SPOTLIGHT

‘പുതിയ രാഷ്ട്രീയം ഓരത്തുള്ളവരെ കേള്‍ക്കണം, അധികാരത്തോട് സത്യം പറയണം’  

കനയ്യകുമാര്‍
കനയ്യകുമാര്‍
അത് ആര്‍എസ്എസ്-ബിജെപിയുടെ ഹിന്ദുത്വ വര്‍ഗീയതയ്‌ക്കെതിരെ മാത്രമല്ല. അത് അംബേദ്കറുടെ ‘സാമൂഹിക ഉള്‍ക്കൊള്ളല്‍’ എന്ന ആശയം പ്രാവര്‍ത്തികമാകുന്നതിന് വേണ്ടി കൂടിയാണ്. അത് ആള്‍ക്കൂട്ടഭരണത്തിനെതിരെ മാത്രമുള്ളതല്ല, യഥാര്‍ത്ഥ പങ്കാളിത്ത ജനാധിപത്യത്തിന് കൂടി വേണ്ടിയാണ്. ഈ പോരാട്ടം എന്റേതല്ല, നമ്മുടേതാണ്‌.

ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി നേതാവും ബിഹാര്‍ ബെഗുസരായി ലോക്‌സഭാ മണ്ഡലത്തിലെ സിപിഐ സ്ഥാനാര്‍ത്ഥിയുമായ കനയ്യകുമാര്‍ ദ വയറില്‍ എഴുതിയ ലേഖനം.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, 'പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചൂകൂടെ' എന്ന് ആരെങ്കിലും നിര്‍ദേശിച്ചാല്‍ അതിനോട് എനിക്കും എന്റെ കൂട്ടുകാര്‍ക്കും പരിഹാസം മാത്രമാണ് ഉണ്ടായിരുന്നത്. കാരണം, എല്ലായ്‌പ്പോഴും എനിക്ക് രാഷ്ട്രീയം ഉണ്ടായിരുന്നെങ്കിലും ഒരു രാഷ്ട്രീയക്കാരനായി മാറുമെന്ന് ഞാന്‍ ചിന്തിച്ചിരുന്നേയില്ല.

പരിശീലനം കൊണ്ട് ഒരു പക്ഷെ ഞാന്‍ സര്‍വ്വകലാശാലാ അദ്ധ്യാപകനോ മറ്റോ ആകേണ്ടിയിരുന്ന ആളാണ്. പക്ഷെ ചുറ്റും ഹിംസ കാണുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. അത് ശാരീരികമാകട്ടെ, മാനസികമാകട്ടെ അല്ലെങ്കില്‍ വ്യവസ്ഥിതിയില്‍ നിന്നാകട്ടെ. അതു കൊണ്ടുതന്നെ ഞാന്‍ എല്ലാറ്റിലുമുപരി ഒരു 'ആക്ടിവിസ്റ്റ്' ആണ്. പക്ഷെ ഈ ഭരണം അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ ഞാന്‍ രാഷ്ട്രീയത്തിലുണ്ട്. എങ്കിലും ഞാന്‍ ഒരു 'രാഷ്ട്രീയക്കാരന്‍' അല്ല.

