SPOTLIGHT

പെണ്ണുങ്ങള്‍ പാട്ടൊക്കെ പാടി വരട്ടെ, അതിന്റെ കുറവ് ഈ മഹാരാജ്യത്തിലെ ജനാധിപത്യം സഹിച്ചോളും

ആലത്തൂര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് പാട്ടുപാടി പ്രചരണം നടത്തുന്നതിനെതിരെ കോളേജ് അധ്യാപിക ദീപാ നിശാന്ത് എഴുതിയ പോസ്റ്റ് ചര്‍ച്ചകള്‍ സൃഷ്ടിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ അഭിഭാഷകനും സാമൂഹ്യ നിരീക്ഷനുമായ പ്രമോദ് പുഴങ്കര എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് .

ആലത്തൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന്റെ പ്രചാരണത്തിൽ മാളികപ്പുറമാകാനുള്ള ടി സ്ഥാനാർത്ഥിയുടെ കാത്തിരിപ്പൊക്കെ , സ്വാമി ശരണം വോട്ടു തരണേ തിന്തക തോം എന്ന മുദ്രാവാക്യം വിളിയാണ്. അതല്ലാതെ മറ്റെന്തെങ്കിലും കോൺഗ്രസുകാർ ചെയ്യുമെന്ന് പ്രതീക്ഷിക്കാനും വയ്യ. നാട്ടിലെ അമ്പലങ്ങളൊക്കെ കയറിയിറങ്ങിയാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഞങ്ങളാണ് കൂടുതൽ ശുദ്ധ ഹിന്ദുക്കൾ എന്ന് രാഹുൽ ഗാന്ധിയും കോൺഗ്രസും തെളിയിക്കാൻ ശ്രമിച്ചത്. ഇപ്പോൾ പ്രിയങ്കാ ഗാന്ധിയും ഹനുമാന്റെ അമ്പലത്തിലൊക്കെ കയറി, കുരങ്ങു ഭഗവാനെ രക്ഷിക്കണേ എന്ന് പ്രാർത്ഥിക്കുന്നുണ്ട്. സർവ്വം ഭക്തിമയം.

കലേഷിന്റെ കവിത മോഷ്ടിച്ച് കലേഷിനോട് പൊറുത്ത കാവ്യകേരള കു ഭു കു പക്ഷെ ഇതിനോടുള്ള വിമശനത്തിനുപയോഗിക്കുന്ന യുക്തികൾ കടിച്ചാൽ പൊട്ടാത്ത അധികാരവൃത്തത്തിലെ ആശയഗംഭീരമായ കുപിതകവിതയാണ്. പാട്ടുപാടിയും ഡാൻസ് ചെയ്തും മതവിശ്വാസിയാണോ എന്ന് നോക്കിയൊന്നുമല്ല ജനാധിപത്യ പ്രക്രിയയിലെ തെരഞ്ഞെടുപ്പ് നടക്കേണ്ടത് എന്നവർ വിമർശിക്കുന്നു. ശരിയാണ്, രാജ്യത്തെ ജനാധിപത്യം സാഹിത്യ അക്കാദമിയിൽ ചില്ലിട്ടു വെക്കണോ അതോ ഭരണഘടന ദേശീയ പുരാരേഖകളുടെ കൂട്ടത്തിലാക്കി പിണ്ഡം വെക്കണോ എന്ന തരത്തിലുള്ള അസ്തിത്വ പശ്നങ്ങൾ നേരിടുന്ന ഒരു തെരഞ്ഞെടുപ്പിൽ രമ്യക്ക് മാളികപ്പുറമാകാൻ ഇനിയും ഇരുപതു വയതിനിലെ കഴിയണം എന്ന സങ്കടം ഒരിത്തിരി കടന്ന കയ്യും കാലുമാണ്.

