണ്ട്. ലോകത്തിന്റെ വിവിധയിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വലതുപക്ഷ ഭീകരസംഘടനകള്‍ തമ്മിലുള്ള ബന്ധത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.

കോടതിയില്‍ നാസി സല്യൂട്ട് നടത്തുന്ന ബ്രീവിക്ക്  
കോടതിയില്‍ നാസി സല്യൂട്ട് നടത്തുന്ന ബ്രീവിക്ക്  
പ്രധാനമന്ത്രിയുടെ ഓഫീസിന് സമീപത്ത് ബ്രീവിക്ക് നടത്തിയ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ എട്ട് പേര്‍ കൊല്ലപ്പെടുകയും 209 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഒന്നര മണിക്കൂറിന് ശേഷം ബ്രിവിക്ക് ഉട്ടോയ എന്ന ദ്വീപിലെത്തി. നോര്‍വ്വേയില്‍ ഭരണകക്ഷിയായിരുന്ന ലേബര്‍ പാര്‍ട്ടിയുടെ യുവജനസംഘടന ഉട്ടോയയില്‍ നടത്തുകയായിരുന്ന വേനല്‍ക്കാല ക്യാംപില്‍ പ്രവേശിച്ച് വെടിയുതിര്‍ത്തു. ‘ദ വര്‍ക്കേഴ്‌സ് യൂത്ത് ലീഗിന്റെ’ പ്രവര്‍ത്തകരായ 600 ഓളം കൗമാരക്കാരായിരുന്നു ക്യാംപിലുണ്ടായിരുന്നത്. 69 പേര്‍ വെടിവെയ്പില്‍ കൊല്ലപ്പെട്ടു. 110 പേര്‍ക്ക് പരുക്കേറ്റു.

ആക്രമണത്തേക്കുറിച്ച് വിശദീകരിച്ചുകൊണ്ട് 1,500 പേജുള്ള ഒരു മാനിഫെസ്റ്റോ ബ്രീവിക്കും തയ്യാറാക്കിയിരുന്നു. 1978ല്‍ അമേരിക്കക്കാരനും വൈറ്റ് നാഷണലിസ്റ്റുമായ വില്യം പിയേഴ്‌സ് പുറത്തിറക്കിയ 'ദ ടേര്‍ണര്‍ ഡയറീസ്' തങ്ങളെ സ്വാധീച്ചതിനേക്കുറിച്ച് ക്രൈസ്റ്റ് ചര്‍ച്ച് ഭീകരനും ഓസ്ലോ ഭീകരനും പറഞ്ഞിട്ടുണ്ട്. വില്യം പിയേഴ്‌സിനാല്‍ പ്രചോദിപ്പിക്കപ്പെട്ട മറ്റൊരു വംശവെറിയനായ ഡേവിഡ് ലെയ്ന്‍ ആണ് ടെറന്റിന്റെ തോക്കിലെ '14' എന്ന വംശീയ അടയാളത്തിന് പിന്നില്‍. 'നമ്മുടെ ആളുകളുടെ നിലനില്‍പും വെളുത്തവര്‍ഗക്കാരായ കുട്ടികള്‍ക്ക് വേണ്ടി ഒരു ഭാവിയും നാം കെട്ടിയുറപ്പിക്കണം' എന്നര്‍ത്ഥമുള്ള '14 വേഡ്‌സ്' എന്ന വൈറ്റ്‌നാഷണലിസ്റ്റ് മന്ത്രത്തിന്റെ ഉപഞ്ജാതാവാണ് ഡേവിഡ് ലെയ്ന്‍. ഡേവിഡ് ലെയ്‌ന് ഈ വാക്കുകള്‍ക്ക് കിട്ടിയതാകട്ടെ ഹിറ്റ്‌ലറുടെ മെയ്ന്‍ കാംഫില്‍ നിന്നും.

ട്രംപ്  
ട്രംപ്  

ട്രംപും ടെറന്റും തമ്മിലുള്ള ദൂരം

ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണണത്തേക്കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചത് ഒറ്റപ്പെട്ട സംഭവം എന്ന മട്ടിലാണ്. യഥാര്‍ത്ഥത്തില്‍ വൈറ്റ് നാഷണലിസം വളര്‍ന്നുവരുന്ന ഒരു ഭീഷണിയല്ലെന്നും ഒരു ചെറിയ കൂട്ടം ആളുകള്‍ മാത്രമാണ് അതെന്നും ട്രംപ് പറഞ്ഞു. വാഷിങ്ടണിലെ വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് 'അതിര്‍ത്തി സംരക്ഷണത്തേക്കുറിച്ച്' പറഞ്ഞതും ക്രൈസ്റ്റ് ചര്‍ച്ച് ഭീകരന്റെ മാനിഫെസ്റ്റോയിലെ അഭയാര്‍ത്ഥി വിരുദ്ധ നിലപാടും തമ്മില്‍ വ്യത്യാസം കാണാന്‍ കഴിയില്ല. വാഷിങ്ടണില്‍ ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മധ്യഅമേരിക്കക്കാര്‍ യുഎസിലേക്ക് കുടിയേറുന്നതിനെ ' അധിനിവേശം' എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ആളുകള്‍ക്ക് അധിനിവേശം എന്ന വാക്ക് ഇഷ്ടമല്ല, പക്ഷെ യഥാര്‍ത്ഥത്തില്‍ അത് തന്നെയാണ് സംഭവിക്കുന്നത്. ചരിത്രത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തോതിലുള്ള അധിനിവേശമാണിതെന്നുവരെ അമേരിക്കന്‍ പ്രസിഡന്റ് പ്രസ്താവിച്ചു. കുട്ടികള്‍ ഉള്‍പ്പെടെ 49 പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ പോലും തെല്ലും മാറ്റമില്ലാതെ തുടരുന്ന യാഥാസ്ഥിതിക-വര്‍ണവെറിയന്‍ കാഴ്ച്ചപ്പാടാണ് ട്രംപിനെ വൈറ്റ് നാഷണലിസ്റ്റുകള്‍ക്ക് പ്രിയങ്കരനാക്കുന്നത്. ടെറന്റിന്റെ മാനിഫെസ്റ്റോയില്‍ ട്രംപിനേക്കുറിച്ച് പരാമര്‍ശമുണ്ട്. താന്‍ ഒരു ട്രംപ് അനുകൂലിയാണെന്ന് അയാള്‍ വ്യക്തമാക്കുന്നു. താന്‍ ട്രംപിനെ കാണുന്നത് പുതുക്കിയ വെള്ളക്കാരന്‍ സ്വത്വത്തിന്റെ പ്രതീകമായാണെന്നും തങ്ങള്‍ രണ്ടുപേരുടേയും ലക്ഷ്യം ഒന്നാണെന്നും വൈറ്റ് നാഷണലിസ്റ്റ് ഭീകരന്‍ ചൂണ്ടിക്കാണിക്കുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018