ബദല്‍ രാഷ്ട്രീയത്തിന്റെ-വെറുപ്പിനും അടിച്ചമര്‍ത്തലിനും എതിരെ പോരാടുന്ന രാഷ്ട്രീയത്തിന്റെ, ഇന്ത്യയെ ഭിന്നിക്കുന്നവയെ മറികടന്ന് ഉയര്‍ന്നുവരുന്നത് സ്വപ്നം കാണുകയും നമ്മെ ഒന്നിപ്പിക്കുന്നതിനെ ആഘോഷിക്കുകയും ചെയ്യുന്ന, വികസനവും പുരോഗമന ചിന്തയും ഉള്‍ക്കൊണ്ട്, പൗരന്‍മാരുടെ അവകാശങ്ങള്‍ക്ക് പൂര്‍ണമായും വില കല്‍പിക്കുന്ന സമൂഹത്തെ സ്വപ്നം കാണുന്ന, കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ക്ഷതങ്ങള്‍ പരിഹരിക്കുക മാത്രം ചെയ്യുന്നതിന് പകരം വരാന്‍ പോകുന്ന 20 വര്‍ഷത്തെ അവസരങ്ങള്‍ പിടിച്ചെടുക്കുന്ന, കരുത്തുറ്റ ജനാധിപത്യത്തെ സ്വപ്നം കാണുന്ന രാഷ്ട്രീയത്തിന്റെ ഭാഗമാകുക എന്നത് എന്റെ സാമൂഹിക ഉത്തരവാദിത്വമായിട്ടാണ് ഞാന്‍ കരുതുന്നത്. അതുകൊണ്ടാണ് നമ്മള്‍ പോരാടുന്നത്. ഇതാണ് എന്റെ കഥ.

‘പുതിയ രാഷ്ട്രീയം ഓരത്തുള്ളവരെ കേള്‍ക്കണം, അധികാരത്തോട് സത്യം പറയണം’  

ഞാന്‍ ആരാണ് എന്ന കഥ പ്രത്യേകതയുള്ളതല്ല. എന്റെ ചുറ്റുമുള്ള ഭൂരിഭാഗം ആളുകളേപ്പോലെ ആയിരുന്നു ഞാനും, സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഞാന്‍ പോളിയോ തുള്ളിമരുന്നുകള്‍ നല്‍കി. കോളേജിലായിരുന്ന കാലത്ത് പരിശീലന ക്ലാസുകളില്‍ ജോലി ചെയ്തു. ഡല്‍ഹിയില്‍ യുപിഎസ്‌സി പരീക്ഷയ്ക്ക് പഠിക്കുന്ന സമയത്ത് ഞാന്‍ ഒരു ജോലിയില്‍ പ്രവേശിച്ചു. ആസാമില്‍ ഗാര്‍ഡ് ആയി ജോലി ചെയ്യുന്ന എന്റെ സ്വന്തം സഹോദരനാണ് യുപിഎസ്‌സി പരിശീലനക്ലാസുകള്‍ക്ക് വേണ്ടിയുള്ള പണം അയച്ചുതന്നിരുന്നത്. യുപിഎസ്‌സിയില്‍ സര്‍ക്കാര്‍ സി സാറ്റ് കൂടി ഉള്‍പ്പെടുത്തിയതോടെ എന്റെ സിവില്‍ സര്‍വീസ് സാധ്യതകള്‍ എന്നെന്നേക്കുമായി ഇല്ലാതായി. ഹിന്ദി മീഡിയത്തില്‍ പഠിച്ചവരുടെ, പ്രത്യേകിച്ച് ഹ്യൂമാനിറ്റീസ് വിദ്യാര്‍ത്ഥികളുടെ സാധ്യത സി സാറ്റ് ഏതാണ്ട് ഇല്ലാതാക്കിയെന്ന് തന്നെ പറയാം. എല്ലാറ്റിലുമുപരിയായി എന്റെ കയ്യില്‍ സി സാറ്റ് പരിശീലനക്ലാസില്‍ പഠിക്കാനുള്ള പണവുമുണ്ടായിരുന്നില്ല. പക്ഷെ, അതിനെ ഞാനിപ്പോള്‍ സങ്കടത്തോടെയല്ല കാണുന്നത്. യുപിഎസ്‌സിയ്ക്ക് പഠിക്കുമ്പോഴാണ് എനിക്ക് അക്കാദമികപരമായും രാഷ്ട്രീയപരവുമായുള്ള ഉണര്‍ത്തപ്പെടല്‍ സംഭവിക്കുന്നത്. ഇതുവരെ അത് കുഴപ്പമില്ലാതെ പോകുന്നു.