എന്നാൽ കു ഭു കു സാഹിത്യകാരിയുടെ വിഷമം ഇങ്ങനെ രമ്യ ഹരിദാസെന്ന സ്ത്രീ പാട്ടൊക്കെ പാടി വോട്ടു പിടിക്കുന്നതിലും തെരഞ്ഞെടുപ്പെന്ന ഗൗരവമായ രാഷ്ട്രീയ പ്രക്രിയയെ 'ഐഡിയ സ്റ്റാർ സിങ്ങർ തിരഞ്ഞെടുപ്പോ അമ്പലക്കമ്മിറ്റി തിരഞ്ഞെടുപ്പോ' ആക്കി മാറ്റുന്നതിലുമുള്ള രോഷമായിക്കാണുമ്പോൾ അല്പം ആശ്ചര്യം ആ വഴിക്കു നമുക്ക് തോന്നാവുന്നതാണ്. കാരണം ഇത്രയും ധീരമായ മോഷണത്തിന് ശേഷം അതൊരു കലാപ്രസ്ഥാനമാണ് എന്നും യോഗം പിരിച്ചുവിട്ടിരിക്കുന്നു, ഭവതിയെ വീണ്ടും സാംസ്കാരിക കേരളത്തിന്റെ വിശുദ്ധപദവിയിലേക് രൂപക്കൂടോടെ പുനഃസ്ഥാപിച്ചിരിക്കുന്നു എന്നും വിധിയാംവണ്ണം പ്രതിഷ്ഠിച്ച പു ക സക്കാരോക്കെ പാട്ടുപാടി വോട്ടുപിടിക്കുന്ന തൊട്ടപ്പുറത്തുള്ള ചാലക്കുടിയിൽ മത്സരിക്കുന്ന ഇന്നസെന്റ് എന്ന എൽ ഡി എഫ് സ്ഥാനാർത്ഥി എന്തൊക്കെ പറഞ്ഞാണ് വോട്ടു ചോദിക്കുന്നത് എന്ന് ചുറ്റുവട്ടത്തുള്ള കു ഭു കു സാഹിത്യകാരി അറിയാതിരിക്കില്ല. എന്ത് രാഷ്ട്രീയ വർത്തമാനം പറയാനാണ് മൂപ്പരെ അവിടെ നിർത്തിയത് എന്ന് അങ്ങേർക്കും കൂടി ഇതുവരെ പിടികിട്ടിയില്ല. ആകെ ഇടപെട്ട സുപ്രധാന വിഷയം സഹപ്രവർത്തകയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ദിലീപ് 'ചേട്ടാ ഞാനൊന്നും ചെയ്തതില്ല' എന്ന് പറഞ്ഞ സുപ്രധാനമായ തെളിവ് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുകയാണ്. പിന്നെ സ്വഭാവം മോശമായ പെണുങ്ങൾക്കാണ് സിനിമയിൽ മോശം അനുഭവങ്ങളൊക്കെ എന്ന് പറഞ്ഞു കുലസ്ത്രീകളുടെ ശ്രീകൃഷ്ണനായതും.

ഏതു രാഷ്ട്രീയ മാനദണ്ഡമാണ് പി പി അൻവരെന്ന പണച്ചാക്കിനെ സ്ഥാനാർത്ഥിയാക്കാൻ എൽ ഡി എഫിനെ പ്രേരിപ്പിച്ചതെന്ന് അന്വേഷിച്ചിരിക്കില്ല. പത്തനംതിട്ടയിൽ നിയമസഭയിലേക്കും ഇപ്പോൾ ലോക്സഭയിലേക്കും വീണ ജോർജ് മത്സരിക്കുമ്പോൾ ടെലിവിഷനിലെ വാർത്ത വായന എന്നാൽ ഒരു അതിസാഹസികമായ രാഷ്ട്രീയപ്രവർത്തനമായിരുന്നു എന്ന് തിരിച്ചറിഞ്ഞ മലയാളികൾ, ഓർത്തഡോക്സ് വിഭാഗം വോട്ടുകൾ കിട്ടാൻ വേണ്ടിയാണ് ആ സ്ഥാനാർത്ഥിത്വം എന്ന് തെറ്റിദ്ധരിച്ചിട്ടേയില്ല. രാഷ്ട്രീയപ്രവർത്തനത്തിന്റെ ജാജ്വല്യ ഭൂതകാലം കുന്നോളം എഴുതിയുണ്ടാക്കാൻ ആളുണ്ട്.

അമ്പലക്കമ്മറ്റി തെരഞ്ഞെടുപ്പായാലും ഒരു കൈ നോക്കാനുണ്ട് എന്ന മട്ടിൽ ഇടതു സ്ഥാനാർത്ഥികളും കൈകൂപ്പി ദേവീ ക്ഷേത്ര നടയിൽ എന്ന പാട്ടുംപാടി നിൽക്കുന്ന ചിത്രങ്ങൾ അത്ര ബുദ്ധിമുട്ടാതെ ഇവിടെയൊക്കെ കാണാൻ കിട്ടും. ഇതേ ആലത്തൂർ പണ്ട് ഒറ്റപ്പാലം മണ്ഡലമായിരുന്നു കാലത്ത് ലെനിൻ രാജേന്ദ്രൻ എൽ ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോൾ, മെയ് മാസത്തിലെ സൂര്യന് വോട്ടു ചെയ്യാനായിരുന്നു ചുവരെഴുത്തുകൾ.

അതായത് വേറൊരു രാഷ്ട്രീയപ്രവർത്തനവും ഇതുവരെയില്ലാത്ത ഒരാളെ സ്ഥാനാർത്ഥിയാക്കുന്ന, ജാതി, മത,ധനിക താത്പര്യങ്ങൾ മാത്രം വെച്ച് ഇതൊക്കെ ചെയ്യുന്ന അശ്ലീലത്തെ ഇടതുരാഷ്ട്രീയമെന്ന പേരിലാണ് മാമോദീസ മുക്കുന്നതെങ്കിൽ രമ്യ ഹരിദാസ് കോൺഗ്രസിന്റെ പ്രവർത്തകയാണ്. അവർക്കു പാടാൻ വശമുണ്ടെങ്കിൽ പാടട്ടെ. കോൺഗ്രസിന്റെ രാഷ്ട്രീയം ജനവിരുദ്ധമാണ് എന്ന രാഷ്ട്രീയം പറഞ് ആ മണ്ഡലത്തിൽ പി കെ ബിജു തന്നെ ജയിക്കട്ടെ. മാളികപ്പുറത്തിന്റെ കാത്തിരിപ്പ് ഭക്തിയുടെ പേരിലുള്ള രാഷ്ട്രീയത്തട്ടിപ്പിനും അതിലൊളിച്ചിരിക്കുന്ന സ്ത്രീവിരുദ്ധതയ്ക്കും സ്ത്രീവിരുദ്ധതയുടെയും selective amnesiaയുടെയും ചിറികോട്ടിയുള്ള പുച്ഛമല്ലല്ലോ മറുപടി വേണ്ടത്.

അപ്പോൾ കു ഭു കു സാഹിത്യകാരി രമ്യ ഹരിദാസിനെ ഉന്നം വെച്ചതിലൊരു സാമൂഹ്യമൂലധനത്തിന്റെ, സവർണാധികാരത്തിന്റെ വമ്പുണ്ട്. അതായത് ദളിത് വിഭാഗത്തിൽപ്പെട്ട ഒരു സ്ത്രീ ഇതൊക്കെ ചെയ്യുമ്പോൾ, അവരെ എങ്ങനെ വേണമെങ്കിൽ വിമർശിക്കാം എന്നൊരു വമ്പ്. ഇന്നസെന്റ് പറയുന്നതിലേറെ രാഷ്ട്രീയം, രമ്യ ഹരിദാസ് പറയുന്നുണ്ട്. പക്ഷെ ഇന്നസെന്റിനു ഐഡിയ സ്റ്റാർ ആക്ഷേപമില്ല. രാഷ്ട്രീയം കുട്ടിക്കളിയല്ല എന്നാണത്. സ്ത്രീകൾക്ക് നിയമനിര്മാണസഭകളിൽ സംവരണം ഏർപ്പെടുത്തുന്നതിനെതിരെ പറയുന്ന പുരുഷാധിപത്യ ന്യായമാണത്. ഇവരെന്ത് രാഷ്ട്രീയം പറയാനെന്ന്. സാഹിത്യ ഹുങ്കാരമേ ക്ഷമിക്ക്, അവർ ഒരു തെരഞ്ഞെടുപ്പിൽ പാട്ടൊക്കെപ്പാടി, അടുത്ത തെരഞ്ഞെടുപ്പിൽ രാഷ്ട്രീയം പറഞ്ഞോളും.

മലയാള സിനിമയിലെ സ്ഥിരം തൊഴിലാളി, കീഴാള വിരുദ്ധ ആക്ഷേപം കണ്ടിട്ടില്ലേ. സാരിക്ക് ചേരുന്ന തുണി ബ്ലൗസിനും വേണമെന്ന് വീട്ടുവേലക്കു വരുന്ന സ്ത്രീ പറയുമ്പോൾ കഷ്ടം വെച്ച് നിൽക്കുന്ന വീട്ടുകാരി. അതായത് വീട്ടുടമസ്ഥയ്ക്കാകാം, കുലസ്ത്രീക്കാകാം, , ജോലിക്കാരിയായിക്കൂടാ. അഹമ്മതി അല്ലാതെന്ത് എന്നാണ്.