ജനങ്ങളുടെ പുരോഗതിക്കായി എന്റെ ഗവേഷണത്തിലൂടെ സംഭാവന ചെയ്യാന്‍ പറ്റുമെന്ന തിരിച്ചറിവുണ്ടായത് ജെഎന്‍യുവില്‍ എത്തിയതിന് ശേഷമാണ്. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം ജെഎന്‍യു ഒരു വിദ്യാഭ്യാസ സ്ഥാപനം മാത്രമായിരുന്നില്ല. അതിന്റേതായിത്തന്നെ ഒരു ജീവനുള്ള, പാഠപുസ്തകങ്ങള്‍ക്ക് പുറമെ ജീവിതാനുഭവങ്ങളില്‍ നിന്നും സാമൂഹിക മുന്നേറ്റങ്ങളില്‍ നിന്നുമെല്ലാം സ്വതന്ത്ര്യമായി പഠിക്കാന്‍ അനുവാദം നല്‍കുന്ന ഒരു ഇടം. ആക്ടിവിസം എപ്പോഴും മുന്‍ഗണനയിലുണ്ടായിരുന്നു. സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചപ്പോള്‍ ഒരിക്കല്‍ പോലും വിദ്യാര്‍ത്ഥികളില്‍ നിന്ന് അത്രയും വലിയ പിന്തുണ കിട്ടുമെന്ന് കരുതിയിരുന്നില്ല. ഇവിടെ വെച്ചാണ് എന്റെ ജീവിതം പൂര്‍ണമായും ട്രാക്ക് മാറുന്നത്.

എന്റെ രാഷ്ട്രീയ യാത്രയില്‍ എല്ലായ്‌പ്പോഴും ഞാന്‍ തങ്ങളുടെ അധികാരവും സ്ഥാനവും കളങ്കപ്പെടുത്തിയവരെ ചോദ്യം ചെയ്യുകയും വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും ഈ ഭരണം വ്യത്യസ്തമായിരുന്നു. പൊലീസിന്റെ വിരട്ടലുകളും ലാത്തിച്ചാര്‍ജുകളുമെല്ലാം മുന്‍പും ഉണ്ടായിട്ടുണ്ട്. പക്ഷെ സംഘടിതമായ അധിക്ഷേപ ക്യാംപെയ്‌നുകള്‍, വ്യജവാര്‍ത്തകള്‍, പരമമായ വെറുപ്പ്, 'ദേശവിരുദ്ധര്‍' പോലുള്ള അടിച്ചേല്‍പിക്കല്‍ പ്രയോഗങ്ങള്‍ പുതിയ കാര്യമായിരുന്നു. പെരിക്ലിസ് പറഞ്ഞതായുള്ള ഒരു പഴമൊഴിയുണ്ട്; 'നിങ്ങള്‍ക്ക് രാഷ്ട്രീയത്തില്‍ താല്‍പര്യമില്ലെന്ന് കരുതി, രാഷ്ട്രീയം നിങ്ങളില്‍ താല്‍പര്യമെടുക്കാതിരിക്കില്ല'. ഞാന്‍ രാഷ്ട്രീയത്തില്‍ താല്‍പര്യമെടുത്തു. രാഷ്ട്രീയം എന്നിലും.

കനയ്യ കോടതി വളപ്പില്‍ അഭിഭാഷകരുടെ മര്‍ദ്ദനമേറ്റതിന് ശേഷം 
കനയ്യ കോടതി വളപ്പില്‍ അഭിഭാഷകരുടെ മര്‍ദ്ദനമേറ്റതിന് ശേഷം 

ഭരണകൂടത്താല്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ഞങ്ങളുടെ മുന്‍പില്‍ രണ്ട് മാര്‍ഗങ്ങളാണുണ്ടായിരുന്നത്-കീഴടങ്ങുക അല്ലെങ്കില്‍ പൊരുതുക. പക്ഷെ, എന്റെ ചിന്താഗതി പ്രകാരം ഞങ്ങള്‍ക്ക് ഒരു വഴി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ഞങ്ങള്‍ പൊരുതി, ആ പോരാട്ടമാണ് ഇന്ന് ഞാന്‍ എവിടെ നില്‍ക്കുന്നോ അവിടെയെത്തിച്ചത്. ഈ പാര്‍ട്ടിയുടെയോ, ആ പാര്‍ട്ടിയുടേയോ ബദല്‍ എന്തായിരിക്കണമെന്ന് നിങ്ങളെ കാണിക്കാനല്ല ഞാന്‍ ഇവിടെ എത്തിയിരിക്കുന്നത്. ഈ രാജ്യത്തിന്റെ ബദല്‍ രാഷ്ട്രീയം എന്താണെന്ന് കാണിച്ചുതരാന്‍ വേണ്ടിയാണ്. ഈ ബദല്‍ രാഷ്ട്രീയം അടിച്ചമര്‍ത്തലിനെതിരെ പോരാടാന്‍ മാത്രമുള്ളതല്ല, സ്വാതന്ത്ര്യത്തിനും തുല്യതയ്ക്കും വേണ്ടി പൊരുതാനുള്ളത് കൂടിയാണ്. അത് ആര്‍എസ്എസ്-ബിജെപിയുടെ ഹിന്ദുത്വ വര്‍ഗീയതയ്‌ക്കെതിരെ മാത്രമല്ല. അത് അംബേദ്കറുടെ 'സാമൂഹിക ഉള്‍ക്കൊള്ളല്‍' എന്ന ആശയം പ്രാവര്‍ത്തികമാകുന്നതിന് വേണ്ടി കൂടിയാണ്. അത് ആള്‍ക്കൂട്ടഭരണത്തിനെതിരെ മാത്രമുള്ളതല്ല, യഥാര്‍ത്ഥ പങ്കാളിത്ത ജനാധിപത്യത്തിന് കൂടി വേണ്ടിയാണ്. ഈ പോരാട്ടം എന്റേതല്ല, നമ്മുടേതാണ്‌.

എന്തെങ്കിലും മാറ്റം കൊണ്ടുവരണമെങ്കില്‍ ചെയ്യേണ്ട ആദ്യപടി രാഷ്ട്രീയത്തെ സമ്പന്നരുടെ പോക്കറ്റില്‍ നിന്നെടുത്ത് ശരാശരി നികുതിദായകന്റെ കൈകളില്‍ തിരിച്ചേല്‍പിക്കലാണ്. അവള്‍/അവന്‍ ആണ് സര്‍ക്കാരിന് പണം നല്‍കുന്നത്, പക്ഷെ അവളുടെ/അവന്റെ വിഷയങ്ങള്‍ പൂര്‍ണമായും നമ്മുടെ ചര്‍ച്ചകള്‍ക്ക് പുറത്താണ്. എന്തുകൊണ്ട്? കാരണം ഇത് സാധാരണക്കാരന് വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരല്ല. ഇത് സമ്പന്നന് വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന യന്ത്രമാണ്. ഇത്തരം വ്യവസ്ഥകള്‍ നിശ്ചയമായും താഴെയിറക്കപ്പെടേണ്ടതാണ്. സര്‍ക്കാരിനെ ജനങ്ങള്‍ക്ക് തിരികെ നല്‍കുക തന്നെ ചെയ്യണം.

ബെഗുസരായിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ 
ബെഗുസരായിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ 

രണ്ടാമത്തെ ചുവട് വെയ്പ് എന്നത് വിഷയാധിഷ്ഠിതമായ ഒരു ബദല്‍ രാഷ്ട്രീയം സ്ഥാപിക്കലാണ്. പൊതു വിദ്യാഭ്യാസവും പൊതു ആരോഗ്യസംരക്ഷണവും പൊതു അടിസ്ഥാനസൗകര്യങ്ങളുമുള്ള സര്‍ക്കാരിനേക്കുറിച്ച് നമ്മള്‍ സംസാരിക്കണം. അരികുവല്‍ക്കരിക്കപ്പെട്ടവരില്‍ ന്യൂനപക്ഷങ്ങളേക്കുറിച്ച് മാത്രമല്ലാതെ ട്രാന്‍സ്‌ജെന്‍ഡറായ ആളുകളേക്കുറിച്ചും എല്‍ജിബിറ്റി കൂട്ടായ്മയിലുള്ളവര്‍ക്ക് വേണ്ടിയും, പുരുഷമേധാവിത്വത്തിനെതിരെയും അംഗീകാരത്തിന് വേണ്ടിയുള്ള അവകാശത്തിന് വേണ്ടിയും സംസാരിക്കണം. പാരിസ്ഥിതിക സുസ്ഥിരത മുതല്‍ ഡിജിറ്റല്‍ വിപ്ലവത്തേക്കുറിച്ചും സ്വകാര്യതയ്ക്ക് വേണ്ടിയുള്ള അവകാശത്തേക്കുറിച്ചും ഉള്‍പ്പെടെ രാജ്യം ഇന്ന് നേരിടുന്ന പുതിയ വെല്ലുവിളികളേക്കുറിച്ചും സംസാരിക്കേണ്ടതുണ്ട്. എല്ലാറ്റിനും മേലെയായി നാം സംഘടിക്കണം, സമ്മര്‍ദ്ദം ചെലുത്തണം, ഈ ബദല്‍ രാഷ്ട്രീയത്തില്‍ നിന്നുകൊണ്ട് വോട്ട് ചെയ്യണം.

അവസാനമായി പറയട്ടെ, ഈ ബദല്‍ രാഷ്ട്രീയത്തിലൂടെയാണ് നാം വ്യവസ്ഥാപിതമായതില്‍ നിന്നും പങ്കാളിത്തപരമായ ഒന്നിലേക്ക് നമ്മുടെ ജനാധിപത്യത്തെ കരുപ്പിടിപ്പിക്കേണ്ടത്. ഈ ബദല്‍ രാഷ്ട്രീയം ക്ഷേമത്തിന്റേതായ പുതിയൊരു ചട്ടക്കൂട് സൃഷ്ടിച്ചെടുക്കാന്‍ നമ്മെ സഹായിക്കും. ഉത്തരവാദിത്തമുള്ളതും സുതാര്യവുമായ ഒന്ന്. എല്ലാറ്റിനേക്കാളുമുപരി 'ഉള്‍ക്കൊള്ളുന്നതായ' ഒന്ന്. അത് അരികുവല്‍ക്കരിക്കപ്പെട്ടവരെ കേള്‍ക്കണം, അധികാരത്തോട് സത്യം പറയണം. അത് തീര്‍ച്ചയായും ഈ രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്ക് പ്രതികരിക്കാനും സംഘടിക്കാനും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുമുള്ള അവകാശത്തിന് വേണ്ടി, യഥാര്‍ത്ഥ പങ്കാളിത്തത്തിന് വേണ്ടി നിലകൊള്ളുന്നതാകണം. ഈ ചട്ടക്കൂട് കൊണ്ട് മാത്രമേ നമുക്ക് കാലത്തിന്റെ പരീക്ഷണങ്ങള്‍ നേരിട്ട് നില്‍ക്കുന്ന ജനാധിപത്യത്തെ, ഇന്നലെകളില്‍ പൂര്‍ത്തിയാകാതെ അവശേഷിച്ച സ്വപ്‌നങ്ങള്‍ തിരിച്ചറിയാന്‍ ഭാവിയിലെ ഇന്ത്യയെ സഹായിക്കുന്ന ഒരു ജനാധിപത്യത്തെ കെട്ടിപ്പടുക്കാന്‍ കഴിയൂ.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018