പെണ്ണുങ്ങൾ തെരഞ്ഞെടുപ്പിന് നിൽക്കട്ടെ, പാട്ടു പാടട്ടെ, അവർക്ക് ശരിയെന്നു തോന്നുന്ന വർത്തമാനങ്ങൾ പറയട്ടെ. തോൽക്കും എന്നുറപ്പുള്ള മണ്ഡലത്തിൽ നിർത്തി കോൺഗ്രസ് സ്ത്രീകളോട് ഐക്യദാർഢ്യതമാശ കളിച്ചതാണെങ്കിലും , അവരെ വ്യക്തിപരമായി ആക്ഷേപിക്കാതിരിക്കുക എന്നതാണ് സ്ത്രീപക്ഷ രാഷ്രീയത്തോട് ശുഷ്‌കമായ ഐക്യദാർഢ്യമെങ്കിലുമുള്ള ആരും ചെയ്യേണ്ടത്. അവർ രാഷ്ട്രീയം പറഞ്ഞോളും. അവർ പാട്ടും പാടിക്കോളും. നിങ്ങൾ രാഷ്ട്രീയം പറയൂ, കോൺഗ്രസ് തോറ്റോളും. പക്ഷെ പെണ്ണുങ്ങൾ പുറത്തിറങ്ങി പാട്ടുപാടുന്നതും ഒരു രാഷ്ട്രീയമാണ് എന്ന് നിങ്ങൾക്കറിയില്ലെങ്കിൽ നിങ്ങളുടെ രാഷ്ട്രീയം നിങ്ങൾക് പാകമാണ്. ഇടതുപക്ഷത്തിനല്ല.

എന്തായാലും ചാരായക്കടയിലെ ചുമരെഴുത്ത് ഇപ്പോഴില്ല- "ഇവിടെ രാഷ്ട്രീയം പറയരുത്" എന്ന്. നാല് ചിരട്ട കുടിക്കുന്നവനും രാഷ്ട്രീയമൊക്കെയൊന്ന് പറഞ്ഞോട്ടെ. "കേട്ടു ഞാനെൻ പടിപ്പുരയൂടെ/ തേട്ടിവന്നിടും പ്രതിഷേധം-/ ദുഷ്പ്രഭുപ്പുലയാടികൾ പാർക്കു / മിപ്പുരയ്ക്കിടിവെട്ടു കൊള്ളട്ടെ" എന്ന് നാല് ചിരട്ട ചാരായം കുടിച്ചാണ്, വൈലോപ്പിള്ളിയുടെ 'മെയ്യനങ്ങാത്ത വേലകൾ ചെയ്‍തു" വീട്ടിലെത്തുന്ന തറവാടി നായകനോട് തൊഴിലാളി പറയുന്നത്. "നിൻ ചെകിട്ടത്തടിച്ചു ഞാൻ; മുറ്റം/ പുഞ്ചിരി തൂകി, പുല്ലുകൾ ചൂളി" എന്നാലും, 'ആകിലും സ്വയം വാലിനാൽ കുത്തി-/ച്ചാകുമക്കരിംതേളിനെപ്പോലെ/മാഴ്കുമെൻകരൾ മന്ത്രണം ചെയ്തു/ "ഹാ, കുലീനതേ , നീയടികൊണ്ടു." എന്നയാൾ ഉള്ളിൽ ചൂളുന്നത് അയാളുടെ ആഭിജാത്യാശ്ലീലത്തെ വെല്ലുവിളിക്കുന്ന ഒരു രാഷ്ട്രീയത്തിന്റെ പന്തങ്ങൾ പുറത്തു കത്തുന്നതുകൊണ്ടുകൂടിയാണ്.

അതുകൊണ്ട് ഇനിയുമിനിയും പെണ്ണുങ്ങൾ പാട്ടൊക്കെ പാടി സ്ഥാനാർത്ഥികളൊക്കെയായി വരട്ടെ. കോൺഗ്രസിന്റെ രാഷ്ട്രീയം പറയുമ്പോൾ അതിനെതിരായ രാഷ്ട്രീയം പറഞ്ഞുകൊണ്ട് പാട്ടുപാടുന്ന വേറെ പെണ്ണുങ്ങൾ അവരെ തോൽപ്പിക്കട്ടെ. അതിന്റെ കുറവ് ഈ മഹാരാജ്യത്തിലെ ജനാധിപത്യം സഹിച്ചോളും.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018